Monday, February 21, 2022

ധനുഷ്കോടിയിലൂടെ

(രാമേശ്വര യാത്ര: ഭാഗം 2)


20.09.2018 വ്യാഴം

രാമേശ്വരത്തെത്തുന്ന ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ധനുഷ് കോടി കാണണമെന്നത്. ഒറ്റൊരു രാത്രി കൊണ്ട് ഒരു പ്രേത നഗരമായി മാറിയ സ്ഥലം. വീശിയടിച്ച ചുഴലിക്കാറ്റിനും, അതിനോടനുബന്ധിച്ചുണ്ടായ ഭീമൻ തിരമാലകൾക്കും ഒരു ജനതയെത്തന്നെ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റാൻ സാധിച്ചു എന്ന തിരിച്ചറിവ് കൂടെയാണത്.

ഞങ്ങൾ ധനുഷ്കോടിയിലേക്ക് യാത്ര തുടങ്ങുകയാണ്. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്താണ് റൂമെടുത്തിരിക്കുന്നത്.

രാമേശ്വരത്തു നിന്നും 22 കിലോമീറ്ററുണ്ട് ധനുഷ്കോടിയിലേക്ക്. അധികം വളവും തിരിവൊന്നുമില്ലാത്ത നല്ല റോഡ്.

1964 ഡിസംബർ വരെ വളരെ പ്രതാപത്തോടെ നിലനിന്നിരുന്ന ഒരു പട്ടണമായിരുന്നു ധനുഷ്കോടി. ഡിസംബർ 22 രാത്രിയോടെ വീശിയടിച്ച കാറ്റിൽ അതൊരു പ്രേതനഗരമായ് മാറുകയായിരുന്നു.

സിലോണിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ഭരണകാലത്താണ് ധനുഷ് കോടി വരെയുള്ള റയിൽവേ നിർമ്മിക്കപ്പെട്ടത്.അപ്രകാരം അവിടെ ഒരു ഹാർബർ രൂപപ്പെട്ടതുകൊണ്ടാകാം, അവിടം വളരെ വേഗം ഒരു പട്ടണമായ് മാറിയത്.


ഇന്ത്യയുടെ കിഴക്ക് ഭാഗത്ത്, ശ്രിലങ്കക്ക് നേരെ ഒരു ചൂണ്ടുവിരൽ പോലെ നിൽക്കുന്ന ഒരു തിട്ടയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ധനുഷ് കോടിയും കഴിഞ്ഞ്, അരിച്ചാൽ മുനൈവരെ നീണ്ടു കിടക്കുന്ന റോഡാണ്.

മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ കഴിഞ്ഞിരുന്ന ഒരു ജനസമൂഹം തന്നെയായിരുന്നു അന്നവിടെയുണ്ടായിരുന്നത്. അന്നത്തെ കാലത്ത്, രാമേശ്വരത്തേക്കാൾ പുരോഗതി ധനുഷ്കോടിക്കായിരുന്നുവെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്.


അരിച്ചാൽ മുനൈ:

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും സംഗമസ്ഥാനമാണിത്. വലത് വശത്ത് ഇന്ത്യൻ മഹാസമുദ്രം തിരമാലകളാൽ ഭീകരമാണ്.


എന്നാൽ,ഇടതു വശത്ത് ബംഗാൾ ഉൾക്കടൽ വളരെ ശാന്ത രൂപിയായാണ് കാണപ്പെടുന്നത്.

അതു കൊണ്ട് തന്നെ, ഇന്ത്യൻ മഹാസമുദ്രത്തെ ഉഗ്രരൂപിയായ പരമശിവനായും, ബംഗാൾ ഉൾക്കടലിനെ ശാന്ത സ്വരൂപിയിയ പാർവ്വതി ദേവിയായും ഇവിടെ കണക്കാക്കപ്പെടുന്നു.

എന്നാൽ, അന്ന് വീശിയടിച്ച കാറ്റ്, ബംഗാൾ ഉൾക്കടലിൻ്റെ ഭാഗത്തു നിന്നായിരുന്നുവെന്ന കാര്യവും ഇവിടെ ഓർമ്മിപ്പിക്കട്ടെ.


രണ്ടിനെയും വേർതിരിച്ചു കൊണ്ട് ഒരു മണൽതിട്ട കാണുന്നുണ്ട്. ലങ്കയിലേക്ക് പണ്ട് ശ്രീരാമൻ്റെ സേന നിർമ്മിച്ച പാലത്തിൻ്റെ അവശേഷിക്കുന്ന ഭാഗങ്ങളാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് 22 കിലോമീറ്റർ മാത്രമേ ദൂരമുള്ളു.

ബംഗാൾ ഉൾക്കടലിൻ്റെ ഭാഗമാണ് മുന്നിൽ. നല്ല തെളിഞ്ഞ ജലമാണ്. ഞങ്ങളുടെ കൂടെയുള്ള കുട്ടികൾക്ക് ഇത് ആഘോഷത്തിൻ്റെ നിമിഷങ്ങളാണ്. അവരവിടെ ജല ക്രീഢകൾ നടത്തിക്കൊണ്ടുല്ലസിക്കുന്നത് കാണുന്നതു തന്നെ വളരെ രസമാണ്.



ഭൗമ പ്രതിഭാസങ്ങൾക്ക് വളരെ സാധ്യതയുള്ള പ്രദേശമായാണിവിടം കണക്കാക്കപ്പെടുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം, മാന്നാർ തീരത്തേക്ക് നീണ്ട് കിടക്കുന്ന ഭാഗം, 1948-49 കാലഘട്ടത്തിൽ ഭൂമിയുടെ വെർട്ടിക്കൽ ടെക്ടോണിക് മൂവ്മെൻ്റിൻ്റെ കാരണത്താൽ 5 മീറ്ററോളം കടലിൽ താഴ്ന്ന് പോയിരിക്കുന്നു. തെക്ക് ഭാഗത്തെ ഏകദേശം 7 കിലോമീറ്ററോളം കടൽ തീരം അര കിലോമീറ്ററോളം ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിപ്പോയിരിക്കുന്നു.

വൈകുന്നേരം 6 മണിക്ക് ശേഷം സഞ്ചാരികളെ ഇവിടെ നിൽക്കാൻ അനുവദിക്കുകയില്ല. സന്ധ്യയോടെ കാലാവസ്ഥ മാറുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരുതരം നെഗറ്റീവ് എനർജി വ്യാപിക്കുന്ന പോലെ തോന്നുമത്രെ. കൂരിരുട്ട് നിറഞ്ഞ വിജന ഭൂമിയിൽ, തിരമാലകളുടെ ശബ്ദം പോലും മനസ്സിൽ ഭീതി നിറക്കുമത്രെ.

ധനുഷ്കോടി:

അരിച്ചാൽ മുനൈയിൽ കുറേ നേരം ചെലവഴിച്ചതിന് ശേഷം, ഞങ്ങൾ ധനുഷ്കോടിയിലെത്തിയിരിക്കുന്നു.


ഒരു കാലത്ത് വിശ്വാസികൾ മുട്ടിപ്പായ് പ്രാർത്ഥിച്ചിരുന്നൊരു ദേവാലയത്തിൻ്റെ ശേഷിപ്പുകളാണ് മുന്നിൽ. ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പലയിടത്തും കാണുന്നുണ്ട്.

ഇവിടെ ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു, ഒരു പോസ്റ്റോഫിസുണ്ടായിരുന്നു, ഒരു ഹാർബറുണ്ടായിരുന്നു. അവിടെയെല്ലാം ജോലി ചെയ്തിരുന്ന ജനങ്ങളും, അതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന മറ്റ് ജോലിക്കാരുമുണ്ടായിരുന്നു. അവരങ്ങനെ സന്തോഷത്തോടെ ജീവിക്കുന്ന തെരക്കുള്ള നഗരത്തിൻ്റെ കാഴ്ചകൾ എനിക്കെൻ്റെ മനക്കണ്ണിൽ കാണാൻ സാധിക്കുന്നുണ്ട്.


കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നല്ലൊ. 1964 ഡിസംബർ 17ന് ദക്ഷിണ ആൻഡമാൻ കടലിലുണ്ടായ ന്യൂനമർദ്ദം, ഒരു ചുഴലിക്കാറ്റായ് രൂപാന്തരപ്പെടുകയും 22 ന് രാത്രിയോടെ ധനുഷ് കോടിയുടെ തീരത്തെത്തുകയുമായിരുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് 7 മീറ്ററോളം ഉയരത്തിലുള്ള ഭീമൻ തിരമാലകളാണ് സൃഷ്ടിച്ചത്.


ആ വർഷത്തെ ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്ന ഒരു ജനസമൂഹത്തിനു മുകളിലേക്ക്, കടലമ്മ, തൻ്റെ രാക്ഷസ തിരമാലകളാകുന്ന കരങ്ങളുയർത്തി പുണർന്നത്, 1800 ലധികം പേരുടെ മരണത്തിലാണ് ചെന്ന് നിന്നതെന്ന ദു:ഖസത്യം ഒരിക്കൽ കൂടെ ഓർമ്മിച്ചു കൊണ്ട്..... നിർത്തട്ടെ....!!



Saturday, February 19, 2022

മരുതമലെ മുരുകനെ കാണാൻ

"മരുതമലെ മാമനിയേ മുരുകയ്യാ....."

ഈ പാട്ട് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവരായി അധികമാരുമുണ്ടാകില്ല. അത്രക്ക് ഫീലാണ് ഗാനം മനസിലുണ്ടാക്കുന്നത്. അപ്പൊ, ആ സ്ഥലം നേരിൽ കാണാൻ സാധിച്ചാലോ....? "മിണ്ടാവതല്ല മമ". അല്ലെ?


13/02/2021

വളരെ നാളത്തെ ആഗ്രഹത്തിനൊടുവിൽ, ഇന്ന് മരുതമലെ മുരുകൻ കോവിലിലേക്ക് പോകുകയാണ്.

കോയമ്പത്തൂരിൽ നിന്നും കേവലം 15 കിലോമീറ്റർ ദൂരത്തായി മരുതമല എന്നൊരു കുന്നുണ്ട്. മരുത് മരങ്ങൾ ധാരാളമായി കാണപ്പെടുന്നതിനാലാണ് ഈ മലനിരക്ക് മരുതമല എന്ന പേര് വന്നതെന്ന് പറയുന്നു. മരുത് എന്നാൽ നീർമരുത് അഥവ അർജുനം എന്നാണർത്ഥം. ആ കുന്നിൻ്റെ പാർശ്വത്തിലാണ് മരുതമലെ മുരുകൻ ക്ഷേത്രം നിലകൊള്ളുന്നത്.


നടന്നു കയറുകയാണെങ്കിൽ, മലയടിവാരത്തു നിന്നും ഏകദേശം 900 പടികൾ കയറി വേണം അമ്പലത്തിനടുത്തെത്താൻ. പോകുന്ന വഴികളിൽ ധാരാളം ഉപക്ഷേത്രങ്ങൾ വേറെയുമുണ്ട്.

സ്വകാര്യ വാഹനത്തിലാണെങ്കിൽ, ക്ഷേത്രത്തിൻ്റെ മുന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ട് വരെ അതിൽ തന്നെ പോകാം. അടിവാരത്തു നിന്നും, മിനി ബസ് ഷട്ടിൽ സർവീസും ലഭ്യമാണ്.

പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് തന്നെയാണ് ക്ലോക് റൂം. ചെരുപ്പും ഭാണ്ഡങ്ങളും അവിടെ സൂക്ഷിക്കാം. ഇടത് വശത്ത് കാണുന്നത് തലമുണ്ഡനം ചെയ്യുന്നതിനുള്ള സ്ഥലമാണ്. തല മുണ്ഡനം ചെയ്യുന്നതിന് 10 രൂപയുടെ ടോക്കണെടുക്കണം. ദക്ഷിണ വേറെയും.


ഇനിയും കുറച്ച് പടികൾ കൂടെ കയറാനുണ്ട്. ചുവപ്പും വെള്ളയും നിറങ്ങൾ കൊണ്ട് സുന്ദരമാക്കിയ പടികൾ. പടികളുടെ അരികുകളിലായി ചില കച്ചവട സ്ഥാപനങ്ങൾ കാണാം. ഭസ്മവും പ്രസാദവും മറ്റും ഇവിടെ നിന്ന് വാങ്ങാം. പ്രസിദ്ധമായ ഏതൊരു ദേവാലയത്തിലും കാണുന്ന കാഴ്ചകൾ തന്നെ.


അമ്പലനടയിലെത്തിയിരിക്കുന്നു. അതിന് മുന്നിൽ വലിയൊരു മണ്ഡപമുണ്ട്. ചിത്രപ്പണികളാൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന സിലിംഗ്. താഴെ ഗ്രാനൈറ്റാണെന്ന് തോന്നുന്നു, പാകിസുന്ദരമാക്കിയിരിക്കുന്നു. അനേകം ഭക്തർ അവിടിരുന്ന് നാമം ജപിക്കുന്നുണ്ട്.


അവിടെ തൊഴുതതിന് ശേഷം, അടുത്ത സ്ഥലത്തേക്ക് കയറി. കല്ല് പാക്കി ഒരുക്കിയ വലിയൊരു മുറ്റം. അവിടെ ഒരാൽമരമുണ്ട്. അതിന് ചുറ്റിലുമായ് കുറേ പ്രതിഷ്ഠകളുമുണ്ട്. ഭക്തർ അവിടെയെല്ലാം തൊഴു കയ്യോടെ പ്രദക്ഷിണം ചെയ്യുന്നുമുണ്ട്.

വലിയൊരു കുന്നിൻ്റെ പാർശ്വത്തിലാണ് ക്ഷേത്രം.അധികം ഉയരത്തിലല്ലാതെ വളരുന്ന മരങ്ങൾ നിറഞ്ഞ കാടാണ്. ഇടക്കിടെ വലിയ പാറക്കല്ലുകൾ കാണുന്നുണ്ട്. ആനകൾ വിഹരിക്കാറുള്ള കാടാണെന്നാണറിഞ്ഞത്.


ഇവിടെയുംകൂടെയൊന്ന് തൊഴുതിറങ്ങുകയാണ്.സ്പെഷൽ ക്യൂ ഉണ്ട്. ആളൊന്നിന് 20 രൂപയാണ് നിരക്ക്. ഈ ക്ഷേത്രത്തിന് മുന്നിലായ് വലിയൊരു ഗോപുരമുണ്ട്. തമിഴ്നാടിൻ്റെ തനതായ ശൈലിയിൽ നിർമ്മിതമായ ഗോപുരം.


ഇനി അൽപം ചരിത്രമാകാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിതമായ ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. സംഘ കാലത്ത് നിർമ്മിതമായത്. തൈപ്പൂയ മഹോൽസവദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഇവിടെ വളരെ തെരക്കായിരിക്കും.


ക്ഷേത്രത്തിൻ്റെ തെക്ക് വശത്തായി പാമ്പാട്ടി സിദ്ധർ കോവിൽ സ്ഥിതി ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും, 18 സിദ്ധരിൽ ഒരാളുമായ മഹർഷിയായിരുന്നു പാമ്പാട്ടി സിദ്ധർ. അക്കാലത്ത് അദ്ദേഹം ഈ കൊടും വനത്തിൽ തപസിരുന്നെന്നും, മുരുകൻ ഒരു സർപ്പത്തിൻ്റെ രൂപത്തിൽ അവിടെ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നുമാണ് വിശ്വാസം.

നല്ല ഭംഗിയുള്ള ക്ഷേത്രമാണ്. നല്ല തണുത്ത കാറ്റ്. വളരെ പീസ്ഫുളായ അന്തരീക്ഷം.

Location:

Nearest Town: Coimbatore 15kms

Friday, October 11, 2019

മേമാടിന്റെ മനോഹാരിതയിലൂടെ.

മലപ്പുറം ജില്ലയിൽ, മഞ്ചേരിക്കടുത്തുള്ള ഒരു പ്രദേശമാണ് മേമാട്. ഇവിടെ സുന്ദരമായ ഒരു കുന്നുണ്ട്. പ്രൈവറ്റ് പ്രോപർട്ടിയാണ്.

കുറച്ച് കയറാനുണ്ട്. എങ്കിലും, മുകളിലെത്തിയാൽ അപാര കാഴ്ചകൾ തന്നെയാണ്. വിശാലമായ കുന്നുകളും, പച്ചപ്പും, ഇളം വെയിൽ തട്ടി തിളങ്ങുന്ന കോഡമഞ്ഞും....

ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും, പ്രാദേശീയരായ ധാരാളം ജനങ്ങൾ ഇവിടെ വരാറുണ്ട്. വളരെ ഉയരമുള്ളൊരു കുന്നായതിനാൽതന്നെ, എപ്പോഴും വീശിയടിക്കുന്ന ഇളം തെന്നലേറ്റ്, സായന്ദനങ്ങൾ ഇവിടെ ചെലവഴിക്കാൻ നല്ല രസമാണ്.




ശ്രദ്ധിക്കുക:
ഒരുമിച്ചുള്ള മദ്യപാനം നടക്കാറുള്ളതിന്റെ സൂചനകളായ, ഒഴിഞ്ഞ മദ്യക്കുപ്പികളും, അച്ചാർ കവറുകളും മറ്റും, ധാരാളം ഞാനവിടെ കാണുകയുണ്ടായി.

ഉപദേശം:
ഒരു പക്ഷെ, കുഴപ്പമൊന്നും ഉണ്ടാകുകയില്ലായിരിക്കാം. എങ്കിലും, പെൺകുട്ടികൾ തനിച്ച് പോകുമ്പോൾ ശ്രദ്ധിക്കണം.

ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണുന്നതിന് ഇവിടെ അമർത്തുക

Thursday, September 19, 2019

മാങ്കാവ്-നെടിയിരുപ്പിന്റെ ഊട്ടി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മൂച്ചിക്കുണ്ട് കോളനിക്കടുത്തുളള ഒരു പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമാണ് മാങ്കാവ്. ഒഴിവ് ദിവസങ്ങളിൽ, തദ്ദേശീയരായ ധാരാളം സഞ്ചാരികൾ വരാറുണ്ടിവിടെ.
പ്രത്യേകത:
ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്, മൂച്ചിക്കുണ്ട് കോളനിയുടെ ഭാഗമായ ഈ കുന്നിൻ പുറം.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഇവിടെനിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്താണ്. അവിടെയിറങ്ങുന്നതിനായി, വളരെ താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ കാഴ്ച, ഇവിടെ നിന്ന് കാണുമ്പോൾ വളരെ സുന്ദരമാണ്. രണ്ട് മലമടക്കുകൾക്കിടയിലൂടെ, നമ്മുടെ കണ്ണുകൾക്ക് പാരലലായി ഒഴുകി നീങ്ങുന്ന വിമാനക്കാഴ്ച്ച, ഇവിടത്തെ പ്രത്യേകതയാണ്.
സദാസമയവും, നമ്മെത്തഴുകിക്കടന്നുപോകുന്ന ഇളം തെന്നൽ. കാഴ്ചകളെ തെല്ലൊന്ന് മറച്ചുകൊണ്ടാണെങ്കിലും, മനസിനെ കുളിരണിയിച്ചുകൊണ്ട്, കടന്നുപോകുന്ന  കോഡമഞ്ഞ്. ശാന്തവും, സുന്ദരവുമായ ഈ
വിജനതയിൽ, അസ്തമയ സൂര്യന്റെ അരുണ ശോഭ മനസിലേക്കാവാഹിക്കാനായി, പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കാൻ നല്ല രസമാണ്.

എങ്ങനെ എത്തിച്ചേരാം:
കൊണ്ടോട്ടി
മുസ്ലിയാരങ്ങാടി
അരിമ്പ്ര റോഡ
മൂച്ചിക്കുണ്ട് റോഡ്



ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണുന്നതിന് ഇവിടെ അമർത്തുക

ഭാഗം 1
ഭാഗം 2

Saturday, June 22, 2019

ശിറുവാണിയുടെ പച്ചപ്പിലേക്കൊരു യാത്ര പോയാലോ...!!

ശിറുവാണി

കോയമ്പത്തൂർ പട്ടണത്തിൽ വസിക്കുന്ന ജനത, കുടിവെള്ളത്തിനായ് ആശ്രയിക്കുന്നൊരു ഡാമുണ്ട് കേരളത്തിൽ....അതെ, ശിറുവാണി ഡാം. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് കാഞ്ഞിരപ്പുഴ റോഡിലൂടെ ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.

നീലഗിരി ബയോസ്ഫിയറിന്റെ ഭാഗങ്ങൾ തന്നെയാണിത്. നിത്യഹരിത മരങ്ങളാണ് നിറയെ. അതുകൊണ്ട് തന്നെ, സദാസമയവും പച്ചപ്പണിഞ്ഞ് നിൽക്കുന്ന സസ്യലതാതികൾ നിറഞ്ഞ കുന്നുകൾ തന്നെയാണിവിടെയുള്ളത്. അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്റെ ഭാഗമായ ശിറുവാണികുന്നുകളുടെ മനോഹാരിത, കാണേണ്ട കാഴ്ച തന്നെയാണ്.

കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരം കഴിയുന്നതോടെ, ചുരം പാത തുടങ്ങുകയായി. ഇടുങ്ങിയ പാതയാണ്. യാത്രക്ക് ഹരം പകരുന്ന മനോഹരമായ മലയോര കാഴ്ചകൾ. സുന്ദരമായ താഴ് വരകൾ. നിത്യഹരിത വനങ്ങളാണ്. സൈലന്റ്‌വാലിയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ മാത്രമേ ഇങ്ങോട്ട് ഏരിയൽ ഡിസ്റ്റൻസ് ഉള്ളൂ എന്ന് പറയുമ്പോൾത്തന്നെ ഇവിടത്തെ പ്രകൃതി മനോഹാരിതയെക്കുറിച്ച് കൂടുതൽ വിവരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

സുന്ദരമായ ചുരം പാത. ഹരിതാഭമായ പുൽനാമ്പുകളാൽ പുഞ്ചിരിക്കുന്ന പാറക്കെട്ടുകൾ. അതിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം, പാറക്കെട്ടുകൾക്ക് വശ്യമായൊരു നനവ് സമ്മാനിക്കുന്ന പോലെ. നമ്മുടെ നാട്ടിൽ, പാടവും പറമ്പുമെല്ലാം ഉണങ്ങി വരണ്ടിരിക്കുന്നൊരു കാലത്താണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നതെന്നോർക്കണം.


പോകുന്നവഴിയിൽ നല്ലൊരു വ്യൂ പോയിന്റുണ്ട്. നല്ല കാഴ്ചകൾ തന്നെയാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കുന്നുകൾ. കുന്നിൻ തലപ്പിൽ കുടുങ്ങിയെന്ന പോലെ നിൽക്കുന്ന മേഘങ്ങൾ.  പശ്ചാത്തലത്തിന് മികവേകാനെന്നോണം, തഴുകിക്കടന്നുപോകുന്ന തണുത്ത കാറ്റ്.

യാത്ര തുടരാം. അൽപ്പം കൂടെ ചെന്നാൽ ഒരു ചെക്പോസ്റ്റിലെത്താം. ഇവിടെനിന്നും ടിക്കറ്റെടുക്കണം. വാഹന പെർമിറ്റിന് 800 രൂപ, ഗൈഡിന്റെ 400 രൂപ, ആളൊന്നിന് 35 രൂപ വീതവും. ഇതൽപ്പം കൂടിയ നിരക്ക് തന്നെയാണ്. ഒരുപക്ഷേ സഞ്ചാരികളുടെ തെരക്ക് കുറക്കാനുള്ള മാർഗമായിരിക്കാം. കാരണം, ശിറുവാണി ഡാം ഒരു കുടിവെള്ള പ്രൊജക്ടിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ, കൂടുതൽ സഞ്ചാരികളെത്തിയാൽ, ഡാമിലെ ജലം മലിനമാകാനിടയായാൽ ഡാമിന്റെ ഉദ്ദേശം നടക്കുകയില്ലല്ലോ.

ഇവിടെനിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സിങ്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്താം. പണമടച്ചതിന്റെ രസീത് ഇവിടെക്കാണിക്കുന്നതോടെ, ഗൈഡ് നമ്മുടെ കൂടെപ്പോരും. ഇനി 4 കിലോമീറ്റർ കൂടെ പോകേണ്ടതുണ്ട് ഡാമിനടുത്തേക്ക്.


1963 ൽ നിർമ്മാമാരംഭിച്ച ഡാം 1984 ഓടെ പണിപൂർത്തിയായി. ഇതിന്റെ ഔദ്യോഗിക ഉൽഘാടനം നടന്നിട്ടില്ലെന്നാണറിഞ്ഞത്. 57 മീറ്റർ ഉയരവും, 225 മീറ്റർ നീളവുമുള്ള ഡാമിന്റെ റിസർവോയറിന്, 2.5 ലക്ഷം ഘന മീറ്റർ ജലം സമ്പരിക്കുന്നതിനുള്ള ശേഷിയുണ്ട്.

150 വർഷങ്ങൾക്ക് മുൻപ്, ബ്രിട്ടീഷുകാർ നിർമ്മിച്ച പട്ടിയാർ ബംഗ്ലാവ് ഇതിനടുത്താണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ബ്ലോഗിൽ വിവരിക്കാം. വായിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് നിർത്തുന്നു, നന്ദി!

Thursday, May 30, 2019

ഊട്ടിയിലെ തേയില ഫാക്ടറി


ഊട്ടിയിൽ പോകുന്നവർ തീർച്ചയായും അവിടത്തെ ടീ-ഫാക്ടറി സന്ദർശിക്കാൻ മറക്കാറില്ല. നുള്ളിയെടുക്കപ്പെട്ട തേയില, ചായപ്പൊടിയാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കാണാനും മനസിലാക്കാനുമുള്ള ഒരവസരമാണ് നമുക്കവിടെ ലഭിക്കുന്നത്. അതിനാലായിരിക്കും, ഊട്ടി സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും ഇവിടം കാണാതെ മടങ്ങാറില്ല.

ഊട്ടി ടൗണിൽ നിന്നും, ദോഡാബെട്ട റോഡിൽ, ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം.

അകത്ത് കയറാൻ, പ്രവേശന ഫീസുണ്ട്. മുതിർന്നവർക്ക് 10 രൂപയും, കുട്ടികൾക്ക് 3 രുപയും. അതിൽ വിഷമിക്കേണ്ടതില്ല. കാഴ്ചകളെല്ലാം കണ്ട് പുറത്തിറങ്ങുമ്പോൾ നല്ല കിടിലനൊരു ചായ തീർത്തും സൗജന്യമായി അവിടെക്കിട്ടും.

പ്രവേശന ടിക്കറ്റെടുത്ത്, അകത്തു കയറിയാൽ ആദ്യം കാണുന്നത് ഡ്രയറും, അതിനുമുകളിലൂടെ തേയിലയുമായി നീങ്ങുന്ന കൺവോയറുകളുമാണ്.

തേയിലത്തോട്ടങ്ങളിൽനിന്നും പറിച്ചെടുത്ത ഇലകൾ, ഈ ഡ്രയറിൽ ഇട്ട് അടിയിലൂടെ, ശക്തിയേറിയ ഫാനുകളുടെ സഹായത്താൽ ചുടുകാറ്റ് പ്രവഹിപ്പിക്കുന്നു. ഏകദേശം 12 മണിക്കൂർ കഴിയുന്നതോടെ, ഇലകളിലെ ഈർപ്പം ഏതാണ്ട് 30 ശതമാനവും വറ്റുന്നു. ഈ ഇലകൾ പിന്നീട് "ഓർത്തോഡോക്സ് റോളറിൽ" അരച്ച് പേസ്റ്റാക്കുന്നു. ഇതിനെ ഓക്സിഡേഷന് വിധേയമാക്കുകയും, 100 ഡിഗ്രിയിൽ ചൂടാക്കുകയും ചെയ്യുന്നു. അതോടെ അതിന് ബ്രൗൺനിറം കൈവരുന്നു. ഇങ്ങനെയുണ്ടാക്കുന്ന ചായപ്പൊടിയാണ് ബ്ലാക്ക് ടി എന്നറിയപ്പെടുന്നത്.

ഇനിയിതിലെ തരിയുടെ വലിപ്പമനുസരിച്ച് പല ഗ്രേഡുകളായ് വേർതിരിക്കുന്നു.

ഇത് ഇവിടെനിന്നും വിലക്ക് വാങ്ങാവുന്നതാണ്. അതിനായി സജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ ഇവിടെയുണ്ട്.

ഇതിന്റെ വീഡിയോ കാണണമെങ്കിൽ ഇവിടെ അമർത്തുക

ഇതിനടുത്തുതന്നെയാണ് ചോക്ലേറ്റ് ഫാക്ടറി. അതും കണ്ട് മനസിലാക്കിക്കൊണ്ട് നടക്കുമ്പോൾ, കൊതിതോന്നുന്നുവെങ്കിൽ, അവിടെനിന്നും ചോക്ലേറ്റ് വിലക്ക് വാങ്ങാം.

ഫാക്ടറിയിൽനിന്നും പുറത്തിറങ്ങിയാൽ കാണുന്നത്, കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയാണ്.

Monday, March 25, 2019

Santhitheera Park, Riverside Walk View Project, A.P.Anil kumar

ശാന്തി തീരം, മലപ്പുറം ജില്ല.

മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷന്റെ അടുത്തായി  ഒരു ചെറിയ പാർക്കുണ്ട് -"ശാന്തി തീരം".

2011 സെപ്റ്റംബർ ഒന്നാം തീയതി, അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എ.പി.അനിൽകുമാറാണ് ഇത് ഉൽഘാടനം ചെയ്തത്.
മലപ്പുറത്തിന്റെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ, ചരിഞ്ഞു കിടക്കുന്ന തീരം മനോഹരമായി ലാന്റ് സ്കേപ്പിംഗ് ചെയ്തിരിക്കുന്നു.

ആദ്യകാലങ്ങളിൽ ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു. എന്നാൽ ഇന്നിവിടെ പ്രവേശിക്കുന്നതിന് 10 രൂപ പ്രവേശനഫീസ് നൽകേണ്ടതുണ്ട്. കാർ പാർക്കിംഗിന് 20 രൂപയും.

തീരത്തിന്റെ ചരിവിനെ ചില സ്ഥലങ്ങളിൽ നിരപ്പാക്കി മാറ്റിയിരിക്കുന്നു. സന്ദർശകർക്ക്, കാഴ്ചകളാസ്വതിച്ചുകൊണ്ട് വിശ്രമിക്കാവുന്ന ടെറസ് പ്ലാറ്റ്ഫോം.
അവിടെയെല്ലാം ചെറിയ തണൽമരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അതിനു താഴെയായി ഇരിപ്പിടങ്ങളും. ഇവിടെയീ ബെഞ്ചുകളിൽ, ദൂരേക്ക് നോക്കിക്കൊണ്ടിരിക്കാൻ നല്ല രസമാണ്.
ഓരോതട്ടിൽനിന്നും അടുത്ത തട്ടിലേക്ക് പോകുന്നതിനായി വീതിയേറിയ പടികൾ നിർമ്മിച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ, ഭംഗിയുള്ള പൂച്ചെടികൾകൊണ്ട് സുന്ദരമാക്കിയിരിക്കുന്നു.

നിർമ്മിതമായ കാലത്ത്, ബോട്ടിംഗും മറ്റുമായി ഇവിടെ നിരവധി ആക്ടിവിറ്റികൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നിതൊരു വരണ്ടുണങ്ങിയ പ്രദേശം പോലെയാണ് കാണപ്പെടുന്നത്. പരിപാലനത്തിന്റെ പോരായ്മ തന്നെയാണ് കാരണമെന്നാണ് എനിക്ക് തോന്നുന്നത്.
ഒന്നു മനസുവെച്ചാൽ, കൂടുതൽ സുന്ദരമാക്കാനും, അങ്ങനെ കൂടുതൽ പേരെ ഇങ്ങോട്ടാകർഷിക്കാനും ഈ സൗകര്യങ്ങൾ തന്നെ ധാരാളമാണെന്നാണ് എന്റെ അഭിപ്രായം. ഇതെല്ലാമൊന്ന് മിനുക്കിയെടുക്കണമെന്ന് മാത്രം.

ഇനിയെങ്കിലും അധികാരികളുടെ ശ്രദ്ധ ഇവിടേക്കും പതിക്കട്ടെയെന്നും, അധികം വൈകാതെ തന്നെ ശാന്തി തീരത്തിന് പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.


ഇതിന്റെ വീഡിയോ യൂട്യൂബിൽ കാണാനായി ഇവിടെ അമർത്തുക