Saturday, December 16, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 3

യാത്ര തുടരുകയാണ്.......
10) ഗ്രീൻവാലി വ്യൂ പോയിന്റ്.
പ്രകൃതിയൊരുക്കുന്ന വർണ്ണക്കൂട്ടുകളാൽ കണ്ണഞ്ജിപ്പിക്കുന്ന സുന്ദരമായ താഴ് വരകൾ കൊഡൈക്കനാലിന്റെ പ്രത്യേകതകൾ തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഗ്രീൻവാലി വ്യൂ പോയിന്റ് നമുക്ക് നൽകുന്നത്.
ഹരിതാഭമായ കുന്നിൻ ചരിവുകൾ മനം കുളിർപ്പിക്കുമെങ്കിലും, അയ്യായിരത്തോളം അടി താഴ്ച്ചയുള്ള കിടങ്ങുകളുടെ കാഴ്ച ഏവരുടെയും മനസ്സിൽ ഭയം നിറക്കാൻ മതിയായവതന്നെയാണ്.

ഇത്തരം ഗർത്തങ്ങൾ ഉള്ളതുകൊണ്ടാകാം, ഇത് സൂയിസൈഡ് പോയിന്റെന്നും അറിയപ്പെടുന്നത്. ഇന്ന് ഇവിടമെല്ലാം വേലികൾ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.

11) ഗോൾഫ് ക്ലബ്.
ഗ്രീൻവാലി വ്യൂ പോയിന്റിന്റെ തൊട്ടടുത്തു തന്നെയാണ് കൊഡൈക്കനാൽ ഗോൾഫ് ക്ലബിന്റെ ആസ്ഥാനം. മഞ്ഞുമൂടിയ അന്തരീക്ഷമാണ്. ഈ ഗോൾഫ് കോഴ്സ്, അനേകം സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. നല്ലൊരു ലൊക്കേഷൻ തന്നെയാണിത്‌.

ഗോൾഫ് പ്രേമികളായ പന്ത്രണ്ട് ബ്രിട്ടീഷുകാരുടെ പ്രവർത്തനഫലമായി 1895 ൽ രൂപീകൃതമായ ഒരു ക്ലബാണിത്. ആദ്യകാലങ്ങളിൽ, മിഷനറി പ്രവർത്തകരും, ബ്രിട്ടീഷ്- അമേരിക്കൻ സിവിലിയൻമാരും മാത്രം  അംഗങ്ങളായുണ്ടായിരുന്ന ക്ലബിൽ, ഇന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി അറുനൂറിലധികം മെമ്പർമാരുണ്ട്.

12) പാമ്പാർ ഫാൾസ് (ലിറിൽ ഫാൾസ്)
ഗ്രീൻവാലിയിൽ നിന്നും കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഒരു വെള്ളച്ചാട്ടമുണ്ട്; പാമ്പാർ ഫാൾസ്. പാമ്പാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, പല പടികളായ് താഴേക്ക് പതിക്കുന്ന പോലെ കാണപ്പെടുന്ന കാഴ്ച. വെള്ളം പതിക്കുന്നിടം കുളം പോലൊരു ജലാശയമാണ്. സഞ്ചാരികളായെത്തുന്നവർക്കും അവിടെയിറങ്ങി ഉല്ലസിക്കാം.
(This photo from internet)
ഗ്രാന്റ് കാസ്കേഡെന്നും ഇതറിയപ്പെടുന്നുണ്ട്. 1985 ൽ ലിറിൽ സോപ്പിന്റെ പരസ്യം ഇവിടെ ഷൂട്ട് ചെയ്തതിന് ശേഷം ലിറിൽ ഫാൾസെന്നും പേരുണ്ട്.

 ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇതൊരു ട്രക്കിംഗ് പോയിന്റാണ്. കുത്തനെയുള്ള കയറ്റം കയറേണ്ടതുണ്ട്. സമയ പരിമിധി കാരണം ഞങ്ങൾ അവിടേക്ക് പോകുന്നില്ല.
13) കുറിഞ്ഞി ആണ്ടവർ ടെമ്പിൾ.
ലെയ്ക് ഏരിയയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ മാത്രം ദൂരത്തായി, ശാന്തസുന്ദരമായൊരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഇതൊരു  ശ്രീ മുരുക ക്ഷേത്രമാണ്. കുറിഞ്ഞി എന്നാൽ കുന്ന് എന്നും ആണ്ടവരെന്നാൽ ഈശ്വരനെന്നും അർത്ഥം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിച്ചെടികളുടെ സാമീപ്യമാണ് ഇതിനെ മഹത്താക്കുന്നത്.
1936ൽ ഒരു പാശ്ചാത്യ വനിതയാൽ നിർമ്മിതമായ ക്ഷേത്രമാണിത്. ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആകൃഷ്ടയായ അവർ പിന്നീട് ലീലാവതി എന്ന പേര് സ്വീകരിച്ചുവെന്നും ചരിത്രം.
(This photo from internet)
കൊഡൈക്കനാലിൽ കാണാനായി ഒരുപാട് സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ട്. സമയ പരിമിതികാരണം ഈ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി വീട്ടിലേക്ക്.

ചില കൂട്ടിച്ചേർക്കലുകൾ:
a) കൊഡൈക്കനാലിനെ കാണണമെങ്കിൽ വേനൽ കാലമാണ് നല്ലത്; അനുഭവിക്കാനാണെങ്കിൽ തണുപ്പ് കാലത്ത് തന്നെ വരണം.

b) ചിലവഴിക്കാൻ കൂടുതൽ ദിവസങ്ങ ളുണ്ടെങ്കിൽ - ഡോൾഫിൻനോസ്, എക്കോ പോയിന്റ് മുതലായ ട്രക്കിംഗ് പോയിന്റുകളും സന്ദർശിക്കാവുന്നതാണ്.

c) വരുന്ന വഴിയിൽ, പാതയോരത്തായി ഒരു വെള്ളച്ചാട്ടമുണ്ട്; സിൽവർ കാസ്കേഡ്. ലെയ്ക്കിൽ നിന്നും നിറഞ്ഞൊഴുകുന്ന ജലമാണ് ഇങ്ങനെയൊരു  ദൃശ്യം സമ്മാനിച്ചു കൊണ്ട് താഴേക്ക് ഗമിക്കുന്നത്.





Friday, December 15, 2017

KODAIKANAL

കൊഡൈക്കനാൽ - ഭാഗം  2


4.12.17 (തിങ്കൾ)
കൂടുതൽ സ്ഥലങ്ങളിലേക്കുള്ള യാത്ര ഇന്ന് വേണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പോകേണ്ട സ്ഥലങ്ങളുടെ ഒരു ഏകദേശ ധാരണ മനസിലുറപ്പിച്ചു കൊണ്ട് തന്നെയാണ് ഉണർന്നെണീറ്റിരിക്കുന്നത്. ഇന്നലെ രാത്രി നല്ല തണുപ്പായിരുന്നു.  ഇപ്പോഴും കോഡമാറിയിട്ടില്ല.  മഞ്ഞുനീങ്ങിയാലേ ഇന്നത്തെ യാത്ര തുടങ്ങാൻ സാധിക്കുകയുള്ളു.

3) കോക്കേഴ്സ് വാക്ക്.
പ്രകൃതി രമണീയമായ താഴ്  വരക്കാഴ്ച്ചകൾ മനസിലേക്കാവാഹിച്ചു കൊണ്ട് മന്ദഗമനം നടത്താവുന്ന സുന്ദരമായൊരു പാതയാണിത്.  മനോഹരമായ കുന്നിൻചരിവും, അവിടെ കാണുന്ന പാറക്കെട്ടുകളും, അവക്കിടയിലെ അഗാധമായ ഗർത്തങ്ങളും ഈ നടത്തത്തിന് ഒരു ഭീകരത നൽകുന്നതായി തോന്നിപ്പോകുന്നു. ഏകദേശം ഒരു കിലോമീറ്റർ അങ്ങനെ നടക്കാം.
ഇവിടെ നിന്ന് നോക്കുമ്പോൾ, ദൂരെ ഡോൾഫിൻ നോസും, പാമ്പാർ വാലിയും കാണാമെന്ന് പറയുന്നുണ്ട്. ഇവിടെയൊരു ടെലസ്കോപ്പ് ഹൗസുണ്ട്.
ആളൊന്നിന് ആറ് രൂപയാണ് ടിക്കറ്റ് നിരക്ക്. അതിലൂടെ നോക്കുമ്പോൾ പെരിയകുളത്തിന്റെയും, മധുര പട്ടണത്തിന്റെയും വിദൂര ദൃശ്യം കാണാനാകുമെന്നും അറിയാൻ സാധിച്ചു. പക്ഷെ കാലാവസ്ഥ പ്രതികൂലമായതിനാൽ, ആ കാഴ്ചകൾ കണ്ടാസ്വതിക്കാൻ ഞങ്ങൾക്കായില്ല. ഇക്കാഴ്ചകൾ കാണുന്നതിനായി സീസണിൽ പോലും ഉച്ചയോടെ വരുന്നതാണ് നല്ലതെന്നും അറിയാൻ സാധിച്ചു.

4) അവർ ലേഡി ലാ സാലെത്ത് ചർച്ച്.
കൊഡൈക്കനാലിൽ  ധാരാളം കൃസ്ത്യൻ പള്ളികളുണ്ട്. അതിലൊന്നാണ് സാലെത് മാതാ ചർച്ച്.
ഇതിന് നൂറ്റി അൻപത് വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. 1866 ൽ നിർമ്മിതമായ ദേവാലയം.

നിർമ്മാണ വൈഭവത്തേക്കാൾ, അത് നിലകൊള്ളുന്ന പശ്ചാത്തലമാണ് ശ്രദ്ധേയമെന്ന് തോന്നി. ഭംഗിയായി പരിപാലിക്കപ്പെടുന്ന ചുറ്റുവട്ടം.

5) അപ്പർ ലേക്ക് വ്യു.
അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ ഒരു കാഴ്ച മാത്രമാണിത്. ഇവിടെ നിന്ന് നോക്കുമ്പോൾ, കൊഡൈ ലെയ്ക്കിന്റെ ഒരു ആകാശവീക്ഷണം സാധ്യമാണ്.
തടാകത്തെ പശ്ചാത്തലമാക്കിക്കൊണ്ട് വേണമെങ്കിൽ കുറച്ച് ഫോട്ടോസെടുക്കാം.

6) മോയിർ പോയിന്റ്.
ബേരിജാം ലെയ്ക്കിനെ ബന്ധിപ്പിച്ചു കൊണ്ട്, ഏകദേശം നാൽപ്പത് മൈൽ നീളമുള്ളൊരു പാത നിർമ്മിക്കുന്നതിന് നേതൃത്വം വഹിച്ച പശ്ചാത്യ എഞ്ചിനീയറായിരുന്നു സർ തോമസ് മോയിർ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് നിർമ്മിച്ചൊരു വ്യൂ പോയിന്റ്. കുന്നിൻ ചരിവിനെ നോക്കിക്കാണാം എന്നതിൽക്കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
7) പൈൻ ഫോറസ്റ്റ്.
മനോഹരമായൊരു പ്രദേശം തന്നെയാണിത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോൺ  ഇനത്തിൽപ്പെട്ട പൈൻ മരക്കാട്. അടിക്കാടുകളില്ലാത്ത ഈ വനാന്തരങ്ങൾ നല്ലൊരു കാഴ്ച തന്നെയാണ്.
അവിടവിടെയായി ചിലർ നിന്ന് ഫോട്ടോകളെടുക്കുന്നുണ്ട്. നിരപ്പായ മരച്ചുവട്ടിലൂടെ ചിലർ ചുറ്റി നടക്കുന്നുണ്ട്. വീണു കിടക്കുന്ന മരത്തിലിരുന്ന് ചിലർ കുശലം പറഞ്ഞ് ചിരിക്കുന്നു.
നാരുകൾപോലെയുള്ള ഇലകൾ നിലത്ത് വീണ് കിടക്കുന്നുണ്ട്. അതിന് മുകളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്. നനഞ്ഞ ചകിരിക്കൂനയുടെ മുകളിലൂടെ നടക്കുന്ന പോലെ. അനേകം സിനിമകൾക്ക് പശ്ചാത്തലമായൊരു പ്ലാന്റേഷനുള്ളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിക്കുന്നത് എന്നോർക്കുമ്പോൾത്തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസിന്.

8) പില്ലർ റോക്ക് വ്യൂ പോയിന്റ്.
അഗാധമായ കൊക്കയിൽ നിന്നും ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ തൂണുകൾ പോലെ, രണ്ട് പാറകൾ, അങ്ങ് ദൂരെയായ് കാണുന്നുണ്ട്. അതിശയം ജനിപ്പിക്കുന്ന കാഴ്ച തന്നെ. പാറകളിൽ കുടുങ്ങിയെന്ന പോലെ, പല തട്ടുകളായ് നിൽക്കുന്ന മേഘപാളികൾ. വലിയ പാറക്കെട്ടിന് മുകളിലായി, കഷണ്ടിക്ക് മുകളിലെ അൽപ്പ കേശം പോലെ കാണപ്പെടുന്ന പച്ചപ്പ്. ചുറ്റും വിശാലമായ താഴ് വരക്കാഴ്ചകൾ തന്നെ.

9) ഡെവിൾസ് കിച്ചൻ അഥവ ഗുണകേവ്.
ഇതൊരു അപകടമേഖലയാണ്. സാഹസികരായ അനേകം സഞ്ചാരികൾക്ക് ജീവനാശം സംഭവിച്ച ഒരു ദുരന്തഭൂമി കൂടിയാണിത്.
ട്രക്കിംഗ് ഇഷ്ടപ്പെട്ടിരുന്ന സാഹസികരായ സഞ്ചാരികൾ മാത്രം ഒരു കാലത്ത് വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. പില്ലർ റോക്കിന്റെ ഇടയിലുള്ള വലിയ കിടങ്ങുകളും, ഗുഹകളും തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. അതിലേക്കുള്ള സാഹസികതയാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. കാഴ്ചയിൽ ചെറുതെന്ന് തോന്നിക്കുന്നതും, എന്നാൽ സദാസമയവും മഞ്ഞുമൂടിക്കിടക്കുന്നതിനാൽ ആഴം കൃത്യമായറിയാത്തതുമായ കിടങ്ങുകളിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു പലരും.
കിടങ്ങുകൾക്കിടയിലൂടെ ഇടക്കിടക്ക്, അടുക്കളയിൽ നിന്നും  പുകയെന്നപോലെ, ഉയർന്നു വരാറുള്ള കോഡമഞ്ഞു കണ്ടിട്ടാകാം; വീണാൽ തിരിച്ച് കിട്ടാത്ത ഇതിനെ ഡെവിൾസ് കിച്ചൻ എന്ന് വിളിക്കാൻ തുടങ്ങിയത്.

നല്ലൊരു  വ്യൂ പോയിന്റുണ്ടിവിടെ. പ്രഗൽഭനായൊരു ശിൽപ്പി, കരിമ്പാറയിൽ കണക്ക് തെറ്റാതെ അഗാധതയിലേക്ക് ചെത്തിയെടുത്ത പോലെ, കുത്തനെയുള്ള കൊക്കയോട് കൂടിയ കാഴ്ചസ്ഥലം.
1991 ൽ, കമലഹാസൻ നായകനായ ഗുണ എന്ന സിനിമയിൽ ഇവിടവും, ഇവിടത്തെ ഗുഹകളും പശ്ചാത്തലങ്ങളായിരുന്നു. അതിന് ശേഷമത്രെ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പേരറിഞ്ഞതും, ഇവിടേക്ക് ജനപ്രവാഹം കൂടിയതും. ഈ സിനിമക്ക് ശേഷമാണ് ഇതിന് ഗുണകേവ് എന്ന് പേര് വന്നതെന്നും പറയപ്പെടുന്നു. കൊഡൈക്കനാലിന്റെ ടൂറിസ്റ്റ്റ്റ് ഭൂപടത്തിൽ ഇന്നിതിന് ഒഴിച്ച് കൂടാനാകാത്ത ഇടം തന്നെയാണുള്ളത്.

സഞ്ചാരികൾ കൂടിയതോടെ, അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട്, ഇന്നിവിടെ സുരക്ഷാ വേലികൾ പണിതിട്ടുണ്ട്. കിടങ്ങുകൾക്ക് മുകളിൽ ഉരുക്ക് നെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു. പല ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.
ഇതെല്ലാം മറികടന്നു കൊണ്ട്, അപകടകരമായ രീതിയിൽ സെൽഫികളെടുക്കുന്ന പലരെയും ഇവിടെ കാണാറുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.

അപായസൂചനകൾ ഉൾക്കൊണ്ടു കൊണ്ട്, ഒരിക്കലെങ്കിലും എല്ലാവരും ഇവിടം സന്ദർശിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.


(കൊഡൈ കാഴ്ചകൾ അവസാനിക്കുന്നില്ല... തുടരും..... ദയവായി പിൻതുടരുക)


ഭാഗം 3 ഇവിടെ അമർത്തുക.


ഭാഗം 1 ഇവിടെ അമർത്തുക.

Tuesday, December 12, 2017

KODAIKANAL

കൊഡൈക്കനാൽ യാത്ര -ഭാഗം 1

സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നൊരു സുഖവാസകേന്ദ്രം. കോഡമഞ്ഞുമൂടിയ ആന്തരീക്ഷം. മനം കുളിർക്കുന്ന തണുപ്പുള്ള കാലാവസ്ഥ. എന്റെ നാട്ടിൽ നിന്നും വെറും ഇരുനൂറ്റി അൻപത് കിലോമീറ്റർ മാത്രം അകലെ ഇങ്ങനെയൊരു സ്ഥലമുള്ളത് കാണാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പറയുമ്പോൾ, എനിക്കെന്നും ഒരു കുറച്ചിൽ തന്നെയായിരുന്നു തോന്നിയിരുന്നത്. അതെ;കൊഡൈക്കനാൽ. ദക്ഷിണേന്ത്യയിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായ കൊഡൈക്കനാലിലേക്കാണ് ഇപ്രാവശ്യത്തെയാത്ര തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

2.12.17 (ശനി)
വഴികളിലെ വസന്തം:
കേരള അതിർത്തി കടക്കുന്നതോടെ, വിശാലമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള, വളവില്ലാത്ത പാതയാണ് മുന്നിൽ. നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടം. പച്ചക്കറികളും, കമ്പവും, മാവും, പപ്പായയുമെല്ലാം വ്യാവസായികാടിസ്ഥാനത്തിൽത്തന്നെ കൃഷി ചെയ്യുന്ന പാടങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അനുഭൂതി ദായക ദൃശ്യങ്ങൾ തന്നെ.
കുറേ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ഒരു വിശേഷ ദൃശ്യം കണ്ടതുകൊണ്ട് കൂടിയാണ് അവിടെ വഴിയരികിൽ വണ്ടി നിർത്തിയത്. കൂറ്റനൊരു കാറ്റാടിയന്ത്രം. യാന്ത്രി കോർജത്തെ വൈദ്യതോർജമാക്കി മാറ്റുന്നതിനുള്ള മനുഷ്യന്റെ കണ്ടുപിടുത്തം. കൃഷിയിടങ്ങളിൽ അവിടവിടെയായി പല വലിപ്പത്തിലുള്ള കറ്റാടി യന്ത്രങ്ങൾ വേറെയും കാണുന്നുണ്ട്.
കാറ്റിന്റെ ശക്തിക്കനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന, വലിയ ലീഫുകളോട് കൂടിയ കൂറ്റൻ യന്ത്രങ്ങൾ. മക്കളെ സംബന്ധിച്ചിടത്തോളം, ഇതെല്ലാം പുസ്തകത്തിന് പുറത്തുള്ള പുതിയ അറിവുകൾ തന്നെയായിരിക്കും.

പളനി:
വൈകുന്നേരത്തോടെ ഞങ്ങൾ പളനിയിലെത്തി. ഇന്ന് രാത്രി ഇവിടെയാണ് താമസം. ആണ്ടവ ദർശനം പുണ്യം!

3.12.17 ( ഞായർ )
കൊഡൈക്കനാലിലേക്ക് :
അടുത്ത ദിവസം. രാവിലെ പത്തു മണിയോടെത്തന്നെ ഞങ്ങൾ കൊഡൈക്കനാലിലേക്ക് പുറപ്പെടുകയാണ്. നല്ല റോഡ്. പാതയിലേക്ക് തണൽ വിരിക്കുന്ന പുളിമരങ്ങൾ. ഇലകളെ മറക്കുന്ന രീതിയിൽ മരത്തെ പൊതിഞ്ഞിരിക്കുന്ന ഫലങ്ങൾ. വായിൽ വെള്ളമൂറാൻ ഇതിൽപ്പരം എന്തു വേണം!

ചേരികൾപോലെ തോന്നിക്കുന്ന ധാരാളം ചെറ്റക്കുടിലുകൾ പാതയോരത്ത് കാണുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾ. അലഞ്ഞു നടക്കുന്ന നായ്ക്കൾ. ഇക്കണ്ട  കാഴ്ചകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഞങ്ങളുടെ വണ്ടി ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
മഞ്ഞുകാലമായതിനാലാകാം, ഉച്ചയാകാറായിട്ടും, ചുരത്തിലിപ്പോഴും നല്ല കോഡ പരക്കുന്നുണ്ട്. അതുകൊണ്ട്തന്നെ യാത്ര വളരെ സാവധാനത്തിലായത് തികച്ചും  സ്വാഭാവികം മാത്രം. ഇത്രയും കട്ടിയുള്ള കോഡമഞ്ഞിലൂടെ ഞാൻ ആദ്യമായാണ് വണ്ടിയോടിക്കുന്നത്. എന്റെ യാത്രാനുഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കാൻ പുതിയൊരു വിശേഷം കൂടി!

കൊഡൈക്കനാൽ:
നഗരത്തിൽ നിന്നും ആറ് കിലോ മീറ്റർ മാറി, ശാന്തമായൊരു കുന്നിൻചരിവിലാണ് മുറിയെടുത്തിരിക്കുന്നത്. താഴ് വരയിലേക്ക് കണ്ണും നട്ടിരിക്കാവുന്ന നല്ലൊരു ലൊക്കേഷൻ. ഓഫ് - സീസണായതിനാൽ മുറി വാടകയും കുറവാണ്.

കാഴ്ചകളിലേക്ക്.
ഇപ്പോൾത്തന്നെ മൂന്നു മണിയായിട്ടുണ്ട്. ഭക്ഷണാനന്തരം, ഞങ്ങൾ വേഗം തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്.

I) കൊഡൈക്കനാൽ തടാകം.
ഏകദേശം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്നൊരു തടാകം. അതിനെ ചുറ്റിക്കൊണ്ട് ഒരു റോഡുണ്ട്. അതിലൂടെയുള്ള സൈക്ലിംഗ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഒരു ഇഷ്ട വിനോദം തന്നെയാണ്. അതിനാവശ്യമായ സൈക്കിളുകൾ അവിടെ വാടകക്ക് കിട്ടും. അപ്രകാരം സഞ്ചരിക്കുന്ന കമിതാക്കളെയും, സഹോദരങ്ങളെയും, യുവമിഥുനങ്ങളെയും, സുഹൃത്തുക്കളെയുമെല്ലാം കാണാം. കുതിരപ്പുറത്തൊരു സവാരി ആഗ്രഹിക്കുന്നുവെങ്കിൽ അതുമാകാം.
കേരളത്തിലെ ഏതോ വിദ്യാലയത്തിലെ കുട്ടികളാണെന്ന് തോന്നുന്നു, തടാകത്തിലൂടെ ആർത്തുല്ലസിച്ചു കൊണ്ട് ബോട്ടിംഗ് നടത്തുന്നുണ്ട്. വെള്ളത്തിന് മുകളിൽ വിശ്രമിക്കുകയാണെന്ന് തോന്നും പോലെ നിശ്ചലമായ്നിൽക്കുന്ന കോഡക്കുള്ളിലൂടെ, കൊഡൈ തടാകത്തിന്റെ ജലപ്പരപ്പിലൂടെ ഒരു യാത്ര ഞങ്ങളും ആസ്വതിക്കുകയാണ്.

2) ബ്രയന്റ് പാർക്ക്
തടാകത്തിന്റെ ഓരത്തായി ഒരു പാർക്കുണ്ട്, വൃത്തിയായി പരിപാലിക്കുന്ന ചെറിയൊരു ഉദ്യാനം. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡന്റെ ഏഴയലത്തെത്തുകയില്ലെങ്കിലും, ധാരാളം സഞ്ചാരികൾ വന്നുല്ലസിക്കുന്നൊരു ഉദ്യാനം തന്നെയാണിത്.
സമയം അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളു. ഇവിടെയും കോഡയുടെ മറവീണു കൊണ്ടിരിക്കുകയാണ്. മുന്നിലെ ദൃശ്യങ്ങൾക്ക് വ്യക്തത കുറഞ്ഞിരിക്കുന്നു തണുപ്പിന് ശക്തി കൂടി വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി റൂമിലേക്ക്.


കൊഡൈക്കനാലിന്റെ കൂടുതൽ കാഴ്ചകൾ നാളെയാണ് (തുടരും.........)

കൊഡൈ യാത്രഭാഗം 2 ഇവിടെ അമർത്തുക


(Kodaikanal is a beautiful hill station in Dindigal district of Tamilnadu state. Its having so many accommodation facilities there including hotels,kottages,villas etc.)