Thursday, January 13, 2011

ക്യാമ്പും രോഗികളും പിന്നെ ഞാനും

സൗജന്യ മെഡിക്കല്‍ ക്യാമ്പെന്ന് പറഞ്ഞാല്‍ നയന്‍താര വരുന്നുണ്ടെന്നു പറഞ്ഞ പോലെയാണ്, നല്ല തിരക്കായിരിക്കും. അതൊരു ആയുര്‍വേദ ക്യാമ്പാനെങ്കിലോ, ഗ്ലാമറിന് തെല്ലുമുണ്ടാകില്ല പഞ്ഞം. ജനസാഗരമായിരിക്കും പിന്നെ. 'ഓസിനു കിട്ടിയാല്‍ ആസിഡും ......'അതാണല്ലോ ശീലം.

ഇന്നലെ തിരൂരങ്ങാടിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു. ക്യാമ്പ് ഡോക്ടറാകാന്‍ എനിക്കും കിട്ടി ഭാഗ്യം.

നല്ല തിരക്കുണ്ട്. വളരെ പെട്ടെന്ന് പണി തീര്‍ത്തു രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലാണ് പരിശോധകര്‍. അവരേക്കാള്‍ തിരക്കുള്ള രോഗികളും. അങ്ങനെ "ശടെ .......ശടെ...."ന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നീണ്ട ക്യുവാണ്. അക്ഷമരായ രോഗികളും. ഒരാള്‍ എണീക്കുമ്പോഴേക്കും ഇരിക്കാന്‍ തിടുക്കപ്പെടുന്ന ജനസാഗരം. ഒരു കസേരക്കളിയുടെ ലൈവ് ഷോ.

ഇതിനിടയിലാണ് അവര്‍ക്കിടയിലൂടെ അയാള്‍ നുഴഞ്ഞു കയറി വന്നത്. വരിയില്‍ നില്‍ക്കുന്നത് ഒരു മോശം ഏർപ്പാടാണെന്ന തോന്നലാണോ എന്നറിയില്ല, ഒരു വിധത്തില്‍ അയാള്‍ മുന്നിലെത്തി. അവിടെ രോഗികളെ പരിശോധിക്കുന്ന കസേരയിലിരുന്നു. ഒരു കൈ ടാബിളില്‍ കുത്തി ചരിഞ്ഞുള്ള ഒരു ഇരിപ്പ്. കണ്ണുകളെ മറച്ചുവച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ സാവധാനം എടുത്തു മാറ്റി. എന്നിട്ട്, 'ഓര്‍ബിറ്റ്' ചവച്ച കാളക്കുട്ടനെപ്പോലെ ഒരു ചിരി. ശരിക്കും പറഞ്ഞാല്‍ ഗഫൂര്‍ ക ദോസ്ത്- മാമുക്കോയയുടെ അതേ ചിരി. എന്നിട്ട് പറഞ്ഞു, "ഞാന്‍ സന്ഘാടകനാണ്... ". ആരാണെന്ന് ഞാന്‍ ചോദിച്ചിട്ട് പോലുമില്ല. പക്ഷെ ചിലര്‍ അങ്ങനെയാണ്. ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഇന്ട്രടക്ഷന്‍ നിർബന്ധമാണവർക്ക്. അത്, തന്നെ കുറിച്ച് തന്നെയാകുമ്പോള്‍ പാരഗ്രാഫിനു നീളം അല്പം കൂടും. അയാള്‍ അങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

"സര്‍.....അസുഖമെന്തെന്നു പറയു.......";ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു. 

അയാള്‍ തുടരുകയാണ്; കഴിഞ്ഞ ദിവസത്തെ വീര കൃത്യങ്ങള്‍. പരിശോധനാ സമയത്ത് ഞാന്‍ ഇരുന്നിരുന്ന കസേര വളരെ പണിപ്പെട്ടാനത്രേ അയാള്‍ കൊണ്ട് വന്നത്, തൊട്ടടുത്ത വീടില്‍നിന്നു. ഒരു 'ഫൈബര്‍ ചെയര്‍' കൊണ്ടുവരാന്‍ എത്രമാത്രം പണിപ്പെടേണ്ടി വരുമെന്നതിനെക്കുറിച്ചു ദയവായി ചിന്തിക്കാതിരിക്കുക. ഒരു പക്ഷെ പിടിച്ചു പറിച്ചു കൊണ്ടുവന്നതാനെങ്കിലോ? പ്രശംസിക്കുക കഠിനാദ്ധ്വാനിയെ!

സമയം വൈകുകയാണ്. വരിയില്‍ നില്‍ക്കുന്നവര്‍ മുറുമുറുക്കുന്നുണ്ട്. അസുഖത്തിനെക്കുരിച്ചു ഞാന്‍ വീണ്ടും ചോദിച്ചു. അവസാനം ഒരുവിധത്തില്‍ അയാളെക്കൊണ്ട് പറയിച്ചു. 

"വയരിനൊരു.......ഇതില്ല"; അയാള്‍ തുടര്‍ന്നു "നല്ല വിശപ്പില്ല, അരിഷ്ടങ്ങള്‍ വല്ലതും.... "ഒരു വളിഞ്ഞ ചിരിയോടെ നിര്‍ത്തി.

ഒരു ക്യാമ്പിലാകുമ്പോള്‍ ഈ രോഗ നിര്‍ണയം തന്നെ ധാരാളം- 'അഗ്നിമാന്ദ്യം'.  ഞാന്‍ മരുന്നെഴുതാന്‍ തുടങ്ങി. അതിനിടയിലാണ് അയാളുടെ പുതിയ നിര്‍ദേശം. "കഷായം വേണ്ട.......അരിഷ്ടം മതി".ഞാന്‍ അയാളുടെ മുഖത്തേക്കൊന്നു നോക്കി. യഥാര്‍ത്ഥത്തില്‍ ഇയാള്‍ എന്തിനാണ് വന്നത്. മനുഷ്യനെ മെനക്കെടുത്താന്‍..... ചോദിക്കനമെന്നുണ്ടായിരുന്നു.

നോക്കുന്നു മരുന്നെഴുതുന്നു എന്നത് റിപീറ്റ് മോടിലിട്ടുകൊണ്ട് ചികിത്സ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ച ഭക്ഷണത്തിനുള്ള സമയമായി. സംഘാടകരെ ആരെയും കാണുന്നില്ല. രണ്ടുമണി കഴിഞ്ഞിരിക്കുന്നു.വയറു കത്തിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ്. വിശപ്പ്‌ തലയ്ക്കു പിടിക്കുന്ന പോലെ. മുന്നില്‍ കാണുന്നവരോടൊക്കെ ദേഷ്യം തോന്നുന്ന പോലെ.

അതിനിടയിലാണ് അങ്ങനെയും ഒരു അവതാരം. അങ്കിള്‍ബന്നിലെ മോഹന്‍ ലാല് പോലും മൂക്കത്ത് കൈ വക്കും, അത്രയ്ക്കുണ്ട് തടി. ഗ്യാസുമുട്ടായി തിന്ന ഹിപ്പോ പൊട്ടാമസിനെപ്പോലെ നീട്ടി ഒരു ഏമ്പക്കവും വിട്ടു കൊണ്ട് അയാള്‍ മുന്നിലെ കസേരയില്‍ വന്നിരുന്നു. 'ഗ്യാസ് ട്രബിള്‍' - അതാണ്‌ പ്രശ്നം. ഒന്നും കഴിചിട്ടങ്ങു ഏല്‍ക്കുന്നില്ല; ദഹനം കിട്ടുന്നില്ല. നല്ല കാര്യം......! ഇനി ഇയാള്‍ക്ക് ദഹനം കൂടെയുണ്ടായിരുന്നെങ്കില്‍ എവിടെ ചെന്ന് നില്‍ക്കും, തടി?! അതങ്ങനെ തന്നെ നില്‍ക്കട്ടെ!

അവസാനം 'ഹന്ഗര്‍ ദേവന്‍' കനിഞ്ഞു. ഒരു പാത്രത്തില്‍ ചോറും മറ്റൊരു പാത്രത്തില്‍ ഒരുതരം കലക്ക വെള്ളവും. അവരതിനെ സാമ്പാര്‍ എന്നായിരുന്നു പേരിട്ടിരുന്നതെന്നു പിന്നീടാണ് മനസ്സിലായത്‌. അടിയിലൂടെ ഒന്ന് കോരിനോക്കി. മമ്പറം പാടത്തു ചൂണ്ടയിട്ടപോലെ - ഒന്നും തടയുന്നില്ല. ചോറില്‍ ഒഴിച്ചിട്ടും അങ്ങനെ തന്നെ. സാമ്പാര്‍ ഒഴിച്ച സ്ഥലം ഏതെന്നു അറിയണമെങ്കില്‍, ഒഴിക്കുമ്പോള്‍ തന്നെ ഒരു കൊടി കുത്തിവക്കണമെന്നു തോന്നിപ്പോയി. ഒന്നും മിണ്ടണ്ട, കഴിക്കുക തന്നെ. അത്രക്കുണ്ടായിരുന്നു വിശപ്പ്‌.

ഭക്ഷണാനന്തരം വീണ്ടും ഡോക്ടര്‍ സീറ്റില്‍. വളരെ നേരത്തെ തന്നെ സീറ്റ് പിടിച്ച പര്ധ ധാരിയായ ഒരു യുവതിയാണ് മുന്നില്‍. നിസ്സഹായമായ മുഖഭാവം. മടിത്തട്ടില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി സുഖ സുന്ദരമായി ഉറങ്ങുകയാണ്. കുട്ടിക്കാണ് സുഖക്കേട്‌. "ട്രൈകസ്പിഡ് അട്രീഷിയ" അവര്‍ റിപ്പോര്‍ട്ട് കാണിച്ചു. VSD,PAH.....തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വേറെയും. വിശധമായ പരിശോധന വേണമെന്ന് തോന്നി.

പൊതുവേ ക്ഷമാശീലം കുറവാണ് ജനങ്ങള്‍ക്കെന്നു പറഞ്ഞല്ലോ. അടുത്ത രോഗി വരിയില്‍ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. കൂടെ ഒരു കുട്ടിയുമുണ്ട് - ഏതാണ്ട് നാല് നാലര വയസ്സ് തോന്നിക്കും. അലസമായി അണിഞ്ഞ ഷര്‍ട്ട്. ബട്ടണുകള്‍ പലതും മിസ്സാനു. അതൊക്കെ സഹിക്കാം, പയ്യന്റെ മൂക്കില്‍നിന്നും സീറോ ബള്‍ബ് പോലെ ഇടയ്ക്കിടെ ഉയര്‍ന്നു വരുന്ന കുമിളകള്‍ അല്പം അറപ്പ് ഉളവാക്കുന്നതായിരുന്നു.

ചുമയാണ് അസുഖം. ചുമക്കുമ്പോള്‍ വായ മറച്ചു പിടിക്കണമെന്ന സാമാന്യ നിയമം, കുട്ടിയല്ലേ പാവത്തിന് അറിയില്ലെന്ന് തോന്നുന്നു. അവന്റെ ഓരോ ചുമയും ബാക്കിയുള്ളവന്റെ ചങ്കിനിട്ടാണ് കൊള്ളുന്നത്‌. കാരണം മറ്റൊന്നുമല്ല, അവന്റെ സീറോ ബള്‍ബുതന്നെ.

"അതൊന്നു തൊടച്ച് കൊടുക്കുമ്മ........"അവസാനം എനിക്ക് തുറന്നു പറയേണ്ടി വന്നു.

"അതെന്നേണോന്റെ കൊയപ്പം.........അയ്‌ കാണാമ്മാണ്ട്യാ........ തൊടക്കാണ്ടന്നത് " അവരുടെ നിഷ്കളങ്കമായ മറുപടി.

"കണ്ടല്ലോ........ഇനി തുടച്ചോളൂ........."ഞാന്‍ തിരിച്ചു പറഞ്ഞു.

സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. മരുന്നുകള്‍ ഓരോന്നായി തീര്‍ന്നു തുടങ്ങിയതിന്റെ അടയാള സൂചകങ്ങളായ കടലാസ് കഷണങ്ങള്‍ ഇടയ്ക്കിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. തീര്‍ന്ന മരുന്നുകളുടെ ലിസ്റ്റ് മൊത്തം മരുന്നുകളുടെ ലിസ്റ്റിനോളം വളര്‍ന്നിരിക്കുന്നു.  ഭാഗ്യം ; അവസാന രോഗിയും കഴിഞ്ഞു!

പരിമിതമായ സമയത്തില്‍ പരിധിയിലധികം വന്ന രോഗികളെ പരമാവധി ചികില്‍സിചെങ്കിലും പറയാവുന്നത്ര ശ്രദ്ധിക്കാന്‍ പറ്റാതിരുന്നതിന്റെ ദു:ഖം ബാക്കിയാക്കികൊണ്ട് ഒരു മെഡിക്കല്‍ ക്യാമ്പുകൂടി കഴിഞ്ഞു. രോഗികളേ.........ക്ഷമിക്കുക, വേണ്ടത്ര പേഷ്യന്റ് കെയര്‍ തരാന്‍ കഴിയാതെ പോയതില്‍! 

2 comments: