Wednesday, October 5, 2022

കോടമഞ്ഞ് തീർക്കുന്ന നെല്ലിയാമ്പതിക്കാഴ്ചകൾ.

16/7/2022 (ശനി)


നെല്ലിയാമ്പതിയിലേക്ക് ഇപ്പോളൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ, പലരുടെയും മനസ്സിലുയർന്ന സംശയമായിരുന്നു മഴ. മഴ പെയ്താൽ പിന്നെ നെല്ലിയാമ്പതിയിൽ എന്ത് കാഴ്ച കാണാനാ? ഈ ചോദ്യത്തിന് ഞങ്ങളുടെ ടൂർ കോ-ഓർഡിനേറ്റർ ഡോ: സിന്ധുലിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; നമ്മൾ പോകുന്നത് നെല്ലിയാമ്പതി കാണുന്നതിനല്ല മറിച്ച് നെല്ലിയാമ്പതിയെ അനുഭവിക്കുന്നതിനാണ്. കോടമഞ്ഞും, തണുപ്പും, ചാറ്റൽ മഴയുമായി അർമാദിക്കുന്ന അവളുടെ മറ്റൊരു ഭാവത്തിലേക്കാണ്. മഴക്കാലത്തെ നെല്ലിയാമ്പതിയെ അറിയുന്നതിനും, അനുഭവിക്കുന്നതിനുമുള്ള ഒരവസരമായി അങ്ങനെയൊരു യാത്ര ആസൂത്രണം ചെയ്യപ്പെട്ടു.

ഭാരതീയ ചികിത്സ വകുപ്പിന് കീഴിൽ, മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ഓഫീസർമാരിൽ പതിനഞ്ച് പേരും, അവരിൽ ചിലരുടെ മക്കളും സഹധർമ്മിണിയുമെല്ലാമായിക്കൊണ്ട് പതിനെട്ട് പേരടങ്ങുന്നൊരു സംഘമാണ് യാത്ര പോകുന്നത്.

കൂടുതൽ പേരും, മലപ്പുറത്തു നിന്ന് കയറാമെന്നായിരുന്നു ഗ്രൂപ്പിൽ അറിയിച്ചിരുന്നത്. അതനുസരിച്ച് മലപ്പുറം കെ.എസ്.ആർ.ട്ടി.സി. ബസ് സ്റ്റാൻ്റിനടുത്തെത്താനാണ് നിർദേശം. ഞങ്ങളുടെ സാരഥി രതീഷ് (മണി) ട്രാവല്ലറുമായി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രാവിലെ എട്ടര മണിക്ക് പുറപ്പെടണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ അര മണിക്കൂർ വൈകിയത് തികച്ചും സ്വാഭാവികമെന്നേ പറയാനുള്ളൂ. ഇനി പെരിന്തൽമണ്ണയിൽ നിന്നും കുറച്ചു പേർ കൂടെ കയറാനുണ്ട്.


എല്ലാവരും കയറിയതോടെ, 'പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ വശ്യതയിലേക്കുള്ള ദീർഘയാത്രയുടെ മൂഡിലേക്ക് ഏവരുടെയും മനസ്സ് എത്തിക്കഴിഞ്ഞിരിക്കുന്നു. സുന്ദരമായ പാലക്കാടൻ കുന്നുകളും, കരിമ്പനകൾ അതിരിട്ട് നിൽക്കുന്ന നെൽപ്പാടങ്ങളും പിന്നിട്ട് ട്രാവല്ലർ നീങ്ങുകയാണ്. മഴ ഞങ്ങളെ പിൻതുടരുകയാണെന്ന് തോന്നുന്നു. അതുകൊണ്ട്തന്നെ സാവധാനത്തിലാണ് യാത്ര.

ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. നിലമ്പൂരിലും മറ്റ് മലയോര പ്രദേശങ്ങളിലും മഴക്കെടുതികൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിൻ്റെ വാർത്തകൾ വാട്സ്ആപ്പിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ നെല്ലിയാമ്പതിയിലെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയും ഇല്ലാതില്ല. ചുരത്തിൽ മണ്ണിടിച്ചിലോ മരം വീഴ്ചയോ ഉണ്ടായാൽ യാത്ര ദുഷ്കരമാകും. നെല്ലിയാമ്പതിയിലേക്ക് ഈയൊരു പാത മാത്രമേ ഉള്ളൂ എന്നാണറിഞ്ഞത്. അങ്ങനെയെങ്കിൽ, എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ പിന്നെ, തടസ്സങ്ങൾ മാറുന്നതു വരെ കാത്തിരിക്കുകയല്ലാതെ വേറെ മാർഗമുണ്ടാകുമെന്നും തോന്നുന്നില്ല.

ഒരു മണിയോടെ ഞങ്ങൾ പോത്തുണ്ടി ഡാമിനടുത്തെത്തി. ഭാരതത്തിലെ ആദ്യകാല ഡാമുകളിലൊന്നാണിത്. അതിനോടനുബന്ധിച്ച് നല്ലൊരു ഗാർഡനുണ്ട്. ഇരുപത് രൂപ പ്രവേശന ഫീസ് നൽകി അകത്ത് കടക്കുന്ന ഏതൊരാൾക്കും, വേണ്ടുവോളം ആസ്വദിക്കുന്നതിനുള്ള വക അവിടെയുണ്ട്. ഇതൊരു എർത്തേൺ ഡാമാണ്. കാഴ്ചകളാസ്വദിക്കാവുന്ന നല്ലൊരു ഡാം. ചെറിയൊരു ചാറ്റൽ മഴയുണ്ട്. അതുകൊണ്ട് ഇപ്പോൾ തൽക്കാലം ഇവിടെയിറങ്ങുന്നില്ല.

പോത്തുണ്ടി ഡാമിനടുത്ത് തന്നെയാണ് ചെക്പോസ്റ്റ്. വണ്ടി നമ്പറും യാത്രക്കാരുടെ എണ്ണവും ഇവിടെക്കൊടുക്കണം. ചുരം കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഡ്യൂട്ടിയിലുള്ള ഓഫീസർ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ, മലവെള്ളം കാരണം പുതിയതായി രൂപപ്പെട്ട ധാരാളം വെള്ളച്ചാട്ടങ്ങളുണ്ടെന്നും, അതിലൊന്നും ഇറങ്ങരുതെന്നും, സാഹസികമായ ഡെൽഫികളെടുക്കലൊന്നും പാടില്ലെന്നുമൊക്കെയുള്ള സ്നേഹപൂർണ്ണമായ ശാസനകൾ അതിൽപ്പെടും.


ചെക് പോസ്റ്റ് കഴിഞ്ഞ് അൽപ്പം യാത്ര ചെയ്തപ്പോൾ തന്നെ, ഡാം റിസർവോയറിൻ്റെ സുന്ദരമായ കാഴ്ചകളാസ്വദിക്കാവുന്ന ഒരു വ്യൂ പോയിൻ്റിലെത്തി. നെല്ലിയാമ്പതി മലനിരകൾ അതിരിട്ട് നിൽക്കുന്ന ജലാശയം. കുന്നിൻ തലപ്പത്ത് തടഞ്ഞു നിർത്തപ്പെട്ട നിലയിൽ കോടമഞ്ഞ്. തെളിഞ്ഞ ജലം. ഇളം തെന്നലിനൊത്ത് താളം തുള്ളുന്ന കുഞ്ഞോളങ്ങൾ. ജലപ്പരപ്പിൽ മീൻ തേടിയലയുന്ന നീർക്കാക്കകൾ. വശ്യമായൊരു കാഴ്ചകൾ തന്നെ.

മഴക്ക് മുൻപേ കൂടണയേണ്ടതുണ്ട്. യാത്ര തുടരുകയാണ്. ഇടുങ്ങിയ ചുരം പാതയാണ്. റോഡിൻ്റെ ഒരു ഭാഗം കുന്നിൻ മുകളിലേക്കുള്ള തുടർച്ച തന്നെയാണെങ്കിൽ, മറുഭാഗം വശ്യമായ താഴ് വര തന്നെയാണ്. അൽപം കയറിയതോടെ, മഞ്ഞിനിടയിലൂടെ ഡാം റിസർവോയർ അവ്യക്തമായെങ്കിലും കാണാനാകുന്നുണ്ട്.



ചുരം പാതയിലെ പ്രധാന വ്യൂ പോയിൻറുകളിലൊന്നിലെത്തി. താഴ് വരയിലേക്ക് നീട്ടിയുണ്ടാക്കിയ, മേൽകൂരയോട് കൂടിയ ചെറിയൊരു പ്ലാറ്റ്ഫോം. ഇവിടെ നിന്നാൽ താഴ് വാരക്കാഴ്ചകൾ വളരെ നന്നായി കാണാനാകും. അങ്ങകലെ വലിയൊരു കുന്നുണ്ട്. പായൽ പിടിച്ച പാറക്കെട്ടുകളും പച്ചപ്പുമെല്ലാമായിക്കൊണ്ട് ഭംഗിയുള്ളൊരു കുന്ന്. ഇതിലൂടെ പോകുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം തന്നെയാണിത്. നല്ലൊരു ഫോട്ടോ പോയിൻ്റ്. നിർഭാഗ്യമെന്ന് പറയട്ടെ, ഇന്നീ ഭാഗങ്ങളിലെല്ലാം കോട മൂടിക്കിടക്കുകയാണ്. പക്ഷെ, പ്രകൃതീദേവി അനുഗ്രഹിക്കുന്ന പോലെ, ഇടക്കിടെ മാറിത്തരുന്ന കോടമഞ്ഞിനിടയിലൂടെ കാഴ്ചകൾ കാണാനാകുന്നുണ്ട്. പ്ലാറ്റ്ഫോമിന് താഴെ അഗാധമായ മലയിടുക്കാണ്. ഇടതിങ്ങി വളരുന്ന സസ്യങ്ങൾ.

ഈ വ്യൂ പോയിൻറിലിങ്ങനെ നിസ്വനായ്, വിദൂരതയിലേക്ക് കണ്ണുംനട്ട് നിൽക്കാൻ എന്ത് രസമാണെന്നോ! പശ്ചാത്തലത്തിന് മികവേകാനെന്നോണം, അവിടിരുന്നൊരാൾ പുല്ലാങ്കുഴൽ വായിക്കുന്നുണ്ട്. ഈ തണുപ്പത്ത്, ഇങ്ങനെയൊരു സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കട്ടൻ ചായ കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. എന്നാൽ ഇവിടെങ്ങും ഒരു തട്ടുകട പോലും കാണാനില്ല.

രണ്ട് മണിയോടെ ഞങ്ങൾ നെല്ലിയാമ്പതിയിലെത്തി. നല്ല തണുപ്പുണ്ട്. അടുത്തുള്ള കാഴ്ചകളെപ്പോലും മറയ്ക്കുന്ന രീതിയിൽ, ഇടക്കിടെ മൂടിവരുന്ന കോടമഞ്ഞ്. നെല്ലിയാമ്പതിയിലെ പ്രശസ്തമായ ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാം ഇവിടെയാണ്. മഞ്ഞ് മൂടിക്കിടക്കുകയായതിനാൽ കാഴ്ചകളൊന്നും വ്യക്തമല്ല. റോഡിനിരുവശത്തും വരിവരിയായ് നിർത്തിയിട്ടിരിക്കുന്ന ഫോർവീൽ ഡ്രൈവ് ജീപ്പുകൾ. അതിലേക്ക് ആളെക്കയറ്റുന്നതിനായ് സഞ്ചാരികളെ കാത്തിരിക്കുന്ന ജനങ്ങളെയും കാണാം. അപ്രകാരം അൻപതിലധികം ജീപ്പുകൾ ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെന്നാണറിഞ്ഞത്. ഓഫ് സീസണായതിനാൽത്തന്നെ ഇപ്പോൾ ഓട്ടം കുറവാണ്. അതുകൊണ്ട്തന്നെ, വരുന്നവരെ സ്വന്തം വണ്ടിയിൽ കയറ്റാൻ ഓരോരുത്തരും മൽസരിക്കുകയാണ്.

ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇവിടെ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. അതിൽ പകുതിയോളം ഓഫ്റോഡാണ്. അതു കൊണ്ട് തന്നെ ഇവിടെ നിന്നും മൂന്ന് ജീപ്പുകളിലായാണ് ഇനിയുള്ള യാത്ര. വിജനമായ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും, കാട് പോലെ തോന്നിക്കുന്ന പ്രദേശങ്ങളിലൂടെയും, ചെറു കാട്ടരുവികളെ മുറിച്ച് കടന്നു കൊണ്ടും, ഒരു യോദ്ധാവിനെപ്പോലെ അവൻ പായുകയാണ്

ഞങ്ങൾ താമസസ്ഥലത്തെത്തി. ശാന്തമായൊരു സ്ഥലം. സാമാന്യം നല്ലൊരു റിസോർട്ട്. ചെറിയൊരു ഇൻഫിനിറ്റി പൂൾ. വൃത്തിയുള്ള റൂമുകൾ. ഭക്ഷണം വേണമെങ്കിൽ ഇവിടെക്കിട്ടും. അങ്ങനെ, സന്ദർശകരെ വരവേൽക്കാൻ തയ്യാറായി, ഈ കാട്ടിനുള്ളിൽ അവൾ ഒരുങ്ങി നിൽക്കുകയാണെന്ന് തോന്നിപ്പോയി.


ഇതിനടുത്തൊരു വ്യൂ പോയിൻ്റുണ്ട്. ചിത്രങ്ങൾ പകർത്താൻ പറ്റിയ നല്ലൊരു സ്ഥലം. മരക്കഷ്ണങ്ങൾ കുത്തിനാട്ടിയപോലെ കുറേ ഇരിപ്പടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നുളള കാഴ്ചകൾ അവാച്യമെന്നേ പറയേണ്ടു. എങ്ങനെ ക്യാമറ പിടിച്ച് ചിത്രങ്ങളെടുത്താലും ഭംഗിക്കൊട്ടും കുറവുണ്ടാകില്ലെന്ന് തോന്നിപ്പോകുന്നു.

ഞങ്ങളുടെ ടൂർ കോ-ഓർഡിനേറ്ററിന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി വളരെ ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ടാണോ എന്നറിയില്ല, മലബാൾ ഗ്രേ ഹോൺബിൽസ് ഇനത്തിൽപ്പെട്ട വേഴാമ്പലുകൾ ഞങ്ങൾക്ക് ദർശനമേകാനെന്നോണം അവിടെ നിൽക്കുന്നുണ്ടായിരുന്നു. വേഴാമ്പലുകളുടെ ചിത്രങ്ങളെടുക്കാൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ വരുന്ന സ്ഥലമാണ് നെല്ലിയാമ്പതി എന്നാണറിയാൻ സാധിച്ചത്. ഇതേ ആവശ്യത്തിനായ് അദ്ദേഹം നെല്ലിയാമ്പതിയുടെ പല ഭാഗങ്ങളിലും പലവട്ടം മുൻപും വന്നിട്ടുണ്ട്.

ഒന്ന് ഫ്രഷായതിന് ശേഷം ഞങ്ങളൊന്ന് കറങ്ങാനിറങ്ങുകയാണ്. താമസിക്കുന്ന റിസോർട്ടിനടുത്തുകൂടെ ചെറിയൊരു കാട്ടരുവി ഒഴുകുന്നുണ്ട്. വരുന്ന വഴിയിൽ, ഉണങ്ങിവീണു കിടക്കുന്ന മരത്തിലായൊരു ആൺമയിലിനെ കണ്ടിരുന്നു. ഞങ്ങൾ അവിടേക്ക് നടക്കുകയാണ്. മയിൽ, ദൂരേക്ക് മറഞ്ഞിട്ടുണ്ട്. നല്ലൊരു കാട്ടരുവി. തെളിഞ്ഞ ജലം. ഒന്നിറങ്ങി കുളിക്കാൻ തോന്നിപ്പോകുന്നു. പക്ഷെ പുല്ലിൽ നിറയെ അട്ടകളുണ്ട്; ചെറിയ നൂലട്ടകൾ. അവയെ, കയ്യിലുള്ള സാനിറ്റൈസർ സ്പ്രേ ചെയ്ത് തുരത്തിക്കൊണ്ട് കുറച്ച് ദൂരം കൂടെ മുന്നോട്ട് നടന്നു.

_____

(17/7/22)

ആകെ മൂടിയ കോടമഞ്ഞിലേക്കാണ് അടുത്ത പ്രഭാതം ഞങ്ങളെ ആനയിച്ചത്. അതൊരു അനുഭവം തന്നെയായിരുന്നു. കണ്ണിൽ കുത്തിയാലറിയാത്ത കോട. ഇന്നലെ കണ്ട വ്യൂ പോയിൻ്റെല്ലാം മഞ്ഞിൽ പുതഞ്ഞ സുഷുപ്തിയിലാണ്. പക്ഷെ, സാവധാനത്തിലാണെങ്കിലും അത് നീങ്ങുന്നുണ്ട്. കാഴ്ചകൾ വ്യക്തമാകുന്നുണ്ട്.

ഇഡലിയും, സാമ്പാറും, പൂരിയും, ബജിയും, ചായയുമെല്ലാമായിക്കൊണ്ട് പ്രഭാത ഭക്ഷണം സൗജന്യമാണ്. വേണ്ടുവോളം ഫോട്ടോകളെടുത്തു. റീൽസിനാവശ്യമായ വീഡിയോകളും. പത്തു മണിയോടെ ഞങ്ങൾ വന്യ ഹോളിഡേ റിസോർട്ടിനോട് യാത്ര പറഞ്ഞു. കോടമഞ്ഞിനിടയിലൂടെ ഫോഗ് ലാമ്പ് തെളിയിച്ചു കൊണ്ട് ഞങ്ങൾ കയറിയ ജീപ്പുകൾ നെല്ലിയാമ്പതിയുടെ പ്രധാന കവലയിലേക്ക് കുതിക്കുകയാണ്.

ഇന്നത്തെ കാലാവസ്ഥ വളരെ മോശമാണ്. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. ജീപ്പിലൊരു ഓഫ്റോഡ് സഫാരി ഇവിടത്തെ പ്രധാന ആകർഷണം തന്നെയാണ്. ആ യാത്രയും, പോകുന്ന വഴികളിലെ വ്യൂ പോയിൻ്റുകളിൽ നിന്നുള്ള കാഴ്ചകളും വളരെ വിശേഷപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ട്. മലയണ്ണാനുകളെയും, സിംഹവാലൻ കുരങ്ങുകളെയും, കാട്ടുപോത്തുകളെയും, ഭാഗ്യമുണ്ടെങ്കിൽ വരയാടുകളെയും ആ യാത്രയിൽ കാണാനായേക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷെ ഈ കാലാവസ്ഥയിൽ, അങ്ങനെയൊരു യാത്രയിൽ എന്ത് കാണാനാണ്? ഞങ്ങളുടെ ചിന്തകൾ ആ വഴിക്കാണ് സഞ്ചരിച്ചത്. അതു കൊണ്ട് തന്നെയാണ് അങ്ങനെയൊരു യാത്ര ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഫ്റോഡ് സഫാരി ഒഴിവാക്കിക്കൊണ്ട്, സീതാർഗുണ്ട് വ്യൂ പോയിൻ്റിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

പോബ്സ് ഗ്രൂപ്പിൻ്റെ കീഴിലുള്ള സീതാർഗുണ്ട് എസ്റ്റേറ്റിൻ്റെ വലിയൊരു കവാടവും കടന്ന് യാത്ര തുടരുകയാണ്. നൂറിലധികം വർഷങ്ങളായി പോബ്സ് ഗ്രൂപ്പിൻ്റെ അധീനതയിലുള്ള സ്ഥലങ്ങളാണ്.1988 ലാണ് പോബ്സ് ഗ്രൂപ്പ് ഈ പ്ലാൻ്റേഷൻ എസ്റ്റേറ്റ് വാങ്ങുന്നത്. അവരുടെ ആദ്യത്തെ പ്ലാൻ്റേഷൻ എസ്റ്റേറ്റ് തന്നെയാണിത്. അവരിവിടെ ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണറിഞ്ഞത്. തേയിലത്തോട്ടങ്ങൾ മാത്രമല്ല, കാപ്പി ഏലം മുതലായവയും ഇവിടെ കൃഷി ചെയ്ത് പരിപാലിക്കുന്നുണ്ട്.




പോകുന്ന വഴിയിലെല്ലാം കോടമഞ്ഞ് തന്നെയായിരുന്നു. മരങ്ങളും കുറ്റിച്ചെടികളും, മങ്ങിയ നിഴൽ രൂപങ്ങളായാണ് കാണപ്പെട്ടിരുന്നത്. എന്നാൽ വ്യൂ പോയിൻ്റിലെത്തിയപ്പോൾ പ്രകൃതി ഞങ്ങളോട് കനിവ് കാട്ടി. നല്ല തെളിഞ്ഞ കാലാവസ്ഥ. താഴ് വര നന്നായി തെളിഞ്ഞ് കാണാം. പാലക്കാട് നഗരത്തിൻ്റെ ഭാഗങ്ങളും അനുബന്ധ പ്രദേശങ്ങളുമാണ് മുന്നിൽ കാണുന്നത്. വനവാസകാലത്ത് ശ്രീരാമനും, ലക്ഷ്മണനും, സീതയും കുറച്ച് കാലം ഇവിടെ താമസിച്ചിരുന്നുവെന്നതാണ് ഐതിഹ്യം.


ഇപ്പോൾ സഞ്ചാരികൾ പൊതുവെ കുറവാണ്. പല ഭാഗങ്ങളിലേക്കുമുള്ള യാത്രകളെ പരിമിതപ്പെടുത്തിക്കൊണ്ട്, മുളകളാൽ ബാരിക്കേഡുകൾ തീർത്തു വെച്ചിട്ടുണ്ട്. സീതാർഗുണ്ട് വെള്ളച്ചാട്ടം അവിടെയാണ്. അവിടേക്കിപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല. നെല്ലിയാമ്പതിയുടെ ഐക്കണായി കരുതാവുന്ന നെല്ലിമരത്തിന് മുന്നിൽ നിന്നു കൊണ്ട് കുറേ സെൽഫികളെടുത്തു. താഴ് വരയെ ഫ്രെയിമിലാക്കിക്കൊണ്ട് കുറേ ഫോട്ടോകളെടുത്തു. ഇവിടെയിപ്പോൾ ഞങ്ങൾ മാത്രം! സന്തോഷം തോന്നുന്ന നിമിഷങ്ങൾ തന്നെ.

പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് ചെറിയൊരു ഷോപ്പുണ്ട്. ഇവിടെയുൽപ്പാദിപ്പിക്കുന്ന തേയിലപ്പൊടിയും കാപ്പിപ്പൊടിയും മറ്റും ഈ ഷോപ്പിൽ നിന്നും വില കൊടുത്ത് വാങ്ങാം. ഐസ് ക്രീമും ചൂടുള്ള ചായയും ഇവിടെക്കിട്ടും. ചൂട് ചായയും തണുത്ത ക്ലൈമറ്റും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് തോന്നിപ്പോകുന്നു. എല്ലാവരും ഓരോ ചായ ഓർഡർ ചെയ്തു.

മഞ്ഞ് കാരണം കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ചില്ലെങ്കിലും, വന്ന സ്ഥലങ്ങളെ കൂടുതൽ അനുഭവിക്കാവുന്ന വിധത്തിലൊരു യാത്ര തന്നെയായിരുന്നു ഇത്. ഒരേ ഡിപ്പാർട്ട്മെൻ്റിനു കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിലും, സംസാരിക്കുന്നതിനും, അടുത്തറിയുന്നതിനും, കൂടുതൽ അടുത്ത് പെരുമാറുന്നതിനുമുള്ള ഒരു വേദി കൂടെയായ് ഈ യാത്ര മാറി എന്ന് വേണം കരുതാൻ. എല്ലാവരും ഹാപ്പിയാണ്.

നെല്ലിയാമ്പതിയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. കേശവൻ പറയും, ടീ ഫാക്ടറിയും, കാരാപ്പാറ തൂക്കുപാലവും, കാരാപ്പാറ വെള്ളച്ചാട്ടവും കാണേണ്ട കാഴ്ചകൾ തന്നെയാണ്. ഗ്രീൻലാൻ്റ് റിസോർട്ടിനോടനുബന്ധിച്ചുള്ള ഫാം കാണാനുണ്ട്. ഓഫ്റോഡ് സഫാരി മികച്ചൊരു അനുഭവം തന്നെയായിരിക്കും. എല്ലാ കാഴ്ചകളും കാണാൻ നിൽക്കുന്നില്ല. രണ്ട് ദിവസങ്ങളിലായ് നല്ല അനുഭവങ്ങൾ സമ്മാനിച്ച നെല്ലിയാമ്പതിയോടും, അപകടങ്ങളൊന്നും വരുത്താതെ കാത്ത പ്രകൃതിയോടും നന്ദി പറഞ്ഞു കൊണ്ട്, ഞങ്ങൾ മടക്കയാത്ര തുടങ്ങുകയാണ്.

See video in YouTube by clicking here

https://youtu.be/elCj3ttq2SM

No comments:

Post a Comment