Tuesday, December 6, 2022

അക്വാറിയത്തിലെ കടൽ ജീവികൾ

വൈവിധ്യമാർന്ന അനേകം ജന്തുജാലങ്ങളുടെ വലിയൊരു കലവറയാണ് സമുദ്രം. ചെറുതും വലുതുമായ ധാരാളം ജീവ ജാലങ്ങൾ അതിൽപ്പെടുന്നു. കടലിൻ്റെ അടിത്തട്ടിൽ കാണപ്പെടുന്ന മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും അതിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നേരിൽ കാണണമെങ്കിൽ അതിനടിത്തട്ടിലേക്കൊന്ന് ഊളിയിട്ടിറങ്ങുക തന്നെ വേണ്ടി വരും, അല്ലെ?


എന്നാൽ, അത്തരമൊരു ഭീമൻ അക്വാറിയം നിർമ്മിക്കപ്പെടുകയാണെങ്കിലോ? കഷ്ടപ്പെടാതെത്തന്നെ നമുക്കത് ആസ്വദിക്കാനാകും. നമുക്കിതുവരെ അപരിചിതമായിരുന്ന പല ജലജീവികളെയും നമുക്കവിടെ കാണാനായേക്കും. കുട്ടികൾക്കും മുതിർന്നവർക്കും, വിശേഷിച്ച് വിദ്യാർത്ഥികൾക്ക് അതൊരു വിജ്ഞാന സ്രോതസ് തന്നെയായിരിക്കും. അങ്ങനെയെങ്കിൽ അതൊരു നല്ല കാര്യം തന്നെയായിരിക്കും, അല്ലെ?


മറൈൻ വേൾഡ് പബ്ലിക് അക്വാറിയം:

ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയമാണ് "മറൈൻ വേൾഡ് പബ്ലിക് അക്വാറിയം". ഇത് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നറിയുമ്പോൾ തീർച്ചയായും നമുക്ക് അഭിമാനിക്കാം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും കേവലം പത്ത് കിലോമീറ്റർ മാത്രം അകലെയായ്, തൃശൂർ ജില്ലയിലെത്തന്നെ ചാവക്കാട് എന്ന സ്ഥലത്തെ "പഞ്ചവടി" ബീച്ചിനടുത്താണ് ഈ അക്വാറിയം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 2007 ൽ നിർമ്മിതമായ ഇവിടേക്കിപ്പോൾ, വിശേഷിച്ചും ഒഴിവ് ദിവസങ്ങളിൽ ജനപ്രവാഹം തന്നെ പതിവാണ്.

മലപ്പുറത്തു നിന്നും രണ്ട് മണിക്കൂർ യാത്രയിൽ എത്താവുന്ന സ്ഥലം തന്നെയാണെന്നിരിക്കിലും, ഇതുവരെ പോകാൻ സാധിച്ചിട്ടില്ലെന്ന് പറയാൻ തെല്ലൊരു നാണം തന്നെയുണ്ട്. അങ്ങനെ ഇന്ന് ഞാൻ അവിടേക്കൊരു യാത്ര പോകുകയാണ്. സാമാന്യം മഴ പെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ സാവധാനത്തിലാണ് ഡ്രൈവിംഗ്. ദേശീയപാത, വീതി കൂട്ടുന്നതിൻ്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാരതപ്പുഴയിൽ വെള്ളം അധികം ഉയർന്നിട്ടില്ല. കുറ്റിപ്പുറം പാലത്തിന് മുകളിലൂടെ കടന്ന് പോകുമ്പോൾ, പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പണികൾ തകൃതിയായ് നടക്കുന്നത് കാണാം. ഉച്ചയോടെ ഞങ്ങൾ മറൈൻ വേൾഡിനടുത്തെത്തി.

രാവിലെ 11:30 മുതൽ വൈകുന്നേരം 6:30 മണിവരെയാണിവിടത്തെ സന്ദർശന സമയം. ഒഴിവ് ദിവസങ്ങളിൽ 11 മണി മുതൽ 7 മണി വരെ തുറന്ന് പ്രവർത്തിക്കാറുണ്ട്. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 350 രൂപയാണ് പ്രവേശന ഫീസ്. അറുപത് വയസ് മുതൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് 300 രൂപയും, മൂന്ന് വയസ് മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്.

ടിക്കറ്റെടുത്ത് അകത്ത് കയറുമ്പോൾ, ആദ്യമെത്തുന്നത് വലിയൊരു ഹാളിലേക്കാണ്. അവിടൊരു ജലകന്യക, ഒരു കടൽപ്പക്ഷിയെ കയ്യിലെടുത്ത് സല്ലപിക്കുന്ന മനോഹരമായൊരു ശിൽപ്പം കാണാം. കടൽ പക്ഷിയുടെ പരിഭവങ്ങളും പരാതികളും ക്ഷമയോടെ കേൾക്കുകയാണോ എന്നറിയില്ല, പ്രസന്ന ഭാവത്തോടെ അവളാ പാറപ്പുറത്തിരിക്കുന്നത് എന്തൊരു പെർഫെക്ഷനോടെയാണെന്നോ ശിൽപി നിർമ്മിച്ചിരിക്കുന്നത്!


ഇവിടത്തെ പ്രധാന ആകർഷണം "ഫിഷ് സ്പ" തന്നെയാണ്. പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഇരിപ്പടങ്ങളിലിരുന്ന് വെള്ളത്തിലേക്ക് കാല് മുക്കുമ്പോൾ, അനേകം ചെറു മൽസ്യങ്ങൾ വന്ന് കാലിൽ പൊതിയുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ്. ഒരുതരം ഇക്കിളിപ്പെടുത്തൽ പോലെ. ഇങ്ങനെ ചെയ്യുമ്പോൾ കാലിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിതമാകുന്നുവെന്നും, കാലിലേക്കുള്ള രക്തചംക്രമണം കൂടുന്നുവെന്നും, കാലിലെ നിർജീവ തൊലികൾ ഇവ തിന്ന് കാൽപ്പാദം സുന്ദരമാക്കുന്നുവെന്നുമെല്ലാം പറയപ്പെടുന്നുണ്ട്. എന്തൊക്കെയായാലും, അവാച്യമായൊരു അനുഭൂതി തന്നെയാണ് ഫിഷ് സ്പ ഏതൊരാളിലും സമ്മാനിക്കുന്നതെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഹാളിൻ്റെ ചുമരുകളോടനുബന്ധിച്ച്, ചുറ്റിലുമായ് ചെറിയ ചെറിയ അക്വാറിയങ്ങൾ കുറേയെണ്ണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചെറു നീരുറവകളും, അവ തീർക്കുന്ന വെളളക്കെട്ടിൽ ചരിച്ചു കൊണ്ടിരിക്കുന്ന പലതരത്തിലുള്ള മൽസ്യങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. കുറേ നേരം അവിടെ ചെലവഴിച്ച ശേഷം, ഇനി അടുത്ത ഹാളിലേക്ക് കയറുകയാണ്.



അടുത്തത് സാമാന്യം വലിയൊരു ഹാൾ തന്നെയാണ്. നല്ല പ്രകാശ സംവിധാനത്തോട് കൂടിയൊരു ഹാൾ. ചുമരുകളിൽ, ചിത്രപ്പണികളാലൊരു 'അൻ്റാർക്ടിക് പശ്ചാത്തലം' സൃഷ്ടിച്ചിരിക്കുന്നു. അവിടവിടെയായ് പ്രതിഷ്ഠിച്ചിരിക്കുന്ന പെൻക്വിൻ ശിൽപ്പങ്ങൾ, പശ്ചാത്തലത്തിൻ്റെ പെർഫെക്ഷൻ കൂട്ടുന്നതായി തോന്നി. അതിനടുത്തിരുന്ന് പലരും ഫോട്ടോകളെടുക്കുന്നുണ്ട്.

അടുത്ത ഹാളിലേക്ക് കയറുകയാണ്. വായ തുറന്ന് നിൽക്കുന്നൊരു സ്രാവിൻ്റെ വായിലൂടെ കടന്ന് പോകുന്ന രീതിയിലാണിവിടെ കവാടമൊരുക്കിയിരിക്കുന്നത്. അതൊരു വെറൈറ്റിയായി എനിക്ക് തോന്നി. ഇവിടെയുമുണ്ട് പല തരത്തിലുള്ള മീനുകൾ. കടലിലേക്കൂളിയിട്ടിറങ്ങിയാൽ പോലും കാണാൻ സാധിക്കാത്തത്ര കടൽ ജീവികളെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.




അടുത്ത ഹാളിലേക്ക് കയറുകയാണ്. "ആർട്ടിഫിഷ്യൽ റെയിൻഫോറസ്റ്റിൻ്റെ" ഒരു മാതൃക നിർമ്മിച്ചു വെച്ചിരിക്കുന്നു. ഇടതിങ്ങി നിൽക്കുന്ന മരങ്ങളും, അവക്കിടയിൽ അലഞ്ഞ് നടന്ന് പുല്ല് തിന്നുന്ന മാനുകളുമെല്ലാം ശില്പങ്ങളായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പശ്ചാത്തലത്തിൽ കേൾക്കുന്ന കിളിനാദങ്ങളും, നദിയുടെ കളകളാരവവും കൂടെയാകുമ്പോൾ, നാമൊരു ഉൾവനത്തിലെത്തിയ പ്രതീതിയാണ് തോന്നുക. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മൽസ്യമായ 'അരാപൈമയെ' നമുക്കിവിടെ ഈ വെള്ളക്കെട്ടിൽ കാണാം.


ഇനിയൽപ്പം താഴേക്കിറങ്ങാം. കടലിൻ്റെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ധാരാളം ജീവികളെ ഇവിടെക്കാണാം. പല നിറത്തിലുള്ള വരകളും ചിത്രപ്പണികളും കൊണ്ട് കാണികളിൽ വിസ്മയം തീർക്കുന്ന പലതരം മീനുകൾ. നിയതമായൊരു ആകൃതിയില്ലാത്ത, പായൽ പിടിച്ചൊരു ശിലാശകലം പോലെ ഒരു ജീവിയെ കണ്ടു. "സ്റ്റോൺ ഫിഷ്" എന്ന ഒരു തരം മത്സ്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ മത്സ്യമാണിതെന്നാണ് പറയപ്പെടുന്നത്. ഇതിൻ്റെ ശരീരത്തിൽ കാണപ്പെടുന്ന ചെറിയ മുള്ളുകൾ പോലുള്ള ഭാഗങ്ങളിലാണ് വിഷം ശേഖരിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയിൽ ഇവ മനുഷ്യനെ ആക്രമിക്കാറില്ല. എന്നാൽ, അറിയാതെയാണെങ്കിലും അതിനെ ചവിട്ടാനിടയായാൽ, കാലിലേക്ക് തുളച്ച് കയറുന്ന വിഷമുള്ളുകളിലൂടെ വിഷം അകത്തേക്ക് ഇൻജക്റ്റ് ചെയ്യപ്പെടുന്നു. എത്ര അമർത്തിച്ചവിട്ടുന്നുവോ, അത്രയും വിഷം അകത്ത് കടക്കുന്നു. അതു കൊണ്ട് തന്നെ, പല സ്കൂബ ഡൈവേഴ്സിനും അബദ്ധത്തിലാണെങ്കിലും ഇതിൻ്റെ വിഷമേൽക്കാറുണ്ട്.

സമുദ്രാടിത്തട്ടിലെ ചെറിയ പൊത്തുകളിൽ കാണപ്പെടുന്ന ലോബ്സ്റ്ററുകളെപ്പോലുള്ള ജീവികളെയും നമുക്കിവിടെ കാണാൻ സാധിക്കും. പുള്ളികളുള്ളതും ഇല്ലാത്തതുമായി വിവിധ തരം തിരണ്ടി മൽസ്യങ്ങളെ കാണാം. ജീവനോടെ ഇത്രയധികം തിരണ്ടികളെ അടുത്ത് കാണാനുള്ളൊരവസരം മറ്റെവിടെക്കിട്ടുമെന്ന് ചിന്തിച്ചുപോയി. ശുദ്ധജല തിരണ്ടികളെന്നും കടൽ ജല തിരണ്ടികളെന്നും രണ്ട് തരം തിരണ്ടികളുണ്ടെന്ന കാര്യം എനിക്കിവിടെനിന്നു കിട്ടിയ പുതിയൊരറിവാണ്. എന്തായാലും, അടിത്തട്ടിനോട് പറ്റിച്ചേർന്ന് അവയങ്ങനെ ഒഴുകി നീങ്ങുന്നത് കാണാൻ തന്നെ നല്ലൊരു ചേലാണ്.


മൽസ്യങ്ങളെ കണ്ട് കണ്ട് നടക്കുന്നതിനിടയിൽ, വിശേഷപ്പെട്ടൊരു ആകൃതിയുമായി ഒരു ജീവിയെ കാണാനിടയായി. ഓന്തിനെപ്പോലെ തോന്നിക്കുന്നൊരു ജീവി; "ആൽബിനോ മെക്സിക്കൻ സാലമാൻഡർ" (ആക്സോലോട്ട്ൽ). നടക്കാൻ കഴിവുള്ള മൽസ്യമെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട്തന്നെ ഇതിന് മെക്സിക്കൻ വാക്കിംഗ് ഫിഷ് എന്നൊരു പേരും കൂടെയുണ്ട്. എന്നാൽ ഇതൊരു മൽസ്യമല്ല എന്നതാണ് സത്യം. ഇവയുടെ പല അവയവങ്ങളും ഖണ്ഡിക്കപ്പെടുകയാണെങ്കിൽ, അധികം വൈകാതെത്തന്നെ പുതിയത് മുളച്ച് വരുമെന്ന കാര്യം തെല്ലൊരൽഭുതത്തോടെയാണ് കേട്ടുനിന്നത്.

അടുത്ത ഹാളിൻ്റെ നടുവിലായി, വൃത്താകൃതിയിൽ വലിയൊരു അക്വാറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന മത്സ്യങ്ങൾ തന്നെയാണ് ഈ ഹാളിലെ പ്രധാന ആകർഷണം. "ലയൺഫിഷു"കളാണ്. ദേഹമാസകലം വശ്യമായ ചിത്രപ്പണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഒരു ചിത്രശലഭത്തിൻ്റെ ചിറകുകൾ പോലെയോ, സിംഹത്തിൻ്റെ സട പോലെയോ തോന്നിക്കുന്ന വിടർന്ന ചിറകുകൾ (തുഴകൾ). കാഴ്ചയിൽ വളരെ ഓമനത്വം തോന്നുമെങ്കിലും, അതിൻ്റെ ശരീരത്തിൽ കാണുന്നതെല്ലാം വിഷമുള്ള മുള്ളുകൾ തന്നെയാണ്.




എത്ര കണ്ടാലും മതിവരാത്തത്ര ജീവികൾ. സമയം പോകുന്നതറിയില്ല. ഇനിയാണ് മറൈൻ വേൾഡിലെ പ്രധാന ആകർഷണത്തിലേക്കെത്തുന്നത്; "അണ്ടർ വാട്ടർ ടണൽ". വലിയൊരു ടാങ്കിനടിയിലൂടെ ചില്ലുകൊണ്ടൊരു തുരങ്കം തീർത്തിരിക്കുന്നു. അതിന് മുകളിലൂടെ മീനുകൾ ഒഴുകി നീങ്ങുന്നു. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്! ആറടിയോളം വരുന്ന മീനുകൾ വരെ നമ്മുടെ വശങ്ങളിലൂടെയും, തലക്ക് മുകളിലൂടെയും നീന്തി നടക്കുന്നത് കാണുമ്പോൾ, സ്വപ്നം കാണുകയല്ലെന്ന തിരിച്ചറിവിലെത്താൻ കുറച്ചധികം സമയമെടുക്കുമെന്നതാണ് സത്യം. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചകൾ! എത്ര നേരം അവിടെയങ്ങനെ നോക്കി നിന്നു എന്നോർമ്മയില്ല. ഞാൻ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയാണ്. കടലിൻ്റെ അടിത്തട്ടിലിരുന്ന്, ഈ പ്രപഞ്ച വിസ്മയങ്ങളെ കൗതുകത്തോടെ ഉറ്റുനോക്കുന്ന നിഷ്കളങ്ക ബാല്യത്തിൻ്റെ അൽഭുതമാണ് ഏതൊരാളുടെയും മുഖത്ത് കാണാൻ സാധിക്കുന്നത്.

ഞങ്ങൾ പുറത്തിറങ്ങി. കാഴ്ചകളവസാനിക്കുന്നില്ല. മുറ്റത്തായ് വലിയൊരു തിമിംഗല ശില്പം നിർമ്മിച്ച് വച്ചിട്ടുണ്ട്. അതിനടുത്ത് നിന്ന് പലരും ചിത്രങ്ങൾ പകർത്തുന്നുണ്ട്. സഞ്ചാരികൾക്ക് വേണമെങ്കിൽ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാം. അതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത് ഇതിനടുത്താണ്. തീറ്റ ഇവിടെക്കിട്ടും. അതിന് പ്രത്യേക ചാർജൊന്നും ഈടാക്കുന്നില്ല.



ഇത് കൂടാതെ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക്കും, ഭോജന ശാലയും, സുവനീർ ഷോപ്പുമെല്ലാം ഈ കോമ്പൗണ്ടിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബേഡ്സ് പാർക്കിനകത്ത് കയറിയാൽ, പലതരത്തിലുള്ള പക്ഷികളെ കാണാൻ സാധിക്കും. അവയുടെ കൂടെ നിന്ന് ഫോട്ടോകളെടുക്കുന്നതും സഞ്ചാരികൾക്ക് കൗതുകം തന്നെ. ലൈവ് ഫിഷ് കാച്ചിംഗിനുള്ള അവസരവും ഇവിടെയുണ്ട്. അത് ചെറിയ കുട്ടികൾക്കാണെന്ന് മാത്രം. കൂടാതെ 16D തീയേറ്റർ, ബമ്പർ കാർ മുതലായ വിനോദോപാദികളും ഇവിടെ നമുക്കാസ്വദിക്കാൻ സാധിക്കും. എന്നിട്ടും സമയം ബാക്കിയാണെങ്കിൽ, നടക്കാവുന്ന ദൂരത്തിലാണ് "പഞ്ചവടി ബീച്ച്" എന്ന കാര്യവും ഓർമപ്പെടുത്തുന്നു.

Tour Date: 25/06/2022 (Saterday)

No comments:

Post a Comment