Saturday, December 5, 2015

സന്നിധാനത്തേക്ക്

(ഭാഗം 3)

നവംബർ 16 രാവിലെ:
ഞാൻ മല കയറുകയാണ്. ശരണ മന്ത്രങ്ങളോടെ അയ്യപ്പ ഭക്തന്മാർ കയറുന്ന പടികൾ തന്നെ. വൃശ്ചികം തുടങ്ങുന്നത് നാളെയാണ്. അതുകൊണ്ട് തന്നെ വഴികളെല്ലാം വിജനമായിത്തന്നെ കിടക്കുകയാണ്. സ്വാമിമാരെത്തിത്തുടങ്ങുന്നതേയുള്ളൂ.

പമ്പമുതൽ ഗണപതികോവിൽ വരെ നീളുന്ന പടികൾ! ഞാനിപ്പോൾ കോവിലിനു മുന്നിലാണ് നിൽക്കുന്നത്.


ഇന്നുമുതൽ ഡ്യൂട്ടി തുടങ്ങുകയാണ്‌. സ്റ്റോക്കു നോക്കലും ഇൻഡെന്റെടുക്കലും തകൃതിയായി നടക്കുകയാണ്‌. തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. അതിനായി ഞാൻ സന്നിധാനത്തേക്കു പോകുകയാണ്.

പമ്പാ ഗണപതി:
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. വിഘ്നേശ്വര സങ്കല്പം തന്നെയാകാം ഇതിനു കാരണം. പണ്ടു കാലത്ത് ഇവിടമെല്ലാം നിബിഡമായ വനം തന്നെയായിരുന്നു. കുറ്റിക്കാടുകളെ വെട്ടിത്തെളിച്ച് പാതയൊരുക്കി വേണമായിരുന്നു അയ്യപ്പ ഭക്തന്മാർക്ക് മുന്നോട്ട് ഗമിക്കാൻ. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി നിർബന്ധമാണെന്ന് അവർക്ക്‌ തോന്നിക്കാണണം.

ഇവിടെനിന്നും ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നവും ഉണ്ട്. ഗണപതിയെ കൂടാതെ ശ്രീരാമനും ഹനുമാനും ഇവിടെ ദൈവരൂപേണ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഗണപതി കോവിലിനിരുവശവും ദേവസ്വത്തിന്റെ ഓഫീസാണ്. ദേവസ്വത്തിന്റെ പണമിടപാടുകൾ നിർവഹിക്കുന്ന ബാങ്കിന്റെ ശാഖയും അതിൽ പ്രവർത്തിക്കുന്നുണ്ട്.

അതിനടുത്തായി സ്വാമിമാർക്ക് വിരിവച്ച് കിടക്കുന്നതിനുള്ള ഒരു മണ്ഡപവുമുണ്ട്. ഞാൻ അതിനടുത്തേക്ക് നടന്നു. സ്വാമിമാർ നല്ല ഉറക്കത്തിലാണ്. അതിനടുത്ത് ഒരു ഇരുമ്പു കൂടിനുള്ളിൽ വലിയൊരു തേക്കുമരം ഞാൻ ശ്രദ്ധിച്ചിരുന്നു. കൊടിമരത്തിനുള്ള തേക്കാണതെന്നറിഞ്ഞു. നിലം തൊടാതെ മുറിച്ചു കൊണ്ടുവന്നതാണത്രെ. വിലങ്ങനെ വച്ച തടിക്കഷ്ണങ്ങൾക്കു മുകളിൽ അവനങ്ങനെ വിശ്രമിക്കുകയാണ്. ഒരു കൊടിമരമായി രൂപാന്തരപ്പെടുന്നതിനു മുൻപ്, ഇനിയും ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ടതിന്.

സന്നിധാനത്തേക്ക്:
ഞാൻ യാത്ര തുടരുകയാണ്. അധികം വൈകാതെ വഴി രണ്ടായി തിരിയുന്നു. ഇടതു ഭാഗത്തുകൂടെയുള്ള വഴിയിലൂടെയാണു ഞാൻ മല കയറുന്നത്. അപ്പാച്ചിമേടും ശരംകുത്തിയുമെല്ലാം ഈ വഴിയിലാണ്. അതുകൊണ്ട് തന്നെ ആധികാരികമായി കരുതപ്പെടുന്ന വഴിയും ഇതുതന്നെ.


ട്രാക്റ്റർ പോകാനായി നിർമ്മിച്ച റോഡാണ് മറ്റേത്. മലമുകളിലേക്കുള്ള സാധനങ്ങൾ, പണ്ട് കഴുതപ്പുറത്താണ് കൊണ്ടുപോയിരുന്നതെങ്കിൽ, ഇന്നത് ട്രാക്റ്ററിലാണെന്നു മാത്രം.


വഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് സുന്ദരമാക്കിയിരിക്കുന്നു. എങ്കിലും സാവധാനത്തിലാണു ഞാൻ മല കയറുന്നത്. പക്ഷെ, അല്പമാത്ര യാത്രയിൽത്തന്നെ കിതച്ചുപോയി. സുഗമമായ ഈ പാതയിലൂടെ കയറുമ്പോൾ ഇങ്ങനെയെങ്കിൽ, കല്ലും മുളളും നിറഞ്ഞൊരു പ്രാകൃത വഴിയിലൂടെ സ്വാമിമാർ പണ്ട് മല ചവിട്ടിയിരുന്നത് എങ്ങനെയെന്ന് അത്ഭുതത്തോടെ സ്മരിക്കാനേ എനിക്കായുള്ളൂ.

പക്ഷെ, ഈശ്വരൻ തന്നെയാണ് വലിയവൻ!! ഭൂമിയുടെ ഘടന സൂക്ഷ്മമായി നോക്കിക്കണ്ടാൽ, നാമറിയാതെത്തന്നെ പ്രകൃതീദേവിയെ തൊഴുതുപോകും. കുത്തനെയുള്ളൊരു കയറ്റം താണ്ടിയാൽ അൽപ്പദൂരമെങ്കിലും ചെറിയൊരു സമതലപാത തീർത്തതിനു ശേഷമാണ് അടുത്ത കുത്തനെയുള്ള കയറ്റം. അപ്രകാരം വിശ്രമിച്ചും കയറിയും ഉത്തുംഗ ശ്രുംഗത്തിലെത്തുന്നത് ദൈവീകമായൊരു ആവേശത്തിന്റെ ആകെത്തുകയാണെന്നുവേണം കരുതാൻ.

വിശ്രമിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ബെഞ്ചുകൾ വഴിയരികിൽ അവിടവിടെയായി നിർമ്മിച്ചു വെച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് പലതും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്. ഭീമാകാരമായ കാട്ടുമരങ്ങൾക്കു താഴെ, ഇന്നലെകളുടെ സ്മാരകങ്ങളായി അവയിൽ പലതും ഇന്നും നിലകൊള്ളുന്നു, ചുറ്റും കാടുമൂടിയ നിലയിൽ!

കുത്തനെയുള്ള വഴികളെല്ലാം കല്ലുപാകി സുന്ദരമാക്കിയിരിക്കുന്നു. പാതയുടെ വശങ്ങളിലും മധ്യത്തിലുമായി ലോഹനിർമ്മിത കൈവരികൾ സ്ഥാപിച്ചിരിക്കുന്നത് ഒരനുഗ്രഹമായി തോന്നി.

അപ്പാച്ചിമേട്:
വലിയ പടികളും, കല്ലുപാകിയ വഴികളും, കോണ്‍ക്രീറ്റ് ചെയ്ത പാതകളും പിന്നിട്ട് ഞാനിപ്പോൾ അപ്പാച്ചിമേടിലെത്തിയിരിക്കുന്നു. യാത്രയിൽ സ്വാമിമാർ വിശ്രമിക്കാറുള്ള സ്ഥലംതന്നെയാണിത്. ഇവിടെ കുറച്ചുനേരമെങ്കിലും വിശ്രമിക്കാതെ എനിക്കിനി വയ്യ.


മരങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെ മഞ്ഞുമൂടിയ മലകൾ കാണുന്നുണ്ട്. അപ്പുറം കോടമൂടിയ താഴ് വരയാണ്. കോടമഞ്ഞിൻ ശകലങ്ങൾ ചിലപ്പോഴെങ്കിലും എന്നെത്തഴുകി കടന്നു പോകുന്നുണ്ട്. മനസ്സിനെ പുളകിതനാക്കുന്ന പശ്ചാത്തലം!

ഇവിടടുത്ത് താഴ്‌വരയിൽ രണ്ട് ഗർത്തങ്ങളുണ്ട്; അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും. ഈ ഗർത്തങ്ങളിൽ ഭൂതങ്ങൾ നിവസിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കന്നിസ്വാമികൾ ഇവിടെനിന്നും അരിയുണ്ടകൾ എറിയുന്നത്‌ ഒരു വഴിപാടാണ്. അയ്യപ്പന് ഇഷ്ടപ്പെട്ടൊരു വഴിപാടാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗർത്തത്തിൽ അയ്യപ്പന്റെ അനുചരനായ "കടുവരൻ" താമസിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഈ കുഴികളിൽ കാട്ടുമൃഗങ്ങൾ ഒളിച്ചിരിക്കാറുണ്ടായിരുന്നെന്നും, അവയുടെ ആക്രമണത്തിൽനിന്നും രക്ഷനേടാനായി തുടങ്ങിയ ആചാരമാണിതെന്നും, യുക്തിവാദം.

അവിടടുത്തൊരു കടയുണ്ട്. സ്വാമിമാർ ഭക്ഷണം കഴിക്കുന്ന സ്ഥലം തന്നെ. മിനറൽ വാട്ടർ മുതൽ പെപ്സിയും കൊക്ക കോളയും വരെ അവിടെയുണ്ട്. പണ്ടൊക്കെ സ്വാമിമാരുടെ ഭക്ഷണത്തിനു വരെ ചിട്ടകളുണ്ടായിരുന്നു; സാത്വികമായ ആഹാരരീതി! ഇന്നതെല്ലാം മാറിയിരിക്കുന്നു. പലരും ഒരു വിനോദ യാത്രയുടെ ലാഘവത്തോടെയാണിന്നിവിടെയെത്തുന്നത്. കലികാല വൈഭവം....അല്ലാതെന്ത്!?

ശബരീ പീഠം: 
ഇനിയൊരു കയറ്റം കഴിഞ്ഞാൽ ശബരീപീഠമായി. വിശ്രമം മതിയാക്കി ഞാൻ നടത്തം തുടരുകയാണ്. ഭഗവാൻ ശ്രീരാമന്റെ കാലഘട്ടത്തിൽ "ശബരി" എന്ന തപസ്വിനി തപസ്സിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണു ണ് ശബരീപീഠം. സീതയെത്തേടിയുള്ള അലച്ചിലിനിടയിൽ രാമ ലക്ഷ്മണന്മാർ ഇതുവഴി വന്നുവെന്നും, വിശന്നുവലഞ്ഞ അവർ ശബരിയിൽനിന്നും പഴങ്ങൾ സ്വീകരിച്ച് വിശപ്പകറ്റിയെന്നും വിശ്വസിക്കപ്പെടുന്നു.

ഭക്തജനങ്ങൾ ആചാരത്തിന്റെ ഭാഗമായി ഇവിടെ തേങ്ങയുടക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യുന്നു.

ശരം കുത്തി:
മലയുടെ ഉന്നതിയിലെത്തിയിരിക്കുന്നു. ഇനി ചെറിയ ഇറക്കമാണ്. അൽപ്പംകൂടെ നടന്നാൽ ശരംകുത്തിയിലെത്താം. കന്നിസ്വാമിമാർ അവിടെ ആൽമരത്തിൽ പ്രതീകാത്മകമായ അമ്പ് കുത്തിവച്ചതിനു ശേഷമാണ് സന്നിധാനത്തേക്ക് ഗമിച്ചിരുന്നത്. ഞാൻ അവിടെയെത്തി. ഇന്നിവിടെ മരമില്ല. പകരം ചുറ്റുമതിൽ പോലൊരു നിർമ്മിതി മാത്രം. അതിന്റെ ചുമരിൽ പ്രത്യേകം തീർത്ത ഭാഗത്ത് ശരങ്ങൾ കുത്തിവെക്കുന്നു. അയ്യപ്പ പ്രീതിക്കായുള്ള വെടിവഴിപാട് ഇതിനടുത്തുനിന്നാണ് കഴിപ്പിക്കുന്നത്.

ഞാൻ മുന്നോട്ട് ഗമിക്കുകയാണ്. സ്വാമി അയ്യപ്പൻറോഡെത്തിയിരിക്കുന്നു. ട്രാക്റ്റർ വരുന്ന വഴിയാണ്. സമതലമായ വഴിയിലൂടെ അൽപ്പദൂരം കൂടെ നടന്നാൽ സന്നിധാനത്തെത്താം. എന്റെ നടത്തത്തിന് ആവേശം കൂടിയിരിക്കുന്നു.


ഒരുകാലത്ത് ഇവിടമെല്ലാം കൊടും കാടായിരുന്നുവെന്നതിന്റെ നേരിൽ കാണുന്ന തെളിവുകളെന്നോണം തലയുയർത്തിനിൽക്കുന്ന ഭീമാകാരമായ വൃക്ഷങ്ങൾ, വരുന്ന വഴിയിലെല്ലാം കാണുന്നുണ്ട്.

സന്നിധാനം: 
അങ്ങനെ ദീർഘമായൊരു സാഹസിക യാത്രക്കൊടുവിൽ ഞാൻ സന്നിധാനത്തിനടുത്തെത്തിയിരിക്കുന്നു! അധികം ദൂരെയല്ലാതെ അയ്യപ്പ സന്നിധി കാണുന്നുണ്ട്. മനസിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്ന പോലെ. ഒരു നിമിഷമെങ്കിലും നിസ്വനായ് നോക്കി നിന്നുപോയ് ഞാനും!!


("തത്വമസി")

No comments:

Post a Comment