Wednesday, December 26, 2018

Accommodation in Mudumalai Tiger Reserve/ Sylvan dormitory


ചുരുങ്ങിയ ചെലവിൽ കാട്ടിലൊരു താമസമായാലോ??

വളരെ ചുരുങ്ങിയ ചെലവിൽ കാട്ടിനുള്ളിലൊരു താമസം, അതും ഗവൺമെന്റ് റസ്റ്റ് ഹൗസിൽ. അതാണ് മുതുമലയിലെ തെപ്പക്കാട് റസ്റ്റ് ഹൗസുകളുടെ പ്രത്യേകത.

പലപ്രാവശ്യം മുതുമല സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഒരു ദിവസം ഇവിടെ താമസിക്കുന്നത് ഇതാദ്യമായാണ്.

ടൈഗർ റിസർവിന്റെ വെബ്സൈറ്റിലൂടെwww.mudumalaitigerreserve.com ) റൂം ബുക്ക് ചെയ്യാം. അപ്പോൾ കിട്ടുന്ന റസീപ്റ്റ് പ്രിന്റൗട്ടെടുത്ത് ഇവിടത്തെ ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ കാണിച്ച് വെരിഫൈ ചെയ്യണം. ബുക്കിംഗ് സമയത്ത് സമർപ്പിച്ച തിരിച്ചറിയൽ രേഖ കാണിച്ച് ചെക്കിൽ ചെയ്യാം.

ഗൂഡല്ലൂർ മൈസൂർ ദേശീയ പാതയിൽനിന്നും ഏകദേശം മുന്നൂറ് മീറ്റർ അകലെ കാട്ടിനുള്ളിലായ്, ശാന്തമായൊഴുകുന്ന മോയാർ നദിയുടെ ഓരത്താണ് ഞങ്ങൾ ബുക്ക് ചെയ്ത സിൽവാൻ ഡോർമിറ്ററി. സ്വകാര്യതക്ക് തെല്ലും ഭംഗം സംഭവിക്കാത്ത, നല്ലൊരു സ്ഥലം. വൈകുന്നേരം, ഇളംകാറ്റേറ്റുകൊണ്ട് സല്ലപിച്ചിരിക്കാൻ പറ്റിയ നല്ലൊരു മുറ്റം. മുറ്റത്തെ അതിരിട്ടെന്നോണം, തലയുയർത്തി നിൽക്കുന്ന വൻ മരങ്ങൾ. പുഴയുടെ അങ്ങേക്കരയിൽ സ്വൈര്യവിഹാരം നടത്തുന്ന വന്യമൃഗങ്ങൾ. പുറമെനിന്നുളള ശബ്ദങ്ങളാൽ മലീമസമല്ലാത്ത നിശബ്ദത. ഇന്നത്തെ സായാഹ്നം ഇങ്ങനെയുളള കാഴ്ചകളാൽ സുന്ദരമാണ്.


സൂര്യൻ അസ്തമിക്കുകയാണ്. വളരെ വേഗം ഇരുട്ട് വ്യാപിക്കുന്നപോലെ. തണുപ്പിനും കാഠിന്യം കൂടിവരുന്നുണ്ട്.

സമയം എട്ടുമണിയായിരിക്കുന്നു. ദേശീയ പാതയിൽ വാഹനങ്ങൾക്ക് നിരോധനമുളളതുകൊണ്ട്കൂടിയാകാം, വല്ലാത്തൊരു നിശബ്ദത. മോയാർ നദിയിലെ നീരൊഴുക്കിന്റെ മർമ്മരങ്ങൾ, കാതോർത്താൽ കേൾക്കാം. അർദ്ധ രാത്രിയായതോടെ, അവിടിവിടെനിന്നായി ഇടക്കൊക്കെ ആനകളുടെ ചിന്നം വിളികൾ കേൾക്കുന്നുണ്ട്. പേടി തോന്നുന്ന കാര്യങ്ങൾ തന്നെ. വല്ലാത്തൊരുഭവം....!!!

നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. കതക് തുറന്ന് പുറത്തിറങ്ങി. നല്ല മഞ്ഞുണ്ട്. നല്ല തണുപ്പും. ഉദയസൂര്യന്റെ രശ്മികളും, കോഡമഞ്ചും ചേർന്ന് കാടിന് വല്ലാത്തൊരു വശ്യത സമ്മാനിക്കുന്നപോലെ....!!

ഞങ്ങൾക്ക് മുൻപേ ഉണർന്നെണീറ്റ മാൻകൂട്ടങ്ങൾ, നദിക്കക്കരെ സ്വന്തം ആവാസവ്യവസ്ഥയിൽ സ്വൈര്യവിഹാരം നടത്തുന്ന കാഴ്ചകൾ തന്നെയാണ് മുന്നിൽ. പശ്ചാത്തലത്തിലും മികവേകാനെന്നോണം പീലിവിടർത്തിനിന്നാടുന്ന മയിലുകൾ. റൂമിനടുത്തുളള മരത്തിലുമുണ്ട് മൂന്നാല് മയിലുകൾ.

ഞങ്ങൾക്ക് ഇതെല്ലാം വേറിട്ട അനുഭവങ്ങൾ തന്നെയാണ്....!!!

You can see this travelogue in YouTube
By clicking here.

ഭാഗം 1-മുതുമലയിലേക്ക്
ഭാഗം 2-മുതുമലയിലെ താമസം


Wednesday, October 24, 2018

രാമേശ്വരം

രാമേശ്വരം യാത്ര-ഭാഗം 1


രാമേശ്വരക്ഷേത്രം:
ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണത്. തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിൽ, രാമനാഥപുരം ജില്ലയിലാണത് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ  ഇപ്രാവശ്യത്തെ യാത്ര അവിടേക്കാണ്.

This photo is from internet-bcos photogrphy prohibited inside tmpl
പ്രാദേശികമായി നാലമ്പലങ്ങൾ ഒരുപാടുണ്ടെങ്കിലും, ശ്രീ ആദി ശങ്കരനാൽ പറയപ്പെട്ട നാലമ്പലങ്ങളിൽ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണത്. (മറ്റുള്ളവ: വടക്ക് - ബദ്രിനാഥ്, പടിഞ്ഞാറ് - ദ്വാരക, കിഴക്ക് - പുരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ്.)
On the way to Rameswaram by OppoA3s
ട്രെയിനിലാണ് യാത്ര. ബോർഡർ കടന്നതോടെ, തമിഴ്നാടിന്റെ സുന്ദരമായ വിജനതയാണ് കാഴ്ച. കുറേകൂടെ കഴിയുമ്പോൾ കൃഷിയിടങ്ങളുടെ വശ്യമായ പച്ചപ്പ് കാണാം. കാവേരി നദിയിലെ ജലം, വളരെ സൂക്ഷ്മതയോടെ കനാൽ വഴി അവശ്യ സ്ഥലങ്ങളിലെത്തിക്കുന്നു. നല്ല നനവുള്ള ഭൂമി. നെല്ലും ചോളവും മറ്റും ഭൂമിക്കൊരു പ്രത്യേക പച്ചപ്പ് നൽകുന്ന പോലെ!

20.09.2018  (വ്യാഴം)
ഞങ്ങൾ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയിരിക്കുന്നു. വലിയ ക്ഷേത്രവും, ക്ഷേത്രഗോപുരവും തന്നെയാണ്. നാല് നടകളിലും വലിയ ഗോപുരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കിഴക്കെ ഗോപുരം തന്നെയാണ് വലുത്. അതിലൂടെ ഞങ്ങൾ അകത്ത് കടന്നിരിക്കുകയാണ്. വലതു വശത്ത് ആദ്യം കാണുന്നത് ഹനുമാൻ മന്ദിരമാണ്. നേരെ നടക്കുമ്പോൾ, കല്ലിൽ തീർത്ത നിർമ്മിതികൾ തന്നെയാണ് ചുറ്റും. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കരിങ്കൽ പാളികൾ പാകിയ ഉത്തരം ചിത്രപ്പണികളിൽ സുന്ദരമാക്കിയിരിക്കുന്നു. മനസിലേക്ക് പകർത്തുന്നതോടൊപ്പം, ക്യാമറയിലേക്കും കൂടെ പകർത്താൻ തോന്നുന്ന കാഴ്ചകൾ. പക്ഷെ കാമറയും മൊബൈൽ ഫോണും നിരോധിച്ചിരിക്കുന്നത് കുറച്ചെങ്കിലും വിഷമം തോന്നിപ്പിക്കാതിരുന്നില്ല.

പ്രധാന ശ്രീകോവിലിനരികിലെത്തിയിരിക്കുന്നു. അതിന് മുന്നിലായി, ഭീമാകാരമായൊരു നന്ദികേശ പ്രതിമയുണ്ട്. ഇനി ശ്രീകോവിൽ. പണം കൊടുത്തുള്ളതും അല്ലാത്തതുമായി ഇവിടെ രണ്ട് തരം വരികളുണ്ട്. വലിയ തെരക്കില്ലാത്തതു കൊണ്ട് മാത്രമല്ല, മനസാക്ഷിക്ക്  യോജിക്കാനാകാത്തതു കൊണ്ട് കൂടിയാണ് സാധാരണക്കാരുടെ വരിയിൽ നിന്ന് തൊഴാനായ് ഞങ്ങളും തീരുമാനിച്ചത്.

ചെറുതും വലുതുമായി ധാരാളം ഉപദേവ പ്രതിഷ്ഠകളുണ്ടിവിടെ. ഒരു ദിവസം മുഴുവൻ നടന്നു തൊഴാനുള്ളത്ര കോവിലുകൾ. അതിലൂടെ നിസ്വനായ് നടക്കുകയാണ് ഞാൻ.
This phpto is from internet
സമയം വളരെ കഴിഞ്ഞിരിക്കുന്നു. ഏറ്റവും പുറമെയുള്ള ഇടനാഴിയിലാണിപ്പോൾ നിൽക്കുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലൂടെയാണ് ഞങ്ങളിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നോർക്കുമ്പോൾ, മനസിൽ വല്ലാെത്തൊരു അതിശയഭാവം നിറയുന്നപോലെ!

കൊത്തുപണികൾകൊണ്ട് പൂരിതമായ ആയിരം കൽത്തൂണുകളോട് കൂടിയ ബൃഹത്തായൊരു നിർമ്മിതി. ശരിക്കും പറഞ്ഞാൻ,1212 തൂണുകൾ. വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കരിങ്കൽ മേൽക്കൂര. കുറ്റമറ്റ പ്രകാശ വിതരണ സംവിധാനം. അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയം. ഇതെല്ലാം നോക്കിക്കണ്ടുകൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് തന്നെ സുകൃതമെന്നേ കരുതേണ്ടൂ.

അൽപ്പം വിശ്വാസങ്ങൾകൂടി:
രാവണ വധത്തിനു ശേഷം ഇവിടെ തിരിച്ചെത്തിയ ഭഗവാന് ശ്രീരാമൻ, ശിവ ഭക്തനായിരുന്ന രാവണനിഗ്രഹത്തിനായുളള ഒരു പ്രായശ്ചിത്തമെന്നോണം, ഇവിടെയൊരു ശിവപ്രതിഷ്ഠയൊരുക്കി പൂജിക്കാൻ തീരുമാനിച്ചു. ഇതിനുള്ള ശിവലിംഗത്തിനായി ഹനുമാന് സ്വാമിയെ കൈലാസത്തിലേക്കയച്ചു. മുഹൂർത്ത സമയം തീരാറായിട്ടും ഹനുമാന് തിരിച്ചെത്താതിരുന്നതിനാൽ, ഇവിടെയുണ്ടായിരുന്ന മണൽ വാരിക്കൂട്ടി സീതാദേവി ഒരു ശിവലിംഗം നിർമ്മിച്ചു. ശ്രീരാമൻ അതിവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ സമയത്താണ് ഹനുമാന് വിശിഷ്ടമായ വിശ്വലിംഗവുമായി എത്തിയത്. കലിപൂണ്ട ഹനുമാൻ തന്റെവാലുകൊണ്ട് മണൽ ശിവലിംഗം പിഴുതെറിയാൻ ശ്രമിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും പ്രതിഷ്ഠയിൽ ഒരനക്കം പോലും ഉണ്ടാക്കാൻ ഹനുമാൻ സ്വാമിക്കായില്ല. തന്റെ പ്രിയ ഭക്തന്റെ സഞോഷത്തിനായിക്കൊണ്ട്, അപ്രകാരം വിശ്വലിംഗം കൂടെ ശ്രീരാമനാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

അൽപ്പം ചരിത്രം:
ആദ്യകാലങ്ങളിൽ ചെറിയൊരു അമ്പലമായിരുന്നു ഇത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പാണ്ട്യസാമ്രാജ്യകാലത്ത് ഇതിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായത്. ജയവീര ചിങ്കയ്യരയ്യരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ പുനരുദ്ധാരണം നടക്കുകയുണ്ടായി.

പതിനേഴാം നൂറ്റാണ്ടിൽ, സേതുപതി ദളവയുടെ കാലത്ത് കിഴക്കേ ഗോപുരത്തിന്റെ പല പുനരുദ്ധാരണ പ്രവൃത്തികളും നടക്കുകയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിൽ, മുത്തുരാമലിംഗ സേതുപതിയുടെ കാലത്താണ് ലോകപ്രസിദ്ധമായ മൂന്നാമത്തെ ഇടനാഴി പണികഴിപ്പിച്ചത്.

21.10.2018(വെള്ളി)
അമ്പലത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായാണ് റൂമെടുത്തിരിക്കുന്നത്. ദർശനവും, തീർത്ഥസ്നാനവും തന്നെയാണ് ഇന്നത്തെ പ്രധാന ലക്ഷ്യം.

ക്ഷേത്രത്തിന്റെ കിഴക്കേനടക്കഭിമുഖമായ കടൽഭാഗം അഗ്നിതീർത്ഥമെന്നാണറിയപ്പെടുന്നത്. അഗ്നിശുദ്ധിക്കു ശേഷം സീതാദേവി ഇവിടെ സ്നാനം ചെയ്തുവെന്നാണ് വിശ്വാസം. അതുകൊണ്ട്തന്നെ ഈ കടൽത്തീരത്ത് മുങ്ങിക്കുളിക്കുന്നത് പുണ്യമായ് കണക്കാക്കുന്നു. പിതൃക്കൾക്കായി ബലിതർപ്പണങ്ങൾ ചെയ്യുന്നതും ഇവിടെത്തന്നെ.

അഗ്നിതീർത്ഥത്തിൽ കുളിച്ചതിന് ശേഷം ക്ഷേത്രത്തിേലേക്ക് നടക്കാം. അവിടെ ക്ഷേത്രമതിൽെക്കെട്ടിനകത്ത് 22 തീർത്ഥങ്ങൾ വേറെയുണ്ട്. 25 രൂപയുടെ റസീപ്റ്റ് വാങ്ങി വരിയിൽ നിൽക്കുകയാണ് ഇനി വേണ്ടത്.
This photo from internet
വരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഒരാൾക്ക് ഇത്രരൂപ എന്ന കണക്കിൽ നിങ്ങളെ നയിക്കാൻ പുറത്ത് ആൾക്കാർ കാത്തുനിൽക്കുന്നുണ്ടാകും. സംഖ്യ നിങ്ങൾക്ക് വിലപേശിയുറപ്പിക്കാം. അതൊരു നല്ല സമ്പ്രദായമായി എനിക്ക് തോന്നുന്നില്ല.

ഓരോ കിണറ്റിലെെ വെള്ളത്തിനും ഓരോ രുചിയാെണെന്ന് കേട്ടിട്ടുണ്ട്. വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ലെങ്കിലും, ചില കൂപജലത്തിന് ഉപ്പുരസമില്ലെന്ന സത്യം എന്റെ രസനേന്ദ്രിയങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു.
from internet
രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നത് വളരെ നാളുകളായിട്ടുളള ആഗ്രഹം തന്നെയായിരുന്നു. ഇന്നത് സാധിച്ചിരിക്കുന്നു. അവർണ്ണനീയമായ കൊത്തുപണികൾ നിറഞ്ഞ, അതിശയിപ്പിക്കുന്ന കരിങ്കൽത്തൂണുകളോട് കൂടിയ, അതി ബൃഹത്തായൊരു ഇടനാഴിയിലൂടെ, ഒരു ആത്മ നിർവൃതിയോടെ ഞാനിപ്പോൾ നടക്കുകയാണ് !!


Saturday, July 14, 2018

ശ്രീ പൊടിയാട്ടുപാറ മഹാദേവക്ഷേത്രം

വലിയൊരു പാറക്കെട്ട്.  അതിന്റെ നെറുകിലായി ഒരു ക്ഷേത്രം.   ക്ഷേത്രത്തെ വലയം ചെയ്തു കൊണ്ട്, അഗാധമായ കരിങ്കൽ ക്വാറി.  ക്വാറിയിലേക്കൊഴുകി വീഴുന്ന ചെറിയ  നീർച്ചാലുകൾ. വശ്യമായൊരു പച്ചപ്പ്.  ശ്രീ പൊടിയാട്ടു പാറ മഹാദേവക്ഷേത്രത്തെക്കുറിച്ചാണ് ഞാൻ വിവരിച്ചു വരുന്നത്.
ആ മലമുകളിലാണ് ക്ഷേത്രം.
മലപ്പുറം ജില്ലയിൽ, മേൽമുറിക്കടുത്ത് സ്ഥിതി ചെയ്യുന്ന വലിയൊരു പാറക്കെട്ട്. അതാണ് പൊടിയാട്ടുപാറ.  അതിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

15/07/2018
ഇന്ന് ഞാൻ  അവിടേക്കൊരു യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

മലപ്പുറം കോഴിക്കോട് ദേശീയപാതയിൽ മേൽമുറി - 27 ൽ നിന്നും രണ്ട് കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിച്ചാൽ പൊടിയാട്ടുപാറ ക്ഷേത്രത്തിലെത്താം.
അവിടെ ഒരു ക്വാറിക്കരികിൽ വണ്ടി നിർത്തി. ഇനി കയറ്റമാണ്.

ക്വാറികൾക്കിടയിലെ  ഇടുങ്ങിയ വഴികളിലൂടെ ഒരു സാഹസിക കയറ്റമാണ്. മഴക്കാലമായതിനാൽ, ക്വാറികളിലേക്കൊഴുകുന്ന ചെറിയ നീർച്ചാലുകൾ തീർക്കുന്ന വെള്ളച്ചാട്ടങ്ങൾ പശ്ചാത്തലത്തിന് മികവേകുന്നു. ക്വാറികളിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

നടന്നു പോകുന്ന വഴികളിലൂടെയെല്ലാം നല്ല കനത്തിൽത്തന്നെ നീരൊഴുക്കുണ്ട്. പാറകളിൽ നിന്നും ജലകണികകൾ ഇറ്റുവീഴുന്നത് കാണാൻ തന്നെ നല്ല രസമാണ്. ബാഹുബലി സിനിമയെ സ്മരിപ്പിക്കുന്ന കാഴ്ചകൾ.
പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയുള്ള കയറ്റത്തിനായി ഇരുമ്പു ഗോവണികളുണ്ട്.

ഒരു കാലഘട്ടത്തിൽ വളരെ സജീവമായിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. മലബാറിലെ മാറിവന്ന സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി ദശാബ്ദങ്ങളായി ഇവിടം വിസ്മൃതിയിലാകുകയായിരുന്നു.
ശ്രീകോവിലിന്റെ പണി നടന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ
അങ്ങനെ അവസാനം ഞാൻ മലമുകളിലെത്തി.
രാജൻ, കരിയാത്തൻ, ഞാൻ
ഇന്ന് അമ്പലത്തിന്റെ കാര്യങ്ങൾ ഭംഗിയായി നടത്തികൊണ്ട് പോകുന്നതിന് നേതൃത്വം വഹിക്കുന്ന രണ്ട് പേരെ ഞാനവിടെ പരിചയപ്പെട്ടു - രാജൻ, കരിയാത്തൻ.  രണ്ടു പേരും ദേശവാസികളാണ്. ക്ഷേത്രത്തിന്റെ ഭൂതകാലസ്മൃതികൾ അവർ എന്നോട് പങ്കുവെക്കുകയുണ്ടായി.
മുൻപ്, ഈ പ്രദേശം മുഴുവൻ വ്യാപിച്ചുകിടന്നിരുന്ന വലിയൊരു ഒറ്റപ്പാറയായിരുന്നു ഇതെന്നാണ് അറിഞ്ഞത്. ചെറുപ്പക്കാലത്ത്, അവർ പലവിധ കളികളിലേർപ്പെട്ടിരുന്ന പാറ.
ഗവൺമെന്റിൽ നിന്നും, പാറപൊട്ടിക്കൽ ആവശ്യത്തിന് വാടകക്കെടുത്ത സ്വകാര്യ ക്വാറി മുതലാളിമാർ ഈ പ്രദേശത്തെ ഈ പരുവത്തിലാക്കി എന്ന് വേണം പറയാൻ.



അപകട സാധ്യത തോന്നിക്കുന്ന സ്ഥലമാണെന്നിരിക്കിലും, ഈ യാത്ര എന്റെമനസിന് ഒരു പ്രത്യേക ഉൻമേഷം നൽകുന്നതായി തോന്നി. വീണ്ടും പോകുന്നതിനുള്ള ഉൾവിളികളുണ്ടാകുന്നതായി തോന്നുന്നുണ്ട്.



Nb:
ജില്ല: മലപ്പുറം
ബസ് സ്റ്റോപ്പ്: മേൽമുറി 27

എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെയും; വെള്ളിയാഴ്ചകളിലും, പ്രദേഷ ദിനങ്ങളിലും മാത്രം വൈകുന്നേരം 5.30 മുതൽ 8 മണി വരെയും നട തുറക്കാറുണ്ട്.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം അന്നദാനം  ഉണ്ടാകാറുണ്ട്.

പറ്റുമെങ്കിൽ രാവിലെ പോകുന്നതായിരിക്കും നല്ലത്. ഉച്ചകഴിഞ്ഞാൽ ശക്തമായ കാറ്റടിക്കാറുള്ള സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്നും 250 അടി ഉയരമാണിവിടം.


Friday, April 27, 2018

ടേക് ഡൈവേർഷൻ ടു മുതുമല....

മുതുമലയുടെ കാനനഭംഗിയും,  മായാറിന്റെ മോഹനഭംഗിയും കൺകുളിർക്കെ കാണാൻ അവസരമുണ്ടാക്കിത്തന്ന ടൂർ കോഡിനേറ്റർ ഡോ: ഫയാസ് റഹ്മാന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.

22.04.2018 (ഞായർ)
ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർമാർ, ഇന്ന് ഊട്ടിയിലേക്കൊരു ഏകദിന യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

നാടുകാണി ചെക്ക് പോസ്റ്റിനടുത്തെത്തിയിരിക്കുന്നു. സമ്മർ വെക്കേഷനിലെ ഞായറാഴ്ചയായതിനാലാകാം, ഇവിടെയിപ്പോൾ ചുരത്തിൽ നല്ല വാഹനത്തെരക്കുണ്ട്. അൽപദൂരയാത്രക്കു തന്നെ വളരെ സമയമെടുക്കുന്നു. ഈ  രീതിയിൽ പോകുകയാണെങ്കിൽ ഉച്ചയായാലും ഊട്ടിയിലെത്തുകയില്ലെന്ന് തോന്നിപ്പോകുന്നു. എന്തു ചെയ്യണമെന്ന ചിന്തയായി പിന്നെ.....!

" എവിടെ ചിന്തിക്കുന്നുവോ, അവിടെ ശൗചാലയം" എന്നാണല്ലൊ...... അതു കൊണ്ട് തന്നെ "പ്ലാൻ ബി" പാസാക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ യാത്ര മുതുമല വഴി മോയാറിലേക്കാക്കി.

മുതുമല (തെപ്പക്കാട്):
കേരളവും തമിഴ്നാടും കർണ്ണാടകവും പങ്കിടുന്ന വനമേഘലയുടെ തമിഴ്നാടിന്റെ അധീനതയിലുള്ള വനമാണിത്. കേരളത്തിന്റെ മുത്തങ്ങയിലെ കാട്ടിലൂടെ ട്രക്കിംഗ് നടത്തുമ്പോൾ ആ അതിർത്തി സംഗമിക്കുന്ന ഭാഗം കാണാൻ സാധിക്കും.

ഇല്ലിക്കാടുകൾക്കിടയിൽ ആനകളെ കാണാറുണ്ട്. മോയാർ നദിയെ പാനപാത്രമാക്കിക്കൊണ്ട് അവരിതിലെ സ്വൈര്യ വിഹാരം നടത്താറുണ്ട്. കാഴ്ചകളെ മേയാൻ വിട്ടു കൊണ്ട് ഞങ്ങൾ യാത്ര തുടരുകയാണ്.

കൂട്ടം കൂടി നടക്കുന്ന മാനുകളും, അലഞ്ഞ് നടക്കുന്ന മയിലുകളും, മദിച്ച് നടക്കുന്ന കാട്ടുപോത്തുമെല്ലാം ഇടക്കിടെ ദർശനഭാഗ്യം നൽകുന്നുണ്ട്. സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്ന വന്യജീവികളെ കണ്ടു കൊണ്ടുള്ള യാത്ര തീർത്തും ആനന്ദദായകം തന്നെ.

ഈ കാട്ടിൽ കരടികളും, കടുവകളും ഉണ്ടെങ്കിലും, ഇതിലൂടെ നടത്തിയ യാത്രകളിലൊന്നും അവയെ കാണാനുള്ള ഭാഗ്യം (? നിർഭാഗ്യം) എനിക്കിതുവരെ കിട്ടിയിട്ടില്ല.

സുഖകരമായ കാലാവസ്ഥ തന്നെ. ഇളം വെയിലടിക്കുന്നുണ്ട്. ഏതൊരു ഫോറസ്റ്റ് സഫാരിയിലും ഉണ്ടാകാറുള്ള പോലെ, വിശേഷപ്പെട്ട കാഴ്ചകളുള്ള ദിശയിലേക്ക് ചാടി വീഴുന്നവരായി മാറുകയാണ് ഞങ്ങൾ.

മായാർ (മോയാർ റിസെർവോയർ):
ശാന്തമായൊരു ജലാശയം. മനം മയക്കുന്ന പശ്ചാത്തലം. മോയാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, ഇവിടെ ചെറിയൊരു ചെക്ക്ഡാമിനാൽ തടഞ്ഞ് നിർത്തിയിരിക്കുന്നു.  ഇതിനോടനുബന്ധിച്ച്, ഇവിടൊരു ഹൈഡ്രോ ഇലക്ട്രിക് സംവിധാനമുണ്ട്. അധികം ജനവാസമില്ലാത്ത സ്ഥലമാണ്.
വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാട്, ഈ വനമേഘലയുടെ തുടർച്ച തന്നെയാണ്. അദ്ദേഹം നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന ഒരു കോവിൽ (ചിക്കമ്മൽ കോവിൽ) അവിടെയുണ്ട്. തന്റെ അവസാന കാലങ്ങളിൽ, വീരപ്പൻ, യാത്രക്കാരായി വന്നിരുന്ന സഞ്ചാരികളെ പിടിച്ച് കെട്ടി, മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആ കാരണത്താൽത്തന്നെ ഇതിലൂടെയുള്ള സഫാരി ഒരു കാലത്ത് നിർത്തിവെക്കേണ്ട സ്ഥിതി വരെ ഉണ്ടായി.

ഫോട്ടോഗ്രാഫി:
ഞങ്ങളുടെ കൂടെയുള്ള ഛായാഗ്രാഹകൻ ഡോ: സിന്ധുലിന് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. അനുസരണയുള്ള സ്കൂൾ കുട്ടികളെപ്പോലെ എല്ലാവരും അദ്ദേഹത്തിന് മുന്നിൽ  പോസ് ചെയ്യുകയാണ്.
ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, ഇവിടെക്കാണുന്നതെല്ലാം നല്ല ഫ്രെയിമുകൾ തന്നെ. നിശ്ചലമായ ജലപ്പരപ്പിന് നടുവിലെ ചെറിയ തുരുത്തുകൾ, നിറയെ മാങ്ങകളുമായി കൊതിപ്പിച്ച് നിൽക്കുന്ന മാവുകൾ, സന്ദർശകരെ അഭിവാദ്യം ചെയ്യാനെന്നോണം പൂത്തുലഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്ന ചെമ്മരിയാട്ടിൻ  പറ്റം......! അങ്ങനെയങ്ങനെ.....!!!
ഗൂഡല്ലൂരിൽ നിന്നും ഇടത്തോ ട്ടൊരു ഡൈവേർഷനെടുക്കാൻ തീരുമാനിച്ചത് വളരെ നന്നായെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ......!

Wednesday, March 28, 2018

മനോരമ ട്രാവൽ മൽസര വിജയം നേടിയ സൃഷ്ടി .

പ്രിയ സുഹൃത്തുക്കളെ .....!

"ഗോപാലസ്വാമി ബെട്ട"യെക്കുറിച്ച്, ഇവിടെ ഞാൻ മുൻപ് പബ്ലിഷ് ചെയ്തിട്ടുള്ള വിവരണം, ഒന്ന് ചുരുക്കി, മനോരമയുടെ ട്രാവൽ കോണ്ടസ്റ്റിലേക്ക് അയച്ചതിന് കഴിഞ്ഞ ആഴ്ചയിലെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും, 23.3.2018 വെള്ളിയാഴ്ച്ചയിലെ പത്രത്തിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്ത വിവരം സസന്തോഷം അറിയിക്കുന്നു.