Wednesday, March 11, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര ( ഭാഗം 2)



പറമ്പിക്കുളത്തേക്കുള്ള ആദ്യ ബസ് പൊള്ളാച്ചിയിൽ നിന്നും രാവിലെ 6 മണിക്കാണ്. നേരത്തെതന്നെ റൂം വെക്കേറ്റ് ചെയ്ത് ഞങ്ങൾ ബസ്‌ സ്റ്റാന്റിലേക്കു നടന്നു.

ബസ്സിന്റെ ബോർഡുകളെല്ലാം തമിഴിലാണെഴുതിയിരിക്കുന്നത്.  "തിരിയണോനു തിരിയും, അല്ലാത്തോൻ നട്ടം തിരിയും" - ന്നു പറഞ്ഞ പോലെ. കുറേ നേരം അവിടെ നിന്നുതിരിഞ്ഞു സമയം കളഞ്ഞു.

അവസാനം, ആരോടെങ്കിലും ചോദിക്കാമെന്ന തീരുമാനത്തിലെത്തി. പെട്ടെന്നാണവൻ-അജി-ആ ബസ്സിനു പുറകിൽ ഓട്ടം തുടങ്ങിയത്. "നിർത്തുങ്കോ.......ഞങ്ങൾ അഞ്ചു പേരിറുക്ക്....."; അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അതെ, പറമ്പിക്കുളത്തേക്കുള്ള ബസ്. അതിനു മുന്നിലായിരുന്നല്ലോ ഞങ്ങളിത്ത്രയും നേരം നിന്നു തിരിഞ്ഞത്. തമിഴറിയാത്തതിന്റെ വിഷമം അന്ന് ശരിക്കും അനുഭവിച്ചു.


പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ആനമലയിൽ സ്ഥിതിചെയ്യുന്ന പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം ഒരു കടുവ പ്രൊജെക്റ്റാണു. പെർമിഷനെടുത്ത ഞങ്ങൾ കാട്ടിനുള്ളിലൂടെ നടത്തമാരംഭിച്ചു. കൂടെ ഗൈഡ് മുരളിയും.

മുരളി തദ്ദേശ വാസിയാണ് ,കാടിന്റെ മർമരങ്ങളറിയാവുന്ന കാടിന്റെ മുത്ത്. അയാളുടെ കൂടെയുള്ള നടത്തം വളരെ വിജ്ഞാനപ്രദമായൊരു  യാത്രയായിരുന്നു.

ഓരോ മൃഗത്തിന്റെയും സാമീപ്യവും, അപകടം വരാതിരിക്കുന്നതിനുള്ള മുൻ കരുതലും, ഇത്തരം സന്ദർഭങ്ങളെ അവർ തരണം ചെയ്യാറുള്ള വിദ്യകളും ഒരു കഥപോലെ വിവരിച്ചുകൊണ്ടാണയാൾ മുന്നിൽ നടക്കുന്നത്.


ഇടതൂർന്ന പൊന്തക്കാടുകളിലൂടെ, ഒരാൾക്ക്‌ മാത്രം നടന്നു നീങ്ങാവുന്ന കാട്ടു വഴികളിലൂടെ, കാട്ടു വള്ളികൾക്കിടയിലൂടെ, അയാൾ ഞങ്ങളെ നയിക്കുകയാണു. അയാളുടെ ലീഡർഷിപ്പിൽ, പുള്ളിമാനുകളും, മ്ലാവുകളും കയ്യെത്തും ദൂരത്ത് നിൽക്കുന്നത്, ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു.

കുറേ നടന്നപ്പോൾ, ഉൾക്കാട്ടിൽ, വിശാലമായ മൈദാനം പോലൊരു സ്ഥലത്തെത്തി. ആനകളുടെ കാൽപ്പാടുകളും ആനപ്പിണ്ടങ്ങളും നിറഞ്ഞൊരു ചതുപ്പ് നിലം. രാത്രിയിൽ നിത്യേന ആനകളിറങ്ങുന്ന സ്ഥലമാണത്രേ അത്.

അവിടടുത്തൊരു നെല്ലിമരമുണ്ട്. മരം നിറയെ നെല്ലിക്കയും! മനുഷ്യനാൽ മലിനമാക്കപ്പെട്ടിട്ടില്ലാത്ത മണ്ണിലുണ്ടായതിനാലാകാം, നെല്ലിക്കക്ക് ഒരു വല്ലാത്ത സ്വാദ്.


അവിടൊരു മരത്തിൽ ഒരു ഏറുമാടം കണ്ടു. ഒരു കൗതുകത്തിനാണെങ്കിലും അതിൽ വലിഞ്ഞു കയറിയ ഞങ്ങൾ , കുറച്ചു ഫോട്ടോസെടുക്കാനും മറന്നില്ല. ചുറ്റുവട്ടത്തിന്റെ നല്ലൊരു ആകാശക്കാഴ്ച അവിടെനിന്നും കാണാമായിരുന്നു. ദൂരെ അവിടവിടെ അലഞ്ഞു നടക്കുന്ന കാട്ടുപോത്തുകൾ. ദൂരേക്ക്‌ കൈ ചൂണ്ടി, മുരളി, താഴെനിന്നു പറയുന്നുണ്ടായിരുന്നു, സ്വന്തം കുഞ്ഞിനെ ആക്രമിച്ച കടുവയെ കുറച്ചു ദിവസങ്ങൾക്കു മുൻപ്  ഒരു കാട്ടുപോത്ത് കുത്തിക്കൊന്നത് അവിടെവച്ചാണെന്നു.


മുരളിയുടെ പിന്നിൽ അനുസരണയോടെ വീണ്ടും നടക്കുകയാണ്. അങ്ങനെ അവസാനം കന്നിമാര തേക്കിനടുത്തെത്തി. ഇന്നു നിലവിലുള്ളതിൽ എറ്റവും വലിയ തേക്ക്. 40 മീറ്റർ ഉയരമുള്ള തേക്കിന് ഏകദേശം  7 മീറ്ററോളം ചുറ്റളവുണ്ട്. 1994-95 ൽ ഭാരത സർക്കാർ ഇതിനെ "മഹാവൃക്ഷ പുരസ്കാരം" നൽകി ആദരിക്കുകയുണ്ടായി.



അതിനടുത്തൊരു നീരരുവിയുണ്ട്. ഞങ്ങൾ അതിലൊന്നു മുഖം കഴുകി. അതുവരെ നടന്നതിന്റെ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് ഇല്ലാതായ പോലെ.

അവിടെ അരുവിയുടെ തീരത്ത് ഇളകിയ മണ്ണിൽ എന്തോ സൂക്ഷിച്ചു നോക്കുകയാണ് മുരളി. ഞങ്ങൾ അങ്ങോട്ടു ചെന്നു. കടുവയുടെ കാൽപ്പാടാണവിടെ കാണുന്നതെന്നു മുരളി പറഞ്ഞു. പുതിയ കാൽപ്പാടാണെന്നും, വെളളം കുടിച്ച് പോയിട്ട് അധികമായിട്ടുണ്ടാവില്ലെന്നും കൂടെ മുരളി കൂട്ടിച്ചേർത്തപ്പോൾ അറിയാതെ കണ്ണുകൾ ചുറ്റിലുമൊന്നു പരതി.

ട്രക്കിംഗിന്റെ ആവേശമെല്ലാം തീർന്നു. മനസിൽ ഭീതി കേറിത്തുടങ്ങിയിരിക്കുന്നു. ഇനി തിരിക്കാം. ഞങ്ങൾ ഏകസ്വരത്തിൽ മുരളിയോട് പറഞ്ഞു.

അധികം ദൂരെയല്ലാതൊരു പാറ ചൂണ്ടിക്കാട്ടി അതാണ് ആനപ്പാറയെന്ന് അയാൾ പറഞ്ഞു. ആനയുടെ മുഖത്തിന്റെ രൂപ സാദൃശ്യമുള്ളതിനാലാണ്  അതിനാ പേരെന്നും കൂട്ടിച്ചേർത്തു. ഞങ്ങൾ സൂക്ഷിച്ചു നോക്കി. ശരിതന്നെ. അതിനു മുകളിൽ കടുവകൾ വിശ്രമിക്കാരുണ്ടത്രെ...! ഇനിയൊന്നും കാണണ്ട, ഞങ്ങളെ വേഗം കാടിനു പുറത്തേക്ക് നയിക്കാൻ അയാളോട് പറഞ്ഞു.


ട്രക്കിംഗിന്റെ വേറിട്ടൊരനുഭവം ഞങ്ങൾക്കു പകർന്നു നൽകിയ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് നന്ദി പറഞ്ഞുകൊ ണ്ട് , ഇത്രയും നേരം ഞങ്ങളെ സുരക്ഷിതമായി കൊണ്ടുനടന്ന മുരളിക്ക് ഞങ്ങളാലാകുന്ന ചെറിയൊരു ടിപ്പ് നൽകുമ്പോൾ അയാളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കളായിരുന്നു.


ഭാഗം 1 ( ഇവിടെ അമർത്തുക )

Tuesday, March 10, 2015

നെല്ലിയാമ്പതി-പറമ്പിക്കുളം യാത്ര(ഭാഗം 1)

(അഗോറ ഡയറിക്കുറിപ്പിൽനിന്നും )


അഗോറ യുടെ കാഞ്ഞിരപ്പുഴ യാത്രയുടെ വിവരണം "സ്പന്ദനം" കയ്യെഴുത്ത് മാഗസിനിൽ വായിച്ചപ്പോഴുണ്ടായ കൗതുകം കൊണ്ടാകാം, അടുത്ത യാത്രയെക്കുറിച്ച് പലരും ജിജ്ഞാസയോടെ ചോദിക്കാറുണ്ടായിരുന്നു.


കുറച്ചു നാളത്തെ മൗനത്തിനൊടുവിൽ ഞങ്ങളുടെ 'നെല്ലിയാമ്പതി-പറമ്പിക്കുളം' യാത്ര, അവർക്കിടയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇത്തവണത്തെ യാത്രക്ക് ഗോപുവിന് വരാൻ പറ്റിയില്ലെങ്കിലും, സമാന ചിന്താഗതിക്കാരായ മൂന്നു പുതിയ ചെറുപ്പക്കാർ കൂടെയുണ്ടായിരുന്നു - ഷിജോയ് , ഫയാസ് , അജി.

യാത്രകൾക്കിടയിലെ തമാശകളും അബദ്ധങ്ങളും യാത്രകളെ കൂടുതൽ സുന്ദരമാക്കുമെന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളും വാരിക്കൂട്ടിക്കൊണ്ടുതന്നെയാണു ഈ യാത്രയും അവസാനിച്ചത്

പാലക്കാടെത്തി. നെല്ലിയാമ്പതിയിലേക്കുള്ള വണ്ടി യന്വേഷിച്ചു നടക്കുകയാണ്. പലരോടും ചോദിച്ചു മനസിലാക്കിക്കൊണ്ടാണു യാത്ര. അടുത്തൊരു ബീവറേജ് ഷോപ്പുണ്ടെന്നും അതിനടുത്തുനിന്നും ട്രിപ്പൊപ്പിക്കുന്ന ജീപ്പ് കിട്ടുമെന്നും അറിഞ്ഞു. പിന്നീടുള്ള യാത്ര ബീവറേജ് ഷോപ്പന്വേഷിച്ചായി. പലരും പല ഭാവത്തോടെയാണ് ഞങ്ങളോട് പ്രതികരിച്ചത്. ചെറുപ്പക്കാരിങ്ങനെ വഴി തെറ്റരുതെന്ന ഉപദേശങ്ങൾ വരെ കിട്ടി.


പാവങ്ങളുടെ ഊട്ടി - എന്നറിയപ്പെടുന്ന നെല്ലിയാംപതി പാലക്കാട് ജില്ലയിലെ മനോഹരമായൊരു ഹിൽ സ്റ്റേഷനാണു. പാലക്കാട് ട്ടൗണിൽ നിന്നും 60 കി.മി. അകലെ, നെന്മാറക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, സമുദ്ര നിരപ്പിൽനിന്നും ഏകദേശം 467 മുതൽ 1572 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വരുന്ന വഴിക്കാണു സുന്ദരമായ പോത്തുണ്ടി ഡാം.

പത്തോളം ഹെയർപിൻ വളവുകൾ താണ്ടി ജീപ്പ് നെല്ലിയാമ്പതിയിലെത്തിയിരിക്കുന്നു. ഞങ്ങൾ പുറത്തിറങ്ങി. ഒന്നു നിവർന്ന് കിട്ടിയതിന്റെ സന്തോഷത്തിലാണ് കാൽമുട്ടുകൾ.

 ചുറ്റുപാടുകളിലേക്കൊന്നു കൊണ്ണോടിച്ചു. തെയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന വർണ്ണാഭമായ രശ്മികൾ, സുന്ദരമായ പച്ചപ്പ് , ഉള്ളം കുളിർക്കുന്നൊരു ഇളം തണുപ്പ്.

അടുത്തൊരു തട്ടുകടയുണ്ട്. അവിടെനിന്നു ചൂടോടെ ഓരോ ചായ കുടിച്ച് നടത്തമാരംഭിച്ചു. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, ടാർ ചെയ്തു സുന്ദരമാക്കിയ റോഡിലൂടെ.


സീതാർഗുണ്ട് - പണ്ട് വനവാസ കാലത്ത് രാമനും,ലക്ഷ്മണനും, സീതയും ഇവിടെ വിശ്രമിച്ചെന്നു വിശ്വാസം.

4 കി.മി.നടത്തത്തിനൊടുവിൽ ഞങ്ങൾ ആ വ്യു പോയിന്റിലെത്തി. അവർണ്ണനീയമായൊരു വ്യു പോയിന്റ്. വാക്കുകൾക്കതീതമായി, കാഴ്ച്ചകൾകൊണ്ട് മാത്രം ഗ്രഹിക്കാവുന്ന സുന്ദര ദൃശ്യങ്ങൾ.


കുന്നിൻ ചരിവിലൂടെ നടക്കുകയാണു - ഒരു വശം അഗാധമായ താഴ് വരയാണെന്ന  സത്ത്യം മറക്കാതെത്തന്നെ !

പെട്ടെന്നാണു, തൊട്ടടുത്ത മരത്തിൽനിന്നും വലിയൊരു ചിറകടി ശബ്ദത്തോടെ, ഒരു വേഴാമ്പൽ പറന്നകന്നത്. ഇങ്ങനൊരു പക്ഷിയെ മൃഗശാലയിലല്ലാതെ ഇത്രയടുത്ത് കാണുന്നത് ഇതാദ്യമായാണ്. ഓർക്കാതെ കിട്ടിയ ദൃശ്യാനുഭൂതിക്കു ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.


ചരിവിലൂടെ താഴേക്കു നടക്കുകയാണ്‌ . പെട്ടെന്നാണത് സംഭവിച്ചത്. അടി തെറ്റിയാൽ ആരും വീഴും. കല്ലിലും പുല്ലിലും ആസനംകൊണ്ടുമ്മവച്ച് ഞരങ്ങി നീങ്ങുന്ന ഷിജോയ്. ഭാഗ്യംകൊണ്ടാണ് ഒരു കുറ്റിച്ചെടിയിൽ അവന് പിടി കിട്ടിയത്. കയ്യോട് കൈചേർത്ത് ഒരു മനുഷ്യച്ചങ്ങല തീർത്ത് അവനെ വലിച്ചു കയറ്റുമ്പോൾ,     ഞെട്ടലും ആശ്വാസവും ചേർന്നൊരു വികാരമായിരുന്നു മനസിൽ. കുറ്റിച്ചെടികളുടെ മഹത്വത്തെ അന്നാണാദ്യം പ്രകീർത്തിച്ചത് .

വളരെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൽ തിരിച്ച് നടന്നു. അടുത്ത ദിവസം പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണു പോകുന്നത്. നേരിട്ടുള്ള ബസില്ല. അതുകൊണ്ട് തന്നെ പൊള്ളാച്ചിയെ ഒരു ഇടത്താവളമാക്കേണ്ടതുണ്ട്.


ഞങ്ങൾ നടത്തത്തിനു വേഗം കൂട്ടി. കാരണം,വൈകുന്നേരത്തെ ബസ് കിട്ടിയില്ലെങ്കിൽ രാത്രി നെല്ലിയാമ്പതിയിൽത്തന്നെ തങ്ങേണ്ടി വരും.

വൈകുന്നേരമായെങ്കിലും , രാവിലെ ചായ കുടിച്ച അതേ തട്ടുകടയിൽനിന്നും ഉച്ചഭക്ഷണം കഴിച്ച് , ഞങ്ങൾ ബസിനായി കാത്തിരുന്നു.


ഭാഗം 2 ( ഇവിടെ അമർത്തുക )