Tuesday, September 22, 2015

ഗോവ

( അഗോറ ഡയറിക്കുറിപ്പിൽനിന്നു )


ഭാരതത്തിന്റെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ഗോവയുടെ സുന്ദരമായ കടൽത്തീരങ്ങൾ ലക്ഷ്യമാക്കിയാണ് ഇപ്രാവശ്യത്തെ യാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്. പതിവിൽനിന്നും വ്യത്യസ്തമായി, ട്രെയിനിലാണ് യാത്ര.

സുന്ദരമായ കൊങ്കണ്‍ പാതയിലൂടെ തുരങ്കങ്ങൾ താണ്ടിയുള്ള യാത്ര വളരെ രസകരമായൊരു അനുഭവമാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ യാത്രയുടെ മുക്കാൽ ഭാഗവും രാത്രിയിലായിരുന്നതിനാൽ, ആ രസം പൂർണ്ണമായി ആസ്വതിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

ഉച്ചക്കു മുൻപുതന്നെ ഗോവയിലെത്തി. യാത്രാ ക്ഷീണത്തിന്റെ ചടപ്പ് എല്ലാവരുടെയും മുഖത്ത്‌ ശേഷിക്കുന്നുണ്ട്. അവിടടുത്തുതന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു.

പകൽ ഗോവയിൽ കറങ്ങുന്നതിനായി വിവിധ ടൂർ പാക്കേജുകളുമായി ധാരാളം ടൂർ കമ്പനികളുണ്ട്. ഞങ്ങൾ അതിലൊന്നിൽ ബുക്ക് ചെയ്തു. അടുത്ത ദിവസം രാവിലെ യാത്ര തുടങ്ങും.

സുന്ദരമായ ധാരാളം കടൽത്തീരങ്ങളാൽ അനുഗ്രഹീതമാണ് ഗോവ. സ്വദേശികളും അതിലേറെ വിദേശികളും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു ഡെസ്റ്റിനേഷനാണിത്.


ഗോവയിലെ പ്രധാന ബീചുകളിലൊന്നായ 'കോൾവാ ബീച്ച്' ലേക്ക് ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ നിന്നും 5-6 കിലോമീറ്ററുകൾ മാത്രമേ ദൂരമുള്ളൂ. മറ്റു സ്ഥലങ്ങളിലേക്കൊരു യാത്ര ഇന്നിനി സാധ്യമല്ല. ഞങ്ങൾ അവിടേക്ക് ബസ് കയറി.

വിശാലമായ ബീച്ച്. വിദേശീയരായ ധാരാളം ജനങ്ങൾ അവിടെയാകെ നിറഞ്ഞിരുക്കുന്നു.
മിക്കവരും അവരുടേതായ പാശ്ചാത്യ വസ്ത്രധാരണ രീതിയിൽത്തന്നെ. കടൽക്കരയിൽ, ഓലമേഞ്ഞുണ്ടാക്കിയ പന്തലുകളിലും  പുറത്തുമായി അവർ ഇഷ്ടംപോലെ ഉല്ലസിക്കുന്നു. ആദപസ്നാനം മതിയാക്കി ചിലർ ആഴീസ്നാനത്തിനൊരുങ്ങുകയാണ്. ഞങ്ങൾ നടത്തം തുടർന്നു .


ബീച്ചിന്റെ മറ്റൊരു ഭാഗത്തെത്തിയിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി, പാരാ സെയിലിങ്ങ് പോലുള്ള നിരവധി വിനോദങ്ങൾ അവിടെ നടക്കുന്നുണ്ട്. സ്പീട് ബോട്ടിൽ കെട്ടിയ പാരച്യൂട്ടിൽ, ബോട്ടിന്റെ ഗതിക്കനുസരിച്ച്, കടലിനു മുകളിലൂടൊരു യാത്ര ആരാണിഷ്ട്ടപ്പെടാത്തത്?!  പ്രത്യേകം രൂപകല്പ്പന ചെയ്തിട്ടുള്ള ബെൽറ്റിൽ, പാരച്യൂട്ടിൽ തൂങ്ങിക്കിടന്നുള്ള യാത്ര, കാണാൻ തന്നെ നല്ലൊരു രസമാണ്.


അസ്തമയ സൂര്യനെ വേറൊരു പശ്ച്ചാത്തലത്തിൽ നോക്കിക്കണ്ടുകൊണ്ട് വളരെ നേരം അവിടെ ചെലവഴിച്ചു.


നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഗോവൻ കടൽത്തീരങ്ങൾ അപ്പോഴും സജീവമാണെന്നിരിക്കിലും, ഞങ്ങൾ ഹോട്ടെലിലേക്കു തിരിച്ചു.

പിറ്റേന്നു രാവിലെ:
ടൂർ കമ്പനിയുടെ ചാർട്ട് ചെയ്യപ്പെട്ട യാത്ര ഇന്നാണ് . ഞങ്ങൾ നേരത്തേതന്നെ റെഡിയായി നിന്നു.

ഞങ്ങളെക്കൂടാതെ, രണ്ടോ മൂന്നോ കുടുംബങ്ങളും കുറച്ച് ഉത്തരേന്ത്യക്കാരുമുണ്ട് ബസിൽ. യാത്ര തുടങ്ങുകയാണ്. എട്ടുമണിയോടെ യാത്രയാരംഭിച്ചു.

1) ബസിലിക്ക ഓഫ് ബോം ജീസസ്.

ഗോവയുടെ ചരിത്രത്തിന്റെ പ്രധാന നാഴികക്കല്ലുകളിലൊന്നായ ബസിലിക്ക ഓഫ് ബോം ജീസസ് എന്ന ക്രിസ്തീയ ദേവാലയം കാണാനാണ് ഞങ്ങൾ ആദ്യം പോയത്. ഗോവയുടെ തലസ്ഥാനമായ പനജിയിൽനിന്നും ഏകദേശം 9 കിലോമീറ്റർ അകലെയായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.


പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, വിശേഷ സിദ്ധികൾ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഒരു കൃസ്തീയ പുരോഹിതൻ ഇവിടെ ജീവിച്ചിരുന്നു- സൈന്റ് ഫ്രാൻസിസ് ക്സേവ്യർ. മരണാനന്തരം അദ്ധേഹത്തിന്റെ ഭൌതിക ശരീരം ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. വായു കടക്കാത്ത രീതിയിൽ ചില്ലുപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശരീരം, 10 വർഷങ്ങളിലൊരിക്കൽ വിശ്വാസികൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ന്നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിനു സാക്ഷികളാകാൻ ആയിരക്കണക്കിനു വിശ്വാസികളാണിവിടെയെത്തുന്നത്.

2) ശാന്ത ദുർഗ ടെമ്പിൾ


ഗോവയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പോർച്ചുഗീസ് അധിനിവേശ കാലത്ത് കാര്യമായ നാശനഷ്ടങ്ങൾക്കിരയായ ക്ഷേത്രം, പിന്നീട് സുവാരി പുഴയുടെ മറുകരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹപ്രകാരം, നാടിന്റെ പുരോഗതിക്കായി, തന്റെ മന്ത്രിമാരിലൊരാളുടെ നിർദ്ധേശപ്രകാരം ഷാഹു മഹാരാജാവാണിത് പുതുക്കി പണിയിച്ചത്. ഇന്നിത് ഫോണ്ട ജില്ലയിലെ കാവലേം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.


ഗോവയുടെ ഐശ്വര്യത്തിന്റെ കാവലാളായി കരുതപ്പെടുന്ന ദേവിയുടെ ഈ ക്ഷേത്രം, കാഴ്ചയിലും സുന്ദരമായൊരു നിർമ്മിതി തന്നെയാണ്. ഇൻഡോ-പോർച്ചുഗീസ് വാസ്തു ശില്പ ചാരുതയിൽ വിരിഞ്ഞ ഈ മന്ദിരത്തിന് മുന്നിൽ മനോഹരമായൊരു ദീപസ്തംബമുണ്ട്. വിശേഷ ദിവസങ്ങളിൽ ഈ സ്തംബം ദീപാലംക്രിതമായി ശോഭിക്കുന്നത് നയന മനോഹരമായൊരു കാഴ്ച്ച തന്നെയാണ്.

3) ലോട്ടോലിം വില്ലേജ്


അനേകം പ്രതിമകളും പുരാവസ്തുക്കളുമടങ്ങിയൊരു മ്യൂസിയം. പ്രാചീന ഗോവൻ സംസ്കാരത്തിന്റെ ഒരു പുന:സൃഷ്ടിയായി ഇതിനെ വേണമെങ്കിൽ പറയാം. ഗോവൻ സാമൂഹിക ജീവിതം, ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളായി പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വഴി വാണിഭക്കാരും, പരമ്പരാഗത വേഷത്തിലുള്ള മുക്കുവരും, കർഷകരുമെല്ലാം നിശ്ചലരായി നോക്കി നിൽക്കുന്ന പോലെ! ഒരു സംസ്ക്രിതിയിലേക്കിറങ്ങിച്ചെന്ന പ്രതീതി. ഞങ്ങൾ വളരെ നേരം അവിടം  ചുറ്റിക്കണ്ടു.

4) ഡോണാ പോള ബീച്ച്


ഡോണ പോളയെ കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും, സമാധാനത്തിന്റെയും സഹായത്തിന്റെയും പ്രതീകമായൊരു കഥ കേട്ടത് വശ്വസിക്കാനാണു ഞാനാഗ്രഹിക്കുന്നത്.

ശ്രീലങ്കയിലെ ജാഫ്നാ പട്ടണത്തിലെ വൈസ്രോയിയായിരുന്ന ഒരു പോർച്ചുഗീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു ഡോണാ പോള. 1644 ൽ അവർ കുടുംബസമേതം ഇവിടേക്കു കുടിയേറി. ഇവിടത്തെ ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി അവർ വളരെയധികം പ്രയത്നിച്ചു. അതിനായി അനേകം ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതിന്റെ നന്ദി സൂചകമായി, അവരുടെ മരണാനന്തരം ഇവിടുത്തെ ജനങ്ങൾ ഈ ഗ്രാമത്തെ ഡോണാ പോള എന്നു നാമകരണം ചെയ്തു.


ഒരു കഥ ഇപ്രകാരമാണ്, ഡോണ എന്ന സമ്പന്നയായൊരു പോർച്ചുഗീസ്‌ യുവതി, പോള എന്നൊരു ദരിദ്ര മുക്കുവ യുവാവിനെ പ്രണയിച്ചുവെന്നും, ഈ ബന്ധം വീട്ടുകാർ എതിർത്തതിനാൽ ഈ മുനമ്പിൽനിന്നും കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് കഥ .

മറ്റൊരു കഥ ഇപ്രകാരമാണ് . അവർ വിവാഹിതരായെന്നും, കടലിൽ പോയ ഭർത്താവ്‌ തിരിച്ച് വന്നില്ലെന്നും, ഭർത്താവിനെ പ്രതീക്ഷിച്ച് വളരെക്കാലം അവിടെ നിന്ന അവർ ഒരു പാറയായി പരിണമിക്കുകയും ചെയ്തുവെന്ന് .

കഥകൾ എന്തുതന്നെയാകട്ടെ, ഡോണ പോള ബീച്ച് വളരെ സുന്ദരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ തന്നെയാണ് . ഏതൊരു ടൂറിസ്റ്റ് പോയിന്റിലെയും പോലെ, പാതയുടെ ഇരുവശത്തും വഴിവാണിഭക്കാരുടെ നീണ്ട നിരതന്നെയാണ്. മനോഹരമായ പാത, ഞങ്ങൾ നടത്തം തുടർന്നു .


ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. കഥകളറിയാതെ വന്നിരുന്നെങ്കിൽ, പ്രതേകതകളൊന്നും ദർശിക്കാനാകാത്ത ഒരു സാധാരണ വ്യൂ പോയിന്റ്. പക്ഷെ, പാറക്കെട്ടുകളിൽ തല്ലിപ്പതഞ്ഞു നിർവീര്യമാകുന്ന കടൽത്തിരമാലകൾ സുന്ദരമായൊരു കാഴ്ച്ചതന്നെയാണ്. ഒന്നു രണ്ട് ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായതിനു ശേഷമത്രെ ഇവിടേക്കു ഇത്രയധികം സഞ്ചാരികൾ വന്നു തുടങ്ങിയത്.

യാത്ര അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. വീണ്ടും കോൾവ്വാ ബീച്ച്. ഏകദേശം മുക്കാൽ മണിക്കൂർ നേരമാണു ഞങ്ങൾക്കവിടെ അനുവദിച്ചിരിക്കുന്നത്. ഈ യാത്രയിലെ അവസാനത്തെ ഡെസ്റ്റിനേഷനാണിത്. നേരത്തെ റൂമിൽ തിരിച്ചെത്തിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും, ഞങ്ങളുടെ ട്രെയിൻ രാത്രിയിലായതിനാലും, തിരിച്ച് വേറെ ബസിൽ വന്നോളാമെന്നു, റൂർ കമ്പനിയോട് പറഞ്ഞിറങ്ങി.


ഇന്നലെ വേണ്ടുവോളം ആസ്വതിച്ച സ്ഥലം തന്നെയായതിനാൽ, മറ്റൊരു ദിക്കിലേക്കു നടന്നു. വൈകുന്നേരമായതിനാലാകണം, അവിടമെല്ലാം ജന സാഗരമായിരിക്കുന്നു. എല്ലായിടവും വിദേശീ സാന്നിദ്യംകൊണ്ട് സുന്ദരമാണ് .

അവിടൊരു ഭാഗത്ത് ചിലർ ബീച്ച് വോളിബോൾ കളിക്കുന്നുണ്ട്, ശേഷിക്കുന്ന സമയം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ച് ഞങ്ങൾ അങ്ങോട്ട് നടന്നു.

സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിൽനിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ, ഗോവയുടെ കടൽത്തീരങ്ങളിൽ, അലസമായിരുന്ന് തിരകളെണ്ണുമ്പോഴും, പതിവൊന്നും തെറ്റിക്കാതെ, സൂര്യൻ, അസ്തമയത്തിന്റെ അരുണിമ ചിതറിക്കൊണ്ട്, പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നുണ്ടായിരുന്നു.