പ്രളയാനന്തര നെല്ലിയാമ്പതിയിലേക്ക് ഒരു കുടുംബയാത്ര
പ്രളയാനന്തര നെല്ലിയാമ്പതിയെ അടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഇരുപതിലധികം ഉരുൾ പൊട്ടലുകൾകൊണ്ട് ഭീകരമായിരുന്നു ഈ പ്രദേശം. ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായതിന്റെ ബാക്കി ഭാഗങ്ങൾ ഈ യാത്രയിൽ ഞങ്ങൾക്ക് കാണാനാകുന്നുണ്ട്.
പാത പൂർണ്ണമായും ഒലിച്ചുപോയ സ്ഥലത്താണ് ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മലയുടെ ഒരു ഭാഗം മുഴുവനായ് ഒലിച്ചുപോയിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ അന്ന് നാം കണ്ട കാഴ്ചകൾ തന്നെയാണിതെല്ലാം. മണ്ണ് നിറച്ച ചാക്കുകെട്ടുകൾകൊണ്ട് താൽക്കാലികമായി നിർമ്മിച്ച പാതയിലൂടെയാണിപ്പോൾ വണ്ടികൾ കടന്നു പോകുന്നത്. ഭീകരമായ കാഴ്ചകൾ തന്നെ.
കുറെ അകലെയായൊരു കുന്ന് കാണുന്നുണ്ട്. ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന സുന്ദരമായൊരു കുന്ന്. അവിടെയുള്ള റോഡരികിലെ വ്യൂ പോയിന്റിൽ വണ്ടി നിർത്തി. നല്ല കാഴ്ചകൾ. സുഖമുള്ളൊരു തെന്നൽ തഴുകിപ്പോകുന്നുണ്ട്. തണുപ്പ് തോന്നിത്തുടങ്ങുന്നുണ്ട്.
അൽപ്പനേരം അവിടെ ചെലവഴിച്ചശേഷം, യാത്ര തുടരുകയാണ്. നെല്ലിയാമ്പതിയിലെ ഗവ: ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലെത്തിയിരിക്കുന്നു. പ്രവേശനം സൗജന്യമാണ്. ഏകദേശം 850 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു ഫാമാണിത്. 1943 കൊച്ചി രാജാവിനാൽ തുടക്കം കുറിച്ച ഈ ഫാം ഇന്ന് കേരളം ഗവൺമെന്റിന്റെ അധീനതയിലാണ്. 400 ലധികം ഇനം റോസാച്ചെടികളും, 70 ലധികം ഇനം ചെമ്പരത്തിച്ചെടികളും ഇവിടെയുണ്ടെന്നാണറിഞ്ഞത്.
ഇവിടെയുൽപ്പാദിപ്പിക്കുന്ന പഴങ്ങളിൽ നിന്നും നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. അതിനായി 1963 ൽ ഇവിടെയൊരു പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി.
ഇവിടെയുൽപ്പാദിപ്പിക്കുന്ന തൈകളും, വിത്തുകളും മറ്റും ആവശ്യക്കാർക്ക് ഇവിടത്തെ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങാവുന്നതാണ്.
കുറേനേരം അവിടെചെലവഴിച്ചശേഷം നെല്ലിയാമ്പതി വ്യൂ പോയിന്റ് കാണുന്നതിനായ് യാത്ര തുടരുകയാണ്.
വീണുകിട്ടിയ സൗഭാഗ്യം പോലെ, വഴിവക്കിലെ കാപ്പിത്തോട്ടത്തിൽ ഒരു മ്ലാവിനെ കാണാൻ സാധിച്ചു. അലസരായിരുന്ന സഹയാത്രികൻ അതോടെ ഉഷാറായി. വാഹനത്തിന്റെ ജനാലയിലൂടെ അവൻ അകത്തേക്ക് തലയിടാൻ ശ്രമിക്കുകയാണ്. മനുഷ്യനോട് ഇണങ്ങിയതിന്റെ ലക്ഷണങ്ങൾ അവന്റെ പെരുമാറ്റം കണ്ടാലറിയാം. ഒരുപാട് ഫോട്ടോകളെടുത്തു. മതിയാവോളം കണ്ടുനിന്നു.
നെല്ലിയാമ്പതി വ്യൂ പോയിന്റിലെത്തിയിരിക്കുന്നു. അതിശയിപ്പിക്കുന്ന കാഴ്ചകൾ തന്നെ. അഗാധമായ ഗർത്തം തന്നെയാണ്. മഞ്ഞുമൂടിയപോലെ തോന്നിക്കുന്ന അന്തരീക്ഷം. അതുകൊണ്ടുതന്നെ, താഴെയുള്ള ദൃശ്യങ്ങളുടെ വ്യക്തത കുറവാണ്. എങ്കിലും, കൃഷിപ്പാടങ്ങളും, ഗ്രീൻഹൗസുകളും അവ്യക്തമായെങ്കിലും കാണുന്നുണ്ട്. ദൂരെ കാണുന്നത് കൊല്ലങ്കോട് ടൗണാണ്.
വാക്കുകൾക്കതീതമായ കാഴ്ചകൾ കൊണ്ട് വിവരിക്കേണ്ട ദൃശ്യങ്ങൾ തന്നെയാണ്.
ഇനി പോത്തുണ്ടി ഡാമാണ്ലക്ഷ്യം. ചുരമിറങ്ങി. ആറുമണി വരെ മാത്രമേ ഡാമിന്റെ പരിസരത്ത് സഞ്ചാരികളെ അനുവദിക്കുകയുള്ളു. പ്രവേശന ഫീസ് ഒരാൾക്ക് 10 രൂപയാണ്.
സുന്ദരമായ ഡാം. വലിയ ഓളങ്ങളില്ലാത്ത ജലപ്പരപ്പ്. ചുറ്റിലുമായ് വലിയ കുന്നുകൾ. കഴിഞ്ഞ പ്രളയകാലത്ത്, ആ കുന്നുകളിൽ പലയിടങ്ങളിലായ് ഏകദേശം ഇരുപത്തെട്ടോളം ഉരുൾപ്പൊട്ടലുകളാണുണ്ടായത്. അതിന്റെയെല്ലാം മുറിപ്പാടുകളെന്നോണം, മണ്ണിടിഞ്ഞ ഭാഗങ്ങൾ കാണുന്നുണ്ട്.
സമയം ആറുമണിയാകാറായിരിക്കുന്നു. ഇനി തിരിച്ചിറങ്ങാനുള്ള സമയമായിരിക്കുന്നു. അതുകൊണ്ട്തന്നെ വളരെ വേഗം ഷട്ടർ വരെ പോയി തിരിച്ച് പോരുകയാണ്.
ഈ യാത്രയുടെ വീഡിയോ, യൂട്യൂബിൽ കാണുന്നതിനായി ഇവിടെ അമർത്തുക.
Please click this link for video in YouTube.
No comments:
Post a Comment