Thursday, January 12, 2017

ഉരൽക്കുഴി

(ശബരിമല ഭാഗം 7)


ഒരു വർഷത്തെ  ഇടവേളക്കുശേഷം ശബരിമലയിൽ വീണ്ടും ഡ്യൂട്ടിക്ക് വന്നിരിക്കുകയാണ്. ഇത്തവണ സന്നിധാനത്തെ ആശുപത്രിയിൽത്തന്നെയാണ് പോസ്റ്റിംഗ് കിട്ടിയിരിക്കുന്നത്. മണ്ഡലപൂജക്ക് ശേഷം കുറച്ച് ദിവസങ്ങൾ നടയടക്കാറുണ്ട്. ഭാഗ്യമോ  നിർഭാഗ്യമോ എന്നറിയില്ല,  ആ മൂന്നു ദിവസങ്ങളുൾക്കൊള്ളുന്ന ഏഴാം ഘട്ട ബാച്ചിലാണ് ഇത്തവണത്തെ  എന്റെ പോസ്റ്റിംഗ്.
URALKUZHI- SABARIMALA
സന്നിധാനത്തിനടുത്ത്  "ഉരൽക്കുഴി" എന്നറിയപ്പെടുന്ന ചെറിയൊരു വെള്ളക്കുഴിയും അതിലേക്ക് നിപതിക്കുന്നൊരു കാട്ടരുവിയുമുണ്ടെന്ന് കേട്ടിട്ടുണ്ട്. സ്വാമി അയ്യപ്പൻ പണ്ട് മുങ്ങിക്കുളിച്ച സ്ഥലമാണതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ, അവിടെ കുളിക്കുന്നതും പുണ്യമാണെന്ന്, ഇവിടെയെത്തുന്ന അയ്യപ്പൻമാർ വിശ്വസിക്കുന്നു. ഇന്ന്, അവിടമൊന്നു സന്ദർശിക്കണമെന്നാണ് ഞാൻ മനസിലുറപ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കുവശത്ത്, പാണ്ടിത്താവളത്തേക്ക് നയിക്കുന്ന ഒരു പാതയുണ്ട്. ചെറിയൊരു കയറ്റമാണ്. കല്ലും മുള്ളും നിറഞ്ഞ, സഹനത്തിന്റെ കാട്ടുപാതയൊന്നും ഇന്നില്ല. സിമന്റ് തേച്ച് സുഖമമാക്കിയ പടവുകളാണ് മുന്നിൽ. അതിലൂടെ കയറി നടന്നാൽ, അൽപ്പദൂരയാത്രയിൽത്തന്നെ ലക്ഷ്യത്തിലെത്താം.  ഡോക്ടർ ആനന്ദിന് ആ വഴി നന്നായറിയാം. ഞങ്ങൾ രണ്ടു പേരും യാത്ര തുടരുകയാണ്.
Pulmedu-Sabarimala
പുൽമേട് വഴി അയ്യപ്പഭക്തൻമാർ ശബരിമലയിലേക്ക് വരുന്ന വഴിയാണിത്. ധാരാളം ഹിംസ്ര ജന്തുക്കൾ വസിക്കുന്ന വനത്തിലൂടെയുള്ള പാതയാണത്. ആനകളും കടുവകളും ഈ കാട്ടിലെ സ്ഥിരവാസക്കാരാണ്.  ഇവിടെനിന്ന് നോക്കുമ്പോൾ, അങ്ങ് ദൂരെ വലിയൊരു മലനിരകാണുന്നുണ്ട്.  കൂറ്റൻ മരങ്ങൾ നിറഞ്ഞ, അംബര  ചുംബിയായ കുന്നുകൾ. മുകൾഭാഗം പച്ചപ്പുല്ലുകളാൽ പരവതാനി വിരിച്ച കണക്കെ കാണപ്പെടുന്നുണ്ട്.   ആ കാണുന്ന കുന്നിൻപുറം,  അതുകൊണ്ട് തന്നെ "പുൽമേട്" എന്നറിയപ്പെടുന്നു. 'പുലിമേട്' എന്നത് കാലാന്തരത്തിൽ പുൽമേടായി മാറിയതാണെന്നും പറയപ്പെടുന്നു.
'കാടാണിത് സ്വാമി' എന്ന് പറയാതെത്തന്നെ ഓർമ്മിപ്പിക്കും പോലെ, അലഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. കൂടെ കുറെ കുഞ്ഞുങ്ങളും; പുറത്ത് നേർത്ത വരകളോട് കൂടിയ ഓമനത്തമുള്ള കുഞ്ഞുങ്ങൾ!
ഞങ്ങൾ നടക്കുകയാണ്. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൻ മരങ്ങളുടെ ചുവട്ടിലൂടെ പണ്ട് ശരണ മന്ത്രങ്ങളോടെ അയ്യപ്പഭക്തന്മാർ ഭക്തിസാന്ദ്രമായി നടന്നു നീങ്ങിയിരുന്ന കാട്ടുവഴികളാണ്. ഇന്നത്, ഭക്തരുടെ സൗകര്യാത്ഥം വീതി കുറഞ്ഞ മൺ റോഡു പോലെയാക്കിയിരിക്കുന്നു.

അൽപ്പം കൂടെ മുന്നോട്ട് നടന്നതിന് ശേഷം, ഇടത്തോട്ട് ചെറിയൊരു നടവഴി കാണിച്ചുകൊണ്ട്  ആനന്ദ് അതിലൂടെ നടക്കുകയാണ്. അനുഗാമിയായി ഞാനും!
ചെങ്കുത്തായ ചരിവിലൂടെയുള്ള കാട്ടുപാത. ഇരുവശവും നിബിഡമായ കുറ്റിക്കാടുകൾ തന്നെ. ഈ പാതയിലൂടെ നടത്തം തുടങ്ങിയപ്പോൾ മുതൽ, ഒരു പ്രത്യേക ഉന്മേഷം അനുഭവപ്പെടുന്നതായി തോന്നുന്നുണ്ട്. സുഖമുള്ളൊരു തണുപ്പ്. മനുഷ്യനിർമ്മിതമായ ഏതൊരു ശീതീകരണിയെയും വെല്ലുന്ന പ്രകൃതിയുടെ വിസ്മയം!

ഞങ്ങൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ചെറിയൊരു വെള്ളച്ചാട്ടമാണ്. ആ നീരരുവി പതിക്കുന്നത് ചെറിയൊരു കുഴിയിലേക്കാണ്. തറനിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി  കരിമ്പാറയിൽ തീർക്കപ്പെട്ട ഒരു കുഴി.  ഉരലിനോട് സാദൃശ്യമുള്ളതിനാലാണ് ഇതിന് ആ പേര് സിദ്ധിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

വർഷങ്ങളായി വെള്ളം പതിച്ചുകൊണ്ടിരിക്കുന്നതിനാലാകാം, കുഴിയുടെ പ്രതലം വളരെ മിനുസമുള്ളതായാണ് കാണപ്പെടുന്നത്. കാഴ്ചയിലിത് ചെറിയ കുഴിയാണെന്ന് തോന്നുന്നുണ്ടെങ്കിലും, എത്ര തടിയന്മാരായവർക്കും മുങ്ങി തലനനച്ച് കുളിക്കാൻ ഇവിടെ സാധിക്കുന്നു എന്നതാണ് അനുഭവസാക്ഷ്യം.
Uralkuzhi-Sabarimala
കാട്ടരുവിയായതിനാലാകാം, വെള്ളത്തിന് നല്ല തണുപ്പുണ്ട്.  നടയടച്ചതു കാരണം സന്ദർശകർ അധികം ഇല്ലാത്തതു കൊണ്ടാകാം, നല്ല വൃത്തിയുള്ള തെളിഞ്ഞ വെള്ളമാണ്. ഇവിടെ നിന്നും ഒഴുകുന്ന വെള്ളം തന്നെയാണ്, താഴെ കുംബ്ലാം തോടിൽ (കുംബ്ലാം തീർത്ഥം)  എത്തുന്നത്.

നിശബ്ദമായ അന്തരീക്ഷത്തിൽ ഇവിടെ ആനയിറങ്ങാറുണ്ടെന്ന് പറയപ്പെടുന്നു. അതു കൊണ്ട് തന്നെ, ശരണം വിളികളോ വെടിയൊച്ചയോ ഇല്ലാത്ത സന്ദർഭങ്ങളിൽ ഇവിടേക്ക് സന്ദർശകരെ അനുവദിക്കാറില്ല. ഞങ്ങളിപ്പോൾ വന്നിരിക്കുന്നത്  നടയടച്ച ദിവസമാണെന്നതിനാൽ വനം വകുപ്പിന്റെ ഉദ്യോഗസ്ഥർ കൂടെ വന്നിട്ടുണ്ട്. അലഞ്ഞു നടക്കുന്നൊരു ഒറ്റയാന്റെ സാമീപ്യം അവർ  മുന്നറിയിപ്പായി നൽകിയതിനാൽ, അധിക സമയം അവിടെ നിൽക്കാതെ ഞങ്ങൾ തിരിച്ച് നടത്തം തുടങ്ങുകയാണ്.


27/12/2016

ശബരിമല ഭാഗം 1

ശബരിമല ഭാഗം 2

ശബരിമല ഭാഗം 3