Monday, December 29, 2008

കാഞ്ഞിരപ്പുഴ - ഒരു ഓർമ്മ !


(അഗോറ ഡയറിക്കുറിപ്പിൽ നിന്നും) 

പഠിക്കുന്ന കാലത്ത്കാലത്ത്  അഗോറ  ക്കും ഒരു ബിസിനസ്സുണ്ടായിരുന്നു, കോഴിക്കോട് നിന്നും ബി.പി.അപ്പാരറ്റസും, സ്റ്റെതസ്കോപ്പും മറ്റും വാങ്ങി, ചെറിയ ലാഭത്തിൽ കോളേജിലെ ആവശ്യക്കാർക്കു വിൽക്കുക എന്നത്‌ . അതിൽനിന്നും കിട്ടുന്ന തുച്ചമായ സംഖ്യ കൊണ്ട് ചെറിയ ചെറിയ വണ്ടേ ട്രിപ്പുകൾ പോകുകയും പതിവായിരുന്നു.

അങ്ങനെയാണ് കാഞ്ഞിരപപുഴ ഡാം കാണുന്നതിനായൊരു യാത്ര പോയത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഡാം കാഴ്ചയിൽ വളരെ മനോഹരമായൊരു സ്ഥലം തന്നെയാണു. ചുറ്റും അംബര ചുംബികളായ മലകളുടെ താഴെ അവൾ ശാന്ത സ്വരൂപിയായി നിൽക്കുന്നത്‌ നയനാനന്തകരമായ ഒരു കാഴ്ച്ചയാണു  ഇവിടെയെത്തുന്നവർക്കു സമ്മാനിക്കുന്നത്.

തലേന്നു രാത്രി തന്നെ റഷീദ് ഹോസ്റ്റലിൽ  എത്തിയിരുന്നു. നാളെ രാവിലെത്തന്നെ പോകണം. റൂട്ടിനെക്കുരിച്ച് ഞങ്ങൾക്ക് വലിയ അറിവൊന്നുമില്ല, പോയി നോക്കുക തന്നെ.

ലൈൻ ബസ്സുകളിലുള്ള വിനോദയാത്ത്ര  ഇതാദ്യമായല്ല പോകുന്നതെങ്കിലും ഈ പോക്കിന് ഒരു വല്ലാത്ത സുഖമാണ് തോന്നുന്നത്.

പിറ്റേന്നു രാവിലെ, നേരത്തെ തന്നെ കോട്ടക്കൽ ബസ് സ്റ്റാന്റിലെത്തിയ ഞങ്ങൾക്ക് പക്ഷെ ഗോപുവിനെ കുറച്ചു നേരം അവിടെ കാക്കേണ്ടി വന്നു.

അധികം വൈകാതെ ഞങ്ങൾ മണ്ണാർകാട്ടെക്കും, അവിടെനിന്നു കാഞ്ഞിരപ്പുഴയിലെക്കും ബസ് കയറി.

11 മണിയോടെ അവിടെയെത്തിയ ഞങ്ങൾ, ആദ്യം അവിടമാകെ ഒന്നു ചുറ്റിക്കണ്ടു.
സന്ദർശകരായെത്തുന്നവർക്ക് മീൻ പിടിക്കുന്നതിനുള്ള അവസരം അവിടെ ഒരുക്കിയിട്ടുണ്ട്. പലരും ചൂണ്ടയും നീട്ടിപ്പിടിച്ച് കൊക്കിനെപ്പോലെ ഇരിക്കുന്നത് അവിടവിടെ കാണുന്നുണ്ടായിരുന്നു.

ഡാമിൽ വെള്ളം വളരെ കുറവാണ്. അവിടവിടെ ഉപദ്വീപുപോലെ കരഭാഗങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട്‌ നടന്നു. നല്ല കാലാവസ്ഥ, മനസ്സാഗ്രഹിച്ച അന്തരീക്ഷം!

ഇതിനിടയിൽ റഷീദാണു, ചുട്ട കോഴിയെക്കുറിച്ച് പറഞ്ഞത്. പിന്നെ തെല്ലും അമാന്തിച്ചില്ല, അടുത്തുള്ള ചിക്കൻ കടയിൽനിന്നും മുഴുത്തൊരു കോഴി കൊലചെയ്യപ്പെട്ടു.

നട്ടുച്ച നേരമായതിനാൽ, കന്നുകാലികൾ വെള്ളം കുടിക്കാനായി ഡാമിലേക്കിറങുന്നുണ്ട്. സ്ത്രീകൾ വസ്ത്രങ്ങളലക്കുന്നു, വീശിയടിക്കുന്ന മിത ശീതോഷ്ണമായ ഇളം കാറ്റ്.

മസാല കൂട്ടിവച്ച ചിക്കൻ, കോലിൽ കുത്തി വേവിക്കുകയാണ് . കത്തിക്കുന്നതിനുള്ള വിറക് അവിടെത്തന്നെ കിട്ടി. കയ്യിൽ കരുതിയിരുന്ന ബ്രെഡിനു കൂടെ ചുട്ടെടുത്ത കോഴിയിറച്ചിക്ക് ഇത്ത്രയധികം രുചിയുണ്ടാകുമെന്നു സ്വപ്നേപി കരുതിയതല്ല.

ഭക്ഷണാനന്തരം വിശ്രമം. അവിടെ നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്നൊരു പാർക്കുണ്ട് . സന്ദർശകർക്കായി അനേകം കൂടാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. അതിലൊന്ന് കിടന്നതെ ഓർമ്മയുള്ളൂ, അറിയാതെ തന്നെ മയക്കത്തിലേക്ക് വീണു.

സമയം പോയതറിഞ്ഞില്ല. വൈകുന്നേരമായിരിക്കുന്നു. ഇനി മടക്കം, കാഞ്ഞിരപ്പുഴയുടെ സുന്തരമായ അന്തരീക്ഷതിനോടു വിട പറയുമ്പോൾ കുറച്ചുകൂടി നേരം  അവിടെത്തന്നെ നിൽക്കണമെന്ന മോഹമായിരുന്നു മനസിൽ.

Wednesday, December 24, 2008

അഗോറ




അഗോറ 
(അഗോറ ഡയറിക്കുറിപ്പിൽ നിന്നും) 


കോട്ടക്കലിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സർവോപരി സന്തത സഹചാരിയുമായിരുന്നു  റഷീദ്. 

ഉപ്പയുടെ അസുഖവും, തുടർന്നുള്ള മരണവും അവനു സമ്മാനിച്ചത്, വേർപാടിന്റെ വലിയൊരു ദു:ഖത്തൊടൊപ്പം അറ്റന്റൻസ് ഷോർട്ടേജിന്റെ ഒരു കനത്ത പ്രഹരം  കൂടെയായിരുന്നു.

ഇനി ഒരു വഴിയെ മുന്നിലുള്ളൂ. ഒന്നുകിൽ ഒരു മെഡിക്കൽ സർട്ടിഫികറ്റ് ഹാജരാക്കണം, അല്ലെങ്കിൽ ജൂനിയർ ക്ലാസിൽ കുറച്ചുദിവസം ഇരിക്കണം!

സംഘർഷ ഭരിതമായ ആലോചനകൾക്കൊടുവിൽ അവൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ തീരുമാനത്തിലേക്ക് നീങ്ങി.

എല്ലാം ഒരു നിമിത്തം പോലെ!........ അങ്ങനെയാണ് ഗോപകുമാറിനെ പരിചയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കും വിധം, ഇരുപത്തേഴു പെണ്‍കുട്ടികൾക്കിടയിലെ ഏക ആണ്‍തരി! അപ്രകാരം ഗോപു റഷീദിന്റെ സുഹൃത്തായി, അങ്ങനെ എന്റെയും.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ റഷീദ് ഞങ്ങളുടെ ക്ലാസിലെക്കുതന്നെ പ്രൊമോട്ടെടായെങ്കിലും, ഞങ്ങളുടെ സുഹൃത്ത് ബന്ധം അതുപോലെത്തന്നെ സംരക്ഷിക്കപ്പെട്ടു.

രണ്ടു ക്ലാസുകളിലാണെങ്കിലും, മിക്ക സമയങ്ങളിലും ഒരുമിച്ചു കാണാറുള്ള ഞങ്ങളെ, അവർ അഗോറ എന്നു വിളിച്ചു - ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ച്.


(നീഷ് കുമാർ, ഗോപകുമാർ, ഷീദ് )

Tuesday, December 23, 2008

അനന്തപുര്‍; ഒരു ഓർമ്മ !

അനന്തപൂർ; ആന്ധ്രാപ്രദേശിലെ സാമാന്യം തിരക്കുള്ള ഒരു നഗരം. ഇവിടെ ഒരു ആയുര്‍വേദ ക്ലിനിക്കിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്. ബസ്സ് സ്റ്റാന്റിന്റെ അടുത്തുള്ള ഒരു തെരുവില്‍. 'റഹ്മത്ത് നഗര്‍' -അതാണ്‌ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേരു. ഇവിടെ ക്ലിനിക്കിന്റെ മുകളിലത്തെ നിലയില്‍ ഒരു റൂം ഉണ്ട്; സാമാന്യം സൗകര്യങ്ങളെല്ലാമുള്ള ഒരു സിംഗിൾ റൂം.

രോഗികളായി വരുന്നവര്‍ എല്ലാം തെലുങ്കന്മാർ തന്നെ. ഭാഷ ഒരു വലിയ പ്രശ്നമായി തോന്നിയ നിമിഷങ്ങള്‍. മനസ്സില്‍ തോന്നുന്ന ചോദ്യങ്ങള്‍ തുറന്നു ചോദിക്കാൻ കഴിയുന്നില്ല. കൂടുതല്‍ നല്ല സജഷന്‍സ് പറഞ്ഞു ഫലിപ്പിക്കാനും സാധിക്കുന്നില്ല. നന്നേ വിഷമിക്കുന്ന നിമിഷങ്ങള്‍! വിവർത്തനം ചെയ്യാന്‍ ഒരാളുള്ളത് വളരെ ആശ്വാസമായി തോന്നി.

പത്തോളം സ്റ്റാഫുകളിൽ തെറാപ്പിസ്റ്റുകൾ  രണ്ടാള്‍ മലയാളികളാണ്, പാലക്കാട് ജില്ലയില്‍ നിന്നുള്ളവർ. ഉള്ളു തുറന്നു എന്തെങ്ങിലും പറയാന്‍ രണ്ടാളെക്കൂടെ കിട്ടിയതിന്റെ സന്തോഷമുണ്ട് മനസ്സില്‍.

ക്ലിനിക്കിന്റെ മുകളിലത്തെ നിലയിൽത്തന്നെയാണുഎന്റെ താമസം. തീർത്തും ഏകാന്തത അനുഭവപ്പെടുന്ന നാളുകള്‍!

മുറിയുടെ മുന്നില്‍ സാമാന്യം വലിപ്പമുള്ളൊരു സ്ഥലമുണ്ട്; ഒരു മട്ടുപ്പാവ് പോലെ. അവിടെ നിന്നു നോക്കിയാല്‍, താഴെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. ചിലര്‍ ഉന്തുവണ്ടികളുമായി കടന്നു പോകുന്നു, നിറയെ കരിക്കുകളുമായി - കച്ചവടക്കാരാണ്. ചൂടുള്ള ഈ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച ബിസിനസാണെന്ന തിരിച്ചറിവ്  കൊണ്ടാണോ എന്നറിയില്ല, വളരെ അധികം ജനങ്ങള്‍ ഈ ബിസിനസിലേക്ക് കടന്നു വന്നിരിക്കുന്നു. ദിവസവും ഒരു ഇളനീരെങ്കിലും ശീലമാക്കിയ പലരെയും എനിക്ക് അവിടെ കാണാന്‍ സാധിച്ചു.

അപ്പുറം വിശാലമായ ഗ്രൌണ്ടാണ്- പോലീസ് പരേഡ് ഗ്രൌണ്ട്. വിശിഷ്ട ദിവസങ്ങളില്‍ പതാക ഉയര്‍ത്തുന്നതും പരേഡ് നടത്തുന്നതും ഇവിടെയാണ്.


വൈകുന്നേരങ്ങളില്‍ ഇവിടെ മട്ടുപ്പാവിലിരുന്നു കാറ്റു കൊള്ളാന്‍ വളരെ രസമാണ്. ഒരു പുതിയ സംസ്കൃതിയിലേക്ക് എത്തി നോക്കുന്ന പ്രതീതി. ജനങ്ങളുടെ ജീവിത രീതിയില്‍ ഉള്ള വ്യത്യാസങ്ങള്‍ മുന്നില്‍ കണ്ടറിയാന്‍ ഉള്ള അപൂർവ അവസരങ്ങള്‍!

അവിടവിടെ പന്നി കൂട്ടങ്ങള്‍ അലഞ്ഞു നടക്കുന്നു. നമ്മുടെ നാട്ടില്‍ അസുലഭമായ കാഴ്ച. എട്ടോ പത്തോ കുഞ്ഞുങ്ങള്‍ വരെ കാണും ഒരു തള്ളപ്പന്നിയുടെ കൂടെ. തീർത്തും വൃത്തിഹീനമായ ജന്തുക്കള്‍. കാഴ്ചയിലും, പ്രവൃത്തിയിലും അറപ്പും വെറുപ്പും തോന്നിപ്പിക്കുന്നവ. ഓടകളിലെ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത വെള്ളത്തിലൂടെ അവ സസന്തോഷം വിഹരിക്കുന്നു. അടിയിലെ അവശിഷ്ടങ്ങള്‍ കലക്കിമറിച്ച്  സ്വാദോടെ ഊറ്റി കുടിക്കുന്നു. വീടുകളില്‍ നിന്നുള്ള പച്ചക്കറി അവശി ഷ്ടങ്ങളും, മനുഷ്യ വിസര്‍ജ്യങ്ങളും തിന്നു ജീവിക്കുന്ന ഹീന ജന്തുക്കള്‍. ഇങ്ങനെയൊക്കെയെങ്കിലും അവയെ തീർത്തും വിസ്മരിച്ചുകൂടാ. ഈ തെരുവിന്റെ സൗന്ദര്യം അവയെ ആശ്രയിച്ചാണെന്നു ആത്മാര്‍ഥമായി തോന്നിപ്പോകുന്ന നിമിഷങ്ങളുണ്ട്.


നേരം പുലരുന്നതോടെ സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് നടപ്പാതയിലേക്കിറങ്ങുന്നവരെ ഇവിടെ ധാരാളം കാണാം; മലവിസര്‍ജനത്തിനാണ്. ആ പന്നികളെക്കാൾ സാമാന്യ ബുദ്ധി കുറഞ്ഞവരെന്നു തോന്നിപ്പിക്കുന്ന അവന്റെ ചെയ്തികള്‍. ആരും വൃതിയാക്കാത്ത ഇത്തരം സത്യങ്ങളെ അവ കണ്ടില്ലെന്നു നടിക്കുന്നില്ലെന്നു മാത്രം. കൂടെ ആ പഴമ നിറഞ്ഞ  പഴഞ്ചൊല്ലിന്റെ നിശബ്ധമായ പിൻതാങ്ങലും കൂടി; ജാത്യാലുള്ളതു തൂത്താല്‍ പോകുമോ?

ഒന്നു നടക്കാനിറങ്ങണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. സമയം കിട്ടിയില്ല, എന്ന് തീർത്തും  പറയാന്‍ വയ്യ. ഭാഷ അറിയാത്തതിനാല്‍ ശ്രമിച്ചില്ലെന്നുവേണം പറയാന്‍. എല്ലാത്തിന്റെയും കൂടെ "ലൂ " ചേര്‍ത്ത് മലയാളം പറഞ്ഞാല്‍ തെലുങ്കാവില്ലെന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.
നടക്കാനിറങ്ങി .പൊതുവെ ചൂടുള്ള കാലാവസ്ഥയാണെങ്കിലും ഇന്നു നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. സമാനത തോന്നിപ്പിക്കുന്ന റോഡുകള്‍ . ഞാന്‍ യാത്ര തുടര്‍ന്നു.

റോഡിന്റെ ഇരു വശത്തും ധാരാളം ജനങ്ങള്‍ തിങ്ങി നിറഞ്ഞു താമസിക്കുന്നു. ഇടുങ്ങിയ ഒറ്റ മുറി വീടുകള്‍. വാടക വീടുകളാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ മുഴുവന്‍ എങ്ങനെയാണ് അവിടെ താമസിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോയി. അകത്തെ സൗകര്യ കുറവോ, കുടുംബത്തോടുള്ള ഉത്തരവാദിത്ത്വമോ- ചില വീടുകള്‍ക്ക് മുന്നില്‍ റോഡിലേക്ക്‌ നീണ്ടു കിടക്കുന്ന ബെഞ്ചിൽ മുതിർന്ന ചില കാരണവന്മാര്‍ അലസമായി കിടന്നുറങ്ങുന്നു - പടർന്ന് പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്‍ മരങ്ങളുടെ ചുവട്ടിലായി .

മിക്ക വീടുകളുടെയും മുന്നില്‍ അന്തേവാസികളെന്നു  തോന്നിപ്പിക്കുന്ന കുറെ നായ്ക്കളും ഉണ്ട്. തെരുവ് പട്ടികളാണെന്നു കണ്ടാല്‍ പറയില്ല. അന്നം തരുന്ന വീടിന്റെ സുരക്ഷ അവ ഏറ്റെടുത്ത് നടത്തുന്നു; നന്ദിയുള്ള നായ്ക്കള്‍!

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒന്നു ഫോണ്‍ ചെയ്യണം. ഞാന്‍ മുന്നില്‍ കണ്ട പയ്യനോട് ചോദിച്ചു.

"ബാബു, ടെലഫോണ്‍ ബൂത്ത് എക്ക്ടെ ഉന്തി?"
"അക്ക്ടെ ജന്ക്ഷന്‍ ധഗ്രെ ഉന്തി."

ആംഗ്യത്തോടെയുള്ള മറുപടിയായിരുന്നതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കാരണം ചോദ്യം തന്നെ ഒപ്പിക്കല്‍ ആയിരുന്നു. ക്ലിനിക്കിന്റെ ഓണര്‍ വേണുസാർ പറഞ്ഞു തന്നത് നോക്കി വായിച്ചതാണ്. ഞാന്‍ നേരെ ജന്ക്ഷനിലേക്ക് നടന്നു. എല്ലാ ബോര്‍ഡുകളും തെലുങ്കിൽ തന്നെ. ഞാന്‍ ഫോണെടുത്ത് വീട്ടിലേക്കുള്ള നമ്പര്‍ അമര്‍ത്തി.


മാനത്ത് നല്ല മഴക്കാറുണ്ട്. വീശി അടിക്കുന്ന കാറ്റിനു ശക്തി കൂടിവരികയാണ്. മുറ്റത്തെ ആര്യവേപ്പിന്‍ കൊമ്പുകള്‍ കാറ്റിനൊത്തു നൃത്തം ചെയ്യുകയാണെന്ന് തോന്നി. കാറ്റിന്റെ സൗന്ദര്യം പൂർണമായാസ്വതിക്കാനായി ഞാന്‍ വാതിലിനരികില്‍ ഒരു കസേരയിട്ട് ഇരിപ്പുറപ്പിച്ചു. മഴയത്ത് തുള്ളിച്ചാടി നടന്ന ആ പഴയ കുട്ടിക്കാലം ഓർത്തുപോയി - കുടയും ചൂടി സ്കൂളിലേക്ക് നടന്ന ആ പഴയ കുസൃതിക്കാലം!


അവിടവിടെ ചാറ്റല്‍മഴ പെയ്യുന്നുണ്ട്. പെയ്യട്ടെ......! ഭൂമി നന്നായൊന്നു തണുക്കട്ടെ...! ഇതു എന്റെ മാത്രം ആത്മഗതമല്ല ; മറിച്ച് ഒരു ജന സമൂഹത്തിന്റെ മൊത്തം പ്രാര്‍ത്ഥനയാണ്.
വിശാലമായി പരന്നു കിടക്കുന്ന ആന്ധ്രാപ്രദേശിന്റെ നല്ലൊരു ശതമാനവും വെള്ളം കിട്ടാത്ത തരിശു ഭൂമിയാണ്‌. ബാംഗ്ലൂരിൽനിന്നും വരുമ്പോൾ കണ്ടതാണ് ; വിജനമായ തരിശു ഭൂമിയിലൂടെ നീണ്ടു കിടക്കുന്ന പാത. അവിടവിടെ കാണപ്പെടുന്ന കള്ളിമുൾച്ചെടികൾ മാത്രം. ബസ്സ് അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും , പുറത്തുനിന്നു വീശുന്ന കാറ്റിനു അതിവരള്‍ച്ചയുടെ അത്ത്യുഷ്ണമായിരുന്നു. റോഡരികില്‍ ഒറ്റപ്പെട്ടു കാണപ്പെടുന്ന ആര്യവേപ്പിന്‍ മരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിശാലമായ മരുപ്രദേശം .


ബസ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചോളവും , നിലക്കടലയും, സൂര്യകാന്തിയും അവിടവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും മഴയെ ആശ്രയിച്ചുകൊണ്ടുള്ള കൃഷി രീതി. പ്രകൃതീ ദേവിയുടെ ഭാവ ഭേദങ്ങള്‍ ഒരു കൂട്ടം കര്‍ഷകരുടെ ഭാവിയെ തുലനം ചെയ്യുന്നു. കൃഷിനാശം വന്നാല്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന കേരള കര്‍ഷകരുടെ പുതിയ കണ്ടുപിടുത്തം, അഭ്യസ്ത വിദ്യരല്ലാത്ത ഇവര്ക്ക് അറിയില്ലെന്ന് തോന്നുന്നു; കർഷക ആത്മഹത്യകള്‍ അത്ര വ്യാപകമല്ല.
മഴയുടെ ശക്തി കൂടിയിരിക്കുന്നു. വെള്ളം റൂമിലേക്ക്‌ അടിച്ച് കയറുന്നുണ്ട്. ഞാന്‍ കസേരയില്‍നിന്നെണീറ്റു . നല്ല മിന്നലുണ്ട്. വാതിലടച്ചു. ഇന്നിനി കിടന്നുറങ്ങാന്‍ നല്ല സുഖമായിരിക്കും. ഞാന്‍ സാവധാനം കൊതുക് വലയുടെ ഉള്ളിലേക്ക് നീങ്ങി.തെലുങ്കിലുള്ള സംസാരവും നീട്ടി വിളികളും അവ്യക്തമായെങ്കിലും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.

നൊസ്റ്റാൾജിയ

ആയുര്‍വേദ കോളേജ് കോട്ടക്കല്‍.
അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു, ആയുർവേദത്തിലേക്കുള്ള പ്രവേശന കവാടം. ആതുരര്‍ക്ക് ഒരു ആശ്വാസ കേന്ദ്രവും!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി  എട്ടിന്റെ അവസാനത്തിലാണ് ഞാന്‍ ഇവിടെ എന്റെ ഉപരി പഠനത്തിന്‍ ചേര്‍ന്നത്. ഒരു പ്രൊഫെഷണൽ കോളേജിന്റെ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍.
വിശാലമായ ക്യാമ്പസ്. വലിയ ഒരു പ്രവേശന കവാടം. വൃത്താകൃതിയിലുള്ള ആ പൂന്തോട്ടത്തിനു നടുവില്‍ സ്ഥാപകന്‍ പി എസ് വാര്യരുടെ പ്രതിമ തലയുയർത്തി നില്‍ക്കുന്നു. അതിന് പിന്നില്‍ കാണുന്ന രണ്ടു നിലബിൽഡിങ്ങാണു കോളേജ്.

വലതു വശത്തായി ചെറിയൊരു കാന്റീന്‍. നാടന്‍ മത്തിക്കറിയുടെ കൊതിയൂറും ഗന്ധം ഒഴുകി വരാറുള്ളത് ഇവിടെ നിന്നാണ്.
ഇടതു വശത്ത് വിശാലമായ ഔഷധോദ്യാനമാണ്. പലതരം ഔഷധ സസ്യങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. പലപ്പോഴും, ശാസ്ത്ര കുതുകികളായ കോട്ടിട്ട ജീവികള്‍ ഇവിടെ അലഞ്ഞു നടക്കുന്നത് കാണാം - ആയുര്‍വേദ വിദ്ധ്യാർത്ഥികളാണ്. അവിടെ, ഓരോ മരത്തിന്റെയും ചുവട്ടില്‍ കുത്തി നാട്ടിയ ബോര്‍ഡുകളില്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു. പ്രസ്തുത സസ്യത്തിന്റെ പേരും,നാളും, കുടുംബവും,........അങ്ങനെ വിജ്ഞാന കാംക്ഷിയായ ഒരാള്‍ക്ക് അറിയേണ്ടവ എല്ലാം.
ഇനി ഇടത്തോട്ടുള്ള വഴിയിലൂടെ അല്പം മുന്നോട്ട്. വലതു വശത്തായി ചെറിയൊരു കൂടാരം കാണാം. മില്‍മാ ബൂത്താണ്. കാഴ്ചയില്‍ ചെരിയതെങ്കിലും ക്യാമ്പസിന്റെ ഹൃദയ തന്ത്രികളെ ഇത്രയധികം തൊട്ടറിഞ്ഞ മറ്റൊന്നുണ്ടാവില്ല. ഒരു അങ്കത്തിനു ബാല്യമുള്ളത് കോളേജ് ലൈബ്രറിക്കാണ്. പക്ഷെ "നിശബ്ധത പാലിക്കുക" എന്ന വലിയ ബോര്‍ഡിലെ അന്ത്യ ശാസനങ്ങള്‍ അതിനെ സ്വന്തം പ്രതാപത്തെ പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ലെന്നു വേണം പറയാന്‍. പല പ്രണയങ്ങളുടെയും തുടക്കതിനും , ഒടുക്കതിനും മൂക സാക്ഷിയായി ആ അത്തിമരം ഇന്നും അവിടെ ആ മില്‍മ ബൂത്തിനു മുന്നില്‍ നില്‍ക്കുന്നുണ്ട്; നിറയെ കായ്കളുമായി.
കുറച്ചുകൂടെ മുന്നോട്ട് നടന്നാല്‍ മുന്നില്‍ കാണുന്നതാണ് കോളേജ് ഹോസ്പിറ്റല്‍. ആതുരരായ ജനങ്ങളുടെ ആശ്വാസ കേന്ദ്രം. കയ്യില്‍ BP അപ്പാരറ്റസും, കീശയില്‍ സ്റ്റെതസ്കോപ്പും, മനസ്സില്‍ അഥര്‍വ മന്ദ്രങ്ങളുമായി ഗുരുവിന്റെ പിറകെയുള്ള ഓട്ടം. വാതത്തിന്റെ അതി പ്രസരമോ, പിത്തത്തിന്റെ  ആവരണമോ; അന്തം വിട്ടിരിക്കുന്ന രോഗിയുടെ മുട്ടിലും, മടക്കിലും ഓരോ തട്ട് ഓരോ മുട്ട്. റിഫ്ലെക്സിന്റെ അനാട്ടമി തേടിയുള്ള ജൈത്രയാത്ര!
വലതു വശത്ത് കാണുന്നതാണ് വിമെൻസ് ഹോസ്റ്റൽ. ക്യാമ്പസിന്റെ മുത്തുകളെന്നു സ്വയം വിശേഷിപ്പിക്കാവുന്നവര്‍ -തരുണികള്‍- ഇവിടത്തെ അന്തേവാസികള്‍. ഈ സ്വപ്ന സൗധത്തില്‍ നിന്നിറങ്ങി വരുന്നവരെ ആകാംക്ഷയോടെ നോക്കി നിൽക്കാനായിക്കൊണ്ട് എത്രയെത്ര കണ്ണുകള്‍! സുന്ദരമായ വൈകുന്നേരങ്ങൾക്കു ദൃശ്യ വിസ്മയങ്ങളായിക്കൊണ്ട്, ഹോസ്റ്റലിന്റെ മട്ടുപ്പാവില്‍ പുസ്തകങ്ങളുമായി ഉലാത്തുന്ന സ്ത്രീ രത്നങ്ങള്‍. അവര്‍ രോഗികളായി എത്തുന്ന ജനങ്ങളെ പേ - വാർഡുകളിലേക്കു ആകര്‍ഷിക്കുന്നതായി തമാശ രൂപത്തിലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഏറ്റവും അടുത്ത് കാണാവുന്നത് പേ - വാര്‍ഡില്‍ നിന്നാണ് എന്നത് തന്നെ കാരണം.
ഇനിയും മുന്നോട്ട് ; ഹോസ്പിറ്റൽ  കെട്ടിടങ്ങൾക്കിടയിലൂടെ . മുന്നില്‍ ചുവന്ന ഒരു കെട്ടിടം - മെന്‍സ് ഹോസ്റ്റല്‍. ചുരുക്കി MH എന്നറിയപ്പെടുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മെന്റല്‍ ഹോസ്പിറ്റൽ എന്ന് വിളിക്കുന്നവരുണ്ട് . അവരെ കുറ്റപ്പെടുത്തുന്നില്ല. ഇരുട്ടിന്റെ മറവില്‍ കൂവലും, ആർപ്പുവിളികളും ഉയരുന്നത് ഇവിടെനിന്നാണ്. ഈ MH ലെ ഒരു അന്തേവാസിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുൻപ്‌ ഞാനും- രക്തത്തിളപ്പിന്റെ സുഖമുള്ള ഓര്‍മ്മകള്‍!
അവിടെ ആ കാർപോർച്ചിനടുത്ത് ചെറിയൊരു തിണ്ണ കാണാം. വിയര്‍പ്പിന്റെയും തൈലതിന്റെയും ഗന്ധമുള്ള മിനുങ്ങുന്ന തിണ്ണ. പുസ്തകപ്പുഴുക്കളായ വിജ്ഞാന കാംക്ഷികൾക്കു ഇവിടെ ചാരിയിരുന്ന് വായിക്കാം, അധ്വാന ശീലരായ കായികാഭ്യാസികൾക്ക്‌, വിയർപ്പ് വറ്റുവോളം ഇവിടെ വിശ്രമിക്കാം. അകത്തെ ചൂട് സഹിക്കാനാവാത്ത സുകുമാര പ്രകൃതർക്ക് പകല്‍ കിടന്നുറങ്ങാം. അങ്ങനെ നോക്കിയാല്‍ ഹോസ്റ്റലിലെ മെസ്സ് ഹാള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം .

നേരെ മുന്നില്‍ കാണുന്നതാണ് മെസ്സ് ഹാള്‍. അകത്തേക്ക് കയറി "നായരെ...." എന്ന് ഉറക്കെ ഒന്നു വിളിച്ചാല്‍ മതി, വെറ്റിലക്കറ പുരണ്ട ചുവന്ന ചുണ്ടുകളുമായി വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു മധ്യ വയസ്കനെ അവിടെ കാണാം. നിഷ്കളങ്കമായ പുഞ്ചിരിയോടെ മുഖത്തെ വിയര്‍പ്പിന്‍ തുള്ളികള്‍ ഉടുമുണ്ടില്‍ തുടച്ചുകൊണ്ട് പുകമറയില്‍ നിന്നും പുറത്തേക്ക് വരുന്ന അപ്പുണ്ണി നായര്‍. ഞാന്‍ ഈ ഹോസ്റ്റല്‍ ചേരുമ്പോള്‍ തന്നെ ഇയാളാണ് ഇവിടത്തെ പാചകക്കാരൻ. പരീക്ഷാ കാലമായാല്‍ നായര്‍ പതിവിലും നേരത്തെ എണീറ്റ്‌ ചായയുണ്ടാക്കി തരും. ആ ചായയാണ് അന്നത്തെ മുഴുവന്‍ ഉന്മേഷം. അങ്ങനെ എത്രയെത്ര പരീക്ഷാ കാലങ്ങള്‍...!

സ്വതവേ ശാന്തസ്വരൂപിയായ മെസ്സ് ഹാള്‍, ഭക്ഷണ സമയമാകുമ്പോള്‍  വളരെ ഊർജസ്വലയാകുന്നു. പിന്നെ ആകെ ബഹളമാണിവിടം. മില്‍മ ബൂത്തിലെ നിഗൂഡമായ കൂടിക്കാഴ്ചകളുടെ ചുരുളുകള്‍ അഴിയുന്നത് ഇവിടെയാണു; ഉച്ചത്തിലുള്ള പരിഹാസങ്ങളായി, നാടന്‍ പാട്ടിന്റെ ഈരടികളായി. ക്യാമ്പസ് ചാരന്മാരുടെ നിത്യ സംഗമം!

ഇടതു വശത്തെ ഇടനാഴികയിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ ഇടതു വശത്തായി മൂന്നാമത്തെ റൂം. ഈ റൂമിന് മുന്നില്‍ അല്‍പനേരം നിൽക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഈ റൂമിന് എന്നെ കുറിച്ചും, എനിക്ക് റൂമിനെക്കുറിച്ചും  ഒരുപാടുണ്ട് പറയാന്‍. കാരണം ഇതായിരുന്നു എന്റെ റൂം.

വാതിലിനു മുകളില്‍ വൈശാഖ്  P ശശീന്ദ്രന്‍ എന്നെഴുതി വച്ചിരിക്കുന്നു. അതെ... ഞങ്ങളുടെ 'കരിങ്ങു'. വാതില്‍ അടച്ചിട്ടില്ല. അവന്‍ പുറത്ത് പോയതാണെന്ന് തോന്നുന്നു. അകത്ത്, വളരെ വൃത്തിയായി അടുക്കി വച്ച പുസ്തകങ്ങളും, വസ്ത്രങ്ങളും. അലമാരയില്‍ കത്തിനിൽക്കുന്ന എണ്ണത്തിരിയുടെ പിന്നിലായി അനേകം ദൈവങ്ങള്‍. 'വൈശാഖ് ഇതൊരു പൂജാമുറിയാക്കിയോ!'; സംശയിച്ചേക്കാം. അവന്‍ പണ്ടേ ഒരു മഹാഭക്തനാണ് . അവന്‍ ദർശനം നടത്താത്ത പുണ്യ സ്ഥലങ്ങള്‍ ദക്ഷിണേന്ത്യയിൽ  കുറവാണ്‌. ജ്യോതിഷ രത്നത്തിന്റെ സ്ഥിരം വായനക്കാരന്‍

അകത്തെ കട്ടിലില്‍ അല്‍പനേരം കിടന്നുകൊണ്ടാകാം ഇനി. ഈ കോളേജിലെ എന്റെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും ഞാന്‍ കഴിച്ചുകൂട്ടിയത് ഈ ചെറിയ സിംഗിൾറൂമിലാണ്. പരാജയത്തിന്റെ കയ്പും, വിജയത്തിന്റെ സന്തോഷവും ഞാന്‍ ഈ റൂമിലെ ഏകാന്തതയുമായാണു പങ്കു വച്ചിരുന്നത്. ഇടക്കിടെ സന്ദർശകരായെത്തിയിരുന്ന   സഹപാഠികൾ! അവരോടൊത്തുള്ള തമാശയില്‍ മതിമറന്ന ദിവസങ്ങള്‍!!
അകലെ മറ്റൊരു റൂമില്‍ നിന്നും AR റഹ്മാന്‍ സംഗീതം ഒഴുകി വരുന്നു. ആരൊക്കെയോ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്. അടുത്ത ആഴ്ച കോളേജ് -ഡേയാണു. കാലം എത്ര മാറിയിരിക്കുന്നു! പണ്ടൊക്കെ തലേ ദിവസം പ്രാക്ടീസ്, അടുത്തദിവസം സ്റ്റേജിൽ! രണ്ടോ മൂന്നോ റിഹേഴ്സല്‍. "പ്രതിഭാ ശാലികളായ ഞങ്ങള്‍ക്ക് " അത് മതിയായിരുന്നു. അങ്ങനെ എത്ത്രയെത്ത്ര ഗ്രൂപ്പ് സോങ്ങുകള്‍ പാടി, എത്ത്രയെത്ത്ര ഡാൻസുകൾ കളിച്ചു! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. എന്തെല്ലാം കോമാളിത്തരങ്ങള്‍. പക്ഷെ അന്ന് വളരെ സീരിയസായിരുന്നു. എല്ലാം അങ്ങനെ തന്നെ.

കോളേജ് മാഗസിന്‍ എഡിറ്ററായിരുന്നു . പ്രസംഗിക്കേണ്ടതുണ്ട്. സ്റ്റേജ്ഫിയർ മാറാനായി, ആ പരിപാടിക്ക് തൊട്ടു മുൻപ് സംസ്കൃത കവിതാ പാരായണ മത്സരത്തിനു കയറി. ചൊല്ലി മുഴുമിപ്പിച്ചതും ഞങ്ങളെ സംസ്കൃതം പഠിപ്പിച്ച ഷമീന മാഡം അടുത്ത വിളിച്ച് ഉപദേശിച്ചതും ഞാനിന്നു വളരെ ജാള്യതയോടെ ഓര്‍ക്കുന്നു. എങ്കിലും വേദിക്കു പിന്നില്‍ ഞാന്‍ എന്നും ഒരു താരമായിത്തന്നെ സജീവമായിരുന്നു.
സമയം പോയതറിഞ്ഞില്ല. ബൂട്ടിട്ട കാലൊച്ചകൾ കേൾക്കുന്നുണ്ട്. ആരൊക്കെയോ ഗ്രൌണ്ടില്‍ കളിക്കാൻ പോകുകയാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള ആധികാരികമായ നിര്‍വ്വചനങ്ങള്‍. പുതിയ സമവാക്യങ്ങളുടെ വെളിപ്പെടുത്തലുകള്‍. അവര്‍ നടന്നകലുകയാണ് ഗ്രൗണ്ടിലേക്ക് .

വിമന്‍സ് ഹോസ്റ്റലിന്റെ കിഴക്കേ വശത്താണ് ഗ്രൗണ്ട്. വളരെ വിശാലം, സുന്ദരം! ഹോസ്റ്റലിന്റെ കിഴക്ക് വശത്തെ ജനലുകൾ ഗ്രൗണ്ടിനുപോലും രോമാഞ്ചദായകമാണ്. പ്രതീക്ഷയുടെ ഈ ജനലുകളാണ് ഗ്രൗണ്ടില്‍ അഭ്യാസികളുടെ ഊര്‍ജം. ഒളിഞ്ഞു നോക്കാന്‍ ഒരു ചുരിദാറെങ്കിലുമുണ്ടെങ്കിൽ ഊര്‍ജം ഇരട്ടിയാകുകയായി. പിന്നെ ചാട്ടവും മലക്കം മറച്ചിലും കളികളില്‍ നുഴഞ്ഞു കയറുകയായി. അങ്ങനെ, എത്ത്രയെത്ത്ര വൈകുന്നേരങ്ങള്‍കഴിഞ്ഞിരിക്കുന്നു..!

ആരോ വാതില്‍ തുറക്കുന്ന ശബ്ദം. ഞാന്‍ ചിന്തയുടെ മടിത്തട്ടില്‍ നിന്നു ഉണര്‍ന്നു. മുന്നില്‍ വൈശാഖ്;
"എപ്പ വന്ന? "
മനസ്സിന്‍ കുളിരേകുന്ന അന്വേഷണങ്ങള്‍. കുറെ നേരത്തെ കുശലം പറച്ചില്‍; കോളെജിനെക്കുറിച്ചും , എക്സാമിനെക്കുറിച്ചും,
അങ്ങനെ അങ്ങനെ ......
ഞങ്ങള്‍ സാവധാനം പുറത്തേക്ക് നടന്നു. ക്യാമ്പസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു വാചാലനാകുകയാൻണു വൈശാഖ്.

സമയം വല്ലാതെ വൈകിയിരിക്കുന്നു. സുഖ ശീതോഷ്ണമായ  സൂര്യ രശ്മികള്‍. അസ്തമയ സൂര്യന്റെ അരുണ കിരണങ്ങള്‍.
മിൽമാബൂത്തിന്റെ അടുത്തെത്തി. ആരവങ്ങളൊഴിഞ്ഞ വേദിപോലെ നിശബ്ദമായി നിൽക്കുന്ന മിൽമാ ബൂത്ത്. ആളൊഴിഞ്ഞ ആ മരച്ചുവട്ടില്‍ അല്‍പ നേരം ഇരിക്കണമെന്ന് തോന്നി - 'രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി!' മനസ്സില്‍ ഒരുപിടി നൊസ്റ്റാൾജിയ വാരി വിതറിക്കൊണ്ട്  തഴുകി നീങ്ങുന്ന കുളിര്‍മയുള്ള ഇളം തെന്നല്‍. ഭൂത കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് അവിടെ ഇരിക്കുമ്പോഴും വൈശാഖ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.