Sunday, July 9, 2023

Mini Ooty

 


മലപ്പുറം ജില്ലയിൽ, കരിപ്പൂർ വിമാനത്താവളത്തിനടുത്തുള്ള അരിമ്പ്രമല. "മലപ്പുറത്തിൻ്റെ ഊട്ടി " എന്നറിയപ്പെടുന്ന "മിനി ഊട്ടി" സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഊട്ടിയുടെയോ മൂന്നാറിൻ്റെയോ അത്രയൊന്നും വരില്ലെങ്കിലും, സഞ്ചാരികൾ ധാരാളം വരുന്ന സ്ഥലം തന്നെയാണിത്. മലപ്പുറം ജില്ലയിലെ വളർന്ന് വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്.

വിശാലമായ താഴ് വരക്കാഴ്ചകൾ കൊണ്ടും, വീശിയടിക്കുന്ന തണുത്ത ഇളം തെന്നൽ കൊണ്ടും, അതിലുപരി, അടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുന്നതിനായി, താഴ്ന്ന് പറക്കുന്ന വിമാനങ്ങൾ, ഒരു പറവയെപ്പോലെ ഒഴുകി നീങ്ങുന്ന ഐ ലവൽ കാഴ്ചയുടെ അനുഭവങ്ങൾ കൊണ്ടും സമ്പന്നം തന്നെയാണിവിടം.

മലപ്പുറം ജില്ലയിലെ വളരെ ഉയരമുള്ള മലകളാണ് അരിമ്പ്രമലകൾ. സമുദ്രനിരപ്പിൽ നിന്നും 1050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നുകൾ. അതു കൊണ്ട് തന്നെ, സുഖകരമായൊരു കാലാവസ്ഥയാണിവിടെ അനുഭവപ്പെടുന്നത്. മഴക്കാലത്തും, മഞ്ഞ് കാലത്തും, തണുപ്പും കോടമഞ്ഞും കൂടെയാകുമ്പോൾ പശ്ചാത്തലത്തിന് അവർണനീയമായൊരു ഭംഗി കൈവരുന്നതായും തോന്നും.


മിനി ഊട്ടി വ്യൂ പോയിൻ്റ്:

ഹരിത വിശാലമായ താഴ് വാരക്കാഴ്ചകളുടെ സൗന്ദര്യമാണ് നമുക്കിവിടെ ആസ്വദിക്കാൻ സാധിക്കുന്നത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന പച്ചപ്പ്. ക്യാൻവാസിൽ വരച്ചിട്ടപോലെ തോന്നിക്കുന്ന കുന്നുകൾ. തണുത്ത കാറ്റ്. ഇവയെല്ലാം കൂടെ തരുന്ന അനുഭവങ്ങൾ തന്നെയാണ് ജനങ്ങളെ ഇങ്ങോട്ടാകർഷിക്കുന്നത്.


വൈകുന്നേരങ്ങളിലും, ഒഴിവ് ദിവസങ്ങളിലും നല്ല തെരക്കായിരിക്കും. തെരക്കിൻ്റെ സൂചകമെന്നോണം ധാരാളം തട്ടുകടകൾ കാണാം. ഇവിടത്തെ ഓംലറ്റും ചായയും പ്രശസ്തമാണ്.

തട്ടുകടകളോട് ചേർന്ന് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സഖശീതള കാറ്റേറ്റുകൊണ്ട്, ഹരിതാഭയിലേക്ക് കൺ പായിച്ചു കൊണ്ട്, ഇവിടെയിരുന്ന് ചായ കുടിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

കോഴിക്കോട്-പാലക്കാട് ദേശിയ പാതയിൽ (NH966) മലപ്പുറത്തിനടുത്ത് അറവങ്കരയിൽ നിന്നും അരിമ്പ്ര റോഡിലൂടെ നമുക്ക് വളരെ വേഗം ഇവിടെയെത്താൻ സാധിക്കും. അതുപോലെത്തന്നെ, ഇതേ ദേശീയപാതയിൽ നിന്നും മോങ്ങം, മുസ്ലിയാരങ്ങാടി, നെടിയിരുപ്പ് കോളനി റോഡ് മുതലായ സ്ഥലങ്ങളിൽ നിന്നെല്ലാം ഇങ്ങോട്ടെത്തിപ്പെടാൻ സാധിക്കും.


വ്യൂ പോയിൻ്റിൻ്റെ മറുവശം, കുന്നിൻ്റെ ഉയരങ്ങളിലേക്കുള്ള തുടർച്ച തന്നെയാണ്. പച്ചപ്പുതപ്പിട്ട വള്ളിച്ചെടികൾ. അവിടെ, ഏകദേശം മുകളിലായി വലിയൊരു പാറക്കല്ലുണ്ട്. സാഹസികരായ ചെറുപ്പക്കാർ അതിന് മുകളിലേക്ക് വരെ അള്ളിപ്പിടിച്ച് കയറാറുണ്ട്.

പാറയിലേക്കുള്ള കയറ്റം കുറച്ച് സാഹസികമാണ്. വള്ളികളിലും വേരുകളിലും പാറയിലെ ചെറിയ പൊത്തുകളിലുമെല്ലാം അള്ളിപ്പിടിച്ച് വേണം കയറാൻ. എന്നാൽ മുകളിലെത്തിയാൽ നല്ല കാഴ്ചകൾ തന്നെയാണ്. മിനി ഊട്ടി വ്യൂ പോയിൻ്റിൻ്റെ കുറച്ച് കൂടെ നല്ലൊരു വിഗഹ വീക്ഷണം ഇവിടെ നിന്നും സാധ്യമാകുന്നു.




സഞ്ചാരികൾ കൂടിയതോടെ പുതിയ പല സംരംഭങ്ങളും ഇവിടെ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് പുതിയതായി ഉൽഘാടനം ചെയ്യപ്പെട്ട പാർക്കും അതിനുത്തുള്ള പെറ്റ്സ് പാർക്കും തന്നെയാണ്. ഇവ രണ്ടും ഈ വ്യൂ പോയിൻ്റിൻ്റെ അടുത്തുതന്നെയാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ, കുട്ടികൾക്കും മുതിർന്നവർക്കും, പ്രകൃതി സ്നേഹികൾക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പിക്നിക് സ്ഥലമായി ഇവിടം മാറിക്കൊണ്ടിരിക്കുന്നു.


തിരുവോണ മല:

നമ്മളിപ്പോൾ നിൽക്കുന്നത് അരിമ്പ്ര - അറവങ്കര റോഡിലാണ്. ഇതിന് തിരശ്ചീനമായി വേങ്ങര-കോളനിറോഡ് പാതയുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ H എന്ന അക്ഷരത്തിൻ്റെ നടുവിലുള്ള വെട്ട് പോലെ, അതിലേക്കുള്ള കണക്ഷൻ റോഡിലൂടെയാണ് ഇനി നമുക്ക് പോകാനുള്ളത്.

ഈ വഴിയിൽ ഒരു അറബിക് കോളജും(ജാമിയ അൽ ഹിന്ദ് ), അതിനോടനുബന്ധിച്ച് സുന്ദരമായൊരു മുസ്ലിം പള്ളിയുമുണ്ട് (ജാമിയ അൽ ഹിന്ദ് മസ്ജിദ് )



വേങ്ങര റോഡിലെത്തുമ്പോൾ, വലതു വശത്ത്, ചെറിയൊരു കൃസ്ത്യൻ പള്ളി കാണാം - "ദ ക്രൈസ്റ്റ് കിംഗ് ചർച്ച് " നടുവക്കാട്. ചെറുതെങ്കിലും, വളരെ പൗരാണികമായൊരു ദേവാലയം തന്നെയാണിത്.

ഈ ചർച്ചിൻ്റെ മുന്നിലായി വലിയൊരു മല കാണാം. സമുദ്രനിരപ്പിൽ നിന്നും 1200 അടിയോളം ഉയരമുള്ളൊരു കുന്ന്. അതാണ് "തിരുവർച്ചനാംകുന്ന്" അഥവാ "തിരുവോണ മല". ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഭാഗമാണത്. അതു കൊണ്ട് തന്നെ മിക്ക സമയങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന നിലയിലായിരിക്കും കാണപ്പെടുക.


ആ കുന്നിൻ മുകളിലൊരു ക്ഷേത്രമുണ്ട്. 1500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നൊരു ക്ഷേത്രം. "തിരുവർച്ചനാംകുന്ന് ശ്രീ ശങ്കരനാരായണ ക്ഷേത്രം". ആദ്യകാലങ്ങളിൽ ഇതൊരു ജൈനക്ഷേത്രമായിരുന്നെന്നും, പിന്നീട് ഹിന്ദു ക്ഷേത്രമായി പരിവർത്തിതമായതാണെന്നും പറയപ്പെടുന്നുണ്ട്.

ഒരു കാലത്ത്, വളരെ പ്രതാപത്തോടെ നിലനിന്നിരുന്നൊരു ക്ഷേത്രമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇതിനോടനുബന്ധിച്ച് പ്രൗഡമായൊരു സെറ്റിൽമെൻ്റുണ്ടായിരുന്നതായും കരുതിപ്പോരുന്നു. സാധാരണഗതിയിൽ, ഹിന്ദു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ, കിഴക്ക് വശത്തേക്ക് ദർശനം വരുന്ന രീതിയിലാണ് കാണപ്പെടുന്നതെങ്കിൽ, ഇവിടെ ക്ഷേത്ര കവാടം പടിഞ്ഞാറ് വശത്തേക്ക് അഭിമുഖമായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം, തുലാമാസത്തിലെ തിരുവോണം നാൾ വളരെ വിശേഷപ്പെട്ടതാണ്. എല്ലാ വർഷവും അതേ നാളിൽ ഇവിടെ വളരെ വിപുലമായ രീതിയിൽത്തന്നെ ഉൽസവം കൊണ്ടാടാറുണ്ട്. നൂറു കണക്കിന് ഭക്തജനങ്ങളായിരിക്കും ആ ദിവസം ഇവിടെ മല കയറി ദർശനത്തനെത്തുക.

തിരവർച്ചനാം കുന്നിൻ മുകളിലേക്കുള്ള കയറ്റം വളരെ പ്രയാസമേറിയതാണെങ്കിലും, മുകളിലെത്തിയാൽ വളരെ സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും തന്നെയാണ് ഏതൊരാളെയും കാത്തിരിക്കുന്നത്.


അടയാളം പാറ:

മിനി ഊട്ടി വ്യൂ പോയിൻറിൽ നിന്നും അരിമ്പ്ര റോഡിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം ഇടത്തോട്ടുള്ള റോഡിലൂടെ അൽപം പോയാൽ അടയാളംപാറയിലെത്താം. പണ്ടിവിടെ വലിയൊരു പാറക്കെട്ടുണ്ടായിരുന്നു. അതിന് മുകളിൽ കാൽപ്പാട് പോലൊരു അടയാളവും ഉണ്ടായിരുന്നു. അതു കൊണ്ടായിരുന്നു ഇതിനെ 'അടയാളം പാറ' എന്ന് വിളിച്ചിരുന്നത്. അന്നത്തെ കാലത്തെ സാഹസികർ റോക് ക്ലൈംബിംഗ് നടത്തിയിരുന്ന വലിയൊരു പാറക്കെട്ട്.




ഇന്നിവിടെ അങ്ങനെയൊരു പാറയില്ല. ഉള്ളത് വലിയൊരു പാറമട മാത്രം. തട്ട്തട്ടുകളായ് തിരിച്ച രീതിയിൽ താഴേക്കും വശങ്ങളിലേക്കും പുരോഗമിക്കുന്ന പാറമട. തട്ടുകളല്ല, ലോറികൾ പോകുന്ന വഴികൾ തന്നെയാണ്. പാറമടയിൽ നിന്നുള്ള പാറകൾ അടുത്തുള്ള ക്രഷർ യൂണിറ്റുകളിലേക്ക് കൊണ്ട് പോകുന്നു. അങ്ങനെ പത്തിലധികം സ്റ്റോൺ ക്രഷർ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നറിയുമ്പോൾ, ഇതുപോലെയുള്ള എത്രയെത്ര പാറമടകൾ ഈ ചുറ്റുവട്ടങ്ങളിലായ് ഉണ്ടാകുമെന്ന കാര്യം ഊഹിച്ചറിയാനേ രക്ഷയുള്ളു.

അരിമ്പ്ര റോഡിലൂടെ അൽപ്പം ഇറങ്ങിയാൽ "ട" ആകൃതിയിലുള്ള ഒരു വളവുണ്ട്. അവിടെ, മുകളിൽ നിന്നുള്ള കാഴ്ചകൾ അതീവ മനോഹരമാണ്. കിഴക്ക് വശത്തേക്ക് നോക്കുമ്പോൾ നേരത്തെ നമ്മൾ കണ്ട മിനി ഊട്ടി വ്യൂ പോയിൻ്റ് അങ്ങകലെ വളരെ ഉയരത്തിലായി ഒരു മലഞ്ചെരുവിൽ കാണാം. അവിടെ നിർമ്മിക്കപ്പെട്ടിട്ടുള്ള തട്ടുകടകൾ ഒരു നിര പോലെ കാണാം. അതിനടുത്തു കൂടെ നീങ്ങുന്ന വാഹനങ്ങളും.




വടക്ക് വശം മൊറയൂർ, അരിമ്പ്ര ഭാഗമാണ്. മഴക്കാറുള്ള സമയങ്ങളിൽ നമ്മുടെ ഐ ലവലിനു താഴെയായി നിശ്ചലമായി പൊങ്ങിക്കിടക്കുന്ന മേഘങ്ങളെ കാണാം. ഉണക്കാനായ് പരത്തിയിട്ട പഞ്ഞി കെട്ടുകൾ പോലെ അവയങ്ങനെ നിൽക്കുന്നത് കാണാൻ തന്നെ വളരെ ഭംഗിയാണ്.

പടിഞ്ഞാറുവശത്ത് മൂച്ചിക്കുണ്ട് കോളനിയുടെ ഭാഗമായ മാങ്കാവ് സ്ഥിതി ചെയ്യുന്നു.


ചെരുപ്പടി വ്യൂ പോയിൻ്റ്:

നെടിയിരുപ്പ് ഹരിജൻ കോളനിയിൽ നിന്നും കുന്നുംപുറത്തിനടുത്തുള്ള തോട്ടശ്ശേരിയറയിലേക്കുള്ള റോഡിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇരുവശങ്ങളിലും, വെള്ളം നിറഞ്ഞ് നിൽക്കുന്ന വലിയ പാറമടകളും, അതിനിടയിലൂടെ, വളരെ ഉയരത്തിലായി ഒരു തിട്ട പോലെ തോന്നിക്കുന്ന റോഡും. നല്ല കാഴ്ചകൾ തന്നെയാണ്. ഇവിടെ നിന്ന് നോക്കിയാൽ കോഴിക്കോട് വിമാനത്താവളത്തിൻ്റെ നല്ലൊരു കാഴ്ച നമുക്ക് ആസ്വദിക്കാൻ സാധിക്കും. വിമാനങ്ങൾ ഉയരുന്നതും താഴുന്നതുമെല്ലാം ഇവിടെ നിന്നാസ്വദിക്കാനായി ദിനംപ്രതി ധാരാളം ജനങ്ങൾ എത്തുന്ന സ്ഥലം തന്നെയാണിത്.






വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ചും ഒഴിവ് ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ, ധാരാളം ജനങ്ങൾ കുടുംബസമേതം വരാറുള്ളൊരു സ്ഥലം തന്നെയാണിത്. ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ച്ചകൾ അതീവ സുന്ദരമാണ്. സൂര്യൻ ഒന്നേ ഉള്ളുവെങ്കിലും, പശ്ചാത്തലം മാറുന്നതിനനുസരിച്ച് അസ്തമയ സൂര്യൻ്റെ ഭംഗിയും മാറിക്കൊണ്ടിരിക്കുമെന്ന് പറയുന്നത് എത്ര ശരിയാണല്ലെ? പ്രകൃതിയുടെ ഈ മാസ്മരികതയുടെ ഭാഗഭാക്കാകാൻ കൊതിച്ചുകൊണ്ടെന്നവണ്ണം, എത്രയെത്ര പേരാണെന്നോ ഓരോ ദിവസവും ഇവിടെയെത്തുന്നത്.


Travel Information:

Malappuram district.

Mini Ooty is located on the Arimbra hills near Kondotty municipality. It is a famous local tourist place in Malappuram district.


How to reach:

By air: Calicut International Airport is about 15 km.


Bus: No direct public bus service. 5km from Aravankara (NH966), 10 km from Musliyarangadi and Colony road (NH966).