അപ്പ്വേട്ടന്റെ ചായക്കടയില്‍നിന്നും അന്ന് ഉയര്‍ന്നു കേട്ടത് കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന തെറി വിളികളായിരുന്നു. കാട്ടു പോത്തിന് വിറളി പിടിച്ചപോലെയാണ് സലാമിക്ക. ഒരു സ്റ്റെബിലിട്ടി കിട്ടുന്നില്ല.
ഞരമ്പുകൾക്കുള്ളിലൂടെ എന്തൊക്കെയോ കേറി പെരുക്കുന്ന പോലെ. ഒരു ഇത് കിട്ടുന്നില്ല. കാരണമുണ്ട്. രണ്ടു ദിവസമായി 'പച്ചയാണ്' .ഓര്‍മ്മ വച്ച കാലം മുതലിങ്ങോട്ടുള്ള ചരിത്രം ചികഞ്ഞു നോക്കിയാല്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയൊരനുഭവം.അതും തന്റെതല്ലാത്ത കാരണം കൊണ്ട് - ചില സാംസ്കാരിക പരിഷ്കര്താക്കളുടെ പാരവെപ്പ്. സലാമിക്കയുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ "ചില മൈഗുണാപ്പന്മാരുടെ പണ്ടാരടങ്ങള്...." - മദ്യ വിമോചന സമരം - "പ്ഫൂ ......."
സലാമിക്ക ആട്ടിയൊരു തുപ്പ്. ചായക്കടയുടെ റിസപ്ഷനിലെ പഴയ നുരുമ്പിച്ച പെട്ടിക്കൂടിനു മുകളില്‍ ഒരു ചാവാലിപ്പട്ടിയെപ്പോലെ ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ചുരുണ്ട് കിടന്നിരുന്ന പ്രൊപ്രൈടര് അപ്വേട്ടന്റെ തലയില്‍തന്നെയാണ് ആ തുപ്പല് ചെന്ന് വീണത്.
ഉരലിന്റെ സങ്കടം മദ്ധളത്തോട്! അതിനേക്കാള്‍ വിഷമത്തിലിരിക്കുകയാണ് അപ്പ്വേട്ടന്. ദേഷ്യം വരുമ്പോള്‍ ആരെയെങ്കിലുമൊക്കെ ചീത്തവിളിച്ചു സങ്കടമകറ്റാന്‍ പണ്ടേ കഴിവുകെട്ടവന്‍. വെള്ളമടി തലയ്ക്കു പിടിച്ചാല്‍ പോലും ഒരക്ഷരം മിണ്ടാത്ത സല്‍സ്വഭാവി !
എന്നാല്‍ എട്ടാമത്തെ അത്ഭുതം അന്ന് നടന്നു. കൂടിനിന്ന ജന സമൂഹത്തിനു ഒരു ദിവ്യാനുഭവം പകര്‍ന്നു നല്‍കിക്കൊണ്ട്, ഏറു കൊണ്ട ചൊക്കിലിപ്പട്ടിയെപ്പോലെ അപ്പ്വേട്ടന് സലാമിക്കയെ നാലഞ്ചു തെറി - അതും ഹൈ വോള്ടജില് !
നാട്ടിലെ എല്ലാ കള്ള് ഷാപ്പ്കളുടെയും മുന്നില്‍ വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ അനുഭാവികള്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ട് നാളുകളേറെയായി - മദ്യ വിമോചന സമരം !
ഒരു നല്ല കുടിയനാകാന്‍ ഏറ്റവും വേണ്ട ഗുണമാണ് വിനയം. ആരെക്കണ്ടാലും ഒന്ന് നമസ്കരിച്ചേക്കണം. അതിനായി കൈ കൂപ്പുമ്പോള്‍ ചെറിയൊരു ഏമ്പക്കവും വലിയൊരു ആട്ടവും വേണം. ഒരിത്തിരികൂടെ മൂടായിട്ടുണ്ടെങ്കില്‍ മടിക്കുത്തഴിച്ചു ഒരു നമസ്കാരമാകാം. ഒരിത്തിരികൂടെയായാലോ........,മുണ്ടുതന്നെ അഴിചിട്ടാകാം പരിപാടി. പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരാറില്ലെന്നതാണ് സത്യം ; മുണ്ട് താനേ അഴിഞ്ഞു പൊയ്ക്കോളും - മുണ്ടിനുമുണ്ടാവില്ലേ ഒരു നാണം!
അങ്ങനെ ഒരു രംഗമാണ് മുന്നില്‍. കരിയും ചെളിയും പറ്റി വര്‍ണാഭമായ വള്ളിനിക്കറിനുള്ളില് എല്ലിനോടള്ളിപ്പിടിച്ചു വളരുന്ന മാംസ ശുഷ്ക ചര്മങ്ങളുമായി രണ്ടു കാലുകള്‍ - കുഞാവുട്ടി. ഞങ്ങളുടെ നാട്ടിലെ പ്രധാന കുടിയന്മാരിലൊരാള്. നാഷണല്‍ ഹൈവയ്ക്കുപോലും വീതി പോര നടക്കാനെന്ന ഭാവത്തില്‍ അയാളങ്ങനെ ഗമിക്കുകയാണ് -ആടിയാടി. ജയന്റെ ബെല്ബോട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ആ നിക്കര്‍ കാറ്റിനൊത്ത് നൃത്തമാടുകയാണ്. ഒന്നുകൂടെ തെളിച്ചു പറഞ്ഞാല്‍ - സില്‍ക്ക് സ്മിതയുടെ പാവാട പോലെ!
ഉടുമുണ്ടാണെങ്കില് ഉത്തരീയമായിരിക്കുന്നു, അതിനൊരറ്റം തോളിലൂടെ - ചക്രവര്‍ത്തി, അതാണ് ഭാവം!
സലാമിക്ക എന്താ കണ്ണ്പൊട്ടനാണോ ? അയാള്‍ക്കുമില്ലേ വിചാരവും വികാരവുമെല്ലാം. ഒന്ന് രണ്ടു ദിവസമായി മനുഷ്യനിവിടെ പച്ചയായി നില്ക്കുമ്പോള് കണ്മുന്നിലൂടോരുത്തന് പാമ്പായി നടക്കുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റ്വോ? സലാമിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു 'അണ് സഹിക്കബിള്‍ മെന്റല്‍ ഇണ്ടോളെരൻസായിരുന്നു !
"പ്ഫ.......നായിന്റെ മോനെ; എവിടന്നൊപ്പിച്ചെട ഹമുക്കെ..... " കള്ളുകുടിയന്മാര് തമ്മിലുള്ള മാന്യമായ അഭിസംബോധനകള്‍ !
ചിലരങ്ങനെയാണ്; നാട്ടില്‍ എന്തൊക്കെ ഭൂകമ്പം നടന്നാലും അവനവന്റെ കോട്ട തെകക്കും- അതിനി ഏതു ഒന്നാം തീയതിയായാലും ശരി. അധ്വാനമേ സംതൃപ്തി , ആ സംത്രിപ്തിയങ്ങു ശരിയാകണമെങ്കില്‍ അല്പം അകത്തു ചെല്ലണം, അതൊരു ശീലാ.......!
ചിരിക്കുടുക്ക വായിച്ച പ്രീ പ്രൈമറി കുട്ടിയെപ്പോലെ നില്ക്കുന്ന സലാമിക്ക. ഭൂതകാലത്തിന്റെ പ്രവുടിയെ വിളിച്ചോതുന്ന പോലെ മേലെ വരിയിലെ ആ രണ്ടു പല്ലുകള്‍ ഇപ്പോഴും ശൂന്യതയായിതന്നെ അവശേഷിക്കുന്നു. പണ്ടെന്നോ വെള്ളമടിച്ചു വീണതിന്റെ തിരു ശേഷിപ്പുകളാണ്. വെള്ളമടിച്ചു തെറി വിളിച്ചതിന് അസഹിഷ്ണുക്കളായ ചില കരാള ഹസ്തരുടെ താടനത്തിന്റെ ആകെത്തുകയാണെന്നും പറയപ്പെടുന്നു. "ആസനത്തിലൊരു ആലുമുളച്ചാല്‍ അതുമൊരു തണല്‍ !"സലാമിക്കക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല ; മാത്രമല്ല ഗുണങ്ങളേറെ ഉണ്ടുതാനും. വെള്ളമടി സമയത്ത് അറിയാതെയാണെങ്കിലും, കണ്ണോ മോണയോ ഇറുകിയോന്നടഞ്ഞാലും സാരമില്ല, ഈ വിടവിലൂടെ സുഖമായി ഒഴിച്ച് കൊടുക്കാം!
പണക്കാരനെ സംബന്ധിച്ചിടത്തോളം മദ്യം എന്നും അവന്റെ കയ്യെത്തും ദൂരതുതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വൈകുന്നേരം അല്പം മൂടാകുന്നതിനുള്ള ലോക്കല്‍ കള്ളുഷാപ്പുകള്‍ക്ക് നേരെയുള്ള ഇത്തരം സമരങ്ങള്‍, അവന്റെ വയറ്റതാണ് അടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്നത്. അങ്ങനെ എത്രയെത്ര അപ്പ്വേട്ടന്മാര്, എത്രയെത്ര സലാമിക്കമാര്!
ആരോഗ്യകരമായ മദ്യപാന ശീലതെക്കുരിച്ചുള്ള ബോധവൽക്കരണമായിരിക്കും ഇത്തരക്കാര്‍ക്ക് വേണ്ടതെന്നു തോന്നിപ്പോകുന്നു. ക്രമേണയുള്ള മദ്യ വര്‍ജനവും!
മദ്യം മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന ആപ്ത വചനത്തിനു, ആയിക്കോട്ടെ ചാകാന്‍ ആര്‍ക്കാണിത്ര ധൃതി എന്ന് തമാശ രൂപത്തില്‍ വിമര്‍ശിച്ചിരുന്ന യുവ സമൂഹത്തില്‍ മാറ്റത്തിന്റെ പുതിയ ട്രെന്റായാണ് മദ്യ വിമോചന സമരങ്ങള്‍ ഉടലെടുത്തത്. വിവിധ സാംസ്കാരിക നേതാക്കന്മാരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടുള്ള പിന്താങ്ങലുകളും കൂടെയായപ്പോള്‍ ആവേശം പതിന്മടങ്ങ് വര്‍ധിച്ചു.
മദ്യാസക്തിയില്‍ മുങ്ങിത്താഴ്ന്നു അതിനടിമയായ് മാറുന്നവർ അധികവും യുവാക്കള്‍ തന്നെ. ഇവിടെ മദ്യത്തിനെതിരെ സമരത്തിനിറങ്ങുന്നവരും യുവാക്കളാണെന്നത് മാറ്റത്തിന്റെ പുതിയ ചുവടുവെപ്പായി കാണാവുന്ന നല്ല കാര്യം തന്നെ.
ഇത്തരം സമരങ്ങള്‍ക്ക് സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും എന്നതിന്റെ കാണപ്പെടുന്ന ചോദ്യ ചിഹ്നങ്ങളായ കുഞ്ഞാവുട്ടിമാരുള്ളിടത്തോളം കാലം, മദ്യവിമുക്ത കേരളമെന്ന മുദ്രാവാക്യം വെറും അക്ഷരങ്ങളും ഒച്ചപ്പാടുകളും മാത്രമായി അവശേഷിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതാണ് സത്യം.
വ്യാജ മദ്യത്തിന്റെ വ്യാപകമായ അടിയൊഴുക്കുകള്‍ ശ്രദ്ധിക്കാതെ, നിശ്ചലമാക്കപ്പെട്ട കള്ളുഷാപ്പുകളും വിദേശ മദ്യഷാപ്പുകളും കണ്ടു സായൂജ്യമടയുന്നതോടെ മദ്യവിമോചന സമരങ്ങളുടെ ലക്ഷ്യം പൂര്‍ണ്ണമാകുന്നില്ല. മദ്യത്തിന്റെ എല്ലാ ഉറവിടങ്ങളും സ്തംഭിപ്പിക്കപ്പെട്ടെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.
ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഉത്തരവാദിത്വമാണ് മദ്യ വിമോചനസമരം എന്ന കാഴ്കാപ്പാട് മാറി, ഓരോരുത്തര്‍ക്കും സമൂഹത്തോടുള്ള കടപ്പടാണിതെന്ന ബോധം ഉടലെടുതെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.
മദ്യ വിമുക്തമായ ഒരു പുതിയ സമൂഹത്തെ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ!
(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽ നിന്നും ലഭിച്ചതാണ്.)