Monday, November 30, 2015

പമ്പയിലേക്ക്.....!!

(ശബരിമല-ഭാഗം 1)


41 ദിവസത്തെ കഠിനവ്രതത്തിന് ശേഷം അയ്യപ്പ ഭക്തന്മാർ ദർശനത്തിനെത്തുന്ന പുണ്യ സ്ഥലം! പമ്പയിൽ കുളിച്ച് ദേഹ ശുദ്ധി വരുത്തി, ശരണ മന്ത്രങ്ങളുരുവിട്ടുകൊണ്ട്, കാനന പാതയിലൂടെ മല ചവിട്ടി അവർ അയ്യപ്പ സന്നിധിയിലെത്തുന്നു.


ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നും, ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നുപോലും ധാരാളം വിശ്വാസികളെത്തുന്നൊരു പുണ്യ ക്ഷേത്രമാണ് ശബരിമല.

ശബരിമല മണ്ഢല-മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷം, ഒരു നിമിത്തം പോലെ എനിക്കും ഡ്യൂട്ടിയിട്ടിട്ടുണ്ട് പമ്പയിൽ. ഇന്ന് 15.11.15 ന് വൈകുന്നേരം അവിടെയെത്തി ചാർജെടുക്കണം. ഞാൻ പുലർച്ചെ തന്നെ പുറപ്പെടുകയാണ്.

വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ബസിന്റെ സൈഡ് സീറ്റിലിരുന്ന് പുറത്തെ കാഴ്ച്ചകളിലേക്കു കണ്ണോടിക്കുമ്പോഴും, കല്ലും മുള്ളും കാടും കാട്ടുമൃഗങ്ങളും കുത്തനെയുള്ള കയറ്റവും അതിലൂടെ സാഹസപ്പെട്ട് നീങ്ങുന്ന സ്വാമിമാരും തന്നെയയിരുന്നു മനസ് നിറയെ.


ഒരു തികഞ്ഞ അയ്യപ്പ ഭക്തനായിരുന്നു എന്റെ അമ്മാവൻ. എല്ലാ വർഷവും മുടങ്ങാതെ മാലയിട്ട് അയ്യപ്പ ദർശനം നടത്തിയിരുന്ന ഒരു വിശ്വാസി. അതുകൊണ്ട് തന്നെ, മൂന്ന് അമ്മാവന്മാർക്കിടയിൽ "സ്വാമിയമ്മാവൻ" എന്നാണു ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. അമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ പ്രത്യേകിച്ചു വൃശ്ചിക മാസത്തിൽ, ശബരിമലയെക്കുറിച്ച് സ്വാമിയമ്മാവൻ എനിക്ക് ഒരുപാട് കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു.

അദ്ദേഹം പറയാറുണ്ടായിരുന്നു; ചിട്ടയായ ജീവിതവും, നിഷ്ഠയോടെയുള്ള ആരാധനയുമാണ് ഒരു സ്വാമിയെ പൂർണ്ണതയിലെത്തിക്കുന്നത്. ഭജനയും ഭിക്ഷയും നടക്കുന്നിടത്ത് തുടങ്ങുന്ന കൂട്ടായ്മയാണ് കാനന യാത്രയിലെ ധൈര്യം. നഗ്ന പാദനായുള്ള ഗമനമാണ് യാത്രയിൽ കാലുകൾക്കുള്ള ശക്തി. ഗിരിശ്രിംഗ ജയത്തിനുള്ള ഊർജമാണ് ബ്രഹ്മചര്യം കൊണ്ട് സിദ്ധിക്കുന്നതെന്ന്.

ചെങ്ങന്നൂരിൽനിന്നും പമ്പയിലേക്ക്. പെരിയാർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ സംരക്ഷിത വനപ്രദേശത്തെത്തിയിരിക്കുന്നു. സുന്ദരമായ ചുരം പാത. വയനാടിനെ അനുസ്മരിപ്പിക്കുന്ന ഭൂ പ്രകൃതി. തണുത്ത കാലാവസ്ഥ.


സീസണ്‍ തുടങ്ങുകയാണെന്നതിനാൽ ധാരാളം ബസ്സുകൾ ഈ റൂട്ടിലിപ്പോൾ സർവീസ് നടത്തുന്നുണ്ട്. എല്ലാ വണ്ടികളിലും ധാരാളം സ്വാമിമാരുണ്ട്. ശരണ മന്ത്രങ്ങളുടെ അലയൊലികൾ അന്തരീക്ഷത്തിൽ വിതച്ചുകണ്ട് ഞങ്ങളുടെ വണ്ടിയും ചുരം കയറുകയാണ്.

വളരെ നേരത്തെ യാത്ര!
ഒടുവിൽ, രാത്രി ഒൻപതു മണിയോടെ പമ്പയിലെത്തി. അവിടെക്കണ്ട കാഴ്ച്ചകൾ എന്നെ തീർത്തും സന്താപവാനാക്കുകതന്നെ ചെയ്തു. അറിയാതെ തലയിൽ കൈവച്ചുപോയി. എന്റെ സ്വാമിയമ്മാവൻ പണ്ടെനിക്കു വിവരിച്ചു തന്നതിൽനിന്നും ഞാനെന്റെ മനസിൽ വരച്ചു വച്ചിരുന്ന ചിത്രങ്ങളല്ല മുന്നിൽ. കാനന പാതയോ കാട്ടുമൃഗങ്ങളോ ഇല്ല; ഒരു പട്ടണത്തിലെത്തിയ പ്രതീതി. രണ്ടും മൂന്നും നിലകളോടുകൂടിയ കെട്ടിടങ്ങൾ മാത്രം! കോണ്‍ ക്രീറ്റ് ചെയ്തു സുന്ദരമാക്കിയ നട വഴികൾ! ഷീറ്റുമേഞ്ഞ നടപ്പന്തൽ!

ഞാൻ ബസിറങ്ങി. ഇനി ഗണപതികോവിൽ കണ്ടുപിടിക്കണം. കാരണം അവിടടുത്തുള്ള കെട്ടിടത്തിലാണെനിക്ക് റിപ്പോർട്ട് ചെയ്യാനുള്ളത്. പമ്പക്കു കുറുകെയുള്ള പാലവും കടന്ന് നടപ്പന്തലിലൂടെ ഞാൻ മുന്നോട്ട് നടക്കുകയാണ്; എന്റെ കണ്‍സെപ്റ്റിലുള്ള പമ്പയിൽനിന്നും തികച്ചും വ്യത്യസ്തമായൊരു പമ്പാതീരത്തുകൂടെ!

ഭാഗം 2 ഇവിടെ അമർത്തുക

Wednesday, November 11, 2015

ഇലക്ഷനും, ചില തമാശകളും !!


തെരഞ്ഞെടുപ്പിനെ ഒരു ആഘോഷമാക്കിയിരിക്കുകയാണിവിടെ. എങ്ങും ചൂടുള്ള ഇലക്ഷൻ ചർച്ചകൾ മാത്രം. ഒരോ സ്ഥാനാർത്ഥിയെയും കുറിച്ചുള്ള വിശദമായ അവലോകനങ്ങൾ. ജയ പരാജയ സാധ്യതകളെക്കുറിച്ചുള്ള മുൻവിധികൾ. തട്ടുകടയിലെ ഉപ്പുമാങ്ങയിൽപ്പോലും രാഷ്ട്രീയത്തിന്റെ അതിപ്രസരം കടന്നുകൂടിയിരിക്കുന്നു. മാങ്ങ, എതിർ സ്ഥാനാർത്ഥിയുടെ ഛിന്നമാണെന്ന്, അതുകൊണ്ടത് കഴിക്കരുതെന്ന്!

ഈയൊരു മാസമത്രയും മൂസാക്കാന്റെ കടയിലെ ചായക്ക് കച്ചവടം കൂട്ടിയത് ഈ ചൂടുള്ള ചർച്ചകളത്രെ. പാർട്ടിയേതു ജയിച്ചാലും ഇലക്ഷൻ ഇടക്കിടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നുണ്ടാകും പാവം!

പ്രചാരണം ഇപ്പൊ പണ്ടത്തെപ്പോലെയൊന്നുമല്ല, വാട്സപ്പും ഫെയ്സ്ബുക്കുമെല്ലാം അരങ്ങു തകർക്കുകയാണ്! പകൽ, വീടു വീടാന്തരം കയറിയിറങ്ങുന്ന പാർട്ടിക്കാർ, പക്ഷെ, രാത്രിയായാൽ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിക്കുകയാണ്, ഉറക്കമില്ലാത്ത ജന്മങ്ങൾ!!

ഫ്ലെക്സ് ബോഡുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ, ഇലക്ഷൻ കമ്മീഷന്റെ വണ്ടി വരുമ്പോഴേക്കും, ബോഡുകളെടുത്തുമാറ്റാനായി, പ്രത്യേക സ്ക്വാഡുകളെത്തന്നെ നിയമിക്കേണ്ട സ്ഥിതിയായി.

ഫ്ലെക്സ് ബോഡിൽ, ചിരിച്ചുകൊണ്ട് നിൽക്കുന്നയാളുടെ ചിത്രത്തിനു താഴെ, പെണ്ണിന്റെ പേരുകണ്ടാലും അന്താളിക്കണ്ട, അതും ചില മറി മായങ്ങളാ....!

ഇതിനിടയിൽ ഒരുമാസം കടന്നുപോയതറിഞ്ഞില്ല. അടുക്കളയിൽ മല്ലിയും മുളകും തീർന്നിരിക്കുന്നു. ഇറച്ചിയും മീനും തീർന്നിട്ട് ഒരുപാടായി. അവൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നെന്ന്. ആരു കേൾക്കാൻ, ഞാനാണെങ്കിൽ വീടിനു പുറത്തേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുകയായിരുന്നല്ലൊ!!

അങ്ങനെ ആ ദിവസം വന്നെത്തിയിരിക്കുന്നു. രാവിലെ നല്ല മഴയുണ്ട്. ഒന്നുകൂടെ പുതച്ചു കിടക്കാൻ തോന്നുന്ന തണുപ്പ്.

കിളിക്കൊഞ്ചലോടെ കാളിങ്ങ് ബെൽ മുഴങ്ങിയത്തിനു പിന്നിൽ കുഞ്ഞിപ്പാന്റെ കൈകളാണ്. വോട്ടു ചെയ്യാൻ പോകാൻ വണ്ടിയുമായി വന്നതാണ്.

മഴയൽപ്പം കുറഞ്ഞിട്ടുണ്ട്. വരിക്ക് നല്ല നീട്ടമുണ്ട്. ബൂത്തിനു മുന്നിൽ ചെറിയൊരു താർപ്പായ വലിച്ചു കെട്ടിയതൊഴിച്ചാൽ, നിന്നു മഴ കൊള്ളാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട്.

മത്സരം വളരെ ട്ടൈറ്റാണ്. അതുകൊണ്ട് തന്നെ ജീവനുള്ളവരെയും ഇല്ലാത്തവരെയും, നാട്ടിലുള്ളവരെയും ഇല്ലാത്തവരെയും ബൂത്തിലെത്തിക്കാൻ പെടാപാടുപെടുകയാണവർ.


ഓണത്തിനിടയിലും പുട്ടുകച്ചവടമോ? വരിയിൽ, തൊട്ടു പിന്നിൽ നിൽക്കുന്നയാൾ അയാളുടെ നടുവേദനയെക്കുറിച്ച് വിവരിക്കുകയാണ്. എന്തു മരുന്നാ കഴിക്കേണ്ടതെന്ന്.

മമ്മൈശാജി ഒരു രസികൻ തന്നെയാണ്. വരിയിൽ, കുറച്ചു മുന്നിൽ നിൽക്കുന്നയാളോട്, അയാളുടെ പൊസിഷനുവേണ്ടി നാരങ്ങ മുട്ടായി ഓഫർ ചെയ്യുന്ന ഹ്യൂമറിസ്റ്റ്. സാവധാനത്തിലാണ് വരി നീങ്ങുന്നത്. ചെറിയൊരു മഴച്ചാറലുണ്ട്. അയാൾ ആകാശത്തേക്കൊന്നു നോക്കി.

"ഏയ്‌ പേട്ച്ചണ്ട, അത് പെജ്ജൂല..."

ആധികാരികമായി പ്രവചിക്കുന്ന കാലാവസ്ഥാ വിദഗ്ധൻ! അയാൾ താർപ്പായയുടെ അടിയിലെത്തിയിരിക്കുന്നു.

"ഇഞ്ഞെത്തു മാണങ്കിലും ആയ്ക്കോട്ടെ.....കാറ്റും അട്ച്ചോട്ടെ....മാണങ്കി രണ്ടിടീം ബെട്ടിക്കോട്ടെ...."

അയാളുടെ ഉച്ചത്തിലുള്ള പ്രസ്ഥാവന. പിന്നിലുള്ളവർ അതിനനുസരിച്ച് കൗണ്ടറുകളും അടിക്കുന്നുണ്ട്. ഇതൊരു രസം തന്നെയായിരുന്നു. വളരെ നേരം വരിയിൽ നിന്നെങ്കിലും, മുഷിപ്പ് തീരെ അനുഭവപ്പെട്ടതേ ഇല്ല. അങ്ങനെയും ചില ജന്മങ്ങൾ !


കൈവിരലിൽ കറുത്ത മഷിയും പുരട്ടി, ബൂത്തിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വാട്സ് അപ്പിൽ, സലിം കുമാറിന്റെ ഫോട്ടോയുടെ കൂടെ ഇങ്ങനൊരു മെസേജ് വന്നത്‌

"ചെറുപ്പത്തിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമ്പോൾ, കൈവിരലിൽ ഉജാല തേച്ചുതന്ന് തൃപ്ത്തിപ്പെടുത്തുമായിരുന്നു എന്റെ അമ്മ" എന്ന്. അറിയാതെ ചിരിച്ചുപോയി !!!


(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽനിന്നും കിട്ടിയതാ....!)

Monday, November 9, 2015

നീലഗിരിയുടെ റാണി - അവിടേക്കൊരു യാത്ര !!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര (ഭാഗം 2)


നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.

ഗോപാലസ്വാമി ബെട്ടയിൽനിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.

ഞങ്ങൾ മുതുമലയിലെത്തിയിരിക്കുന്നു. ഇനി മസിനഗുഡി വഴിയാണ് യാത്ര. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോൾ മുപ്പത്തിയാറ് ഹെയർപിൻ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവർ പലരും, ഊട്ടിയിലേക്ക് ഈ വഴി സ്വീകരിക്കുന്നു.

വളരെ ദൂരം കാട്ടിലൂടെത്തന്നെയാണു യാത്ര. നേരത്തെ കണ്ട ദൃശ്യങ്ങൾതന്നെയാണു ഇവിടെയും കാണുന്നത്. മാനുകളും, കാട്ടുപോത്തുകളും, കുരങ്ങുകളും മറ്റും അവരുടേതായ ദിനചര്യകളിലേർപ്പെട്ടിരിക്കുന്നു.

കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ മസിനഗുഡിയിലെത്തി. ഇവിടെനിന്നും ഇടത്തോട്ടുള്ള പാതയിലൂടെ കുറച്ചു  ദൂരം സഞ്ചരിച്ചാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. വളരെ വർഷങ്ങൾക്കു മുൻപ് ഇതുവഴിയുള്ളൊരു യാത്രയിൽ അവിടെയും സന്ദർശിച്ചതാണ്. വളരെ സുന്ദരമായൊരു കാഴ്ച്ച തന്നെയാണത്. പക്ഷെ, ഈ യാത്രയിൽ ഞങ്ങൾ അവിടം സന്ദർശിക്കുന്നില്ല.

ഇതുവഴി യാത്ര ചെയ്യുമ്പോൾ പലരും ഇടത്താവളമാക്കുന്നൊരു സ്ഥലമാണു മസിനഗുഡി. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഇവിടെ ധാരാളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ ഊട്ടിയിലെത്തേണ്ടതുണ്ട്. ഞങ്ങൾ ഇവിടെ നിർത്താതെ യാത്ര തുടരുകയാണ്.

ഇടുങ്ങിയ പാതയാണ് ചുരത്തിന്. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും സാധാരണ ഇതുവഴി പോകാറില്ല. വളരെ നേരത്തെ കിതപ്പിനൊടുവിൽ വണ്ടി മുകളിലെത്തിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലെത്തിയിരിക്കുന്നു. കുന്നിൻ ചരിവിൽ, ക്യാരറ്റും, ക്യാബേജുമെല്ലാം കൃഷിചെയ്യുന്നുണ്ട്. പുതിയൊരു ചുറ്റുപാടിലൂടുള്ളൊരു യാത്ര വളരെ ആനന്ദകരമായിത്തോന്നി!

വൈകുന്നേരത്തോടെ ഊട്ടിയിലെത്തി. എല്ലാവരും ചെയ്യുന്നപോലെ, ആദ്യം ഒരു റൂമെടുത്തു. സീസണല്ലാത്തതിനാൽ റൂമുകൾക്കിപ്പോൾ വലിയ നിരക്കൊന്നുമില്ല. മൂന്നു റൂമുകളോടുകൂടിയ നല്ലൊരു ഫ്ലാറ്റ്. സീസണിൽ പതിനായിരം വരെ ഈടാക്കാറുണ്ടിതിന്.

ഉച്ചക്കു ശേഷമുള്ള യാത്രയിൽ, അധിക സ്ഥലത്തൊന്നും നിർത്തിയിട്ടില്ല. എങ്കിലും, വലിയ യാത്രാ ക്ഷീണമൊന്നും അനുഭവപ്പെടുന്നില്ല. സന്ധ്യ മയങ്ങാൻ ഇനിയും ഒരുപാടുണ്ട്. ഇന്നത്തെ ദിവസം ബോട്ട് ഹൗസും ചുറ്റുവട്ടവും ഒന്നു കറങ്ങാൻ തന്നെ തീരുമാനിച്ചു.


എകദേശം 65 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇതൊരു നിർമ്മിത ജലാശയമാണ്. ഊട്ടിയിലെ പ്രഥമ ജില്ലാ കളക്ടറായിരുന്ന ജോണ്‍ സുള്ളിവനാണ് 1824 ൽ ഇതിന്റെ നിർമ്മിതിക്കു നേതൃത്വം വഹിച്ചത്. ടിക്കറ്റെടുത്താൽ, ബോട്ടുയാത്രക്കുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനടുത്ത് ചെറിയൊരു പാർക്കും ഒരു ടോയ് ട്രെയിനും ഉണ്ട്. നേരം തെല്ലൊന്നു വൈകുന്നതുവരെ വളരെ നേരം ഞങ്ങൾ അവിടെത്തന്നെ ചെലവഴിച്ചു.

പിറ്റേന്നു രാവിലെ:
നീലഗിരി കുന്നിന്മുകളിലൂടെ ഓടുന്ന ട്രെയിനിലൊരു യാത്ര, ഇവിടെയെത്തുന്ന ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. ഇന്ന് അങ്ങനെയൊരു യാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. ടിക്കറ്റ്, നെരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.


ഒൻപതു മണിക്കാണ്‌ യാത്ര. കുറച്ചു സമയം കൂടെ ബാക്കിയുണ്ട്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ റെസ്റ്റോറെന്റിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.

സ്റ്റേഷനിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു. സ്ഥലവാസികളും സഞ്ചാരികളുമുണ്ട്. കൃത്യ സമയത്തുതന്നെ വണ്ടി പുറപ്പെട്ടു.

നീലഗിരി കുന്നിന്റെ ചരിവിലൂടെ വളരെ സാവധാനത്തിലാണ് യാത്ര. ബ്രോഡ് ഗേജല്ലാത്തതിനാൽ ഇതിന്റെ വേഗം മണിക്കൂറിൽ പത്ത് കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്. കാഴ്ച്ചകളെല്ലാം വിസ്തരിച്ച്കണ്ടുകൊണ്ട് തന്നെ യാത്ര ചെയ്യാമല്ലോ!


ഊട്ടിയിൽനിന്നും കൂനൂർ വരെയാണ് ഞങ്ങൾ യാത്ര ബുക്ക് ചെയ്തിരിക്കുന്നത്. തിരിച്ചുള്ള ടിക്കറ്റ് അവിടെ ചെന്നതിനു ശേഷം വേണം എടുക്കാൻ.

മലയാളത്തിലെ വളരെ പ്രശസ്തമായൊരു സിനിമയാണല്ലോ "സമ്മർ ഇൻ ബതിലഹേം". സുന്ദരമായ ഈ സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ പാതയിലെ 'കെട്ടി' എന്ന സ്റ്റേഷനിൽ വച്ചാണ്.

ഊട്ടി - കൂനൂർ റെയിൽ പാതയിലെ സ്റ്റേഷനുകളിൽ പലതും പല പല സിനിമകളിലൂടെയായി നമുക്ക് പരിചിതമാണെങ്കിലും "കിലുക്കം" എന്ന സിനിമയിലെ രംഗങ്ങളും 'ദിൽസെ'യിലെ "ഛയ്യ....ഛയ്യ....."എന്ന ഗാനത്തിന്റെ ദൃശ്യങ്ങളുമായിരിക്കും ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക.

കുന്നിൻ ചരിവിൽ അവിടവിടെയായി പെട്ടിക്കൂടുപോലെയുള്ള വീടുകൾ കാണുന്നുണ്ട്. താഴ്‌വരയിൽ തൊഴിലാളികൾ ജോലി തുടങ്ങിയിരിക്കുന്നു. ക്യാരറ്റും ക്യാബേജുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഊട്ടിയിൽ സീസണല്ലാത്ത സമയങ്ങളിൽ അവരിൽ പലരും കൃഷിയിലാണ് ശ്രദ്ധ ചെലുത്തുക. ഇതെല്ലാം കണ്ടുകൊണ്ടുള്ള ഈ യാത്ര, മറക്കാനാവാത്തൊരു ട്രെയിൻ യാത്രയായി ഞാനെന്റെ മനസിൽ പകർത്തിക്കൊണ്ട്, യാത്ര തുടരുകയാണ്‌.

ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ തിരിച്ചെത്തി. അടുത്ത ലക്ഷ്യം ബോട്ടാണിക്കൽ ഗാർഡനാണ്.

1848 ലാണ് ഊട്ടിയിലെ പ്രസിദ്ധമായ ഈ ഗാർഡൻ തുറന്നു പ്രവർത്തനമാരംബിച്ചത്. തമിൾനാട് ഹോർട്ടികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പരിരക്ഷിച്ചു പോരുന്ന ഇത്, ഏകദേശം 55 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. 650 ൽ പരം ഇനത്തിൽപ്പെട്ട സസ്യ ലതാതികൾ ഇവിടെയുണ്ടെന്നു കരുതപ്പെടുന്നു.


ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കടന്നു. വശാലമായ ഉദ്യാനം. നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്ന ചെടികളും പുൽത്തകിടിയും. പല തരത്തിലും, നിറത്തിലും പെട്ട അലങ്കാരച്ചെടികൾ വളരെ സുന്ദരമായ രീതിയിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളറിയാത്തവർക്കുപോലും മനോഹാരമായ ദൃശ്യങ്ങൾ പകർത്താവുന്ന പശ്ചാത്തലം. ക്യാമറ എങ്ങോട്ട് തിരിച്ചാലും സുന്ദരമായ ഫ്രെയിമുകൾ തന്നെ. ഞങ്ങൾ നടക്കുകയാണ്.


അവിടൊരു വെള്ളക്കെട്ടുണ്ട്, നിറയെ താമരകളും ആമ്പലുകളും പൂത്തു നിൽക്കുന്നു.

നാമിതുവരെ കണ്ടിട്ടില്ലാത്തയിനം ഓർക്കിഡുകളും, അലങ്കാര മുൾച്ചെടികളും പ്രതേകം പ്രത്യേകം കൂടാരങ്ങളിൽ സംരക്ഷിച്ചു പോരുന്നു.

ഓരോ വർഷവും ഇവിടെ സംഘടിപ്പിക്കപ്പെടുന്ന പുഷ്പോത്സവം, ലോക പ്രശസ്തമാണ്. ഈ ദിവസങ്ങളിൽ, പതിനായിരക്കണക്കിനു സഞ്ചാരികളാണ്, പുഷ്പമേള കാണുന്നതിനായി ഓരോ ദിവസവും ഇവിടെയെത്തുന്നത്.


വളരെ നേരമായി ഇതിലൂടെയൊക്കെ ചുറ്റിക്കണ്ട് നടക്കുകയാണ്. അപ്പുറത്ത് വിശാലമായൊരു പുൽത്തകിടിയുണ്ട്. ധാരാളം ജനങ്ങൾ കുടുംബ സമേതം അവിടെ ഉല്ലസിക്കുന്നു. അവർക്കിടയിൽ ഞങ്ങളും ചേർന്നു. ഗൗരിക്കും, പ്രജ്വലിനും ഇത് നന്നേ രസിച്ചു. പുൽപ്പരപ്പിൽ ഉരുണ്ടു രസിക്കുന്ന രണ്ടു ബാല്യങ്ങൾ !

നേരം വല്ലാതെ വൈകിയിരിക്കുന്നു . ഇന്നു തന്നെ വീട്ടിലേക്കു തിരിക്കേണ്ടതുണ്ട്. പോകുന്ന വഴി പൈക്കാറ ഡാം കൂടെ കാണണം. ഞങ്ങൾ അവിടെനിന്നിറങ്ങി.

ഒരുപാട് സ്ഥലങ്ങൾ ഊട്ടിയിലിനിയും കാണാൻ ബാക്കിയുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര തുടരുകയാണ്.

റോഡിനിരുവശവും യൂക്കാലിപ്റ്റസ് മരങ്ങളും, കോണ്‍ മരങ്ങളും ധാരാളമുണ്ട്. വേദന സംഹാരിയായും, മറ്റുൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്ന നീലഗിരിത്തൈലം, യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നാണ് ഉൽപ്പാതിപ്പിക്കുന്നത്. ഇത്തരം ധാരാളം ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

വഴിയരികിൽ ധാരാളം ഷൂട്ടിങ്ങ് പോയിന്റുകളുണ്ട്. അവിടൊരിടത്ത് വണ്ടി നിർത്തി. ചെറിയൊരു മൊട്ടക്കുന്ന്. അധികം കുത്തനെയല്ലെങ്കിലും, കയറിത്തുടങ്ങിയപ്പോൾ കിതച്ചുപോയി. കുന്നിന്റെ മുകളിലെത്തി. അപ്പുറവും സുന്ദരമായ ചരിവുതന്നെയാണ്‌. വെട്ടിയൊതുക്കിയ പുൽത്തകിടി പോലെ, ഒരു പ്രദേശം മുഴുവൻ പച്ചപ്പിൽ മൂടിനിൽക്കുന്ന കാഴ്ച്ച! ഇവിടം, എത്രയെത്ര സിനിമാപ്പാട്ടുകളുടെ പശ്ചാത്തലങ്ങളായിട്ടുണ്ടാകും! സംവിധായകന്റെ ആജ്ഞക്കൊത്ത് എത്രയെത്ര നടീ നടന്മാരായിരിക്കും ഈ പുൽച്ചരിവിൽ കിടന്നുരുണ്ടിട്ടുണ്ടാകുക!

ഒഴുകി നടക്കുന്ന മേഘങ്ങളും, അകലെയുളള കോണ്‍ മരക്കൂട്ടവും, ചുറ്റിലുമുള്ള പച്ചപ്പും - എന്നെയും ഒരു സിനിമാക്കാരനാക്കിയ പോലെ. നോക്കുമ്പോൾ പലരും അങ്ങനെ തന്നെ. കൈപ്പത്തികൾ രണ്ടും മുന്നോട്ട് നീട്ടി, ഫ്രെയിമുകൾ കാണുന്നവർ. മനസ്സു നിറയെ ഒരു പ്രത്യേക അനുഭൂതിയായിരുന്നു!

ഊട്ടി - ഗൂഡല്ലൂർ പാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും സന്ദർശിക്കാനാഗ്രഹിക്കുന്നൊരു ടൂറിസ്റ്റ് പോയിന്റാണ് പൈക്കാറ ഡാം. പ്രധാന പാതയിൽനിന്നും അല്പം മാറി സ്ഥിതിചെയ്യുന്ന ഇതൊരു സുന്ദരമായ കാഴ്ച്ച തന്നെയാണ്.

തമിഴ്നാട്ടിലെ ഒരു മലയോര ഗ്രാമമാണ് പൈക്കാറ. മുകുർത്തി മലയിൽനിന്നും ഉത്ഭവിച്ച്, ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയും അതുകൊണ്ട് തന്നെ പൈക്കാറ നദിയെന്നാണറിയപ്പെടുന്നത്. 'ടോഡ' വംശത്തിൽപ്പെട്ട തദ്ധേശീയരായ ജനസമൂഹം ഇതിനെയൊരു വിശുദ്ധ നദിയായാണ് കരുതിപ്പോരുന്നത്. സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങൾ തീർത്തുകൊണ്ട് അവൾ മുന്നോട്ട് ഗമിക്കുകയാണ്. അവയിൽ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് പൈക്കാറ വെള്ളച്ചാട്ടമായറിയപ്പെടുന്നത്.

ഞങ്ങൾ പൈക്കാറ ഡാമിനടുത്തെത്തി. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ട് കവിത തീർക്കുന്നൊരു ജല സംഭരണി. നിശ്ചലമായ തെളിഞ്ഞ ജലപ്പരപ്പ്. സ്വർണ്ണാഭമായ പ്രകാശം ചുറ്റുപാടിനെ കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു.


ബോട്ടിങ്ങിനുള്ള അവസരങ്ങൾ അവിടെയൊരുക്കിയിട്ടുണ്ട്. ഡാമിലേക്കിറങ്ങിച്ചെല്ലാവുന്ന പടികളിലൂടെ നടന്ന് ഒരു പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നു. ഇവിടെനിന്നാണ് ജലയാത്രയാരംബിക്കുന്നത്. ഡാമിൽ വെളളം കുറവാണ്. വിശാലമായ ജലപ്പരപ്പിലൂടെ ചെറിയൊരു തുരുത്തിനെ ചുറ്റി ബോട്ട് തിരിച്ചെത്തിയിരിക്കുന്നു.


നേരം വല്ലാതെ വൈകിയെങ്കിലും, ഉയർന്ന പ്രദേശമായതുകൊണ്ടാകാം കുന്നിൻ മുകളിൽ ഇരുട്ട് വീണിട്ടില്ല. ഇനി നേരെ വീട്ടിലേക്കാണ്. ഗൂഡല്ലൂരും, നാടുകാണിയും പിന്നിട്ട് ഒരുപാട് യാത്ര ചെയ്യാനുണ്ട്. വേഗം തന്നെ വണ്ടിയിൽ കയറി. രണ്ടു ദിവസങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട് മനസിൽ. ഞങ്ങൾ യാത്ര തുടരുകയാണ്.


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 1) ഇവിടെ അമർത്തുക