Tuesday, December 23, 2008

നൊസ്റ്റാൾജിയ

ആയുര്‍വേദ കോളേജ് കോട്ടക്കല്‍.
അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു, ആയുർവേദത്തിലേക്കുള്ള പ്രവേശന കവാടം. ആതുരര്‍ക്ക് ഒരു ആശ്വാസ കേന്ദ്രവും!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി  എട്ടിന്റെ അവസാനത്തിലാണ് ഞാന്‍ ഇവിടെ എന്റെ ഉപരി പഠനത്തിന്‍ ചേര്‍ന്നത്. ഒരു പ്രൊഫെഷണൽ കോളേജിന്റെ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍.
വിശാലമായ ക്യാമ്പസ്. വലിയ ഒരു പ്രവേശന കവാടം. വൃത്താകൃതിയിലുള്ള ആ പൂന്തോട്ടത്തിനു നടുവില്‍ സ്ഥാപകന്‍ പി എസ് വാര്യരുടെ പ്രതിമ തലയുയർത്തി നില്‍ക്കുന്നു. അതിന് പിന്നില്‍ കാണുന്ന രണ്ടു നിലബിൽഡിങ്ങാണു കോളേജ്.

വലതു വശത്തായി ചെറിയൊരു കാന്റീന്‍. നാടന്‍ മത്തിക്കറിയുടെ കൊതിയൂറും ഗന്ധം ഒഴുകി വരാറുള്ളത് ഇവിടെ നിന്നാണ്.
ഇടതു വശത്ത് വിശാലമായ ഔഷധോദ്യാനമാണ്. പലതരം ഔഷധ സസ്യങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. പലപ്പോഴും, ശാസ്ത്ര കുതുകികളായ കോട്ടിട്ട ജീവികള്‍ ഇവിടെ അലഞ്ഞു നടക്കുന്നത് കാണാം - ആയുര്‍വേദ വിദ്ധ്യാർത്ഥികളാണ്. അവിടെ, ഓരോ മരത്തിന്റെയും ചുവട്ടില്‍ കുത്തി നാട്ടിയ ബോര്‍ഡുകളില്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു. പ്രസ്തുത സസ്യത്തിന്റെ പേരും,നാളും, കുടുംബവും,........അങ്ങനെ വിജ്ഞാന കാംക്ഷിയായ ഒരാള്‍ക്ക് അറിയേണ്ടവ എല്ലാം.
ഇനി ഇടത്തോട്ടുള്ള വഴിയിലൂടെ അല്പം മുന്നോട്ട്. വലതു വശത്തായി ചെറിയൊരു കൂടാരം കാണാം. മില്‍മാ ബൂത്താണ്. കാഴ്ചയില്‍ ചെരിയതെങ്കിലും ക്യാമ്പസിന്റെ ഹൃദയ തന്ത്രികളെ ഇത്രയധികം തൊട്ടറിഞ്ഞ മറ്റൊന്നുണ്ടാവില്ല. ഒരു അങ്കത്തിനു ബാല്യമുള്ളത് കോളേജ് ലൈബ്രറിക്കാണ്. പക്ഷെ "നിശബ്ധത പാലിക്കുക" എന്ന വലിയ ബോര്‍ഡിലെ അന്ത്യ ശാസനങ്ങള്‍ അതിനെ സ്വന്തം പ്രതാപത്തെ പുറത്തെടുക്കാന്‍ അനുവദിക്കുന്നില്ലെന്നു വേണം പറയാന്‍. പല പ്രണയങ്ങളുടെയും തുടക്കതിനും , ഒടുക്കതിനും മൂക സാക്ഷിയായി ആ അത്തിമരം ഇന്നും അവിടെ ആ മില്‍മ ബൂത്തിനു മുന്നില്‍ നില്‍ക്കുന്നുണ്ട്; നിറയെ കായ്കളുമായി.
കുറച്ചുകൂടെ മുന്നോട്ട് നടന്നാല്‍ മുന്നില്‍ കാണുന്നതാണ് കോളേജ് ഹോസ്പിറ്റല്‍. ആതുരരായ ജനങ്ങളുടെ ആശ്വാസ കേന്ദ്രം. കയ്യില്‍ BP അപ്പാരറ്റസും, കീശയില്‍ സ്റ്റെതസ്കോപ്പും, മനസ്സില്‍ അഥര്‍വ മന്ദ്രങ്ങളുമായി ഗുരുവിന്റെ പിറകെയുള്ള ഓട്ടം. വാതത്തിന്റെ അതി പ്രസരമോ, പിത്തത്തിന്റെ  ആവരണമോ; അന്തം വിട്ടിരിക്കുന്ന രോഗിയുടെ മുട്ടിലും, മടക്കിലും ഓരോ തട്ട് ഓരോ മുട്ട്. റിഫ്ലെക്സിന്റെ അനാട്ടമി തേടിയുള്ള ജൈത്രയാത്ര!
വലതു വശത്ത് കാണുന്നതാണ് വിമെൻസ് ഹോസ്റ്റൽ. ക്യാമ്പസിന്റെ മുത്തുകളെന്നു സ്വയം വിശേഷിപ്പിക്കാവുന്നവര്‍ -തരുണികള്‍- ഇവിടത്തെ അന്തേവാസികള്‍. ഈ സ്വപ്ന സൗധത്തില്‍ നിന്നിറങ്ങി വരുന്നവരെ ആകാംക്ഷയോടെ നോക്കി നിൽക്കാനായിക്കൊണ്ട് എത്രയെത്ര കണ്ണുകള്‍! സുന്ദരമായ വൈകുന്നേരങ്ങൾക്കു ദൃശ്യ വിസ്മയങ്ങളായിക്കൊണ്ട്, ഹോസ്റ്റലിന്റെ മട്ടുപ്പാവില്‍ പുസ്തകങ്ങളുമായി ഉലാത്തുന്ന സ്ത്രീ രത്നങ്ങള്‍. അവര്‍ രോഗികളായി എത്തുന്ന ജനങ്ങളെ പേ - വാർഡുകളിലേക്കു ആകര്‍ഷിക്കുന്നതായി തമാശ രൂപത്തിലെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഏറ്റവും അടുത്ത് കാണാവുന്നത് പേ - വാര്‍ഡില്‍ നിന്നാണ് എന്നത് തന്നെ കാരണം.
ഇനിയും മുന്നോട്ട് ; ഹോസ്പിറ്റൽ  കെട്ടിടങ്ങൾക്കിടയിലൂടെ . മുന്നില്‍ ചുവന്ന ഒരു കെട്ടിടം - മെന്‍സ് ഹോസ്റ്റല്‍. ചുരുക്കി MH എന്നറിയപ്പെടുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മെന്റല്‍ ഹോസ്പിറ്റൽ എന്ന് വിളിക്കുന്നവരുണ്ട് . അവരെ കുറ്റപ്പെടുത്തുന്നില്ല. ഇരുട്ടിന്റെ മറവില്‍ കൂവലും, ആർപ്പുവിളികളും ഉയരുന്നത് ഇവിടെനിന്നാണ്. ഈ MH ലെ ഒരു അന്തേവാസിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുൻപ്‌ ഞാനും- രക്തത്തിളപ്പിന്റെ സുഖമുള്ള ഓര്‍മ്മകള്‍!
അവിടെ ആ കാർപോർച്ചിനടുത്ത് ചെറിയൊരു തിണ്ണ കാണാം. വിയര്‍പ്പിന്റെയും തൈലതിന്റെയും ഗന്ധമുള്ള മിനുങ്ങുന്ന തിണ്ണ. പുസ്തകപ്പുഴുക്കളായ വിജ്ഞാന കാംക്ഷികൾക്കു ഇവിടെ ചാരിയിരുന്ന് വായിക്കാം, അധ്വാന ശീലരായ കായികാഭ്യാസികൾക്ക്‌, വിയർപ്പ് വറ്റുവോളം ഇവിടെ വിശ്രമിക്കാം. അകത്തെ ചൂട് സഹിക്കാനാവാത്ത സുകുമാര പ്രകൃതർക്ക് പകല്‍ കിടന്നുറങ്ങാം. അങ്ങനെ നോക്കിയാല്‍ ഹോസ്റ്റലിലെ മെസ്സ് ഹാള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം .

നേരെ മുന്നില്‍ കാണുന്നതാണ് മെസ്സ് ഹാള്‍. അകത്തേക്ക് കയറി "നായരെ...." എന്ന് ഉറക്കെ ഒന്നു വിളിച്ചാല്‍ മതി, വെറ്റിലക്കറ പുരണ്ട ചുവന്ന ചുണ്ടുകളുമായി വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു മധ്യ വയസ്കനെ അവിടെ കാണാം. നിഷ്കളങ്കമായ പുഞ്ചിരിയോടെ മുഖത്തെ വിയര്‍പ്പിന്‍ തുള്ളികള്‍ ഉടുമുണ്ടില്‍ തുടച്ചുകൊണ്ട് പുകമറയില്‍ നിന്നും പുറത്തേക്ക് വരുന്ന അപ്പുണ്ണി നായര്‍. ഞാന്‍ ഈ ഹോസ്റ്റല്‍ ചേരുമ്പോള്‍ തന്നെ ഇയാളാണ് ഇവിടത്തെ പാചകക്കാരൻ. പരീക്ഷാ കാലമായാല്‍ നായര്‍ പതിവിലും നേരത്തെ എണീറ്റ്‌ ചായയുണ്ടാക്കി തരും. ആ ചായയാണ് അന്നത്തെ മുഴുവന്‍ ഉന്മേഷം. അങ്ങനെ എത്രയെത്ര പരീക്ഷാ കാലങ്ങള്‍...!

സ്വതവേ ശാന്തസ്വരൂപിയായ മെസ്സ് ഹാള്‍, ഭക്ഷണ സമയമാകുമ്പോള്‍  വളരെ ഊർജസ്വലയാകുന്നു. പിന്നെ ആകെ ബഹളമാണിവിടം. മില്‍മ ബൂത്തിലെ നിഗൂഡമായ കൂടിക്കാഴ്ചകളുടെ ചുരുളുകള്‍ അഴിയുന്നത് ഇവിടെയാണു; ഉച്ചത്തിലുള്ള പരിഹാസങ്ങളായി, നാടന്‍ പാട്ടിന്റെ ഈരടികളായി. ക്യാമ്പസ് ചാരന്മാരുടെ നിത്യ സംഗമം!

ഇടതു വശത്തെ ഇടനാഴികയിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ ഇടതു വശത്തായി മൂന്നാമത്തെ റൂം. ഈ റൂമിന് മുന്നില്‍ അല്‍പനേരം നിൽക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഈ റൂമിന് എന്നെ കുറിച്ചും, എനിക്ക് റൂമിനെക്കുറിച്ചും  ഒരുപാടുണ്ട് പറയാന്‍. കാരണം ഇതായിരുന്നു എന്റെ റൂം.

വാതിലിനു മുകളില്‍ വൈശാഖ്  P ശശീന്ദ്രന്‍ എന്നെഴുതി വച്ചിരിക്കുന്നു. അതെ... ഞങ്ങളുടെ 'കരിങ്ങു'. വാതില്‍ അടച്ചിട്ടില്ല. അവന്‍ പുറത്ത് പോയതാണെന്ന് തോന്നുന്നു. അകത്ത്, വളരെ വൃത്തിയായി അടുക്കി വച്ച പുസ്തകങ്ങളും, വസ്ത്രങ്ങളും. അലമാരയില്‍ കത്തിനിൽക്കുന്ന എണ്ണത്തിരിയുടെ പിന്നിലായി അനേകം ദൈവങ്ങള്‍. 'വൈശാഖ് ഇതൊരു പൂജാമുറിയാക്കിയോ!'; സംശയിച്ചേക്കാം. അവന്‍ പണ്ടേ ഒരു മഹാഭക്തനാണ് . അവന്‍ ദർശനം നടത്താത്ത പുണ്യ സ്ഥലങ്ങള്‍ ദക്ഷിണേന്ത്യയിൽ  കുറവാണ്‌. ജ്യോതിഷ രത്നത്തിന്റെ സ്ഥിരം വായനക്കാരന്‍

അകത്തെ കട്ടിലില്‍ അല്‍പനേരം കിടന്നുകൊണ്ടാകാം ഇനി. ഈ കോളേജിലെ എന്റെ ജീവിതത്തിന്റെ നല്ലൊരു ശതമാനവും ഞാന്‍ കഴിച്ചുകൂട്ടിയത് ഈ ചെറിയ സിംഗിൾറൂമിലാണ്. പരാജയത്തിന്റെ കയ്പും, വിജയത്തിന്റെ സന്തോഷവും ഞാന്‍ ഈ റൂമിലെ ഏകാന്തതയുമായാണു പങ്കു വച്ചിരുന്നത്. ഇടക്കിടെ സന്ദർശകരായെത്തിയിരുന്ന   സഹപാഠികൾ! അവരോടൊത്തുള്ള തമാശയില്‍ മതിമറന്ന ദിവസങ്ങള്‍!!
അകലെ മറ്റൊരു റൂമില്‍ നിന്നും AR റഹ്മാന്‍ സംഗീതം ഒഴുകി വരുന്നു. ആരൊക്കെയോ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്. അടുത്ത ആഴ്ച കോളേജ് -ഡേയാണു. കാലം എത്ര മാറിയിരിക്കുന്നു! പണ്ടൊക്കെ തലേ ദിവസം പ്രാക്ടീസ്, അടുത്തദിവസം സ്റ്റേജിൽ! രണ്ടോ മൂന്നോ റിഹേഴ്സല്‍. "പ്രതിഭാ ശാലികളായ ഞങ്ങള്‍ക്ക് " അത് മതിയായിരുന്നു. അങ്ങനെ എത്ത്രയെത്ത്ര ഗ്രൂപ്പ് സോങ്ങുകള്‍ പാടി, എത്ത്രയെത്ത്ര ഡാൻസുകൾ കളിച്ചു! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. എന്തെല്ലാം കോമാളിത്തരങ്ങള്‍. പക്ഷെ അന്ന് വളരെ സീരിയസായിരുന്നു. എല്ലാം അങ്ങനെ തന്നെ.

കോളേജ് മാഗസിന്‍ എഡിറ്ററായിരുന്നു . പ്രസംഗിക്കേണ്ടതുണ്ട്. സ്റ്റേജ്ഫിയർ മാറാനായി, ആ പരിപാടിക്ക് തൊട്ടു മുൻപ് സംസ്കൃത കവിതാ പാരായണ മത്സരത്തിനു കയറി. ചൊല്ലി മുഴുമിപ്പിച്ചതും ഞങ്ങളെ സംസ്കൃതം പഠിപ്പിച്ച ഷമീന മാഡം അടുത്ത വിളിച്ച് ഉപദേശിച്ചതും ഞാനിന്നു വളരെ ജാള്യതയോടെ ഓര്‍ക്കുന്നു. എങ്കിലും വേദിക്കു പിന്നില്‍ ഞാന്‍ എന്നും ഒരു താരമായിത്തന്നെ സജീവമായിരുന്നു.
സമയം പോയതറിഞ്ഞില്ല. ബൂട്ടിട്ട കാലൊച്ചകൾ കേൾക്കുന്നുണ്ട്. ആരൊക്കെയോ ഗ്രൌണ്ടില്‍ കളിക്കാൻ പോകുകയാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള ആധികാരികമായ നിര്‍വ്വചനങ്ങള്‍. പുതിയ സമവാക്യങ്ങളുടെ വെളിപ്പെടുത്തലുകള്‍. അവര്‍ നടന്നകലുകയാണ് ഗ്രൗണ്ടിലേക്ക് .

വിമന്‍സ് ഹോസ്റ്റലിന്റെ കിഴക്കേ വശത്താണ് ഗ്രൗണ്ട്. വളരെ വിശാലം, സുന്ദരം! ഹോസ്റ്റലിന്റെ കിഴക്ക് വശത്തെ ജനലുകൾ ഗ്രൗണ്ടിനുപോലും രോമാഞ്ചദായകമാണ്. പ്രതീക്ഷയുടെ ഈ ജനലുകളാണ് ഗ്രൗണ്ടില്‍ അഭ്യാസികളുടെ ഊര്‍ജം. ഒളിഞ്ഞു നോക്കാന്‍ ഒരു ചുരിദാറെങ്കിലുമുണ്ടെങ്കിൽ ഊര്‍ജം ഇരട്ടിയാകുകയായി. പിന്നെ ചാട്ടവും മലക്കം മറച്ചിലും കളികളില്‍ നുഴഞ്ഞു കയറുകയായി. അങ്ങനെ, എത്ത്രയെത്ത്ര വൈകുന്നേരങ്ങള്‍കഴിഞ്ഞിരിക്കുന്നു..!

ആരോ വാതില്‍ തുറക്കുന്ന ശബ്ദം. ഞാന്‍ ചിന്തയുടെ മടിത്തട്ടില്‍ നിന്നു ഉണര്‍ന്നു. മുന്നില്‍ വൈശാഖ്;
"എപ്പ വന്ന? "
മനസ്സിന്‍ കുളിരേകുന്ന അന്വേഷണങ്ങള്‍. കുറെ നേരത്തെ കുശലം പറച്ചില്‍; കോളെജിനെക്കുറിച്ചും , എക്സാമിനെക്കുറിച്ചും,
അങ്ങനെ അങ്ങനെ ......
ഞങ്ങള്‍ സാവധാനം പുറത്തേക്ക് നടന്നു. ക്യാമ്പസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു വാചാലനാകുകയാൻണു വൈശാഖ്.

സമയം വല്ലാതെ വൈകിയിരിക്കുന്നു. സുഖ ശീതോഷ്ണമായ  സൂര്യ രശ്മികള്‍. അസ്തമയ സൂര്യന്റെ അരുണ കിരണങ്ങള്‍.
മിൽമാബൂത്തിന്റെ അടുത്തെത്തി. ആരവങ്ങളൊഴിഞ്ഞ വേദിപോലെ നിശബ്ദമായി നിൽക്കുന്ന മിൽമാ ബൂത്ത്. ആളൊഴിഞ്ഞ ആ മരച്ചുവട്ടില്‍ അല്‍പ നേരം ഇരിക്കണമെന്ന് തോന്നി - 'രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി!' മനസ്സില്‍ ഒരുപിടി നൊസ്റ്റാൾജിയ വാരി വിതറിക്കൊണ്ട്  തഴുകി നീങ്ങുന്ന കുളിര്‍മയുള്ള ഇളം തെന്നല്‍. ഭൂത കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് അവിടെ ഇരിക്കുമ്പോഴും വൈശാഖ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

2 comments:

  1. nice. thanx aneesh for taki me bak to our college days.

    ReplyDelete
  2. ofcourse aneesh only we the kkls have this type of nostalgia,thanx 4 making us rmmbr the one nd only mh

    ReplyDelete