Sunday, March 20, 2022

അട്ടപ്പാടിയുടെ, അധികമാരും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ...(Vechapathy, Nallasinga etc)

അട്ടപ്പാടി; ഒരു ഓർമ്മ: Part 3


ഞങ്ങളുടെ താമസസ്ഥലമായ Troba farm Stay യോട് വിട പറയുകയാണ്. വിഷ മുക്തമായ തക്കാളികൾ കുറച്ച് ഞങ്ങളും വാങ്ങിയിട്ടുണ്ട്. ഓപ്പൺ എയർ ടേബിളിനടുത്തിരുന്ന് കഴിച്ച കപ്പയും ചായയുമാണ് ഇന്നത്തെ ഊർജം.


നല്ലശിങ്ക:

കാറ്റാടി യന്ത്രങ്ങൾ ധാരാളമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് പറയുമ്പോൾത്തന്നെ മനസിലാക്കാം, നല്ല കാറ്റടിക്കുന്ന സ്ഥലമാണെന്ന്. കാറ്റാടി യന്ത്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിന്, തുടർച്ചയായ കാറ്റ് ആവശ്യമാണ്.


അയ്യപ്പനും കോശിയും എന്ന സിനിമയിൽ, പൊലീസ് സ്റ്റേഷന് സെറ്റിട്ടിരുന്നത് നല്ലശിങ്കയിലായിരുന്നു. സ്റ്റേഷൻ്റെ സെറ്റ് അവർ അഴിച്ച് കൊണ്ട് പോയെങ്കിലും, സ്റ്റേഷൻ കോമ്പൗണ്ട് അവിടെത്തന്നെയുണ്ട്. ഇത് കാണാൻ കൂടെയാണ് ഇന്ന് ടൂറിസ്റ്റുകൾ ഇവിടേക്ക് വരുന്നത്.

കേരളത്തിൻ്റെ അതിർത്തിയായ, ആനക്കട്ടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുറച്ച് സഞ്ചരിക്കേണ്ടതുണ്ട്, നല്ലശിങ്കയിലേക്ക്‌. തട്ട് തട്ടായ് ഒരുക്കി വെച്ചിരിക്കുന്ന കൃഷിസ്ഥലങ്ങൾ. പുൽത്തകിടിയിലെല്ലാം മേഞ്ഞ് നടക്കുന്ന കന്നുകാലികളും ആട്ടിൻപറ്റവും.

കാറ്റാടി യന്ത്രങ്ങൾക്ക് ചുവട്ടിൽ വിശാലമായ പുൽത്തകിടിയാണ്. ഇവിടെ നിന്ന് നോക്കുമ്പോളാണ് അതിൻ്റെ ഭീമാകാരത്വം ശരിക്കും മനസിലാകുന്നത്. ആകാശം മുട്ടെയെന്ന് തോന്നിക്കുന്ന യന്ത്രങ്ങൾ. ഒന്നോ രണ്ടോ അല്ല, നോക്കെത്താ ദൂരത്തോളം അവയങ്ങനെ നിരനിരയായ് തലയുയർത്തി നിൽക്കുന്നു. സ്വകാര്യ വ്യക്തികളുടെയോ കമ്പനികളുടെയോ അധീനതയിലുള്ള യന്ത്രങ്ങളാണ്.

ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ആ കുന്നിൻ മുകളിൽ വരെ കയറാം. കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനായി വെട്ടിയൊരുക്കിയ വഴികളാണ്. സാഹസികരായ ബൈക്കേഴ്സ്, അവിടേക്ക്, സംഘം ചേർന്ന് യാത്ര ചെയ്യാറുണ്ടെന്ന് കേട്ടു. ദുർഘടം പിടിച്ച ഓഫ് റോഡാണത്.


വെച്ചപ്പതി:

അട്ടപ്പാടിയുടെ ഭൂപ്രകൃതി ആസ്വദിക്കുന്നതിനായി ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് തോന്നിപ്പോകുന്നു. പോകുന്ന വഴികളിലെല്ലാം വീടുകൾ കുറവാണ്. എന്നാൽ, ഊരുകളോടടുക്കുമ്പോൾ, കോളനികൾ പോലെ തോന്നിക്കുന്ന രീതിയിൽ അടുത്തടുത്തായി നിലകൊള്ളുന്ന വീടുകളാണ്.


അവിടെ, ഒഴിഞ്ഞൊരു ഗ്രൗണ്ടുണ്ട്. അതിൻ്റെ ഒരു ഭാഗം ചേർന്ന് വിശാലമായി പന്തലിച്ചു നിൽക്കുന്നൊരു ആൽമരമുണ്ട്. മൊട്ടക്കുന്നിലെ പുൽത്തകിടിക്ക് നടുവിൽ ഒറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്ന മരത്തിന് ഒരു പ്രത്യേക ആകർഷകത്വം ഉള്ള പോലെ തോന്നി. ഫോട്ടോയിൽ കാണുമ്പോൾ കൂടുതൽ സുന്ദരമാണ്. അതിനടുത്തേക്ക് നടന്നു.

ഊര് ക്ഷേത്രം തന്നെയാണ്. ദൈവ സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലുകൾ. ശൂലങ്ങൾ, പട്ടുകൾ. പൂജകൾ നടക്കാറുള്ളതിനെ ദ്യോദിപ്പിക്കുന്ന രീതിയിൽ, പ്രതിഷ്ഠയിൽ ചാർത്തിയ മഞ്ഞളിൻ്റെയും കുങ്കുമത്തിൻ്റെ ശിഷ്ടങ്ങൾ.

വിശാലമായ സമതല ഭൂമിയാണ്. അത് കഴിഞ്ഞാൽ വനഭൂമിയും. ദൂരെ, പൊരിവെയിലത്ത് മേഞ്ഞ് നടക്കുന്ന ആടുകളെ കാണാം. അവയെ പാലിക്കുന്ന ഇടയൻമാരെയും. അഴിച്ചുവിട്ട രീതിയിൽ സ്വൈര്യ വിഹാരം നടത്തുന്ന കന്നുകാലികളെയും കാണാം. അവിടവിടെയായ് ഉയർന്ന് നിൽക്കുന്ന വലിയ പാറകൾക്കും ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് തോന്നി. അതിന് മുകളിൽ കയറി നോക്കുമ്പോൾ പുൽത്തകിടികളുടെയും, മൈതാനക്കാടുകളുടെയും ഒരു വിഗഹ വീക്ഷണം സാധ്യമാകുന്നുണ്ട്.


മാരണട്ടി വെള്ളച്ചാട്ടം:

അട്ടപ്പാടിയിലെ ഒരു ട്രൈബൽ ഊരിൻ്റെ പേരാണ് മാരണട്ടി. ശിരുവാണി പുഴ ഇവിടെ ചിറ്റൂർ പുഴയെന്നറിയപ്പെടുന്നു. ഈ പുഴയിൽ കാണാവുന്ന വെള്ളച്ചാട്ടമാണ് മാരണട്ടി വെള്ളച്ചാട്ടം.


ചെറിയ രീതിയിൽ ഒരു ഓഫ് റോഡ് യാത്രയാണ് അവിടേക്കുള്ളത്. ചിറ്റൂരിൽ നിന്നും ഫോർവീൽ ഡ്രൈവുള്ള ജീപ്പ് വിളിക്കണം. ബൈക്കുകളാണെങ്കിൽ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല.

തട്ട് തട്ടുകളായ് തീർക്കപ്പെട്ടിട്ടുള്ള വെള്ളച്ചാട്ടം. വലിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെയും മുകളിലൂടെയും വെള്ളം ഒഴുകുന്നു. ട്രക്കിംഗിന് പറ്റിയ സ്ഥലമാണ്. തുഷാരഗിരി വെളളച്ചാട്ടം കണ്ടവർക്ക് ഇതൊരു അൽഭുതമായൊന്നും തോന്നണമെന്നില്ല. മൂർച്ചയുള്ള പരുക്കൻ കല്ലുകളാണ്. അതിലൂടെയുള്ള നടത്തം ദുർഘടം തന്നെയാണ്.

കുറച്ച് മുകളിലായൊരിടത്ത് കുറച്ച് ചെറുപ്പക്കാർ കുളിക്കുന്നുണ്ട്. അതിനും മുകളിൽ ഒരു വെള്ളച്ചാട്ടമുണ്ട്. ഒഴുകി വരുന്ന വെള്ളം, വലിയൊരു പാറയിലൂടെ തല്ലിപ്പതഞ്ഞൊഴുകി മറ്റൊരു പാറയിടുക്കിലേക്ക് വീഴുന്നു. അവിടെ നിന്നും മറ്റൊരു പാറക്കടിയിലൂടെ, താഴെ കുളിക്കുന്ന ചെറുപ്പക്കാരുടെ ശരീരത്തിലേക്കും പതിക്കുന്നു. നല്ല മിസ്റ്റടിക്കുന്നുണ്ട്.


കുറേ നേരം അവിടെ ചെലവഴിച്ച ശേഷം തിരിച്ച് നടക്കുകയാണ്. ഇനി പുതിയ കാഴ്ചകളിലേക്കൊന്നും പോകാനുദ്ദേശിക്കുന്നില്ല. ഇന്ന് വീട്ടിലേക്ക് തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ, അട്ടപ്പാടി ഞങ്ങൾക്ക് തന്നത്, ഒരു പാട് നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. പുത്തൻ പുതിയ കാഴ്ചകൾ തന്നെയായിരുന്നു. ഇനിയൊരിക്കൽ കൂടെ വരാൻ സാധിക്കട്ടെയെന്ന പ്രത്യാശയോടെ അട്ടപ്പാടിയോട് തൽക്കാലം വിട പറയുകയാണ്. നന്ദി.

2 comments:

  1. എഴുത്തിൽ കാണുന്ന അട്ടപ്പാടി ബഹു സുന്ദരി ആണല്ലോ

    ReplyDelete