ചിലരങ്ങനെയാണ് ,സ്വന്തം പേരിനേക്കാൾ വട്ടപ്പേരിലായിരിക്കും കൂടുത്തൽ ജനകീയർ . അങ്ങനൊരാളാണു "അളിയൻ " എന്നറിയപ്പെടുന്ന എന്റെ സീനിയർ ചേട്ടൻ.പണ്ട് കൂടെ പഠിച്ചിരുന്നവരുടെ മുൻപിൽ എസ് എസ് എൽ സി ബുക്കിന്റെ ഫോറ്റോസ്റ്റാറ്റ് കാണിച്ചാൽ പോലും, അളിയനാനെന്നു കൂട്ടി ചേർത്തില്ലെങ്കിൽ ആർക്കും മനസ്സിലായി കൊള്ളണമെന്നില്ല. അതാണ് "അളിയൻ"...! അധ്യാപകർക്കിടയിലും അയാൾ അളിയൻ തന്നെ.
കോട്ടക്കൽ ആയുർവേദ കോളേജിലെ എന്റെ ആദ്യ ദിനങ്ങൾ . ഹോസ്റ്റലിലെ അന്തേവാസിയാണ് ഞാൻ . തുടക്കക്കാരായതിനാൽ തന്നെ ഞങ്ങൾ അധികമൊന്നും റൂമിൽനിന്നു പുറത്ത് ഇറങ്ങാറില്ല ,അഥവാ ഇറങ്ങണം എന്നുണ്ടെങ്കിൽ, എലി മാളത്തിൽ നിന്നിറങ്ങുന്ന പോലെ, തല പുറത്തേക്കിട്ട് , രണ്ടു വശത്തേക്കും ഒന്നു നോക്കി , ഒറ്റ ഓട്ടം - അതായിരുന്നു പതിവ്. മറ്റൊന്നും കൊണ്ടല്ല, സീനിയർ ചേട്ടന്മാരെക്കുരിച് കേട്ടിട്ടുള്ള കെട്ടുകഥകൾ തന്നെ കാരണം.
അങ്ങനൊരു ദിവസം. കഷ്ടകാലത്തിന് എനിക്കാണ് മൂത്രമൊഴിക്കാൻ മുട്ടിയത്, എനിക്ക് മാത്രം ! ഒരു കമ്പനി വരാൻ ആരുമില്ല കൂടെ .കുറേ നേരം സഹിച്ചു . ഇനി വയ്യ ! നാച്ചുറൽ അർജസിനെ ശപിചുകൊണ്ട് ഒറ്റ ഓട്ടം .
ടോയിലെറ്റിനടുത്തെത്തി.
പെട്ടെന്നാണ് ............മുന്നിൽ ഇരുണ്ടൊരു രൂപം. ചുവന്ന കണ്ണുകൾ, തടിച്ച ശരീരം, ഗൌരവം നിറഞ്ഞ മുഖം. ഒന്നേ നോക്കിയുള്ളൂ ......"അളിയൻ".......അതെ ഞാൻ കേട്ട കെട്ടുകഥ കളിലെ ക്രൂര നായകൻ. കാൽ മരവിച്ച പോലെ, തൊണ്ട വരണ്ട പോലെ, തല പെരുക്കുന്ന പോലെ........അറിയാതവിടെ ഇരുന്നുപോയി - ടോം ആന്റ് ജെറിയിലെ പൂച്ചയെ കണ്ട എലിയെപ്പോലെ - നിസ്സഹായതയുടെ ഉമിനീരിറക്കാൻ ശ്രമിചുകൊണ്ട് !!!!!
പേരിന്റെ അർഥത്തിൽ അയാളെ കുറിച്ച് രസകരമായൊരു കഥ ക്യാമ്പസിൽ പാട്ടായിരുന്നു.
ഒരു പരീക്ഷാകാലം, തിയറി പരീക്ഷക്ക് ശേഷമുള്ള വയിവ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് . അടുത്തത് അളിയന്റെ ഊഴമാണ്. അയാൾ കയറി വരുന്നത് കണ്ട ഇന്റേണൽ എക്സാമിനർ ; "അളിയനോ.........കേറിവാ........ഇരിക്ക് ....." പരീക്ഷക്കു വന്ന സാറിന്റെ അളിയനാണ് ഇതെന്ന് തെറ്റിദ്ധരിച്ച ,ക്ഷണിച്ചു വരുത്ത പ്പെട്ട എക്സ്റ്റെണൽ അയാൾക്ക് മാർക്കുകൾ വാരി കോരി കൊടുത്തുവെന്നും, അങ്ങനെയാണ് അയാൾ ആ വിഷയം പാസ്സായതെന്നുമാണ് സംസാരം. സത്യമാണോ എന്നറിയില്ല . അയാളുടെ മുഖത്തെ ശൗര്യ ഭാവം കണ്ട് , ധൈര്യം ചോർന്നു പോയ എക്സ്റ്റെണൽ, അറിയാതെ ജയിപ്പിച്ചു പോയതാണെന്നും പറയപ്പെടുന്നു.
ദിവസങ്ങൾ കഴിഞ്ഞു.ഒരു ദിവസം
രാത്രി. വാതിലിൽ ആരോ മുട്ടുന്നു. സാവധാനം വാതിൽ തുറക്കപ്പെട്ടു. അയാളാണ് !!!
"സിഗരട്ടുണ്ടൊ...?"
തെല്ലൊരു നേരത്തെ ഇതികർത്തവ്യതാ മൂഢതക്കു ശേഷം ഞങ്ങൾ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞു
"ഇല്ല"
"പിന്നെന്തിനാ നീയൊക്കെ *###*#......"
എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പായിരുന്നു എല്ലാവരുടെയും മനസ്സിൽ.
അന്നൊരു ദിവസം, ഒരു പേന വാങ്ങാനായി കടയിലേക്ക് പോകുകയാണ് ഞാൻ. "വരുമ്പോ ഒരു പേക്ക് സിഗരറ്റു കൂടി വാങ്ങിക്കോ.....കാശ് നാളെ തരാം....."; ഞാൻ തിരിഞ്ഞു നോക്കി. അളിയനാണ്. ഇതുവരെയുള്ളതിന്റെ കാശ് ഇതുവരെ കിട്ടിയിട്ടില്ല. ഞാനതൊട്ട് മനസിൽ വച്ചിട്ടുമില്ല (വച്ചിട്ട് ഒരു കാര്യവുമില്ല ,അതുകൊണ്ടാണ്). എന്നിരിക്കിലും ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു - മനസിൽ ശപിചുകൊണ്ട് .
രസികൻ സിനിമയിൽ ജഗതിക്ക് സർബത്തുണ്ടാക്കുന്ന ഒരു ടെക്നിക്ക് പറയുന്നുണ്ട്. അത്രക്കങ്ങ് ഇല്ലെങ്കിലും നിസ്സഹായനായൊരു ജൂനിയറിന്റെ പരിഭവങ്ങൾ തീർക്കാൻ ഞാനും ചില ടെക്നിക്കുകൾ പ്രയോഗിച്ചിരുന്നു - സിഗരറ്റിൽ.
ഇങ്ങനെയൊക്കെയാണെങ്കിലും കാലഘട്ടത്തിന്റെ മാറ്റത്തിനൊത്ത് എന്റെ മനസ്സിൽ അളിയനോടുള്ള സമീപനം ഞാനരിയാതെത്തന്നെ മാറുന്നുണ്ടായിരുന്നു. ഇന്നലെകളിലെ കയ്പ്പുള്ള അനുഭവങ്ങൾ ഇന്നത്തെ മധുരിക്കുന്ന ഒർമകളായ് പുനർ ജനിക്കുമെന്ന് പറയുന്നത് എത്ര ശരിയാണു !!
അളിയന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് നിർത്തട്ടെ........!
ReplyDeleteഎഴുതാനിരുന്നപ്പോൾ സങ്ങതികൾക്കല്പം മസാല വരാൻ വേണ്ടി കുറച്ച് അധികരിച്ച് എഴുതിയിട്ടുണ്ട്.
അളിയനെന്നോട് ക്ഷമിക്കണം .
നന്നായിട്ടുണ്ട് അനീഷ്... എബി.
ReplyDeleteഎബിയേട്ടാ.....നന്ദി....
ReplyDelete