Tuesday, January 25, 2011

മദ്യ വിമോചന സമരം




അപ്പ്വേട്ടന്റെ ചായക്കടയില്‍നിന്നും അന്ന് ഉയര്‍ന്നു കേട്ടത് കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന തെറി വിളികളായിരുന്നു. കാട്ടു പോത്തിന് വിറളി പിടിച്ചപോലെയാണ് സലാമിക്ക. ഒരു സ്റ്റെബിലിട്ടി കിട്ടുന്നില്ല. 




ഞരമ്പുകൾക്കുള്ളിലൂടെ എന്തൊക്കെയോ കേറി പെരുക്കുന്ന പോലെ. ഒരു ഇത് കിട്ടുന്നില്ല. കാരണമുണ്ട്. രണ്ടു ദിവസമായി 'പച്ചയാണ്' .ഓര്‍മ്മ വച്ച കാലം മുതലിങ്ങോട്ടുള്ള ചരിത്രം ചികഞ്ഞു നോക്കിയാല്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയൊരനുഭവം.അതും തന്റെതല്ലാത്ത കാരണം കൊണ്ട് - ചില സാംസ്കാരിക പരിഷ്കര്‍താക്കളുടെ പാരവെപ്പ്. സലാമിക്കയുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ "ചില മൈഗുണാപ്പന്മാരുടെ പണ്ടാരടങ്ങള്‍...." - മദ്യ വിമോചന സമരം - "പ്ഫൂ ......."




സലാമിക്ക ആട്ടിയൊരു തുപ്പ്‌. ചായക്കടയുടെ റിസപ്ഷനിലെ പഴയ നുരുമ്പിച്ച പെട്ടിക്കൂടിനു മുകളില്‍ ഒരു ചാവാലിപ്പട്ടിയെപ്പോലെ ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ചുരുണ്ട് കിടന്നിരുന്ന പ്രൊപ്രൈടര്‍ അപ്വേട്ടന്റെ തലയില്‍തന്നെയാണ് ആ തുപ്പല്‍ ചെന്ന് വീണത്‌. 


ഉരലിന്റെ സങ്കടം മദ്ധളത്തോട്! അതിനേക്കാള്‍ വിഷമത്തിലിരിക്കുകയാണ് അപ്പ്വേട്ടന്‍. ദേഷ്യം വരുമ്പോള്‍ ആരെയെങ്കിലുമൊക്കെ ചീത്തവിളിച്ചു സങ്കടമകറ്റാന്‍ പണ്ടേ കഴിവുകെട്ടവന്‍. വെള്ളമടി തലയ്ക്കു പിടിച്ചാല്‍ പോലും ഒരക്ഷരം മിണ്ടാത്ത സല്‍സ്വഭാവി !


എന്നാല്‍ എട്ടാമത്തെ അത്ഭുതം അന്ന് നടന്നു. കൂടിനിന്ന ജന സമൂഹത്തിനു ഒരു ദിവ്യാനുഭവം പകര്‍ന്നു നല്‍കിക്കൊണ്ട്, ഏറു കൊണ്ട ചൊക്കിലിപ്പട്ടിയെപ്പോലെ അപ്പ്വേട്ടന്‍ സലാമിക്കയെ നാലഞ്ചു തെറി - അതും ഹൈ വോള്‍ടജില്‍ !




നാട്ടിലെ എല്ലാ കള്ള് ഷാപ്പ്‌കളുടെയും മുന്നില്‍ വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ അനുഭാവികള്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ട് നാളുകളേറെയായി - മദ്യ വിമോചന സമരം !


ഒരു നല്ല കുടിയനാകാന്‍ ഏറ്റവും വേണ്ട ഗുണമാണ് വിനയം. ആരെക്കണ്ടാലും ഒന്ന് നമസ്കരിച്ചേക്കണം. അതിനായി കൈ കൂപ്പുമ്പോള്‍ ചെറിയൊരു ഏമ്പക്കവും വലിയൊരു ആട്ടവും വേണം. ഒരിത്തിരികൂടെ മൂടായിട്ടുണ്ടെങ്കില്‍ മടിക്കുത്തഴിച്ചു ഒരു നമസ്കാരമാകാം. ഒരിത്തിരികൂടെയായാലോ........,മുണ്ടുതന്നെ അഴിചിട്ടാകാം പരിപാടി. പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരാറില്ലെന്നതാണ് സത്യം ; മുണ്ട് താനേ അഴിഞ്ഞു പൊയ്ക്കോളും - മുണ്ടിനുമുണ്ടാവില്ലേ ഒരു നാണം! 


അങ്ങനെ ഒരു രംഗമാണ് മുന്നില്‍. കരിയും ചെളിയും പറ്റി വര്‍ണാഭമായ വള്ളിനിക്കറിനുള്ളില്‍ എല്ലിനോടള്ളിപ്പിടിച്ചു വളരുന്ന മാംസ ശുഷ്ക ചര്മങ്ങളുമായി രണ്ടു കാലുകള്‍ - കുഞാവുട്ടി. ഞങ്ങളുടെ നാട്ടിലെ  പ്രധാന കുടിയന്മാരിലൊരാള്‍. നാഷണല്‍ ഹൈവയ്ക്കുപോലും വീതി പോര നടക്കാനെന്ന ഭാവത്തില്‍ അയാളങ്ങനെ ഗമിക്കുകയാണ്‌ -ആടിയാടി. ജയന്റെ ബെല്ബോട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ആ നിക്കര്‍ കാറ്റിനൊത്ത് നൃത്തമാടുകയാണ്. ഒന്നുകൂടെ തെളിച്ചു പറഞ്ഞാല്‍ - സില്‍ക്ക് സ്മിതയുടെ പാവാട പോലെ!


ഉടുമുണ്ടാണെങ്കില്‍ ഉത്തരീയമായിരിക്കുന്നു, അതിനൊരറ്റം തോളിലൂടെ - ചക്രവര്‍ത്തി, അതാണ്‌ ഭാവം!


സലാമിക്ക എന്താ കണ്ണ്പൊട്ടനാണോ ? അയാള്‍ക്കുമില്ലേ വിചാരവും വികാരവുമെല്ലാം. ഒന്ന് രണ്ടു ദിവസമായി മനുഷ്യനിവിടെ പച്ചയായി നില്‍ക്കുമ്പോള്‍ കണ്മുന്നിലൂടോരുത്തന്‍ പാമ്പായി നടക്കുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റ്വോ? സലാമിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു 'അണ്‍ സഹിക്കബിള്‍ മെന്റല്‍ ഇണ്ടോളെരൻസായിരുന്നു !


"പ്ഫ.......നായിന്റെ മോനെ; എവിടന്നൊപ്പിച്ചെട ഹമുക്കെ..... " കള്ളുകുടിയന്മാര്‍ തമ്മിലുള്ള മാന്യമായ അഭിസംബോധനകള്‍ !


ചിലരങ്ങനെയാണ്; നാട്ടില്‍ എന്തൊക്കെ ഭൂകമ്പം നടന്നാലും അവനവന്റെ കോട്ട തെകക്കും- അതിനി ഏതു ഒന്നാം തീയതിയായാലും ശരി. അധ്വാനമേ സംതൃപ്തി , ആ സംത്രിപ്തിയങ്ങു ശരിയാകണമെങ്കില്‍ അല്പം അകത്തു ചെല്ലണം, അതൊരു ശീലാ.......!


ചിരിക്കുടുക്ക വായിച്ച പ്രീ പ്രൈമറി കുട്ടിയെപ്പോലെ നില്‍ക്കുന്ന സലാമിക്ക. ഭൂതകാലത്തിന്റെ പ്രവുടിയെ വിളിച്ചോതുന്ന പോലെ മേലെ വരിയിലെ ആ രണ്ടു പല്ലുകള്‍ ഇപ്പോഴും ശൂന്യതയായിതന്നെ അവശേഷിക്കുന്നു. പണ്ടെന്നോ വെള്ളമടിച്ചു വീണതിന്റെ തിരു ശേഷിപ്പുകളാണ്. വെള്ളമടിച്ചു തെറി വിളിച്ചതിന് അസഹിഷ്ണുക്കളായ ചില കരാള ഹസ്തരുടെ താടനത്തിന്റെ ആകെത്തുകയാണെന്നും പറയപ്പെടുന്നു. "ആസനത്തിലൊരു ആലുമുളച്ചാല്‍ അതുമൊരു തണല്‍ !"സലാമിക്കക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല ; മാത്രമല്ല ഗുണങ്ങളേറെ ഉണ്ടുതാനും. വെള്ളമടി സമയത്ത് അറിയാതെയാണെങ്കിലും, കണ്ണോ മോണയോ ഇറുകിയോന്നടഞ്ഞാലും സാരമില്ല, ഈ വിടവിലൂടെ സുഖമായി ഒഴിച്ച് കൊടുക്കാം!


പണക്കാരനെ സംബന്ധിച്ചിടത്തോളം മദ്യം എന്നും അവന്റെ കയ്യെത്തും ദൂരതുതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വൈകുന്നേരം അല്പം മൂടാകുന്നതിനുള്ള ലോക്കല്‍ കള്ളുഷാപ്പുകള്‍ക്ക് നേരെയുള്ള ഇത്തരം സമരങ്ങള്‍, അവന്റെ വയറ്റതാണ്‌ അടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്നത്. അങ്ങനെ എത്രയെത്ര അപ്പ്വേട്ടന്മാര്‍, എത്രയെത്ര സലാമിക്കമാര്‍!




ആരോഗ്യകരമായ മദ്യപാന ശീലതെക്കുരിച്ചുള്ള ബോധവൽക്കരണമായിരിക്കും ഇത്തരക്കാര്‍ക്ക് വേണ്ടതെന്നു തോന്നിപ്പോകുന്നു. ക്രമേണയുള്ള മദ്യ വര്‍ജനവും!


മദ്യം മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന ആപ്ത വചനത്തിനു, ആയിക്കോട്ടെ ചാകാന്‍ ആര്‍ക്കാണിത്ര ധൃതി എന്ന് തമാശ രൂപത്തില്‍ വിമര്‍ശിച്ചിരുന്ന യുവ സമൂഹത്തില്‍ മാറ്റത്തിന്റെ പുതിയ ട്രെന്റായാണ് മദ്യ വിമോചന സമരങ്ങള്‍ ഉടലെടുത്തത്. വിവിധ സാംസ്കാരിക നേതാക്കന്മാരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടുള്ള പിന്താങ്ങലുകളും കൂടെയായപ്പോള്‍ ആവേശം പതിന്മടങ്ങ്‌ വര്‍ധിച്ചു.


മദ്യാസക്തിയില്‍ മുങ്ങിത്താഴ്ന്നു അതിനടിമയായ് മാറുന്നവർ അധികവും യുവാക്കള്‍ തന്നെ. ഇവിടെ മദ്യത്തിനെതിരെ സമരത്തിനിറങ്ങുന്നവരും  യുവാക്കളാണെന്നത് മാറ്റത്തിന്റെ പുതിയ ചുവടുവെപ്പായി കാണാവുന്ന നല്ല കാര്യം തന്നെ. 


ഇത്തരം സമരങ്ങള്‍ക്ക് സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും എന്നതിന്റെ കാണപ്പെടുന്ന ചോദ്യ ചിഹ്നങ്ങളായ കുഞ്ഞാവുട്ടിമാരുള്ളിടത്തോളം കാലം, മദ്യവിമുക്ത കേരളമെന്ന മുദ്രാവാക്യം വെറും അക്ഷരങ്ങളും ഒച്ചപ്പാടുകളും മാത്രമായി അവശേഷിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതാണ് സത്യം. 


വ്യാജ മദ്യത്തിന്റെ വ്യാപകമായ അടിയൊഴുക്കുകള്‍ ശ്രദ്ധിക്കാതെ, നിശ്ചലമാക്കപ്പെട്ട കള്ളുഷാപ്പുകളും വിദേശ മദ്യഷാപ്പുകളും കണ്ടു സായൂജ്യമടയുന്നതോടെ മദ്യവിമോചന സമരങ്ങളുടെ ലക്‌ഷ്യം പൂര്‍ണ്ണമാകുന്നില്ല. മദ്യത്തിന്റെ എല്ലാ ഉറവിടങ്ങളും സ്തംഭിപ്പിക്കപ്പെട്ടെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. 


ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഉത്തരവാദിത്വമാണ് മദ്യ വിമോചനസമരം എന്ന കാഴ്കാപ്പാട് മാറി, ഓരോരുത്തര്‍ക്കും സമൂഹത്തോടുള്ള കടപ്പടാണിതെന്ന ബോധം ഉടലെടുതെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.


മദ്യ വിമുക്തമായ ഒരു പുതിയ സമൂഹത്തെ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ! 


(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽ നിന്നും ലഭിച്ചതാണ്.)

Thursday, January 13, 2011

ക്യാമ്പും രോഗികളും പിന്നെ ഞാനും

സൗജന്യ മെഡിക്കല്‍ ക്യാമ്പെന്ന് പറഞ്ഞാല്‍ നയന്‍താര വരുന്നുണ്ടെന്നു പറഞ്ഞ പോലെയാണ്, നല്ല തിരക്കായിരിക്കും. അതൊരു ആയുര്‍വേദ ക്യാമ്പാനെങ്കിലോ, ഗ്ലാമറിന് തെല്ലുമുണ്ടാകില്ല പഞ്ഞം. ജനസാഗരമായിരിക്കും പിന്നെ. 'ഓസിനു കിട്ടിയാല്‍ ആസിഡും ......'അതാണല്ലോ ശീലം.

ഇന്നലെ തിരൂരങ്ങാടിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു. ക്യാമ്പ് ഡോക്ടറാകാന്‍ എനിക്കും കിട്ടി ഭാഗ്യം.

നല്ല തിരക്കുണ്ട്. വളരെ പെട്ടെന്ന് പണി തീര്‍ത്തു രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലാണ് പരിശോധകര്‍. അവരേക്കാള്‍ തിരക്കുള്ള രോഗികളും. അങ്ങനെ "ശടെ .......ശടെ...."ന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നീണ്ട ക്യുവാണ്. അക്ഷമരായ രോഗികളും. ഒരാള്‍ എണീക്കുമ്പോഴേക്കും ഇരിക്കാന്‍ തിടുക്കപ്പെടുന്ന ജനസാഗരം. ഒരു കസേരക്കളിയുടെ ലൈവ് ഷോ.

ഇതിനിടയിലാണ് അവര്‍ക്കിടയിലൂടെ അയാള്‍ നുഴഞ്ഞു കയറി വന്നത്. വരിയില്‍ നില്‍ക്കുന്നത് ഒരു മോശം ഏർപ്പാടാണെന്ന തോന്നലാണോ എന്നറിയില്ല, ഒരു വിധത്തില്‍ അയാള്‍ മുന്നിലെത്തി. അവിടെ രോഗികളെ പരിശോധിക്കുന്ന കസേരയിലിരുന്നു. ഒരു കൈ ടാബിളില്‍ കുത്തി ചരിഞ്ഞുള്ള ഒരു ഇരിപ്പ്. കണ്ണുകളെ മറച്ചുവച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ സാവധാനം എടുത്തു മാറ്റി. എന്നിട്ട്, 'ഓര്‍ബിറ്റ്' ചവച്ച കാളക്കുട്ടനെപ്പോലെ ഒരു ചിരി. ശരിക്കും പറഞ്ഞാല്‍ ഗഫൂര്‍ ക ദോസ്ത്- മാമുക്കോയയുടെ അതേ ചിരി. എന്നിട്ട് പറഞ്ഞു, "ഞാന്‍ സന്ഘാടകനാണ്... ". ആരാണെന്ന് ഞാന്‍ ചോദിച്ചിട്ട് പോലുമില്ല. പക്ഷെ ചിലര്‍ അങ്ങനെയാണ്. ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഇന്ട്രടക്ഷന്‍ നിർബന്ധമാണവർക്ക്. അത്, തന്നെ കുറിച്ച് തന്നെയാകുമ്പോള്‍ പാരഗ്രാഫിനു നീളം അല്പം കൂടും. അയാള്‍ അങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

"സര്‍.....അസുഖമെന്തെന്നു പറയു.......";ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു. 

അയാള്‍ തുടരുകയാണ്; കഴിഞ്ഞ ദിവസത്തെ വീര കൃത്യങ്ങള്‍. പരിശോധനാ സമയത്ത് ഞാന്‍ ഇരുന്നിരുന്ന കസേര വളരെ പണിപ്പെട്ടാനത്രേ അയാള്‍ കൊണ്ട് വന്നത്, തൊട്ടടുത്ത വീടില്‍നിന്നു. ഒരു 'ഫൈബര്‍ ചെയര്‍' കൊണ്ടുവരാന്‍ എത്രമാത്രം പണിപ്പെടേണ്ടി വരുമെന്നതിനെക്കുറിച്ചു ദയവായി ചിന്തിക്കാതിരിക്കുക. ഒരു പക്ഷെ പിടിച്ചു പറിച്ചു കൊണ്ടുവന്നതാനെങ്കിലോ? പ്രശംസിക്കുക കഠിനാദ്ധ്വാനിയെ!

സമയം വൈകുകയാണ്. വരിയില്‍ നില്‍ക്കുന്നവര്‍ മുറുമുറുക്കുന്നുണ്ട്. അസുഖത്തിനെക്കുരിച്ചു ഞാന്‍ വീണ്ടും ചോദിച്ചു. അവസാനം ഒരുവിധത്തില്‍ അയാളെക്കൊണ്ട് പറയിച്ചു. 

"വയരിനൊരു.......ഇതില്ല"; അയാള്‍ തുടര്‍ന്നു "നല്ല വിശപ്പില്ല, അരിഷ്ടങ്ങള്‍ വല്ലതും.... "ഒരു വളിഞ്ഞ ചിരിയോടെ നിര്‍ത്തി.

ഒരു ക്യാമ്പിലാകുമ്പോള്‍ ഈ രോഗ നിര്‍ണയം തന്നെ ധാരാളം- 'അഗ്നിമാന്ദ്യം'.  ഞാന്‍ മരുന്നെഴുതാന്‍ തുടങ്ങി. അതിനിടയിലാണ് അയാളുടെ പുതിയ നിര്‍ദേശം. "കഷായം വേണ്ട.......അരിഷ്ടം മതി".ഞാന്‍ അയാളുടെ മുഖത്തേക്കൊന്നു നോക്കി. യഥാര്‍ത്ഥത്തില്‍ ഇയാള്‍ എന്തിനാണ് വന്നത്. മനുഷ്യനെ മെനക്കെടുത്താന്‍..... ചോദിക്കനമെന്നുണ്ടായിരുന്നു.

നോക്കുന്നു മരുന്നെഴുതുന്നു എന്നത് റിപീറ്റ് മോടിലിട്ടുകൊണ്ട് ചികിത്സ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ച ഭക്ഷണത്തിനുള്ള സമയമായി. സംഘാടകരെ ആരെയും കാണുന്നില്ല. രണ്ടുമണി കഴിഞ്ഞിരിക്കുന്നു.വയറു കത്തിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ്. വിശപ്പ്‌ തലയ്ക്കു പിടിക്കുന്ന പോലെ. മുന്നില്‍ കാണുന്നവരോടൊക്കെ ദേഷ്യം തോന്നുന്ന പോലെ.

അതിനിടയിലാണ് അങ്ങനെയും ഒരു അവതാരം. അങ്കിള്‍ബന്നിലെ മോഹന്‍ ലാല് പോലും മൂക്കത്ത് കൈ വക്കും, അത്രയ്ക്കുണ്ട് തടി. ഗ്യാസുമുട്ടായി തിന്ന ഹിപ്പോ പൊട്ടാമസിനെപ്പോലെ നീട്ടി ഒരു ഏമ്പക്കവും വിട്ടു കൊണ്ട് അയാള്‍ മുന്നിലെ കസേരയില്‍ വന്നിരുന്നു. 'ഗ്യാസ് ട്രബിള്‍' - അതാണ്‌ പ്രശ്നം. ഒന്നും കഴിചിട്ടങ്ങു ഏല്‍ക്കുന്നില്ല; ദഹനം കിട്ടുന്നില്ല. നല്ല കാര്യം......! ഇനി ഇയാള്‍ക്ക് ദഹനം കൂടെയുണ്ടായിരുന്നെങ്കില്‍ എവിടെ ചെന്ന് നില്‍ക്കും, തടി?! അതങ്ങനെ തന്നെ നില്‍ക്കട്ടെ!

അവസാനം 'ഹന്ഗര്‍ ദേവന്‍' കനിഞ്ഞു. ഒരു പാത്രത്തില്‍ ചോറും മറ്റൊരു പാത്രത്തില്‍ ഒരുതരം കലക്ക വെള്ളവും. അവരതിനെ സാമ്പാര്‍ എന്നായിരുന്നു പേരിട്ടിരുന്നതെന്നു പിന്നീടാണ് മനസ്സിലായത്‌. അടിയിലൂടെ ഒന്ന് കോരിനോക്കി. മമ്പറം പാടത്തു ചൂണ്ടയിട്ടപോലെ - ഒന്നും തടയുന്നില്ല. ചോറില്‍ ഒഴിച്ചിട്ടും അങ്ങനെ തന്നെ. സാമ്പാര്‍ ഒഴിച്ച സ്ഥലം ഏതെന്നു അറിയണമെങ്കില്‍, ഒഴിക്കുമ്പോള്‍ തന്നെ ഒരു കൊടി കുത്തിവക്കണമെന്നു തോന്നിപ്പോയി. ഒന്നും മിണ്ടണ്ട, കഴിക്കുക തന്നെ. അത്രക്കുണ്ടായിരുന്നു വിശപ്പ്‌.

ഭക്ഷണാനന്തരം വീണ്ടും ഡോക്ടര്‍ സീറ്റില്‍. വളരെ നേരത്തെ തന്നെ സീറ്റ് പിടിച്ച പര്ധ ധാരിയായ ഒരു യുവതിയാണ് മുന്നില്‍. നിസ്സഹായമായ മുഖഭാവം. മടിത്തട്ടില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി സുഖ സുന്ദരമായി ഉറങ്ങുകയാണ്. കുട്ടിക്കാണ് സുഖക്കേട്‌. "ട്രൈകസ്പിഡ് അട്രീഷിയ" അവര്‍ റിപ്പോര്‍ട്ട് കാണിച്ചു. VSD,PAH.....തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വേറെയും. വിശധമായ പരിശോധന വേണമെന്ന് തോന്നി.

പൊതുവേ ക്ഷമാശീലം കുറവാണ് ജനങ്ങള്‍ക്കെന്നു പറഞ്ഞല്ലോ. അടുത്ത രോഗി വരിയില്‍ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. കൂടെ ഒരു കുട്ടിയുമുണ്ട് - ഏതാണ്ട് നാല് നാലര വയസ്സ് തോന്നിക്കും. അലസമായി അണിഞ്ഞ ഷര്‍ട്ട്. ബട്ടണുകള്‍ പലതും മിസ്സാനു. അതൊക്കെ സഹിക്കാം, പയ്യന്റെ മൂക്കില്‍നിന്നും സീറോ ബള്‍ബ് പോലെ ഇടയ്ക്കിടെ ഉയര്‍ന്നു വരുന്ന കുമിളകള്‍ അല്പം അറപ്പ് ഉളവാക്കുന്നതായിരുന്നു.

ചുമയാണ് അസുഖം. ചുമക്കുമ്പോള്‍ വായ മറച്ചു പിടിക്കണമെന്ന സാമാന്യ നിയമം, കുട്ടിയല്ലേ പാവത്തിന് അറിയില്ലെന്ന് തോന്നുന്നു. അവന്റെ ഓരോ ചുമയും ബാക്കിയുള്ളവന്റെ ചങ്കിനിട്ടാണ് കൊള്ളുന്നത്‌. കാരണം മറ്റൊന്നുമല്ല, അവന്റെ സീറോ ബള്‍ബുതന്നെ.

"അതൊന്നു തൊടച്ച് കൊടുക്കുമ്മ........"അവസാനം എനിക്ക് തുറന്നു പറയേണ്ടി വന്നു.

"അതെന്നേണോന്റെ കൊയപ്പം.........അയ്‌ കാണാമ്മാണ്ട്യാ........ തൊടക്കാണ്ടന്നത് " അവരുടെ നിഷ്കളങ്കമായ മറുപടി.

"കണ്ടല്ലോ........ഇനി തുടച്ചോളൂ........."ഞാന്‍ തിരിച്ചു പറഞ്ഞു.

സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. മരുന്നുകള്‍ ഓരോന്നായി തീര്‍ന്നു തുടങ്ങിയതിന്റെ അടയാള സൂചകങ്ങളായ കടലാസ് കഷണങ്ങള്‍ ഇടയ്ക്കിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. തീര്‍ന്ന മരുന്നുകളുടെ ലിസ്റ്റ് മൊത്തം മരുന്നുകളുടെ ലിസ്റ്റിനോളം വളര്‍ന്നിരിക്കുന്നു.  ഭാഗ്യം ; അവസാന രോഗിയും കഴിഞ്ഞു!

പരിമിതമായ സമയത്തില്‍ പരിധിയിലധികം വന്ന രോഗികളെ പരമാവധി ചികില്‍സിചെങ്കിലും പറയാവുന്നത്ര ശ്രദ്ധിക്കാന്‍ പറ്റാതിരുന്നതിന്റെ ദു:ഖം ബാക്കിയാക്കികൊണ്ട് ഒരു മെഡിക്കല്‍ ക്യാമ്പുകൂടി കഴിഞ്ഞു. രോഗികളേ.........ക്ഷമിക്കുക, വേണ്ടത്ര പേഷ്യന്റ് കെയര്‍ തരാന്‍ കഴിയാതെ പോയതില്‍!