Tuesday, December 23, 2008

അനന്തപുര്‍; ഒരു ഓർമ്മ !

അനന്തപൂർ; ആന്ധ്രാപ്രദേശിലെ സാമാന്യം തിരക്കുള്ള ഒരു നഗരം. ഇവിടെ ഒരു ആയുര്‍വേദ ക്ലിനിക്കിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്. ബസ്സ് സ്റ്റാന്റിന്റെ അടുത്തുള്ള ഒരു തെരുവില്‍. 'റഹ്മത്ത് നഗര്‍' -അതാണ്‌ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേരു. ഇവിടെ ക്ലിനിക്കിന്റെ മുകളിലത്തെ നിലയില്‍ ഒരു റൂം ഉണ്ട്; സാമാന്യം സൗകര്യങ്ങളെല്ലാമുള്ള ഒരു സിംഗിൾ റൂം.

രോഗികളായി വരുന്നവര്‍ എല്ലാം തെലുങ്കന്മാർ തന്നെ. ഭാഷ ഒരു വലിയ പ്രശ്നമായി തോന്നിയ നിമിഷങ്ങള്‍. മനസ്സില്‍ തോന്നുന്ന ചോദ്യങ്ങള്‍ തുറന്നു ചോദിക്കാൻ കഴിയുന്നില്ല. കൂടുതല്‍ നല്ല സജഷന്‍സ് പറഞ്ഞു ഫലിപ്പിക്കാനും സാധിക്കുന്നില്ല. നന്നേ വിഷമിക്കുന്ന നിമിഷങ്ങള്‍! വിവർത്തനം ചെയ്യാന്‍ ഒരാളുള്ളത് വളരെ ആശ്വാസമായി തോന്നി.

പത്തോളം സ്റ്റാഫുകളിൽ തെറാപ്പിസ്റ്റുകൾ  രണ്ടാള്‍ മലയാളികളാണ്, പാലക്കാട് ജില്ലയില്‍ നിന്നുള്ളവർ. ഉള്ളു തുറന്നു എന്തെങ്ങിലും പറയാന്‍ രണ്ടാളെക്കൂടെ കിട്ടിയതിന്റെ സന്തോഷമുണ്ട് മനസ്സില്‍.

ക്ലിനിക്കിന്റെ മുകളിലത്തെ നിലയിൽത്തന്നെയാണുഎന്റെ താമസം. തീർത്തും ഏകാന്തത അനുഭവപ്പെടുന്ന നാളുകള്‍!

മുറിയുടെ മുന്നില്‍ സാമാന്യം വലിപ്പമുള്ളൊരു സ്ഥലമുണ്ട്; ഒരു മട്ടുപ്പാവ് പോലെ. അവിടെ നിന്നു നോക്കിയാല്‍, താഴെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. ചിലര്‍ ഉന്തുവണ്ടികളുമായി കടന്നു പോകുന്നു, നിറയെ കരിക്കുകളുമായി - കച്ചവടക്കാരാണ്. ചൂടുള്ള ഈ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച ബിസിനസാണെന്ന തിരിച്ചറിവ്  കൊണ്ടാണോ എന്നറിയില്ല, വളരെ അധികം ജനങ്ങള്‍ ഈ ബിസിനസിലേക്ക് കടന്നു വന്നിരിക്കുന്നു. ദിവസവും ഒരു ഇളനീരെങ്കിലും ശീലമാക്കിയ പലരെയും എനിക്ക് അവിടെ കാണാന്‍ സാധിച്ചു.

അപ്പുറം വിശാലമായ ഗ്രൌണ്ടാണ്- പോലീസ് പരേഡ് ഗ്രൌണ്ട്. വിശിഷ്ട ദിവസങ്ങളില്‍ പതാക ഉയര്‍ത്തുന്നതും പരേഡ് നടത്തുന്നതും ഇവിടെയാണ്.


വൈകുന്നേരങ്ങളില്‍ ഇവിടെ മട്ടുപ്പാവിലിരുന്നു കാറ്റു കൊള്ളാന്‍ വളരെ രസമാണ്. ഒരു പുതിയ സംസ്കൃതിയിലേക്ക് എത്തി നോക്കുന്ന പ്രതീതി. ജനങ്ങളുടെ ജീവിത രീതിയില്‍ ഉള്ള വ്യത്യാസങ്ങള്‍ മുന്നില്‍ കണ്ടറിയാന്‍ ഉള്ള അപൂർവ അവസരങ്ങള്‍!

അവിടവിടെ പന്നി കൂട്ടങ്ങള്‍ അലഞ്ഞു നടക്കുന്നു. നമ്മുടെ നാട്ടില്‍ അസുലഭമായ കാഴ്ച. എട്ടോ പത്തോ കുഞ്ഞുങ്ങള്‍ വരെ കാണും ഒരു തള്ളപ്പന്നിയുടെ കൂടെ. തീർത്തും വൃത്തിഹീനമായ ജന്തുക്കള്‍. കാഴ്ചയിലും, പ്രവൃത്തിയിലും അറപ്പും വെറുപ്പും തോന്നിപ്പിക്കുന്നവ. ഓടകളിലെ ദുര്‍ഗന്ധം വമിക്കുന്ന കറുത്ത വെള്ളത്തിലൂടെ അവ സസന്തോഷം വിഹരിക്കുന്നു. അടിയിലെ അവശിഷ്ടങ്ങള്‍ കലക്കിമറിച്ച്  സ്വാദോടെ ഊറ്റി കുടിക്കുന്നു. വീടുകളില്‍ നിന്നുള്ള പച്ചക്കറി അവശി ഷ്ടങ്ങളും, മനുഷ്യ വിസര്‍ജ്യങ്ങളും തിന്നു ജീവിക്കുന്ന ഹീന ജന്തുക്കള്‍. ഇങ്ങനെയൊക്കെയെങ്കിലും അവയെ തീർത്തും വിസ്മരിച്ചുകൂടാ. ഈ തെരുവിന്റെ സൗന്ദര്യം അവയെ ആശ്രയിച്ചാണെന്നു ആത്മാര്‍ഥമായി തോന്നിപ്പോകുന്ന നിമിഷങ്ങളുണ്ട്.


നേരം പുലരുന്നതോടെ സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് നടപ്പാതയിലേക്കിറങ്ങുന്നവരെ ഇവിടെ ധാരാളം കാണാം; മലവിസര്‍ജനത്തിനാണ്. ആ പന്നികളെക്കാൾ സാമാന്യ ബുദ്ധി കുറഞ്ഞവരെന്നു തോന്നിപ്പിക്കുന്ന അവന്റെ ചെയ്തികള്‍. ആരും വൃതിയാക്കാത്ത ഇത്തരം സത്യങ്ങളെ അവ കണ്ടില്ലെന്നു നടിക്കുന്നില്ലെന്നു മാത്രം. കൂടെ ആ പഴമ നിറഞ്ഞ  പഴഞ്ചൊല്ലിന്റെ നിശബ്ധമായ പിൻതാങ്ങലും കൂടി; ജാത്യാലുള്ളതു തൂത്താല്‍ പോകുമോ?

ഒന്നു നടക്കാനിറങ്ങണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. സമയം കിട്ടിയില്ല, എന്ന് തീർത്തും  പറയാന്‍ വയ്യ. ഭാഷ അറിയാത്തതിനാല്‍ ശ്രമിച്ചില്ലെന്നുവേണം പറയാന്‍. എല്ലാത്തിന്റെയും കൂടെ "ലൂ " ചേര്‍ത്ത് മലയാളം പറഞ്ഞാല്‍ തെലുങ്കാവില്ലെന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.
നടക്കാനിറങ്ങി .പൊതുവെ ചൂടുള്ള കാലാവസ്ഥയാണെങ്കിലും ഇന്നു നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. സമാനത തോന്നിപ്പിക്കുന്ന റോഡുകള്‍ . ഞാന്‍ യാത്ര തുടര്‍ന്നു.

റോഡിന്റെ ഇരു വശത്തും ധാരാളം ജനങ്ങള്‍ തിങ്ങി നിറഞ്ഞു താമസിക്കുന്നു. ഇടുങ്ങിയ ഒറ്റ മുറി വീടുകള്‍. വാടക വീടുകളാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ മുഴുവന്‍ എങ്ങനെയാണ് അവിടെ താമസിക്കുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോയി. അകത്തെ സൗകര്യ കുറവോ, കുടുംബത്തോടുള്ള ഉത്തരവാദിത്ത്വമോ- ചില വീടുകള്‍ക്ക് മുന്നില്‍ റോഡിലേക്ക്‌ നീണ്ടു കിടക്കുന്ന ബെഞ്ചിൽ മുതിർന്ന ചില കാരണവന്മാര്‍ അലസമായി കിടന്നുറങ്ങുന്നു - പടർന്ന് പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്‍ മരങ്ങളുടെ ചുവട്ടിലായി .

മിക്ക വീടുകളുടെയും മുന്നില്‍ അന്തേവാസികളെന്നു  തോന്നിപ്പിക്കുന്ന കുറെ നായ്ക്കളും ഉണ്ട്. തെരുവ് പട്ടികളാണെന്നു കണ്ടാല്‍ പറയില്ല. അന്നം തരുന്ന വീടിന്റെ സുരക്ഷ അവ ഏറ്റെടുത്ത് നടത്തുന്നു; നന്ദിയുള്ള നായ്ക്കള്‍!

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒന്നു ഫോണ്‍ ചെയ്യണം. ഞാന്‍ മുന്നില്‍ കണ്ട പയ്യനോട് ചോദിച്ചു.

"ബാബു, ടെലഫോണ്‍ ബൂത്ത് എക്ക്ടെ ഉന്തി?"
"അക്ക്ടെ ജന്ക്ഷന്‍ ധഗ്രെ ഉന്തി."

ആംഗ്യത്തോടെയുള്ള മറുപടിയായിരുന്നതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കാരണം ചോദ്യം തന്നെ ഒപ്പിക്കല്‍ ആയിരുന്നു. ക്ലിനിക്കിന്റെ ഓണര്‍ വേണുസാർ പറഞ്ഞു തന്നത് നോക്കി വായിച്ചതാണ്. ഞാന്‍ നേരെ ജന്ക്ഷനിലേക്ക് നടന്നു. എല്ലാ ബോര്‍ഡുകളും തെലുങ്കിൽ തന്നെ. ഞാന്‍ ഫോണെടുത്ത് വീട്ടിലേക്കുള്ള നമ്പര്‍ അമര്‍ത്തി.


മാനത്ത് നല്ല മഴക്കാറുണ്ട്. വീശി അടിക്കുന്ന കാറ്റിനു ശക്തി കൂടിവരികയാണ്. മുറ്റത്തെ ആര്യവേപ്പിന്‍ കൊമ്പുകള്‍ കാറ്റിനൊത്തു നൃത്തം ചെയ്യുകയാണെന്ന് തോന്നി. കാറ്റിന്റെ സൗന്ദര്യം പൂർണമായാസ്വതിക്കാനായി ഞാന്‍ വാതിലിനരികില്‍ ഒരു കസേരയിട്ട് ഇരിപ്പുറപ്പിച്ചു. മഴയത്ത് തുള്ളിച്ചാടി നടന്ന ആ പഴയ കുട്ടിക്കാലം ഓർത്തുപോയി - കുടയും ചൂടി സ്കൂളിലേക്ക് നടന്ന ആ പഴയ കുസൃതിക്കാലം!


അവിടവിടെ ചാറ്റല്‍മഴ പെയ്യുന്നുണ്ട്. പെയ്യട്ടെ......! ഭൂമി നന്നായൊന്നു തണുക്കട്ടെ...! ഇതു എന്റെ മാത്രം ആത്മഗതമല്ല ; മറിച്ച് ഒരു ജന സമൂഹത്തിന്റെ മൊത്തം പ്രാര്‍ത്ഥനയാണ്.
വിശാലമായി പരന്നു കിടക്കുന്ന ആന്ധ്രാപ്രദേശിന്റെ നല്ലൊരു ശതമാനവും വെള്ളം കിട്ടാത്ത തരിശു ഭൂമിയാണ്‌. ബാംഗ്ലൂരിൽനിന്നും വരുമ്പോൾ കണ്ടതാണ് ; വിജനമായ തരിശു ഭൂമിയിലൂടെ നീണ്ടു കിടക്കുന്ന പാത. അവിടവിടെ കാണപ്പെടുന്ന കള്ളിമുൾച്ചെടികൾ മാത്രം. ബസ്സ് അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും , പുറത്തുനിന്നു വീശുന്ന കാറ്റിനു അതിവരള്‍ച്ചയുടെ അത്ത്യുഷ്ണമായിരുന്നു. റോഡരികില്‍ ഒറ്റപ്പെട്ടു കാണപ്പെടുന്ന ആര്യവേപ്പിന്‍ മരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിശാലമായ മരുപ്രദേശം .


ബസ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചോളവും , നിലക്കടലയും, സൂര്യകാന്തിയും അവിടവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും മഴയെ ആശ്രയിച്ചുകൊണ്ടുള്ള കൃഷി രീതി. പ്രകൃതീ ദേവിയുടെ ഭാവ ഭേദങ്ങള്‍ ഒരു കൂട്ടം കര്‍ഷകരുടെ ഭാവിയെ തുലനം ചെയ്യുന്നു. കൃഷിനാശം വന്നാല്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന കേരള കര്‍ഷകരുടെ പുതിയ കണ്ടുപിടുത്തം, അഭ്യസ്ത വിദ്യരല്ലാത്ത ഇവര്ക്ക് അറിയില്ലെന്ന് തോന്നുന്നു; കർഷക ആത്മഹത്യകള്‍ അത്ര വ്യാപകമല്ല.
മഴയുടെ ശക്തി കൂടിയിരിക്കുന്നു. വെള്ളം റൂമിലേക്ക്‌ അടിച്ച് കയറുന്നുണ്ട്. ഞാന്‍ കസേരയില്‍നിന്നെണീറ്റു . നല്ല മിന്നലുണ്ട്. വാതിലടച്ചു. ഇന്നിനി കിടന്നുറങ്ങാന്‍ നല്ല സുഖമായിരിക്കും. ഞാന്‍ സാവധാനം കൊതുക് വലയുടെ ഉള്ളിലേക്ക് നീങ്ങി.തെലുങ്കിലുള്ള സംസാരവും നീട്ടി വിളികളും അവ്യക്തമായെങ്കിലും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.

1 comment: