Thursday, May 30, 2019

ഊട്ടിയിലെ തേയില ഫാക്ടറി


ഊട്ടിയിൽ പോകുന്നവർ തീർച്ചയായും അവിടത്തെ ടീ-ഫാക്ടറി സന്ദർശിക്കാൻ മറക്കാറില്ല. നുള്ളിയെടുക്കപ്പെട്ട തേയില, ചായപ്പൊടിയാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കാണാനും മനസിലാക്കാനുമുള്ള ഒരവസരമാണ് നമുക്കവിടെ ലഭിക്കുന്നത്. അതിനാലായിരിക്കും, ഊട്ടി സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും ഇവിടം കാണാതെ മടങ്ങാറില്ല.

ഊട്ടി ടൗണിൽ നിന്നും, ദോഡാബെട്ട റോഡിൽ, ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.

അകത്ത് കയറാൻ, പ്രവേശന ഫീസുണ്ട്. മുതിർന്നവർക്ക് 10 രൂപയും, കുട്ടികൾക്ക് 3 രുപയും. അതിൽ വിഷമിക്കേണ്ടതില്ല. കാഴ്ചകളെല്ലാം കണ്ട് പുറത്തിറങ്ങുമ്പോൾ നല്ല കിടിലനൊരു ചായ തീർത്തും സൗജന്യമായി അവിടെക്കിട്ടും.

പ്രവേശന ടിക്കറ്റെടുത്ത്, അകത്തു കയറിയാൽ ആദ്യം കാണുന്നത് ഡ്രയറും, അതിനുമുകളിലൂടെ തേയിലയുമായി നീങ്ങുന്ന കൺവോയറുകളുമാണ്.

തേയിലത്തോട്ടങ്ങളിൽനിന്നും പറിച്ചെടുത്ത ഇലകൾ, ഈ ഡ്രയറിൽ ഇട്ട് അടിയിലൂടെ, ശക്തിയേറിയ ഫാനുകളുടെ സഹായത്താൽ ചുടുകാറ്റ് പ്രവഹിപ്പിക്കുന്നു. ഏകദേശം 12 മണിക്കൂർ കഴിയുന്നതോടെ, ഇലകളിലെ ഈർപ്പം ഏതാണ്ട് 30 ശതമാനവും വറ്റുന്നു. ഈ ഇലകൾ പിന്നീട് "ഓർത്തോഡോക്സ് റോളറിൽ" അരച്ച് പേസ്റ്റാക്കുന്നു. ഇതിനെ ഓക്സിഡേഷന് വിധേയമാക്കുകയും, 100 ഡിഗ്രിയിൽ ചൂടാക്കുകയും ചെയ്യുന്നു. അതോടെ അതിന് ബ്രൗൺനിറം കൈവരുന്നു. ഇങ്ങനെയുണ്ടാക്കുന്ന ചായപ്പൊടിയാണ് ബ്ലാക്ക് ടി എന്നറിയപ്പെടുന്നത്.

ഇനിയിതിലെ തരിയുടെ വലിപ്പമനുസരിച്ച് പല ഗ്രേഡുകളായ് വേർതിരിക്കുന്നു.

ഇത് ഇവിടെനിന്നും വിലക്ക് വാങ്ങാവുന്നതാണ്. അതിനായി സജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ ഇവിടെയുണ്ട്.

ഇതിന്റെ വീഡിയോ കാണണമെങ്കിൽ ഇവിടെ അമർത്തുക

ഇതിനടുത്തുതന്നെയാണ് ചോക്ലേറ്റ് ഫാക്ടറി. അതും കണ്ട് മനസിലാക്കിക്കൊണ്ട് നടക്കുമ്പോൾ, കൊതിതോന്നുന്നുവെങ്കിൽ, അവിടെനിന്നും ചോക്ലേറ്റ് വിലക്ക് വാങ്ങാം.

ഫാക്ടറിയിൽനിന്നും പുറത്തിറങ്ങിയാൽ കാണുന്നത്, കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയാണ്.