Sunday, March 20, 2022

അട്ടപ്പാടിയുടെ, അധികമാരും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ...(Vechapathy, Nallasinga etc)

അട്ടപ്പാടി; ഒരു ഓർമ്മ: Part 3


ഞങ്ങളുടെ താമസസ്ഥലമായ Troba farm Stay യോട് വിട പറയുകയാണ്. വിഷ മുക്തമായ തക്കാളികൾ കുറച്ച് ഞങ്ങളും വാങ്ങിയിട്ടുണ്ട്. ഓപ്പൺ എയർ ടേബിളിനടുത്തിരുന്ന് കഴിച്ച കപ്പയും ചായയുമാണ് ഇന്നത്തെ ഊർജം.


നല്ലശിങ്ക:

കാറ്റാടി യന്ത്രങ്ങൾ ധാരാളമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് പറയുമ്പോൾത്തന്നെ മനസിലാക്കാം, നല്ല കാറ്റടിക്കുന്ന സ്ഥലമാണെന്ന്. കാറ്റാടി യന്ത്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിന്, തുടർച്ചയായ കാറ്റ് ആവശ്യമാണ്.


അയ്യപ്പനും കോശിയും എന്ന സിനിമയിൽ, പൊലീസ് സ്റ്റേഷന് സെറ്റിട്ടിരുന്നത് നല്ലശിങ്കയിലായിരുന്നു. സ്റ്റേഷൻ്റെ സെറ്റ് അവർ അഴിച്ച് കൊണ്ട് പോയെങ്കിലും, സ്റ്റേഷൻ കോമ്പൗണ്ട് അവിടെത്തന്നെയുണ്ട്. ഇത് കാണാൻ കൂടെയാണ് ഇന്ന് ടൂറിസ്റ്റുകൾ ഇവിടേക്ക് വരുന്നത്.

കേരളത്തിൻ്റെ അതിർത്തിയായ, ആനക്കട്ടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുറച്ച് സഞ്ചരിക്കേണ്ടതുണ്ട്, നല്ലശിങ്കയിലേക്ക്‌. തട്ട് തട്ടായ് ഒരുക്കി വെച്ചിരിക്കുന്ന കൃഷിസ്ഥലങ്ങൾ. പുൽത്തകിടിയിലെല്ലാം മേഞ്ഞ് നടക്കുന്ന കന്നുകാലികളും ആട്ടിൻപറ്റവും.

കാറ്റാടി യന്ത്രങ്ങൾക്ക് ചുവട്ടിൽ വിശാലമായ പുൽത്തകിടിയാണ്. ഇവിടെ നിന്ന് നോക്കുമ്പോളാണ് അതിൻ്റെ ഭീമാകാരത്വം ശരിക്കും മനസിലാകുന്നത്. ആകാശം മുട്ടെയെന്ന് തോന്നിക്കുന്ന യന്ത്രങ്ങൾ. ഒന്നോ രണ്ടോ അല്ല, നോക്കെത്താ ദൂരത്തോളം അവയങ്ങനെ നിരനിരയായ് തലയുയർത്തി നിൽക്കുന്നു. സ്വകാര്യ വ്യക്തികളുടെയോ കമ്പനികളുടെയോ അധീനതയിലുള്ള യന്ത്രങ്ങളാണ്.

ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ആ കുന്നിൻ മുകളിൽ വരെ കയറാം. കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാനായി വെട്ടിയൊരുക്കിയ വഴികളാണ്. സാഹസികരായ ബൈക്കേഴ്സ്, അവിടേക്ക്, സംഘം ചേർന്ന് യാത്ര ചെയ്യാറുണ്ടെന്ന് കേട്ടു. ദുർഘടം പിടിച്ച ഓഫ് റോഡാണത്.


വെച്ചപ്പതി:

അട്ടപ്പാടിയുടെ ഭൂപ്രകൃതി ആസ്വദിക്കുന്നതിനായി ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് തോന്നിപ്പോകുന്നു. പോകുന്ന വഴികളിലെല്ലാം വീടുകൾ കുറവാണ്. എന്നാൽ, ഊരുകളോടടുക്കുമ്പോൾ, കോളനികൾ പോലെ തോന്നിക്കുന്ന രീതിയിൽ അടുത്തടുത്തായി നിലകൊള്ളുന്ന വീടുകളാണ്.


അവിടെ, ഒഴിഞ്ഞൊരു ഗ്രൗണ്ടുണ്ട്. അതിൻ്റെ ഒരു ഭാഗം ചേർന്ന് വിശാലമായി പന്തലിച്ചു നിൽക്കുന്നൊരു ആൽമരമുണ്ട്. മൊട്ടക്കുന്നിലെ പുൽത്തകിടിക്ക് നടുവിൽ ഒറ്റപ്പെട്ട് തലയുയർത്തി നിൽക്കുന്ന മരത്തിന് ഒരു പ്രത്യേക ആകർഷകത്വം ഉള്ള പോലെ തോന്നി. ഫോട്ടോയിൽ കാണുമ്പോൾ കൂടുതൽ സുന്ദരമാണ്. അതിനടുത്തേക്ക് നടന്നു.

ഊര് ക്ഷേത്രം തന്നെയാണ്. ദൈവ സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലുകൾ. ശൂലങ്ങൾ, പട്ടുകൾ. പൂജകൾ നടക്കാറുള്ളതിനെ ദ്യോദിപ്പിക്കുന്ന രീതിയിൽ, പ്രതിഷ്ഠയിൽ ചാർത്തിയ മഞ്ഞളിൻ്റെയും കുങ്കുമത്തിൻ്റെ ശിഷ്ടങ്ങൾ.

വിശാലമായ സമതല ഭൂമിയാണ്. അത് കഴിഞ്ഞാൽ വനഭൂമിയും. ദൂരെ, പൊരിവെയിലത്ത് മേഞ്ഞ് നടക്കുന്ന ആടുകളെ കാണാം. അവയെ പാലിക്കുന്ന ഇടയൻമാരെയും. അഴിച്ചുവിട്ട രീതിയിൽ സ്വൈര്യ വിഹാരം നടത്തുന്ന കന്നുകാലികളെയും കാണാം. അവിടവിടെയായ് ഉയർന്ന് നിൽക്കുന്ന വലിയ പാറകൾക്കും ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്ന് തോന്നി. അതിന് മുകളിൽ കയറി നോക്കുമ്പോൾ പുൽത്തകിടികളുടെയും, മൈതാനക്കാടുകളുടെയും ഒരു വിഗഹ വീക്ഷണം സാധ്യമാകുന്നുണ്ട്.


മാരണട്ടി വെള്ളച്ചാട്ടം:

അട്ടപ്പാടിയിലെ ഒരു ട്രൈബൽ ഊരിൻ്റെ പേരാണ് മാരണട്ടി. ശിരുവാണി പുഴ ഇവിടെ ചിറ്റൂർ പുഴയെന്നറിയപ്പെടുന്നു. ഈ പുഴയിൽ കാണാവുന്ന വെള്ളച്ചാട്ടമാണ് മാരണട്ടി വെള്ളച്ചാട്ടം.


ചെറിയ രീതിയിൽ ഒരു ഓഫ് റോഡ് യാത്രയാണ് അവിടേക്കുള്ളത്. ചിറ്റൂരിൽ നിന്നും ഫോർവീൽ ഡ്രൈവുള്ള ജീപ്പ് വിളിക്കണം. ബൈക്കുകളാണെങ്കിൽ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല.

തട്ട് തട്ടുകളായ് തീർക്കപ്പെട്ടിട്ടുള്ള വെള്ളച്ചാട്ടം. വലിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെയും മുകളിലൂടെയും വെള്ളം ഒഴുകുന്നു. ട്രക്കിംഗിന് പറ്റിയ സ്ഥലമാണ്. തുഷാരഗിരി വെളളച്ചാട്ടം കണ്ടവർക്ക് ഇതൊരു അൽഭുതമായൊന്നും തോന്നണമെന്നില്ല. മൂർച്ചയുള്ള പരുക്കൻ കല്ലുകളാണ്. അതിലൂടെയുള്ള നടത്തം ദുർഘടം തന്നെയാണ്.

കുറച്ച് മുകളിലായൊരിടത്ത് കുറച്ച് ചെറുപ്പക്കാർ കുളിക്കുന്നുണ്ട്. അതിനും മുകളിൽ ഒരു വെള്ളച്ചാട്ടമുണ്ട്. ഒഴുകി വരുന്ന വെള്ളം, വലിയൊരു പാറയിലൂടെ തല്ലിപ്പതഞ്ഞൊഴുകി മറ്റൊരു പാറയിടുക്കിലേക്ക് വീഴുന്നു. അവിടെ നിന്നും മറ്റൊരു പാറക്കടിയിലൂടെ, താഴെ കുളിക്കുന്ന ചെറുപ്പക്കാരുടെ ശരീരത്തിലേക്കും പതിക്കുന്നു. നല്ല മിസ്റ്റടിക്കുന്നുണ്ട്.


കുറേ നേരം അവിടെ ചെലവഴിച്ച ശേഷം തിരിച്ച് നടക്കുകയാണ്. ഇനി പുതിയ കാഴ്ചകളിലേക്കൊന്നും പോകാനുദ്ദേശിക്കുന്നില്ല. ഇന്ന് വീട്ടിലേക്ക് തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ, അട്ടപ്പാടി ഞങ്ങൾക്ക് തന്നത്, ഒരു പാട് നല്ല അനുഭവങ്ങൾ തന്നെയായിരുന്നു. പുത്തൻ പുതിയ കാഴ്ചകൾ തന്നെയായിരുന്നു. ഇനിയൊരിക്കൽ കൂടെ വരാൻ സാധിക്കട്ടെയെന്ന പ്രത്യാശയോടെ അട്ടപ്പാടിയോട് തൽക്കാലം വിട പറയുകയാണ്. നന്ദി.

അട്ടപ്പാടിയിലെ ഫാം ഹൗസിൽ ഒരു രാത്രി

അട്ടപ്പാടി; ഒരു ഓർമ്മ: Part 2



നരസി മുക്കിലെ കാഴ്ചകളെല്ലാം ആസ്വദിച്ചതിന് ശേഷം ഞങ്ങൾ ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകുകയാണ്. 'പുലിയപ്പതി' എന്ന സ്ഥലത്തെ ഒരു ട്രൈബൽ കോളനിക്കടുത്താണ് താമസം ബുക്ക് ചെയ്തിരിക്കുന്നത്.

വിശാലമായ പ്രദേശത്തിന് നടുവിൽ ഒറ്റപ്പെട്ടൊരു ഫാം ഹൗസ്. റോഡരികിൽ തന്നെയാണ്. വരുന്ന വഴിയിൽ, കുറച്ചകലെയായി ഒരു ട്രൈബൽ കോളനിയുണ്ട്. അത് മാറ്റി നിർത്തിയാൽ തീർത്തും വിജനമായൊരു സ്ഥലത്ത് തന്നെയാണ് ഇന്നത്തെ താമസം. എത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാലും ആർക്കും ശല്യമാവില്ല.

രണ്ട് മുറികളും, ഹാളും, കിച്ചണും, ടോയ്ലറ്റുമെല്ലാം ഉണ്ട്. മുകൾ ഭാഗം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞിരിക്കുന്നു. അധികം ഉയരമില്ലാത്ത കെട്ടിടം. ടൈൽ പാകിയ തറ. മുറ്റത്ത് തണൽ മരച്ചോട്ടിൽ ഒരു ഔട്ട് ഡോർ ഡൈനിംഗ് സെറ്റപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. പ്രകൃതിയെ ആസ്വദിച്ചു കൊണ്ട് ഇവിടെയിരുന്ന ഭക്ഷണം കഴിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. അതിനടുത്തായി, ഗ്രില്ലിംഗിനുള്ള സെറ്റപ്പുണ്ട്. ചിക്കനും, ചാർക്കോളുമെല്ലാം നമ്മൾ കൊണ്ട് വരണം. പാചകം ചെയ്യുന്നതിനുള്ള ഗ്രില്ലും മറ്റ് സജീകരണങ്ങളും ഇവിടെയുണ്ട്.

മൂന്ന് മണിയോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്. ചുറ്റും മലകളായതിനാലാകാം, ആകെ നിഴൽ വീണിരിക്കുന്നു. നല്ല കാലാവസ്ഥ.

തക്കാളി, കൃഷി ചെയ്യുന്നൊരു തോട്ടം ഇതിനടുത്തുണ്ട്. അതിനടുത്തൊരു പുൽതകിടിയും. ഈ സായന്തനം വേറിട്ട രീതിയിൽ ആസ്വദിക്കുന്നതിനായി ഞങ്ങൾ അവിടേക്ക് നടന്നു.


വിളവെടുപ്പിന് പാകമായ തക്കാളിപ്പഴങ്ങൾ. പഴുത്ത കായ്കൾ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. വളരെയധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കൃഷിത്തോട്ടമാണ്. നനക്കൽ ഇപ്പോൾ കഴിഞ്ഞതേയുള്ളു. ദൂരെ മലഞ്ചെരുവിൽ കാളക്കൂറ്റൻമാർ ദ്വന്ദ്വയുദ്ധം ചെയ്യുന്നു. ആനയിറങ്ങുന്ന സ്ഥലങ്ങളാണ്. ചുറ്റും ഇലക്ട്രിക് ഫെൻസിംഗ് ചെയ്തിതിട്ടുണ്ട്.

കൊണ്ടു വന്നിട്ടുള്ള ചിക്കൻ, മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ഗ്രിൽ ചെയ്യാൻ ഇനി കുറച്ച് നേരം  കഴിയണം. ഈ സമയം വെറുതെ കളയണ്ടല്ലൊ എന്ന് കരുതി, വണ്ടിയെടുത്ത് ഒന്ന് ചുറ്റാനിറങ്ങി. വിജനമായ റോഡ്. റോഡിനിരുവശവും വിശാലമായ നെല്ലിമരത്തോട്ടങ്ങളാണ്. അതിൻ്റെ ശിഖരങ്ങൾ നിറയെ, വലിയ വലിയ ഉണ്ടനെല്ലിക്കകൾ കായ്ച് നിൽക്കുന്നു. അവിടവിടെയായി കൂവളമരങ്ങളും കാഞ്ഞിരമരങ്ങളും കാണാം. കുറച്ച് കൂടെ പോയതോടെ, ദേശവാസികളുടെ ഊര് ക്ഷേത്രങ്ങൾ കാണാറായി. വലിയ ആൽമരവും അതിന് താഴെയായ് ദൈവ സങ്കൽപ്പങ്ങളെ പ്രതിനിധീകരിക്കുന്ന കൽ പ്രദിഷ്ഠകളും കാണാം. അതിനടുത്തായി കുത്തി നാട്ടിയ ശൂലങ്ങൾ.

സന്ധ്യയാകാറായെന്നും, വീടണയാറായെന്നും ഓർമ്മിപ്പിക്കുന്ന മട്ടിൽ, ആടുകളെയും തെളിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന ഇടയന്മാർ. അവരെ സഹായിക്കാനെന്നോണം അനുഗമിക്കുന്ന ശ്വാന കിങ്കരന്മാർ. ആടുകളെ അനുസരണയോടെ നടത്തുന്നത് ഈ ശ്വാനന്മാരാണെന്ന് തോന്നിപ്പോകും. അന്നന്നത്തെ അന്നമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന നിസ്വാർത്ഥ സേവനം. അസ്തമനത്തിന് തയ്യാറായ് നിൽക്കുന്ന സൂര്യനാണ് പശ്ചാത്തലത്തിൽ. കാൽപ്പനിക ഭാവത്തോടെ ആസ്വദിക്കാവുന്ന കാഴ്ചകൾ തന്നെ.


-----------

24.12.2020

പിറ്റേന്ന് രാവിലെ. നല്ല തണുപ്പുണ്ട്. ചെറിയൊരു മൂടൽമഞ്ഞും. ഫാം ഹൗസിനടുത്തുള്ള ചെറിയ ഷെഡിൽ, ഫാം കീപ്പറും ഭാര്യയും താമസിക്കുന്നുണ്ട്. അയാൾ പശുവിനെ കറക്കുകയാണ്. ഞാൻ അങ്ങോട്ട് ചെന്നു. നല്ല പശുക്കൾ. പച്ചപ്പുല്ലുകൾ യഥേഷ്ടം തിന്ന് നടക്കുന്നതു കൊണ്ടാകാം, പാലിന് നല്ല കട്ടിയുണ്ട്. കുറച്ച് പാൽ ഇന്നലെ അയാൾ ഞങ്ങൾക്ക് തന്നിരുന്നു.


താമസസ്ഥലത്തു നിന്നും കുറച്ച് നടന്നാൽ അവിടെ ഒരു ട്രൈബൽ കോളനിയുണ്ട്. ഈ കൊച്ചു തണുപ്പത്ത് ഇതിലൂടെയിങ്ങനെ നടക്കുകയെന്നത് ബഹുരസം തന്നെയാണ്. വൈദ്യുത വേലിയിൽ നിന്ന് ചെറിയ പൊട്ടിപ്പെരിയൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. മഞ്ഞ് തുള്ളികൾ ഇറ്റുമ്പോളുണ്ടാകുന്ന ഇലക്ട്രിക് സ്പാർക്കിംഗിൻ്റെ ശബ്ദമാണ്.


വലതു വശത്തായി, ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയൊരു ഷെഡുണ്ട്. വീട് തന്നെയാണ്. ശിവ എന്ന സ്ത്രീയും പേരക്കുട്ടിയുമാണ് അവിടെ താമസിക്കുന്നത്. വെൻ്റിലേഷൻ വളരെ കുറവാണെന്ന് തോന്നിക്കുന്ന ജനലുകളും വാതിലും. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ. വയറിംഗ് ചെയ്തിട്ടുണ്ടെങ്കിലും കറൻ്റ് കണക്ഷൻ കിട്ടിയിട്ടില്ല. ഇതിനടുത്തൊരു വെള്ളക്കെട്ടുണ്ട്. അവിടേക്ക് വെള്ളം കുടിക്കാനായി ആനകൾ വരാറുണ്ടെന്നാണറിഞ്ഞത്. അതു കൊണ്ട് തന്നെ, ശിവയും പേരക്കുട്ടിയും രാത്രി ഇവിടെ താമസിക്കാറില്ല. അകലെയുള്ള കോളനിയിൽ ഇവരുടെ ബന്ധുവിൻ്റെ വീടുണ്ട്. രാത്രി അവിടെയാണ് താമസം.


നടന്ന് നടന്ന് കോളനിക്ക് മുന്നിലെത്തി. അടുത്തടുത്തായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ചെറു വീടുകൾ. നായ്ക്കളും അങ്കക്കോഴികളും ആടുകളുമെല്ലാം കുടുംബത്തിൻ്റെ ഭാഗങ്ങൾ തന്നെയാണെന്ന് തോന്നും. അവിടൊരാൾ, കന്നുകാലികളെ പൂട്ടി നിലം ഉഴുതു കൊണ്ടിരിക്കുകയാണ്.  ചില പ്രത്യേക ശബ്ദങ്ങൾ കൊണ്ട് അയാൾ അവയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നല്ല അനുസരണയുള്ള കന്നുകൾ. അൽപ്പം മുമ്പ് ഞങ്ങളെ കടന്ന് പോയ വ്യക്തിയും അയാളുടെ കാലികളുമാണ്.

ഒന്നോ രണ്ടോ ദിവസങ്ങൾ ഇവിടെ ചെലവഴിക്കാൻ, ടൂറിസ്റ്റുകളായി വരുന്ന നമുക്ക് ഇവിടത്തെ താമസം, മനം കുളിർപ്പിക്കുന്ന അനുഭവങ്ങൾ തന്നെയായിരിക്കും. എന്നാൽ ഇവിടെ സ്ഥിരതാമസക്കാരായ ശിവയെപ്പോലുള്ളവർക്ക്, ഇവിടത്തെ ജീവിതം വലിയ ദുരിതങ്ങൾ നിറഞ്ഞത് തന്നെയാണ്. ആനകളോടും, പന്നികളോടും മറ്റ് കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഓരോ ദിവസങ്ങൾ തള്ളി നീക്കുകയാണെന്ന് വേണം കരുതാൻ.

പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ ഈ ഫാം ഹൗസിനോട് വിട പറയുകയാണ്. ഇന്നിനി അട്ടപ്പാടിയുടെ കുറേ സ്ഥലങ്ങൾ കാണണം. അധികം യാത്രികർ സഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ തേടിയുള്ള യാത്രയാണ്. നല്ലശിങ്കയിലെ കാറ്റാടി യന്ത്രങ്ങളും പൊലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച സെറ്റും കാണണം. വെച്ചപ്പതിയുടെ വശ്യതയും മാരണട്ടി വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യവും കാണാനുണ്ട്. അതിൻ്റെയെല്ലാം വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്.


(തുടരും....)

Attapadi part 3 press here

നരസി മുക്കിൻ്റെ ടോപ്പിലേക്ക്; അട്ടപ്പാടി

അട്ടപ്പാടി; ഒരു ഓർമ്മ: Part1


നാട് മുഴുവൻ കോവിഡ് ഭീതിയിലാണ്. എന്നിരിക്കിലും, മൂന്നാറും വയനാടും, അറിയാവുന്ന മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തെരക്ക് തന്നെയാണെന്നാണറിഞ്ഞത്.

അതു കൊണ്ട് തന്നെ, ഇപ്രാവശ്യ യാത്ര എവിടേക്കാക്കും എന്നതിനെക്കുറിച്ച് അലോചിച്ചു കൊണ്ടിരിക്കുമ്പോളാണ്, "അയ്യപ്പനും കോശിയും" എന്ന സിനിമയിലെ ചില രംഗങ്ങൾ മനസിലേക്ക് കയറി വന്നത്. ആ സിനിമ കണ്ടതു മുതൽ, അട്ടപ്പാടി കാണണമെന്നും ആഗ്രഹം തുടങ്ങിയിരുന്നു. വിനോദ സഞ്ചാരത്തിനായി അധികം ജനങ്ങൾ തെരഞ്ഞെടുക്കാത്ത സ്ഥലമാണ് അട്ടപ്പാടി എന്നതും ഒരു ഫാക്ടർ തന്നെ. അതു കൊണ്ട് തന്നെ കൊറോണയെ പേടിക്കാതെ പോയി വരാൻ അട്ടപ്പാടി തന്നെയാണ് നല്ലതെന്ന് തോന്നി.

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. "ഡസ്റ്റിനേഷൻ ഫിക്സഡ്."


നഗരങ്ങളിലോ, പട്ടണങ്ങളിലോ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അട്ടപ്പാടി, വർഷങ്ങളുടെ പുറകിലാണെന്ന് തോന്നിയേക്കാം. അവരെ കുറ്റപ്പെടുത്താനാവില്ല. തെരക്കില്ലാത്ത, ശബ്ദകോലാഹലങ്ങളില്ലാത്ത, വലിയ വലിയ കെട്ടിട സമുച്ചയങ്ങളില്ലാത്ത സ്ഥലം. എന്നാൽ ശാന്തവും, വിശാലവും, സുന്ദരവുമായ പ്രകൃതിയുടെ പച്ചപ്പ്. നിഷ്കളങ്കരായ തദ്ദേശവാസികളുടെ ജീവിത സാഹചര്യങ്ങൾ. ഇവയെല്ലാം കണ്ടും ആസ്വദിച്ചും കൊണ്ടുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.


യാത്ര: (23/12/2020)

കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ, (പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ) മണ്ണാർകാട് നിന്നും ഇടത്തോട്ടുള്ള റോഡിലൂടെയാണ് നമുക്ക് പോകേണ്ടത്. മണ്ണാർകാട് ബസ് സ്റ്റാൻ്റിൽ നിന്നും അൽപം കൂടെ മുന്നോട്ട് പോകുമ്പോൾ ഇടത് വശത്തേക്ക് കാണുന്ന റോഡാണ് അട്ടപ്പാടിയിലേക്കുള്ളത്. അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള റോഡാണത്. ബസ്സ്റ്റാൻ്റെത്തുന്നതിന് മുമ്പ്, ഇടത്തോട്ട് കാണുന്ന ബൈപാസിലൂടെയും ഈ റോഡിലേക്കെത്താം. ടൗണിലെ തെരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ വഴി നല്ലതായിരിക്കും.

അൽപദൂരയാത്രയിൽത്തനെ ഞങ്ങൾ ചുരത്തിലെ ഒരു വ്യൂ പോയിൻ്റിലെത്തി. നല്ല കാഴ്ചകൾ. ഇളം തെന്നൽ. ചെറിയ മഞ്ഞ് പെയ്യുന്നുണ്ട്. സുഖകരമായ കാലാവസ്ഥ.

ചുരവും പിന്നിട്ട് വീണ്ടും കുറേ ദൂരം. ഞങ്ങൾ ഗൂളിക്കടവ് എത്തിയിരിക്കുന്നു. ചെറിയൊരു ടൗൺ. അഗളി PWD റെസ്റ്റ് ഹൗസ് ഇവിടെ അടുത്താണ്. ചുരുങ്ങിയ ചെലവിൽ താമസിക്കുന്നതിന് ഏതൊരാൾക്കും PWD റെസ്റ്റ് ഹൗസ് തെരഞ്ഞെടുക്കാം. ഒരു റൂമിന് 400 രൂപ മാത്രമേ ദിവസ വാടകയുള്ളു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക യാത്രയിൽ പകുതി വാടക നൽകിയാൽ മതി.


നരസി മുക്ക്:

അട്ടപ്പാടിയിലെ സുന്ദരമായൊരു വ്യൂ പോയിൻ്റാണിത്. അട്ടപ്പാടിയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും കാണത്തക്ക രീതിയിൽ ഒരു 360 ഡിഗ്രി വ്യൂ നമുക്കിവിടെ ആസ്വദിക്കാം.


ഗൂളിക്കടവിൽ നിന്നും കോയമ്പത്തൂർ റോഡിൽ കുറച്ച് ദൂരം പിന്നിടുമ്പോൾ ഇടത്തോട്ട് ഒരു ചെറിയ റോഡ് കാണാം. അതിലൂടെയാണ് നരസി മുക്കിലേക്ക് പോകേണ്ടത്. ഈ റോഡിൻ്റെ തുടക്കത്തിൽത്തന്നെ വലത് വശത്താണ് നേരത്തെ പറഞ്ഞ PWD റെസ്റ്റ് ഹൗസ് .

ചുരം പോലെ തോന്നിക്കുന്ന ഇടുങ്ങിയ റോഡുകൾ പിന്നിട്ട് ഞങ്ങൾ നരസി മുക്കിലെത്തിയിരിക്കുന്നു. മുന്നിൽ കാണുന്നത് വലിയൊരു കുന്നാണ്. ഒരു മൊട്ടക്കുന്ന്. കഷണ്ടിയിലെ രോമങ്ങൾ പോലെ അവിടവിടെയായി ചില ചെറു മരങ്ങൾ കാണുന്നുണ്ട്. അധികം കുത്തനെയല്ലാത്ത പാത. കയറാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നുകയില്ല. കാലാവസ്ഥ, തീർത്തും ഞങ്ങൾക്ക് അനുകൂലമാണെന്ന് തോന്നി. വെയിലില്ല. മാത്രമല്ല, തണുത്ത ഇളം കാറ്റടിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാകാം, ആർക്കും തന്നെ ഉന്മേഷക്കുറവൊന്നുമില്ല.


അയ്യപ്പനും കോശിയും സിനിമയിൽ, അയ്യപ്പൻ നായരുടെ ഭാര്യയെ, പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. തൊട്ടിലും, തൊട്ടിൽ കെട്ടിയ മരവും, സിനിമയിലഭിനയിച്ചതിൻ്റെ അഹങ്കാരത്തിൽ തലയുയർത്തി നിൽക്കുകയാണെന്ന് തോന്നി. അവരുടെ വീടിൻ്റെ സെറ്റാണെന്ന് തോന്നുന്നു, അടുത്ത് തകർന്ന് കിടക്കുന്നുണ്ട്. അതിനടുത്ത് നിന്ന് ഒന്ന് രണ്ട് ഫോട്ടോസെടുത്തു.

ഇനിയാണ് കയറ്റം. പക്ഷെ അധികം കുത്തനെയല്ല. ഇനിയുള്ള ഭൂമി, വനംവകുപ്പിൻ്റേതാണെന്ന് ഓർമ്മിപ്പിക്കുന്ന വലിയൊരു ബോർഡ് കാണുന്നുണ്ട്. അതു കൊണ്ട് തന്നെ, ഇവിടെ വരെ വന്ന് കാഴ്ചകളാസ്വദിച്ച് തിരിച്ച് പോകുന്നതാണ് നല്ലത്.

കുന്നിൻചരിവിൽ നല്ല പച്ചപ്പുണ്ട്. അതിൽ മേഞ്ഞ് നടന്ന് തിന്നുന്ന കന്നുകാലിക്കൂട്ടങ്ങൾ. മനസ് നിറക്കുന്ന കാഴ്ചകൾ തന്നെ!

പല സ്ഥലങ്ങളിലായി ഫോറസ്റ്റിൻ്റെ ജണ്ടകൾ - അതിരുകൾ സൂചിപ്പിക്കുന്ന കൽ നിർമ്മിതികൾ - കാണാം.


ഇവിടെ നിന്നുള്ള കാഴ്ചകൾ അവാച്യമെന്നെ പറയേണ്ടു. വളരെ ദൂരെയായൊരു ചർച്ച് കാണുന്നുണ്ട്. അവിടെയാണ് ഗൂളിക്കടവ് ടൗൺ. അവിടെ നിന്നും ഇങ്ങോട്ടുള്ള പാതയാണ് ആ തിരിഞ്ഞും വളഞ്ഞും കാണപ്പെടുന്നത്. അതിലൂടെയാണ് നമ്മളിപ്പോൾ ഡ്രൈവ് ചെയ്ത് വന്നത്. വിശാലമായ താഴ് വര. അതിനപ്പുറത്തും വലിയകുന്നുകൾ തന്നെ. ഇവിടെയിങ്ങനെ കാറ്റു കൊണ്ടിരിക്കാൻ വളരെ രസമാണെന്ന് തോന്നി. സമയം പോകുന്നതറിയില്ല.

ഇന്നിനി കൂടുതൽ കറക്കമില്ല. നേരെ റൂമിലേക്ക് പോകുകയാണ്. പുലിയപ്പതി എന്ന സ്ഥലത്ത് ഒരു ഫാം ഹൗസാണ് ബുക്ക് ചെയ്തിരിക്കുന്നത്. വളരെ വിശാലമായൊരു വനമേഖലയിൽ ഒറ്റപ്പെട്ടൊരു താമസം. "പൊളിക്കും". അത് തികച്ചും വേറിട്ടൊരനുഭവം തന്നെയായിരിക്കും. ഇനി അതിൻ്റെ വിശേഷങ്ങൾ പറയാം.....


(തുടരും...)

Attapadi part 2 press here

Attapadi part 3 press here

Thursday, March 17, 2022

തുഷാരഗിരി

 9.1.2022

വിൻറ് ഫ്ലവർ റിസോർട്ടിനോട് യാത്ര പറയുകയാണ്. ഇനി തുഷാരഗിരിയിലേക്കാണ്.


കോഴിക്കോട് ജില്ലയിലെ പ്രശസ്തമായൊരു ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ് തുഷാരഗിരി. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന സ്ഥലം.


ഫോട്ടോ ഷൂട്ടിന് പറ്റിയ ധാരാളം സ്ഥലങ്ങൾ അവിടെയുണ്ട്. പലയിടങ്ങളിലും ഇരിപ്പിടങ്ങൾ സജ്ജമാക്കി വെച്ചിട്ടുണ്ട്. അതിലിരുന്ന് കൊണ്ട് വെള്ളചാട്ടം കാണുകയെന്നത് സുന്ദരമായൊരു അനുഭവം തന്നെയാണ്. വാട്ടർ ഫാളിനെ പശ്ചാത്തലമാക്കി ഫോട്ടോകളെടുക്കാവുന്ന ഇരിപ്പിടങ്ങളുമുണ്ട്. അവിടെ നിന്ന് നോക്കുമ്പോൾ, അഗാധമായ താഴ് വരയുടെ പച്ചപ്പാണ് മുന്നിൽ.

ചെറിയൊരു തൂക്കുപാലം കടന്ന് വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. പാലം കഴിഞ്ഞ് ഇടത് വശത്തേക്ക് നടന്നാൽ താന്നിമുത്തശ്ശിയുടെ അടുത്തെത്താം.


ആരാണ് താന്നിമുത്തശ്ശി ? അതൊരു മരമാണ്. 


അകം പൊള്ളയായ വലിയൊരു താന്നിമരം. മരത്തിനുള്ളിൽ കയറി നിന്ന് മുകളിലേക്ക് നോക്കുമ്പോൾ, അമ്പിളിമാമനെപ്പോലെ ആകാശം കാണാം. അങ്ങ്, തലയറ്റം വരെ പൊള്ളയായ മരം.


തൂക്കുപാലത്തിൻ്റെ വലതു വശത്താണ് വാട്ടർ ഫാൾ. ഞങ്ങൾ അങ്ങോട്ട് ചെന്നു. ധാരാളം ജനങ്ങൾ വന്നിട്ടുണ്ട്.


വെള്ളച്ചാട്ടത്തിന് ശക്തി കുറവാണ്. നല്ല തണുത്ത ജലം. അതിൽ കുട്ടികൾ നീന്തിക്കളിക്കുന്നുണ്ട്. തെളിഞ്ഞ വെള്ളം.


ഇത്രയും കാലം അടച്ചു കൂട്ടപ്പെട്ടിരുന്നതിനാലാകാം, ലോക് ഡൗണിന് അൽപ്പം ഇളവ് ലഭിച്ചപ്പോളേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തെരക്ക് തന്നെയാണ്.


വയനാട് വിൻ്റ് ഫ്ലവർ റിസോർട്ടിൽ


8.1.2022

അങ്ങനെ ലോക്ഡൗണിന് ചെറിയൊരു ഇളവ് കിട്ടിയപ്പോൾ ഒന്ന് വയനാട് കയറി. ഇത്തവണ ഒരു റിസോർട്ടിൻ്റെ അനുഭവങ്ങളാണ് ആസ്വദിക്കാനുദ്ദേശിച്ചിരിക്കുന്നത്. വിൻറ് ഫ്ലവർ റിസോർട്ട്.


വയനാട്ടിലിപ്പോൾ സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. പൂക്കോട് ലെയ്ക്കിനടുത്തൊന്നും നിന്ന് തിരിയാൻ സ്ഥലമില്ലെന്ന് വേണമെങ്കിൽ പറയാം. അത്രക്കുണ്ട് സഞ്ചാരികൾ. റോഡ് സൈഡിലുള്ള തേയിലത്തോട്ടങ്ങളിലും അങ്ങനെ തന്നെയാണ്. അതു കൊണ്ട് തന്നെ, അധികം കറങ്ങാൻ നിന്നില്ല. നേരെ റിസോർട്ടിലേക്ക്.

ചൂണ്ടലിൽ നിന്നും അധികം ദൂരത്തല്ലാതെ, വൈത്തിരി താലൂക്കിലെ അന്നപൂർണ്ണ എസ്‌റ്റേറ്റിലുള്ള സുന്ദരമായൊരു റിസോർട്ടാണ് വിൻ്റ് ഫ്ലവർ.

വയനാടിൻ്റെ ഗ്രാമ കാഴ്ചകൾ കണ്ടു കൊണ്ട്, തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. ഒരു വശത്ത് വിശാലമായ പുൽമൈതാനം കാണാം. അതിനടുത്തു കൂടെ വളരെ ശാന്തമായൊഴുകുന്ന ചെറിയൊരു അരുവി. കളി കഴിഞ്ഞ കുട്ടികളാണെന്ന് തോന്നുന്നു, അവിടെ അരുവിയിൽ കൈകാൽ കഴുകുന്നു. ചിലർ തോർത്ത് വിരിച്ച് മീൻപിടിക്കുകയാണെന്ന് തോന്നുന്നു. കുറച്ചകലെയായി, വെടിവട്ടവുമായിരുന്ന് തുണിയലക്കുന്ന സ്ത്രീകളെ കാണുന്നുണ്ട്.

ഒരു വലിയ കുന്നിൻ്റെ മുകളിലാണ് റിസോർട്ട്. ഹെയർ പിൻ വളവുകൾ പോലെ ചില കയറ്റങ്ങൾ കയറി വേണം അതിനടുത്തെത്താൻ.

മറ്റൊരു ലോകം തന്നെയാണെന്ന് പറയാം. റിച്ചെന്ന് തോന്നിക്കുന്ന ആമ്പിയൻസ്. വിശാലമായ റിസപ്ഷൻ. വെൽകം ഡ്രിങ്കിൻ്റെ അകമ്പടിയോടെ ഞങ്ങളവിടെ ഉപവിഷ്ടരായി. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളെല്ലാം വെരിഫൈ ചെയ്തു കൊണ്ടിരിക്കുകയാണ്. അൽപ നേരം അവിടെ വിശ്രമിച്ചതിന് ശേഷം റൂമിലേക്ക് നടന്നു.


ഞങ്ങൾക്കനുവദിച്ച റൂമിനടുത്ത് തന്നെയാണ് സ്വിമ്മിംഗ് പൂൾ. വളരെ വലിയ പൂള് തന്നെയാണ്. കുട്ടികൾക്ക് സന്തോഷമായി, ഞങ്ങൾക്കും.


ഉച്ചകഴിഞ്ഞ സമയമായതുകൊണ്ടാകാം, വെള്ളത്തിന് അധിയായ തണുപ്പൊന്നുമില്ല. അതു കൊണ്ട്തന്നെ പൂളിൽ വളരെ നേരം ഉല്ലസിച്ചു. ശരിക്കു പറഞ്ഞാൽ ആറാടുകയായിരുന്നു അല്ലെങ്കിൽ അർമാദിക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ഉച്ചഭക്ഷണം ഇവിടെ ഹോട്ടലിൽ തന്നെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും എക്സ്ട്രാ പേ ചെയ്യണം.


ടേബിൾ ടെന്നിസ് ,ബില്ല്യാഡ്സ് മുതലായ ഇൻഡോർ, ആക്ടിവിറ്റികൾ കുറേയുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള പാർക് കുറച്ചകലെയാണ്. അവിടെ, അധികം സാധനങ്ങളൊന്നുമില്ല. എങ്കിലും ചെറിയ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടും.

കുടുംബത്തോടൊപ്പം, ചെറുകിട ഹോട്ടലുകളിൽ പല സായന്തനങ്ങളും ചെലവഴിച്ചിട്ടുണ്ടെങ്കിലും, നല്ലൊരു സ്റ്റാർ റിസോർട്ടിൽ ഇതാദ്യമായാണ്. അതിൻ്റേതായ ത്രില്ലുണ്ട് മനസ്സിൽ.


നേരം ഇരുട്ടിയിരിക്കുന്നു. ഭംഗിയായി ഒരുക്കിയ നടപ്പാതയുടെ വശങ്ങളിലെ ബൾബുകളെല്ലാം പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങൾ അവിടെയാകെയൊന്ന് ചുറ്റിനടന്നു. വളരെ ഉയരത്തിൽ വളരുന്ന മരങ്ങളാണ്. അവക്കിടയിലെ ഇടവിള പോലെ കായ്ച് നിൽക്കുന്ന കാപ്പിച്ചെടികൾ.


വളരെ ശാന്തമായൊരു പശ്ചാത്തലത്തിൽ തന്നെയാണ് റൂമുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അപ്പുറം തേയിലത്തോട്ടങ്ങൾ വിരിയിട്ട കുന്നിൻ ചരിവാണ്. അതിനിടയിൽ തലയുയർത്തി നിൽക്കുന്ന സിൽവർറോക്ക് മരങ്ങൾ.


രാത്രി ഭക്ഷണത്തിന് സമയമായിരിക്കുന്നു. ബഫറ്റ് (ബുഫെ) രീതിയിലുള്ള ഡിന്നറാണ്. ക്യാമ്പ്ഫയറും അറേഞ്ച് ചെയ്യുന്നുണ്ട്. ഭക്ഷണ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായൊരു അത്താഴം തന്നെയാണ്. പൊറോട്ടയും, ചപ്പാത്തിയും, വെള്ളപ്പവുമെല്ലാം ലൈവായിത്തന്നെയാണ് ചുട്ട് നൽകുന്നത്. ബ്രഡും, ഫ്രൈഡ് റൈസുമെല്ലാം ആവശ്യത്തിനെടുത്ത് കഴിക്കാം. ഒരു കോമ്പിനേഷനായി ചിലപ്പോൾ തോന്നാത്ത ഓംലറ്റ് പോലും, എല്ലാ പ്ലേറ്റിൻ്റെ കൂടെയും പോകുന്നുണ്ട്. ആവി പറക്കുന്ന ചിക്കൻ സൂപ്പിൻ്റെ പിന്നിലായിക്കൊണ്ട്, ഇവയെല്ലാം കഴിച്ച് തീർക്കുകയെന്നത് ഒരു ടാസ്ക് തന്നെയാണെന്ന് തോന്നി.


അപ്പോളും, ഹാളിൻ്റെ ഒരു ഭാഗത്തിരുന്ന് ആ കലാകാരൻ തൻ്റെ വയലിനിലൂടെ പശ്ചാത്തലത്തിന് മികവ് പകർന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

------------

9.1.2022

നേരം പുലരുകയാണ്. പുറത്ത് നല്ല മഞ്ഞുണ്ട്. അതിനൊത്ത തണുപ്പും.


രാവിലെ വണ്ടിയെടുത്ത് ഒന്ന് കറങ്ങാനിറങ്ങി. തേയിലത്തലപ്പുകളിൽ നിന്നും മഞ്ഞു തുള്ളികൾ ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്. മൂടൽമഞ്ഞിനെ വകഞ്ഞ് മാറ്റിക്കൊണ്ട്, ഹെഡ് ലൈറ്റ് തെളിയിച്ച്, നമ്മുടെ വണ്ടി വരുന്നത് കാണാൻ തന്നെ ഒരു രസമാണ്. നിശബ്ദതയിൽ തെളിഞ്ഞ് കേൾക്കുന്ന കുരുവികളുടെ ശബ്ദം പോലും, സംഗീതം പോലെ അനുഭവപ്പെടുന്നു.


കവലയിൽ സൊറ പറഞ്ഞിരിക്കുന്ന ദേശവാസികളുടെ ദൃശ്യങ്ങൾ, ഓർമ്മകളെ ദൂതകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പോലെ തോന്നി. വീടാണോ, കടയാണോ എന്നറിയില്ല, ആ കെട്ടിടത്തിന് മുന്നിലും ജനങ്ങൾ കോറിപ്പിടിച്ച് നിൽക്കുന്നത് കാണുന്നുണ്ട്.

ഒരു കറക്കത്തിന് ശേഷം തിരിച്ച് റൂമിലെത്തിയപ്പോളാണറിഞ്ഞത്, ചായപ്പൊടിയും പാൽപ്പൊടിയും മറ്റും കുരങ്ങന്മാർ മോഷ്ടിച്ചിരിക്കുന്നു. ജനലിൻ്റെ, തുറന്ന് കിടന്ന ഭാഗത്തൂടെ അവർ കൂട്ടമായെത്തി നടത്തിയ മോഷണമാണ്. ഭാഗ്യത്തിന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. കറങ്ങാൻ പോയപ്പോൾ വാങ്ങിയ പഞ്ചസാരയും ചായപ്പൊടിയും ഉപയോഗിച്ച് തൽകാലം ചായയുണ്ടാക്കി കുടിച്ചു. കെറ്റിലും വെള്ളവും റൂമിലുണ്ടായിരുന്നത് ഉപയോഗപ്പെട്ടു.

ബ്രേക്ക് ഫാസ്റ്റ്, കോംപ്ലിമെൻ്ററിയാണ്. വിഭവസമൃദ്ധമായ പ്രാതലിന് ശേഷം ഒരിക്കൽ കൂടെ സ്വിമ്മിംഗ് പൂളിനടുത്തേക്ക് നടന്നു.

ഇപ്പോൾ വെള്ളത്തിന് നല്ല തണുപ്പുണ്ട്. രാത്രി ക്ലോറിനേറ്റ് ചെയ്തതു കൊണ്ടാകാം, ചെറിയൊരു ചുവ തോന്നുന്നുണ്ട്.

കൂടുതൽ ആക്ടിവിറ്റികളിലൊന്നും പങ്കെടുത്തില്ലെങ്കിലും, ഫുൾ ടൈം എൻഗേജ്ഡായ ഒരു പ്രതീതിയാണ് മനസിന്. 


സമയം പതിനൊന്ന് മണിയായിരിക്കുന്നു. തിരിച്ച് പോക്കിൻ്റെ ആരംഭം കുറിക്കുകയാണ്. എല്ലാവരും കുറേയധികം ഫോട്ടോകളെടുക്കുന്ന തിരക്കിലാണ്. വേറിട്ടൊരനുഭവത്തെ വേണ്ടുവോളം മനസിൽ സൂക്ഷിക്കാനാവശ്യമായ ഫ്രെയിമുകൾ, ക്യാമറയോടൊപ്പം ഓരോരുത്തരും തൻ്റെ മനസിലേക്കും ആവാഹിക്കുകയാണ്. ഇനി തിരിച്ച് പോക്കിൻ്റെ നിമിഷങ്ങളാണ്.

ഞങ്ങൾ വിൻറ് ഫ്ലവർ റിസോർട്ടിനോട് വിട പറയുകയാണ്. ഇനി നേരെ തുഷാരഗിരി വെള്ളച്ചാട്ടം കാണാനാണ് പോകുന്നത്. അതിൻ്റെ വിശേഷങ്ങൾ ഇനി കാണാം.....


തുഷാരഗിരി: ഇവിടെ അമർത്തുക.