Saturday, November 27, 2010

MO കോണ്‍ഫറന്‍സ്

23.11.2010 -ചൊവ്വ



ഇന്ന്  MO മീറ്റിംഗ് ഉണ്ടായിരുന്നു. പണ്ടൊക്കെ ഈ പരിപാടിക്ക് ഇറങ്ങിതിരിക്കുക എന്നുവച്ചാല്‍, കാശിനല്‍പ്പം ചെലവുള്ള കാര്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അങ്ങനെയല്ല. ഭക്ഷണം മരുന്നുകമ്പനികള്‍ വഴി സ്പോണ്‍സർഷിപ്പാണു. ആശ്വാസം! വെളിമ്പുറത്തു രണ്ടിനിരുന്നപ്പോള്‍ ഒരു പാളകൂടെ കിട്ടിയാലോ?! ഡിയര്‍ അടിചെന്റെ ഡിയറെ എന്ന ജഗതീടെ മുഖമായി പിന്നെ. ഗിഫ്റ്റുകള്‍ വാരിക്കോരി കൊണ്ടുപോകാംഎന്നായി. സാമ്പിള്‍ മെടിസിനുകളുടെ വര്‍ണ്ണാഭമായ പ്രലോഭനങ്ങള്‍.


കാലം തെറ്റി പെയ്യുന്ന മഴപോലെ അരോചകമായിരുന്നു പലരുടെയും പ്രസംഗങ്ങള്‍. പക്ഷെ, ആശയങ്ങളും വിമര്‍ശനങ്ങളും കുറിക്കു കൊള്ളുന്നുണ്ട്. പലരുടെയും മുഖത്ത് മിന്നി മറയുന്ന നവരസ ഭാവങ്ങളില്‍നിന്നും ഏതൊരു സാരോജ്കുമാരുമാര്‍ക്കും വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കാവുന്ന ഭാവങ്ങള്‍ !


പരിപാടികള്‍ പുരോഗമിക്കുകയാണ്. വടക്കോട്ടുള്ളത് തെക്കോട്ടെടുതിരിക്കുന്നു! ഇത് തന്നെയാണ് പ്രധാന പരാധി. ഒന്നും മനസ്സിലായില്ല, അല്ലെ? പറയാം.


അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം; പക്ഷെ അതൊരു ശീലമാക്കിയാലോ?! ഏതൊക്കെയോ ഡിസ്പെന്‍സറികളിലേക്കുള്ള ഏതൊക്കെയോ മരുന്നുകള്‍ ആരൊക്കെയോ ചേര്‍ന്ന് എവിടെയൊക്കെയോ ഇറക്കിയിരിക്കുന്നു!


നീണ്ട വരിയില്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന നിരാലംബരായ രോഗികളെ പ്രതീക്ഷിച്ച് ഡിസ്പെന്‍സറിയിലെത്തിയ ഡോക്ടര്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ടാകണം. ഒരു കുത്തിയിരിപ്പ് സമരത്തിന്റെ ആരും പ്രതീക്ഷിക്കാത്ത അന്തരീക്ഷം! അടുത്ത വീട്ടിലെ താമസക്കാരനാണ്. ദിവസങ്ങളായി അവരുടെ വരാന്തയില്‍ കെട്ടിക്കിടക്കുന്ന മരുന്ന് പെട്ടികള്‍ക്കു ഒരു തീരുമാനമുണ്ടാക്കണം. അതാണയാളുടെ ആവശ്യം. ഏതു മരുന്ന് ?, ആര് ഇന്റെന്റ് ചെയ്ത മരുന്ന്? കാര്യമെന്തെന്നറിയാതെ അന്താളിച്ചു നില്‍ക്കുന്ന  മെഡിക്കലോഫീസർ .


കേവലമൊരു റോങ്ങ് നമ്പറിനെ ആധാരമാകി പ്രിയദര്‍ശന് ഒരു സിനിമ ഇറക്കാമെങ്കിൽ ,മരുന്ന് പെട്ടികളുടെ റോങ്ങ് ഡെലിവെറിയെക്കുറിച്ചുനമ്മള്‍ എന്തൊക്കെ ഇറക്കേണ്ടി വരും! ആരാന്റെ മരുന്ന് അവനവന്റെ ഡിസ്പെന്‍സറിയിലെത്തിയിട്ടു എന്ത് കാര്യം?! ബന്ധപ്പെട്ട അധികാരികളെ നിങ്ങള്‍ കുറച്ചുകൂടെ സീരിയസാകുക! പിടിപ്പതു ജോലികള്‍ വേറെത്തന്നെയുണ്ട് ഞങ്ങള്‍ക്ക്.


പരാതികളുടെയും പരിഹാരങ്ങളുടെയും നൂലാമാലകള്‍ കോർത്തിണക്കികൊണ്ട് ഒരു MO കോണ്‍ഫറന്‍സ് കൂടെ പര്യവസാനിക്കുകയായി.


കഥകളിയുടെ അവസാനം ആ എണ്ണത്തിരി കെടുത്തുമ്പോള്‍ ഒരു വല്ലാത്ത സുഗന്ധമാണ്; മൂക്കിലൂടെ തുളച്ചു കയറി, മസ്തിഷ്കത്തിന്റെ അടിവേരുകളിലൊരു വല്ലാത്ത ഇക്കിളിയുണ്ടാക്കുന്ന സുഗന്ധം! അത് ആസ്വതിക്കുമ്പോൾ പോലും ഉണ്ടാകാത്ത അനുഭൂതിയാണ് MO കോണ്‍ഫറന്‍സ് തീരുമ്പോള്‍ ഉണ്ടാകുന്നത്. എല്ലാവരും ആഞ്ഞു വലിച്ചു കയറ്റുകയാണ്; ഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു.


1 comment:

  1. വെളിമ്പുറത്തു രണ്ടിനിരുന്നപ്പോള്‍ ഒരു പാളകൂടെ കിട്ടിയാലോ?! ഡിയര്‍ അടിചെന്റെ ഡിയറെ എന്ന ജഗതീടെ മുഖമായി പിന്നെ.


    AA JAGATHIYODU VENAMAAYIRUNNO EE CHATHI......?

    ReplyDelete