Tuesday, January 5, 2016

മോയാറിന്റെ ഗ്രാമീണ കാഴ്ച്ചകളിലൂടെ ...!

(മോയാർ-വയനാട് യാത്ര - ഭാഗം 1)


പുലർച്ചെ അഞ്ചുമണിയായിട്ടേയുള്ളൂ, നേരം വെളുത്തിട്ടില്ല. നല്ല തണുപ്പുണ്ട്; മഞ്ഞും! ദേശീയ പാതയിൽ വാഹന ബാഹുല്യം തുടങ്ങിയിട്ടില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് എന്റെ കാർ ചീറിപ്പായുകയാണ്.

ഗൂഡല്ലൂരിൽനിന്നും വയനാടിലെ വൈത്തിരിയിലേക്കുപോകുന്ന പാത, തേയിലത്തോട്ടങ്ങളാൽ അതീവ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. നയനാനന്ദകരമായ അനേകം ദൃശ്യ വിസ്മയങ്ങളാൽ അനുഗ്രഹീതമായ ആ പാതയിലൂടെ ഞാനിന്നൊരു ഏകദിനയാത്ര പോകുകയാണ്.

നാടുകാണി ചുരം പാതയിലെ, തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞാൽ, ഇടതുവശത്തേക്ക് കാണുന്നതാണ് വൈത്തിരിയിലേക്കുള്ള പാത. ഞാനിപ്പോൾ അവിടെയെത്തിയിരിക്കുന്നു. നേരം ഏഴുമണിയായതേയുള്ളൂ. അതുകൊണ്ടുതന്നെ, മോയാർ സന്ദർശിച്ചതിനു ശേഷമാകാം ഇതിലൂടെയുള്ള യാത്രയെന്ന് മനസിലുറപ്പിച്ചു.

യാത്ര തുടരുകയാണ്. തെപ്പക്കാട് ട്രെക്കിംഗ് പോയിന്റിലെത്തിയിരിക്കുന്നു. ഗൂഡല്ലൂരിൽനിന്നും മുതുമല വരെയുളള പാത വളരെയധികം കുണ്ടും കുഴിയും നിറഞ്ഞ നിലയിലായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക്‌ തന്നെ കഷ്ട്ടപ്പെട്ടു പോകാവുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് വളരെ ആയാസകരമായാണനുഭവപ്പെട്ടത്. കേവലം 17 കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം സമയമാണ് ചെലവായത്.


ക്രിസ്തുമസ് അവധിയുടെ അവസാനമായതിനാലും, പുതുവൽസരപ്പിറവി ആസന്നമായതിനാലുമാകണം, ഇപ്പോൾ സഞ്ചാരികളുടെ ആധിക്യം തന്നെയുണ്ടിവിടെ.

വനം വകുപ്പിന്റെ വണ്ടിയിൽ, കാട്ടിനകത്തുകൂടെയുള്ള ട്രെക്കിംഗിന് ഒരാൾക്ക് 135 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അല്ലെങ്കിൽ, പോകേണ്ട സ്ഥലങ്ങളുടെ ദൂരവും സമയവും കണക്കാക്കി, ഒരു ട്രിപ്പിന് 500 മുതൽ 1000 രൂപ വരെ ഈടാക്കുന്ന തുറന്ന ജീപ്പുകളും ഇവിടെ ലഭ്യമാണ്.


ഉരുക്കു പാലവും കടന്ന്, ആനയൂട്ടു നടക്കാറുള്ള സ്ഥലത്തെത്തി. സഫാരിയുടെ ടിക്കറ്റുണ്ടെങ്കിൽ മാത്രമെ അവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതൊരുതരം ബിസിനസ് തന്ത്രമാണെന്ന് മനസിലാക്കാൻ, ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നുമില്ലെന്ന് കരുതുന്ന ഞാൻ, തൽക്കാലം തിരിച്ചു നടക്കുകയാണ്.

അൽപനേരത്തെ ചിന്തക്കൊടുവിൽ, സ്വന്തം വണ്ടിയിൽത്തന്നെ മസിനഗുഡിയിലേക്ക് പോകാമെന്നു തീരുമാനിച്ചു. മസിനഗുഡിയിൽനിന്നും ഇടത്തോട്ടുള്ള പാത മോയാറിലേക്കുള്ളതാണ്.

വിനോദ സഞ്ചാരികളായ യാത്രക്കാരെ എല്ലായിടത്തും കാണുന്നുണ്ട്. പാതയോരത്തെ വിശ്രമ കേന്ദ്രങ്ങളിലും, ഭോജന ശാലകളിലും നല്ല ജനത്തിരക്കുണ്ട്. രാത്രി താമസത്തിനുള്ള ഹോട്ടലുകളും റിസോർട്ടുകളും ദിവസങ്ങൾക്കു മുൻപേ നിറഞ്ഞിരിക്കുന്നു.

മസിനഗുഡിയിലെത്തിയിരിക്കുന്നു. ചെറിയൊരു അങ്ങാടിപോലെ തോന്നിക്കുന്ന സ്ഥലം. അധികം ഉയരമില്ലാത്ത കെട്ടിടങ്ങൾ. പഴമ തോന്നിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.

ഡിസംബർ മാസമായതിനാലാകാം നല്ല മഞ്ഞുണ്ട്. തണുപ്പിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ജനങ്ങൾ, പ്രഭാത സൂര്യന്റെ ഇളം വെയിൽ കാഞ്ഞുകൊണ്ട്, കമ്പിളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ രൂപത്തിൽ അവിടവിടെ ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. സ്വർണ്ണാഭമായ രശ്മികൾ ചുറ്റുപാടുകൾക്ക് കൂടുതൽ ദൃശ്യ മികവേകുന്നുണ്ട്.

ഇവിടെനിന്നും ഇടതു വശത്തേക്കായി കാണുന്നതാണ് മോയാറിലേക്കുള്ള പാത. സാമാന്യം നല്ല റോഡുതന്നെ. ഇതിലൂടെയുള്ള യാത്രയിലും കാനന യാത്രയുടെ പ്രതീതി വിട്ടുമാറുന്നില്ല. തുറന്ന ജീപ്പിലുള്ള ട്രെക്കിംഗ് സംഗങ്ങൾ പലയിടങ്ങളിലും എന്നെക്കടന്നു പോകുന്നുണ്ട്.


അൽപ ദൂര യാത്രക്കൊടുവിൽ ഞാൻ മോയാർ ഡാമിനടുത്തെത്തി. സുന്ദരമായ ജലാശയം. സ്ഫടികാഭമായ ജലം. വശ്യ മനോഹരമായ പശ്ചാത്തലം. ജലസമ്പരണിയുടെ നടുവിലായി തുരുത്തുപോലെ ഒരു ഭാഗം കാണുന്നുണ്ട്; അതിനു നടുവിലായി പന്തലിച്ചു നിൽക്കുന്നൊരു മരവും. ചിലയിടങ്ങളിൽ കാണുന്ന, ഉണങ്ങിയ മരങ്ങളോടു കൂടിയ തുരുത്തുകളും പശ്ചാത്തലത്തിനു ദൃശ്യ മികവേകുന്നുണ്ട്.




ഡാമിന്റെ ജലസമ്പരണിയുടെ തീരത്തുള്ള തണൽ മരത്തിന്റെ ചുവട്ടിലായ് ഞാൻ നിൽക്കുകയാണ് . ജനസാന്ദ്രമല്ലാത്ത ഗ്രാമീണമായ ചുറ്റുപാട് . ഒടപ്പെട്ടു കാണുന്ന ദരിദ്രമായ വീടുകൾ. വിശാലമായ വെളിമ്പ്രദേശത്തിനു നടുവിലും, ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിതമായ 'കൂരകൾ'. അവയിൽ പലതും നിലം പൊത്താറായ അവസ്ഥയിലാണു കാണപ്പെടുന്നത്.




ഒരു വീടിനു മുന്നിലായി, പ്രായമായൊരു സ്ത്രീയെ കാണുന്നുണ്ട്. പ്രായത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ പരാധീനതയും നിറഞ്ഞൊരു രൂപം. തമിഴ്നാടൻ ഉൾഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്. അതെല്ലാം നേരിൽക്കണ്ടുകൊണ്ടുള്ള യാത്ര, തീർത്തും സുന്ദരമായ അനുഭവങ്ങളാണ് എനിക്ക്‌ സമ്മാനിക്കുന്നത്‌.

നോക്കെത്താ ദൂരമത്രയും പരന്നുകിടക്കുന്ന കുറ്റിക്കാടുകളും പുൽത്തകിടികളും നിറഞ്ഞൊരു ഭൂപ്രദേശം. അവിടവിടെ ഒറ്റപ്പെട്ടു കാണപ്പെടുന്ന വലിയ തണൽമരങ്ങൾ. മഞ്ഞ പുഷ്പങ്ങളാൽ പുഞ്ചിരിക്കുന്ന കാട്ടുചെടികൾക്കും മനം മയക്കുന്നൊരു സൗന്ദര്യമാണിവിടെ.



തദ്ദേശീയരായ ഗ്രാമ വാസികളിൽ നല്ലൊരു ശതമാനവും കാലിവളർത്തലിൽ ഉപജീവന മാർഗം കാണുന്നവരാണ്.

പച്ചപ്പുല്ലുകളാൽ സമ്പന്നമായ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ ഈ പ്രദേശം, കാലിവളർത്തലിന് വളരെ അനുയോജ്യമായൊരു ഭൂ പ്രദേശമാണെന്ന് എനിക്കും തോന്നി. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളും കുറവല്ല. അഞ്ചു സെന്റിലൊരു വീടെന്ന സംസ്കാരത്തിൽ ജീവിക്കുന്ന എനിക്ക്‌, ഈ കാഴ്ച്ചകൾ വളരെ വിസ്മയാവഹമായൊരു അനുഭവമാണ് പകർന്നു നൽകുന്നത്‌.

പ്രാകൃതമെങ്കിലും സുന്ദരമായൊരു ബസ് കാത്തിരിപ്പു കേന്ദ്രം, അല്പം ദൂരെയായി കാണുന്നുണ്ട്. ഞാൻ അതിനടുത്തേക്ക് നടക്കുകയാണ്. പഴയകാല സിനിമകളിൽ കാണാറുള്ള ഗ്രാമീണ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച!


പുതിയ കാഴ്ച്ചകൾ തേടിയുള്ള ട്രെക്കിംഗ് സംഗങ്ങൾ, ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. സമയം ഒരുപാട് വൈകിയിരിക്കുന്നു. ഞാൻ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.


മോയാർ-വയനാട് യാത്ര - ഭാഗം 2 ഇവിടെ അമർത്തുക



No comments:

Post a Comment