Showing posts with label tour. Show all posts
Showing posts with label tour. Show all posts

Monday, October 10, 2016

കക്കയം (KAKKAYAM)

ചുറ്റും മഞ്ഞുമൂടിയ കുന്നുകൾ. അതിൽ നിറയെ ഇടതിങ്ങി വളരുന്ന ഹരിത സസ്യങ്ങൾ. കോടമഞ്ഞിനിടയിലൂടെ പാതി മറഞ്ഞ കണക്കെ കാണാവുന്ന ഡാമും അതിന്റെ റിസെർവോയറും. പ്രകൃതി യുടെ മാസ്മരിക സൗന്ദര്യവും, ചരിത്രത്തിന്റെ ചില നിഗൂഢതകളും സ്വന്തം വിരിമാറിലൊതുക്കി; ആധുനികതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആ സുന്ദര ഭൂമികയിലേക്കാണ് ഇന്നത്തെ യാത്ര!


കോഴിക്കോട് ജില്ലയിലെ സുന്ദരമായൊരു ടുറിസ്റ് ഡെസ്റ്റിനേഷനാണ് കക്കയം ഡാമും, അങ്ങോട്ടുള്ള വഴിയും, പരിസരവും. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ അധികമൊന്നും വികസിച്ചിട്ടില്ലെങ്കിലും ദിനം പ്രതി ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.


9/10/16(Sunday)
സമയം പത്തു മണിയായിട്ടുണ്ട്. രണ്ട് മണിക്കൂർ യാത്രക്കൊടുവിൽ ഇപ്പോൾ ഞങ്ങൾ കക്കയം ബസ് സ്റ്റോപ്പിനടുത്തെത്തിയിരിക്കുന്നു. ഇവിടെ വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും എൻട്രി പാസ് എടുക്കണം.

പ്രാകൃതമായൊരു കമ്പിക്കൂട് - ടിക്കറ്റ് കൗണ്ടറാണ്. ഉദ്യോഗസ്ഥരായ രണ്ടു സ്ത്രീകൾ അകത്തുണ്ട്. ഒരാൾക്ക് 40 രൂപയാണു പ്രവേശന ഫീസ്. ടിക്കറ്റെടുത്ത ഞങ്ങൾ യാത്ര തുടരുകയാണ്.

അവിടൊരു സൈൻ ബോഡുണ്ട്. ഡാമിനടുത്തേക്ക് ഇനിയും പതിനാല് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വയനാടിനെ അനുസ്മരിപ്പിക്കുന്ന  മലയോര പാത. കുറച്ചു ദൂരം അതിലൂടെയാണ് ഞങ്ങൾക്ക് പോകേണ്ടത്. പാതയോരങ്ങളിൽ കൊക്കോ മരങ്ങളും റബറും കാണാം.

ഇനിയങ്ങോട്ട് ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ പാതയാണ് - വീതികുറഞ്ഞ ചുരം പാത.


താഴ്‌വര വളരെ സുന്ദരമാണ്. അങ്ങകലെ ചില ജലാശയങ്ങൾ കാണുന്നുണ്ട്. പ്രതിഭാ ധനനായ ഒരു ചിത്രകാരന്റെ കരവിരുതുപോലെ പ്രകൃതിയൊരുക്കിയ വർണ്ണക്കൂട്ട്.

യാത്ര തുടരുകയാണ്. അല്പനേര യാത്രക്കൊടുവിൽ ഞങ്ങൾ ഡാമിനടുത്തെത്തിയിരിക്കുന്നു. സുന്ദരമായ പ്രദേശം. പാർക്കിങ് സ്ഥലങ്ങളിലെല്ലാം ധാരാളം വാഹനങ്ങൾ ഇപ്പോൾത്തന്നെ നിറഞ്ഞിരിക്കുന്നു. അപ്രകാരം തന്നെ ജനങ്ങളും.


വളരെ വിശാലമായതല്ലെങ്കിലും നയനാനന്തകരമായൊരു ജലാശയം. ചുറ്റിലുമായി പച്ചപ്പാർന്ന മലകൾ. തെളിഞ്ഞ ജലം. ഡാമിൽ പക്ഷെ വെളളം കുറവാണ്. ബോട്ട്  സ്റ്റേഷനിൽ സഞ്ചാരികളുടെ ബാഹുല്യം തന്നെ.



ഞങ്ങൾ മുന്നോട്ട് നടന്നു. ഡാമിന്റെ ഷട്ടറിനടുത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു വിദൂര വീക്ഷണമേ ഇവിടെ സാധിക്കുകയുള്ളു. എങ്കിലും നല്ല കാഴ്ച്ചകൾ തന്നെ.

നക്‌സൽ രാജനെക്കുറിച്ച് കേൾക്കാത്തവരായി അധികമാരുമുണ്ടാവില്ല. 1970 കളിലെ അടിതന്തിരാവസ്ഥാ കാലം. ഉത്തര കേരളത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു വരുന്ന സന്ദർഭം. അഭ്യസ്ത വിദ്യരായ വിദ്യാർത്ഥികളിൽ പലരും നക്സൽ ആശയങ്ങളിലേക്ക് ആകൃഷ്ടരായിരുന്ന കാലം. പ്രൊഫ ഈച്ചരവാര്യരുടെ മകനും എഞ്ചിനീറിങ് വിദ്യാർത്ഥിയുമായിരുന്ന രാജൻ, ഇത്തരം ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്നെന്നും അല്ലെന്നും പറയപ്പെടുന്നു. അക്കാലത്തെ ഒരു മന്ത്രിയെ കളിയാക്കിക്കൊണ്ട് രാജൻ ഒരു നാടകം രചിക്കുകയോ സംവിധാനം ചെയ്യുകയോ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഈ കാരണത്തിനാണത്രെ അദ്ദേഹം പൊലിസുകാരുടെ നോട്ടപ്പുള്ളിയായത്. അപ്രകാരം രാജനെ അന്നത്തെ പോലീസ് കൊന്നത് കക്കയം പൊലീസ് ക്യാമ്പിൽ വെച്ചായിരുന്നെന്ന് പറയപ്പെടുന്നു .

ദുരുഹതകൾ ഇന്നും അവസാനിച്ചിട്ടില്ലാത്ത ആ കൊലപാതകത്തിന്റെ തെളിവുകൾ തേച്ചു മായ്ച്ച് കളയുന്നതിന്റെ ഭാഗമയി അദ്ദേഹത്തിന്റെ ശരീരം പൊലീസ് ക്യാംപിനടുത്തുവെച്ച് കത്തിച്ചുവെന്നും, ഈ ഡാമിൽ കെട്ടിത്താഴ്ത്തിയെന്നും, ഇവിടെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിഞ്ഞതാണെന്നുമെല്ലാം പറഞ്ഞു കേൾക്കുന്നു.



 അഗാധമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാനാണ് ഇനി ഞങ്ങൾ പോകുന്നത്. ഡാമിനടുത്തുനിന്നും ഏതാനും മീറ്ററുകൾ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. കല്ലുകൾ വിരിച്ച് സുഖമമാക്കിയ പാത. ഇതിലൂടെ നടക്കുമ്പോൾ പുല്ലിലൂടെ നടക്കാതിരിക്കുന്നതായിരിക്കും നല്ലത്. പുല്ലുകൾക്കിടയിൽ ധാരാളം അട്ടകൾ പതിയിരിക്കുന്നുണ്ടാകാം.


ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വലിയ പാറക്കല്ലുകൾ നിറഞ്ഞ കാട്ടരുവിയാണ്. നല്ല തണുപ്പുള്ള ജലം. ഒഴുകിയെത്തുന്ന വെളളം പാറക്കല്ലുകൾക്കിടയിലൂടെ സാവധാനം ഒഴുകിവന്ന് വലിയൊരു ഗർത്തത്തിലേക്ക് പതിക്കുകയാണ്, വലിയ രണ്ടു പാറകൾക്കിടയിലൂടെ. അവിടെ പാറകളിൽ സാഹസികമായി നിന്നുകൊണ്ട് നോക്കുമ്പോഴും വെളളം ചെന്നു പതിക്കുന്ന സ്ഥലം അങ്ങ് താഴെ കാണാമറയത്തുതന്നെ.

അവിടെനിന്നു നോക്കുമ്പോൾ ദൂരെ കാണുന്നതും നിത്യ ഹരിത വനങ്ങളുടെ ഹൃദ്യമായ പച്ചപ്പ്‌ തന്നെ. ചരിത്രത്തിന്റെ നിഗൂഢതയെ അയവിറക്കിക്കൊണ്ട് കുറേ നേരം അവിടങ്ങനെ നിന്നു.


സമയം വളരെ അധിക്രമിച്ചിരിക്കുന്നു. ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങാൻ തയ്യാറെടുക്കുകയാണ്. നിശ്ചലമായ ജലാശയത്തിൽ വലിയ ഓളത്തിരകൾ തീർത്തുകൊണ്ട് സ്‌പീഡ്‌ ബോട്ടുകൾ ഇപ്പോഴും സർവീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്, നിറയെ സഞ്ചാരികളുമായി.



     style="display:block"
     data-ad-client="ca-pub-1280914156841455"
     data-ad-slot="5863921897"
     data-ad-format="auto">

Wednesday, January 6, 2016

വയനാടിന്റെ പച്ചപ്പിലൂടെ ....!

(മോയാർ-വയനാട് യാത്ര - ഭാഗം 2)


സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ മോയാറിനോട് തൽക്കാലം വിടപറയുകയാണ്. അടുത്ത ലക്ഷ്യം, വയനാടിലേക്കുള്ള യാത്രാ വഴികളിലെ സുന്ദരമായ ദൃശ്യങ്ങളാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര രസാവഹമായൊരു അനുഭവം തന്നെയായിരിക്കും. ഞാൻ യാത്ര തുടങ്ങുകയാണ്‌!


മോയാർ നദിക്കു കുറുകെയുള്ള പാലവുംകടന്ന് എന്റെ വണ്ടി കുതിക്കുകയാണ്. വിശാലമായ മൈദാനക്കാടുകളിലൂടെയുളള സുന്ദരമായ പാത. തദ്ദേശ വാസികളുടെ ആരാധനാ മൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ, പാതയോരങ്ങളിൽ പലയിടങ്ങളിലും കാണുന്നുണ്ട്. കേരളീയ വാസ്തു വിദ്യയിൽനിന്നും വ്യത്യസ്ഥമായ നിർമ്മാണ വൈഭവം അടുത്തു കണ്ടറിയാനായി അവിടൊരു ക്ഷേത്രത്തിനരികിൽ വണ്ടി നിർത്തി.


സുന്ദരമായ ക്ഷേത്രം. ശാന്തമായ ചുറ്റുപാട്. ഒരു കുടപോലെ, ക്ഷേത്രത്തിനു മുകളിലേക്കു പന്തലിച്ചു നിൽക്കുന്നൊരു ആൽമര മുണ്ടവിടെ. അതുകൊണ്ട് തന്നെ നല്ല തണുപ്പുള്ള ക്ഷേത്രാന്തരീക്ഷം. അങ്കണവും പരിസരവും വളരെ വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നുണ്ട്. ക്ഷേത്രച്ചുമരുകൾ കടും നിറത്തിലുള്ള ഛായം പൂശിയിരിക്കുന്നു. മേൽക്കൂരയിൽ, കൊത്തിവച്ചനിലയിൽ അനേകം ശിൽപ്പങ്ങൾ.


യാത്ര തുടരുകയാണ്. മേൽക്കൂരകളില്ലാത്ത പ്രതിഷ്ഠകൾ പലയിടങ്ങളിലും കാണുന്നുണ്ട്. അടുത്തു ചെല്ലുമ്പോളറിയാം, അവയെല്ലാം ആരാധനകൾ നടക്കുന്ന ദൈവത്തറകൾ തന്നെയാണെന്ന്.

കാട്ടു മൃഗങ്ങളെ പലയിടങ്ങളിലും കണ്ടുകൊണ്ടുള്ള യാത്ര!


ഈ പോകുന്ന വഴിയരികിലാണ്, തമിഴ്നാട് സർക്കാറിന്റെ അധീനതയിലുള്ള ടാൻ ടീയുടെ പാണ്ടിയാർ ടീ ഫാക്റ്ററി. അവിടെ ഞാൻ വണ്ടി നിർത്തി . പെർമിഷനെടുത്ത ശേഷം അകത്തുകടന്നു. അവിടമെല്ലാം വിശദമായി കണ്ടു മനസിലാക്കാൻ തന്നെ തീരുമാനിച്ചു. ചായപ്പൊടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂപ്പർവൈസർ ശ്രീനിവാസൻ മുന്നിൽ നടക്കുന്നുണ്ട്.

കുറച്ചധികംതന്നെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം, വീണ്ടും യാത്ര തുടരുകയാണ്. ഗൂഡല്ലൂരിലേക്കും അവിടെനിന്നും വൈത്തിരിയിലേക്കും നയിക്കുന്ന യാത്ര!


തേയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾക്ക്, മനം മയക്കാൻപോന്ന സൗന്ദര്യമാണിവിടെയെല്ലാം. 


സുഖമമായ പാതയാണ്. ഡ്രൈവിംഗിന് പുതിയൊരു ആവേശം നൽകുന്ന വളവുകൾ. ഇനിയുളള കാഴ്ച്ചകൾ വർണ്ണനാതീതമാണ്. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ടു മാത്രം മനസിലാക്കാവുന്ന കാഴ്ച്ചകൾ!!


എവിടെനോക്കിയാലും, സുന്ദരമായ തേയിലച്ചെടികളുടെ വശ്യമായ പച്ചപ്പുമാത്രം! അവധി ദിവസങ്ങൾ ആഘോഷമാക്കാനിറങ്ങിയ യുവ മിഥുനങ്ങളെ, സല്ലാപ ഭാവത്തോടെ പളയിടങ്ങളിലും കാണുന്നുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ യാത്ര തുടരുകയാണ്.

അനേകം കുടിയേറ്റങ്ങൾക്ക് ആധിത്യമരുളുകയും, അവരെ സംരക്ഷിക്കുകയും ചെയ്തൊരു ചരിത്ര ഭൂമിയുടെ, വർത്തമാനകാല പാതകളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ, ഓർമ്മയിലെ ചരിത്രത്താളുകൾ പിന്നോട്ട് മറിയുന്നൊരു പ്രതീതിയായിരുന്നു മനസ്സിൽ!!


മോയാർ-വയനാട് യാത്ര - ഭാഗം 1 ഇവിടെ അമർത്തുക



Tuesday, January 5, 2016

മോയാറിന്റെ ഗ്രാമീണ കാഴ്ച്ചകളിലൂടെ ...!

(മോയാർ-വയനാട് യാത്ര - ഭാഗം 1)


പുലർച്ചെ അഞ്ചുമണിയായിട്ടേയുള്ളൂ, നേരം വെളുത്തിട്ടില്ല. നല്ല തണുപ്പുണ്ട്; മഞ്ഞും! ദേശീയ പാതയിൽ വാഹന ബാഹുല്യം തുടങ്ങിയിട്ടില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് എന്റെ കാർ ചീറിപ്പായുകയാണ്.

ഗൂഡല്ലൂരിൽനിന്നും വയനാടിലെ വൈത്തിരിയിലേക്കുപോകുന്ന പാത, തേയിലത്തോട്ടങ്ങളാൽ അതീവ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. നയനാനന്ദകരമായ അനേകം ദൃശ്യ വിസ്മയങ്ങളാൽ അനുഗ്രഹീതമായ ആ പാതയിലൂടെ ഞാനിന്നൊരു ഏകദിനയാത്ര പോകുകയാണ്.

നാടുകാണി ചുരം പാതയിലെ, തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞാൽ, ഇടതുവശത്തേക്ക് കാണുന്നതാണ് വൈത്തിരിയിലേക്കുള്ള പാത. ഞാനിപ്പോൾ അവിടെയെത്തിയിരിക്കുന്നു. നേരം ഏഴുമണിയായതേയുള്ളൂ. അതുകൊണ്ടുതന്നെ, മോയാർ സന്ദർശിച്ചതിനു ശേഷമാകാം ഇതിലൂടെയുള്ള യാത്രയെന്ന് മനസിലുറപ്പിച്ചു.

യാത്ര തുടരുകയാണ്. തെപ്പക്കാട് ട്രെക്കിംഗ് പോയിന്റിലെത്തിയിരിക്കുന്നു. ഗൂഡല്ലൂരിൽനിന്നും മുതുമല വരെയുളള പാത വളരെയധികം കുണ്ടും കുഴിയും നിറഞ്ഞ നിലയിലായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക്‌ തന്നെ കഷ്ട്ടപ്പെട്ടു പോകാവുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് വളരെ ആയാസകരമായാണനുഭവപ്പെട്ടത്. കേവലം 17 കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം സമയമാണ് ചെലവായത്.


ക്രിസ്തുമസ് അവധിയുടെ അവസാനമായതിനാലും, പുതുവൽസരപ്പിറവി ആസന്നമായതിനാലുമാകണം, ഇപ്പോൾ സഞ്ചാരികളുടെ ആധിക്യം തന്നെയുണ്ടിവിടെ.

വനം വകുപ്പിന്റെ വണ്ടിയിൽ, കാട്ടിനകത്തുകൂടെയുള്ള ട്രെക്കിംഗിന് ഒരാൾക്ക് 135 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അല്ലെങ്കിൽ, പോകേണ്ട സ്ഥലങ്ങളുടെ ദൂരവും സമയവും കണക്കാക്കി, ഒരു ട്രിപ്പിന് 500 മുതൽ 1000 രൂപ വരെ ഈടാക്കുന്ന തുറന്ന ജീപ്പുകളും ഇവിടെ ലഭ്യമാണ്.


ഉരുക്കു പാലവും കടന്ന്, ആനയൂട്ടു നടക്കാറുള്ള സ്ഥലത്തെത്തി. സഫാരിയുടെ ടിക്കറ്റുണ്ടെങ്കിൽ മാത്രമെ അവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതൊരുതരം ബിസിനസ് തന്ത്രമാണെന്ന് മനസിലാക്കാൻ, ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നുമില്ലെന്ന് കരുതുന്ന ഞാൻ, തൽക്കാലം തിരിച്ചു നടക്കുകയാണ്.

അൽപനേരത്തെ ചിന്തക്കൊടുവിൽ, സ്വന്തം വണ്ടിയിൽത്തന്നെ മസിനഗുഡിയിലേക്ക് പോകാമെന്നു തീരുമാനിച്ചു. മസിനഗുഡിയിൽനിന്നും ഇടത്തോട്ടുള്ള പാത മോയാറിലേക്കുള്ളതാണ്.

വിനോദ സഞ്ചാരികളായ യാത്രക്കാരെ എല്ലായിടത്തും കാണുന്നുണ്ട്. പാതയോരത്തെ വിശ്രമ കേന്ദ്രങ്ങളിലും, ഭോജന ശാലകളിലും നല്ല ജനത്തിരക്കുണ്ട്. രാത്രി താമസത്തിനുള്ള ഹോട്ടലുകളും റിസോർട്ടുകളും ദിവസങ്ങൾക്കു മുൻപേ നിറഞ്ഞിരിക്കുന്നു.

മസിനഗുഡിയിലെത്തിയിരിക്കുന്നു. ചെറിയൊരു അങ്ങാടിപോലെ തോന്നിക്കുന്ന സ്ഥലം. അധികം ഉയരമില്ലാത്ത കെട്ടിടങ്ങൾ. പഴമ തോന്നിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.

ഡിസംബർ മാസമായതിനാലാകാം നല്ല മഞ്ഞുണ്ട്. തണുപ്പിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ജനങ്ങൾ, പ്രഭാത സൂര്യന്റെ ഇളം വെയിൽ കാഞ്ഞുകൊണ്ട്, കമ്പിളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ രൂപത്തിൽ അവിടവിടെ ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. സ്വർണ്ണാഭമായ രശ്മികൾ ചുറ്റുപാടുകൾക്ക് കൂടുതൽ ദൃശ്യ മികവേകുന്നുണ്ട്.

ഇവിടെനിന്നും ഇടതു വശത്തേക്കായി കാണുന്നതാണ് മോയാറിലേക്കുള്ള പാത. സാമാന്യം നല്ല റോഡുതന്നെ. ഇതിലൂടെയുള്ള യാത്രയിലും കാനന യാത്രയുടെ പ്രതീതി വിട്ടുമാറുന്നില്ല. തുറന്ന ജീപ്പിലുള്ള ട്രെക്കിംഗ് സംഗങ്ങൾ പലയിടങ്ങളിലും എന്നെക്കടന്നു പോകുന്നുണ്ട്.


അൽപ ദൂര യാത്രക്കൊടുവിൽ ഞാൻ മോയാർ ഡാമിനടുത്തെത്തി. സുന്ദരമായ ജലാശയം. സ്ഫടികാഭമായ ജലം. വശ്യ മനോഹരമായ പശ്ചാത്തലം. ജലസമ്പരണിയുടെ നടുവിലായി തുരുത്തുപോലെ ഒരു ഭാഗം കാണുന്നുണ്ട്; അതിനു നടുവിലായി പന്തലിച്ചു നിൽക്കുന്നൊരു മരവും. ചിലയിടങ്ങളിൽ കാണുന്ന, ഉണങ്ങിയ മരങ്ങളോടു കൂടിയ തുരുത്തുകളും പശ്ചാത്തലത്തിനു ദൃശ്യ മികവേകുന്നുണ്ട്.




ഡാമിന്റെ ജലസമ്പരണിയുടെ തീരത്തുള്ള തണൽ മരത്തിന്റെ ചുവട്ടിലായ് ഞാൻ നിൽക്കുകയാണ് . ജനസാന്ദ്രമല്ലാത്ത ഗ്രാമീണമായ ചുറ്റുപാട് . ഒടപ്പെട്ടു കാണുന്ന ദരിദ്രമായ വീടുകൾ. വിശാലമായ വെളിമ്പ്രദേശത്തിനു നടുവിലും, ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിതമായ 'കൂരകൾ'. അവയിൽ പലതും നിലം പൊത്താറായ അവസ്ഥയിലാണു കാണപ്പെടുന്നത്.




ഒരു വീടിനു മുന്നിലായി, പ്രായമായൊരു സ്ത്രീയെ കാണുന്നുണ്ട്. പ്രായത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ പരാധീനതയും നിറഞ്ഞൊരു രൂപം. തമിഴ്നാടൻ ഉൾഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്. അതെല്ലാം നേരിൽക്കണ്ടുകൊണ്ടുള്ള യാത്ര, തീർത്തും സുന്ദരമായ അനുഭവങ്ങളാണ് എനിക്ക്‌ സമ്മാനിക്കുന്നത്‌.

നോക്കെത്താ ദൂരമത്രയും പരന്നുകിടക്കുന്ന കുറ്റിക്കാടുകളും പുൽത്തകിടികളും നിറഞ്ഞൊരു ഭൂപ്രദേശം. അവിടവിടെ ഒറ്റപ്പെട്ടു കാണപ്പെടുന്ന വലിയ തണൽമരങ്ങൾ. മഞ്ഞ പുഷ്പങ്ങളാൽ പുഞ്ചിരിക്കുന്ന കാട്ടുചെടികൾക്കും മനം മയക്കുന്നൊരു സൗന്ദര്യമാണിവിടെ.



തദ്ദേശീയരായ ഗ്രാമ വാസികളിൽ നല്ലൊരു ശതമാനവും കാലിവളർത്തലിൽ ഉപജീവന മാർഗം കാണുന്നവരാണ്.

പച്ചപ്പുല്ലുകളാൽ സമ്പന്നമായ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ ഈ പ്രദേശം, കാലിവളർത്തലിന് വളരെ അനുയോജ്യമായൊരു ഭൂ പ്രദേശമാണെന്ന് എനിക്കും തോന്നി. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളും കുറവല്ല. അഞ്ചു സെന്റിലൊരു വീടെന്ന സംസ്കാരത്തിൽ ജീവിക്കുന്ന എനിക്ക്‌, ഈ കാഴ്ച്ചകൾ വളരെ വിസ്മയാവഹമായൊരു അനുഭവമാണ് പകർന്നു നൽകുന്നത്‌.

പ്രാകൃതമെങ്കിലും സുന്ദരമായൊരു ബസ് കാത്തിരിപ്പു കേന്ദ്രം, അല്പം ദൂരെയായി കാണുന്നുണ്ട്. ഞാൻ അതിനടുത്തേക്ക് നടക്കുകയാണ്. പഴയകാല സിനിമകളിൽ കാണാറുള്ള ഗ്രാമീണ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച!


പുതിയ കാഴ്ച്ചകൾ തേടിയുള്ള ട്രെക്കിംഗ് സംഗങ്ങൾ, ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. സമയം ഒരുപാട് വൈകിയിരിക്കുന്നു. ഞാൻ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.


മോയാർ-വയനാട് യാത്ര - ഭാഗം 2 ഇവിടെ അമർത്തുക



Monday, November 9, 2015

നീലഗിരിയുടെ റാണി - അവിടേക്കൊരു യാത്ര !!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര (ഭാഗം 2)


നീലഗിരിക്കുന്നുകളിലെ സുന്ദരമായൊരു സുഖവാസ കേന്ദ്രമാണ് ഊട്ടി. തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയുടെ ആസ്ഥാനം കൂടെയാണത്. വേനൽക്കാലമാകുന്നതോടെ, വിനോദത്തിനും സുഖവാസത്തിനുമായി, ധാരാളം സഞ്ചാരികൾ അവിടെയെത്തുന്നു. അവരിൽ നല്ലൊരു ശതമാനവും ഉത്തര കേരളത്തിൽനിന്നു തന്നെ. ആ തണുപ്പുള്ള കാലാവസ്ഥയിൽ, വർഷത്തിലൊരിക്കലെങ്കിലും, അല്പനേരം മതിമറന്നുല്ലസിക്കാനാഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല.

ഗോപാലസ്വാമി ബെട്ടയിൽനിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.

ഞങ്ങൾ മുതുമലയിലെത്തിയിരിക്കുന്നു. ഇനി മസിനഗുഡി വഴിയാണ് യാത്ര. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോൾ മുപ്പത്തിയാറ് ഹെയർപിൻ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവർ പലരും, ഊട്ടിയിലേക്ക് ഈ വഴി സ്വീകരിക്കുന്നു.

വളരെ ദൂരം കാട്ടിലൂടെത്തന്നെയാണു യാത്ര. നേരത്തെ കണ്ട ദൃശ്യങ്ങൾതന്നെയാണു ഇവിടെയും കാണുന്നത്. മാനുകളും, കാട്ടുപോത്തുകളും, കുരങ്ങുകളും മറ്റും അവരുടേതായ ദിനചര്യകളിലേർപ്പെട്ടിരിക്കുന്നു.

കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ മസിനഗുഡിയിലെത്തി. ഇവിടെനിന്നും ഇടത്തോട്ടുള്ള പാതയിലൂടെ കുറച്ചു  ദൂരം സഞ്ചരിച്ചാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. വളരെ വർഷങ്ങൾക്കു മുൻപ് ഇതുവഴിയുള്ളൊരു യാത്രയിൽ അവിടെയും സന്ദർശിച്ചതാണ്. വളരെ സുന്ദരമായൊരു കാഴ്ച്ച തന്നെയാണത്. പക്ഷെ, ഈ യാത്രയിൽ ഞങ്ങൾ അവിടം സന്ദർശിക്കുന്നില്ല.

ഇതുവഴി യാത്ര ചെയ്യുമ്പോൾ പലരും ഇടത്താവളമാക്കുന്നൊരു സ്ഥലമാണു മസിനഗുഡി. സഞ്ചാരികളെ സ്വീകരിക്കുന്നതിനായി ഇവിടെ ധാരാളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ ഊട്ടിയിലെത്തേണ്ടതുണ്ട്. ഞങ്ങൾ ഇവിടെ നിർത്താതെ യാത്ര തുടരുകയാണ്.

ഇടുങ്ങിയ പാതയാണ് ചുരത്തിന്. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും സാധാരണ ഇതുവഴി പോകാറില്ല. വളരെ നേരത്തെ കിതപ്പിനൊടുവിൽ വണ്ടി മുകളിലെത്തിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലെത്തിയിരിക്കുന്നു. കുന്നിൻ ചരിവിൽ, ക്യാരറ്റും, ക്യാബേജുമെല്ലാം കൃഷിചെയ്യുന്നുണ്ട്. പുതിയൊരു ചുറ്റുപാടിലൂടുള്ളൊരു യാത്ര വളരെ ആനന്ദകരമായിത്തോന്നി!

വൈകുന്നേരത്തോടെ ഊട്ടിയിലെത്തി. എല്ലാവരും ചെയ്യുന്നപോലെ, ആദ്യം ഒരു റൂമെടുത്തു. സീസണല്ലാത്തതിനാൽ റൂമുകൾക്കിപ്പോൾ വലിയ നിരക്കൊന്നുമില്ല. മൂന്നു റൂമുകളോടുകൂടിയ നല്ലൊരു ഫ്ലാറ്റ്. സീസണിൽ പതിനായിരം വരെ ഈടാക്കാറുണ്ടിതിന്.

ഉച്ചക്കു ശേഷമുള്ള യാത്രയിൽ, അധിക സ്ഥലത്തൊന്നും നിർത്തിയിട്ടില്ല. എങ്കിലും, വലിയ യാത്രാ ക്ഷീണമൊന്നും അനുഭവപ്പെടുന്നില്ല. സന്ധ്യ മയങ്ങാൻ ഇനിയും ഒരുപാടുണ്ട്. ഇന്നത്തെ ദിവസം ബോട്ട് ഹൗസും ചുറ്റുവട്ടവും ഒന്നു കറങ്ങാൻ തന്നെ തീരുമാനിച്ചു.


എകദേശം 65 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇതൊരു നിർമ്മിത ജലാശയമാണ്. ഊട്ടിയിലെ പ്രഥമ ജില്ലാ കളക്ടറായിരുന്ന ജോണ്‍ സുള്ളിവനാണ് 1824 ൽ ഇതിന്റെ നിർമ്മിതിക്കു നേതൃത്വം വഹിച്ചത്. ടിക്കറ്റെടുത്താൽ, ബോട്ടുയാത്രക്കുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിനടുത്ത് ചെറിയൊരു പാർക്കും ഒരു ടോയ് ട്രെയിനും ഉണ്ട്. നേരം തെല്ലൊന്നു വൈകുന്നതുവരെ വളരെ നേരം ഞങ്ങൾ അവിടെത്തന്നെ ചെലവഴിച്ചു.

പിറ്റേന്നു രാവിലെ:
നീലഗിരി കുന്നിന്മുകളിലൂടെ ഓടുന്ന ട്രെയിനിലൊരു യാത്ര, ഇവിടെയെത്തുന്ന ഏതൊരാളുടെയും സ്വപ്നം തന്നെയാണ്. ഇന്ന് അങ്ങനെയൊരു യാത്രയാണ് തീരുമാനിച്ചിട്ടുള്ളത്. ടിക്കറ്റ്, നെരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.


ഒൻപതു മണിക്കാണ്‌ യാത്ര. കുറച്ചു സമയം കൂടെ ബാക്കിയുണ്ട്. ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ റെസ്റ്റോറെന്റിൽനിന്നും പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.

സ്റ്റേഷനിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു. സ്ഥലവാസികളും സഞ്ചാരികളുമുണ്ട്. കൃത്യ സമയത്തുതന്നെ വണ്ടി പുറപ്പെട്ടു.

നീലഗിരി കുന്നിന്റെ ചരിവിലൂടെ വളരെ സാവധാനത്തിലാണ് യാത്ര. ബ്രോഡ് ഗേജല്ലാത്തതിനാൽ ഇതിന്റെ വേഗം മണിക്കൂറിൽ പത്ത് കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്. കാഴ്ച്ചകളെല്ലാം വിസ്തരിച്ച്കണ്ടുകൊണ്ട് തന്നെ യാത്ര ചെയ്യാമല്ലോ!


ഊട്ടിയിൽനിന്നും കൂനൂർ വരെയാണ് ഞങ്ങൾ യാത്ര ബുക്ക് ചെയ്തിരിക്കുന്നത്. തിരിച്ചുള്ള ടിക്കറ്റ് അവിടെ ചെന്നതിനു ശേഷം വേണം എടുക്കാൻ.

മലയാളത്തിലെ വളരെ പ്രശസ്തമായൊരു സിനിമയാണല്ലോ "സമ്മർ ഇൻ ബതിലഹേം". സുന്ദരമായ ഈ സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഈ പാതയിലെ 'കെട്ടി' എന്ന സ്റ്റേഷനിൽ വച്ചാണ്.

ഊട്ടി - കൂനൂർ റെയിൽ പാതയിലെ സ്റ്റേഷനുകളിൽ പലതും പല പല സിനിമകളിലൂടെയായി നമുക്ക് പരിചിതമാണെങ്കിലും "കിലുക്കം" എന്ന സിനിമയിലെ രംഗങ്ങളും 'ദിൽസെ'യിലെ "ഛയ്യ....ഛയ്യ....."എന്ന ഗാനത്തിന്റെ ദൃശ്യങ്ങളുമായിരിക്കും ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക.

കുന്നിൻ ചരിവിൽ അവിടവിടെയായി പെട്ടിക്കൂടുപോലെയുള്ള വീടുകൾ കാണുന്നുണ്ട്. താഴ്‌വരയിൽ തൊഴിലാളികൾ ജോലി തുടങ്ങിയിരിക്കുന്നു. ക്യാരറ്റും ക്യാബേജുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഊട്ടിയിൽ സീസണല്ലാത്ത സമയങ്ങളിൽ അവരിൽ പലരും കൃഷിയിലാണ് ശ്രദ്ധ ചെലുത്തുക. ഇതെല്ലാം കണ്ടുകൊണ്ടുള്ള ഈ യാത്ര, മറക്കാനാവാത്തൊരു ട്രെയിൻ യാത്രയായി ഞാനെന്റെ മനസിൽ പകർത്തിക്കൊണ്ട്, യാത്ര തുടരുകയാണ്‌.

ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ തിരിച്ചെത്തി. അടുത്ത ലക്ഷ്യം ബോട്ടാണിക്കൽ ഗാർഡനാണ്.

1848 ലാണ് ഊട്ടിയിലെ പ്രസിദ്ധമായ ഈ ഗാർഡൻ തുറന്നു പ്രവർത്തനമാരംബിച്ചത്. തമിൾനാട് ഹോർട്ടികൾച്ചറൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പരിരക്ഷിച്ചു പോരുന്ന ഇത്, ഏകദേശം 55 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. 650 ൽ പരം ഇനത്തിൽപ്പെട്ട സസ്യ ലതാതികൾ ഇവിടെയുണ്ടെന്നു കരുതപ്പെടുന്നു.


ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കടന്നു. വശാലമായ ഉദ്യാനം. നല്ല രീതിയിൽ പരിരക്ഷിച്ചു പോരുന്ന ചെടികളും പുൽത്തകിടിയും. പല തരത്തിലും, നിറത്തിലും പെട്ട അലങ്കാരച്ചെടികൾ വളരെ സുന്ദരമായ രീതിയിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളറിയാത്തവർക്കുപോലും മനോഹാരമായ ദൃശ്യങ്ങൾ പകർത്താവുന്ന പശ്ചാത്തലം. ക്യാമറ എങ്ങോട്ട് തിരിച്ചാലും സുന്ദരമായ ഫ്രെയിമുകൾ തന്നെ. ഞങ്ങൾ നടക്കുകയാണ്.


അവിടൊരു വെള്ളക്കെട്ടുണ്ട്, നിറയെ താമരകളും ആമ്പലുകളും പൂത്തു നിൽക്കുന്നു.

നാമിതുവരെ കണ്ടിട്ടില്ലാത്തയിനം ഓർക്കിഡുകളും, അലങ്കാര മുൾച്ചെടികളും പ്രതേകം പ്രത്യേകം കൂടാരങ്ങളിൽ സംരക്ഷിച്ചു പോരുന്നു.

ഓരോ വർഷവും ഇവിടെ സംഘടിപ്പിക്കപ്പെടുന്ന പുഷ്പോത്സവം, ലോക പ്രശസ്തമാണ്. ഈ ദിവസങ്ങളിൽ, പതിനായിരക്കണക്കിനു സഞ്ചാരികളാണ്, പുഷ്പമേള കാണുന്നതിനായി ഓരോ ദിവസവും ഇവിടെയെത്തുന്നത്.


വളരെ നേരമായി ഇതിലൂടെയൊക്കെ ചുറ്റിക്കണ്ട് നടക്കുകയാണ്. അപ്പുറത്ത് വിശാലമായൊരു പുൽത്തകിടിയുണ്ട്. ധാരാളം ജനങ്ങൾ കുടുംബ സമേതം അവിടെ ഉല്ലസിക്കുന്നു. അവർക്കിടയിൽ ഞങ്ങളും ചേർന്നു. ഗൗരിക്കും, പ്രജ്വലിനും ഇത് നന്നേ രസിച്ചു. പുൽപ്പരപ്പിൽ ഉരുണ്ടു രസിക്കുന്ന രണ്ടു ബാല്യങ്ങൾ !

നേരം വല്ലാതെ വൈകിയിരിക്കുന്നു . ഇന്നു തന്നെ വീട്ടിലേക്കു തിരിക്കേണ്ടതുണ്ട്. പോകുന്ന വഴി പൈക്കാറ ഡാം കൂടെ കാണണം. ഞങ്ങൾ അവിടെനിന്നിറങ്ങി.

ഒരുപാട് സ്ഥലങ്ങൾ ഊട്ടിയിലിനിയും കാണാൻ ബാക്കിയുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര തുടരുകയാണ്.

റോഡിനിരുവശവും യൂക്കാലിപ്റ്റസ് മരങ്ങളും, കോണ്‍ മരങ്ങളും ധാരാളമുണ്ട്. വേദന സംഹാരിയായും, മറ്റുൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്ന നീലഗിരിത്തൈലം, യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽനിന്നാണ് ഉൽപ്പാതിപ്പിക്കുന്നത്. ഇത്തരം ധാരാളം ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

വഴിയരികിൽ ധാരാളം ഷൂട്ടിങ്ങ് പോയിന്റുകളുണ്ട്. അവിടൊരിടത്ത് വണ്ടി നിർത്തി. ചെറിയൊരു മൊട്ടക്കുന്ന്. അധികം കുത്തനെയല്ലെങ്കിലും, കയറിത്തുടങ്ങിയപ്പോൾ കിതച്ചുപോയി. കുന്നിന്റെ മുകളിലെത്തി. അപ്പുറവും സുന്ദരമായ ചരിവുതന്നെയാണ്‌. വെട്ടിയൊതുക്കിയ പുൽത്തകിടി പോലെ, ഒരു പ്രദേശം മുഴുവൻ പച്ചപ്പിൽ മൂടിനിൽക്കുന്ന കാഴ്ച്ച! ഇവിടം, എത്രയെത്ര സിനിമാപ്പാട്ടുകളുടെ പശ്ചാത്തലങ്ങളായിട്ടുണ്ടാകും! സംവിധായകന്റെ ആജ്ഞക്കൊത്ത് എത്രയെത്ര നടീ നടന്മാരായിരിക്കും ഈ പുൽച്ചരിവിൽ കിടന്നുരുണ്ടിട്ടുണ്ടാകുക!

ഒഴുകി നടക്കുന്ന മേഘങ്ങളും, അകലെയുളള കോണ്‍ മരക്കൂട്ടവും, ചുറ്റിലുമുള്ള പച്ചപ്പും - എന്നെയും ഒരു സിനിമാക്കാരനാക്കിയ പോലെ. നോക്കുമ്പോൾ പലരും അങ്ങനെ തന്നെ. കൈപ്പത്തികൾ രണ്ടും മുന്നോട്ട് നീട്ടി, ഫ്രെയിമുകൾ കാണുന്നവർ. മനസ്സു നിറയെ ഒരു പ്രത്യേക അനുഭൂതിയായിരുന്നു!

ഊട്ടി - ഗൂഡല്ലൂർ പാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും സന്ദർശിക്കാനാഗ്രഹിക്കുന്നൊരു ടൂറിസ്റ്റ് പോയിന്റാണ് പൈക്കാറ ഡാം. പ്രധാന പാതയിൽനിന്നും അല്പം മാറി സ്ഥിതിചെയ്യുന്ന ഇതൊരു സുന്ദരമായ കാഴ്ച്ച തന്നെയാണ്.

തമിഴ്നാട്ടിലെ ഒരു മലയോര ഗ്രാമമാണ് പൈക്കാറ. മുകുർത്തി മലയിൽനിന്നും ഉത്ഭവിച്ച്, ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയും അതുകൊണ്ട് തന്നെ പൈക്കാറ നദിയെന്നാണറിയപ്പെടുന്നത്. 'ടോഡ' വംശത്തിൽപ്പെട്ട തദ്ധേശീയരായ ജനസമൂഹം ഇതിനെയൊരു വിശുദ്ധ നദിയായാണ് കരുതിപ്പോരുന്നത്. സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങൾ തീർത്തുകൊണ്ട് അവൾ മുന്നോട്ട് ഗമിക്കുകയാണ്. അവയിൽ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് പൈക്കാറ വെള്ളച്ചാട്ടമായറിയപ്പെടുന്നത്.

ഞങ്ങൾ പൈക്കാറ ഡാമിനടുത്തെത്തി. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ട് കവിത തീർക്കുന്നൊരു ജല സംഭരണി. നിശ്ചലമായ തെളിഞ്ഞ ജലപ്പരപ്പ്. സ്വർണ്ണാഭമായ പ്രകാശം ചുറ്റുപാടിനെ കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു.


ബോട്ടിങ്ങിനുള്ള അവസരങ്ങൾ അവിടെയൊരുക്കിയിട്ടുണ്ട്. ഡാമിലേക്കിറങ്ങിച്ചെല്ലാവുന്ന പടികളിലൂടെ നടന്ന് ഒരു പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നു. ഇവിടെനിന്നാണ് ജലയാത്രയാരംബിക്കുന്നത്. ഡാമിൽ വെളളം കുറവാണ്. വിശാലമായ ജലപ്പരപ്പിലൂടെ ചെറിയൊരു തുരുത്തിനെ ചുറ്റി ബോട്ട് തിരിച്ചെത്തിയിരിക്കുന്നു.


നേരം വല്ലാതെ വൈകിയെങ്കിലും, ഉയർന്ന പ്രദേശമായതുകൊണ്ടാകാം കുന്നിൻ മുകളിൽ ഇരുട്ട് വീണിട്ടില്ല. ഇനി നേരെ വീട്ടിലേക്കാണ്. ഗൂഡല്ലൂരും, നാടുകാണിയും പിന്നിട്ട് ഒരുപാട് യാത്ര ചെയ്യാനുണ്ട്. വേഗം തന്നെ വണ്ടിയിൽ കയറി. രണ്ടു ദിവസങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട് മനസിൽ. ഞങ്ങൾ യാത്ര തുടരുകയാണ്.


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 1) ഇവിടെ അമർത്തുക 

Thursday, October 29, 2015

ഹിമവദ് ഗോപാലസ്വാമി ബെട്ടയിലേക്കൊരു തണുത്ത യാത്ര!!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര
(ഭാഗം 1)



വിശാലമായ സൂര്യകാന്തിപ്പാടം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മൊട്ടക്കുന്നുകൾ. പൊരിവെയിൽ വകവെക്കാതെ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടം. പശുക്കളെ തെളിക്കുന്ന ഇടയന്മാർ. ഭാവനാ സമ്പന്നമായ ചലച്ചിത്ത്രങ്ങൾക്ക് ദൃശ്യ വിരുന്നൊരുക്കാവുന്ന പശ്ച്ചാത്തലം. ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്നൊരു കുന്ന്. അതാണ്‌ " ഹിമവദ് ഗോപാലസ്വാമി ബെട്ട".


"ചന്ദ്രനുദിക്കുന്ന ദിക്കിൽ" എന്ന സിനിമയുടെ പാട്ടുകളുൾപ്പെടെ സുന്ദരമായ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അവിടെയും, ചുറ്റുവട്ടത്തുമാണെന്നു കേട്ടിട്ടുണ്ട്. മനോഹരമായ ധാരാളം ഫ്രെയിമുകളുൾക്കൊള്ളുന്ന ആ സ്ഥലം കാണണമെന്നത് അന്നുമുതൽക്കേ മനസ്സിലുദിച്ച ഒരു മോഹമായിരുന്നു.

അവിടേക്ക്, ഞങ്ങൾ സകുടുംബം ഒരു യാത്ര പോകുകയാണ്.

നാടുകാണിച്ചുരത്തിന്റെ സുന്ദരമായ പാതകൾ പിന്നിട്ട് ഞങ്ങളുടെ വണ്ടി കുതിക്കുമ്പോഴും, സിനിമയിലെ സുന്ദരമായ ഫ്രെയിമുകളായിരുന്നു മനസിൽ!


9 മണിയോടെ "തെപ്പകാട്" എന്ന സ്ഥലത്തെത്തി. മുതുമല വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ഫോറെസ്റ്റ് ട്രെക്കിംഗ് പോയിന്റാണിത്. ടിക്കറ്റെടുത്താൽ, വനം വകുപ്പിന്റെ വണ്ടിയിൽ കാട്ടിനുള്ളിലൂടൊരു യാത്ര ഇവിടെ നമുക്കാസ്വതിക്കാം. ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ട്. ഞങ്ങളുടെ പ്രധാന ലക്ഷ്യം അതല്ലാത്തതിനാലും, ഇങ്ങനൊരു യാത്ര, കഴിഞ്ഞ തവണ ആസ്വതിച്ചിട്ടുള്ളതിനാലും ഞങ്ങൾ കൗണ്ടറിൽനിന്നും പുറത്തിറങ്ങി.

സുദീർഘമായൊരു യാത്രയുടെ ക്ഷീണമകറ്റാനായി, ഞങ്ങൾ, അല്പനേരം അവിടമാകെയൊന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു.

വലതുവശത്തേക്കു കാണുന്ന റോഡ്‌, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ളതാണ്. തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വഴിയാണിത്.

പാശ്ചാത്യ ഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉരുക്കു പാലത്തിലൂടെ മോയാർ നദി മുറിച്ചു കടന്നാൽ, അക്കരെയുള്ള ആനപ്പന്തിയിലെത്താം. ഇവിടത്തെ ആനയൂട്ട് വളരെ രസമുള്ളൊരു കാഴ്ച്ചതന്നെയാണ്. മുതിർന്ന ആനകൾ മുതൽ കുട്ടിയാനകൾ വരെ അനുസരണയോടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് തീർത്തും നയനാനന്ദകരമായൊരു കാഴ്ച്ചതന്നെയാണ്. അതുകൊണ്ട്തന്നെ, വിദേശീയരടക്കം മുതുമലയിലെത്തുന്ന സഞ്ചാരികളാരും ഇവിടം സന്ദർശിക്കാൻ മറക്കാറില്ല.


നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ആനയൂട്ട് അല്പം മുൻപ് കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചു നടന്നു.

ഉരുക്കുകൊണ്ട് നിർമ്മിക്കപ്പെട്ട പാലം. ഇതിനടിയിലൂടെ മോയാർ നദി ശാന്തമായൊഴുകുന്നു, ചെറിയ പാറക്കല്ലുകൾക്കിടയിലൂടെ. അടിത്തട്ടിലെ ഉരുളൻ കല്ലുകൾ വ്യക്തമായി കാണത്തക്ക രീതിയിൽ തെളിഞ്ഞ ജലം. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന അരുവിക്ക്, വന്യമായൊരു സൗന്ദര്യം തന്നെയാണിവിടെയും.

ഞങ്ങൾ വണ്ടിക്കടുത്തേക്കു നടന്നു. ടിക്കെറ്റ് കൗണ്ടറിൽ അപ്പോഴും നല്ല തിരക്കുതന്നെ!


മൈസൂർ റോഡിലൂടെ കുറച്ചൊന്നു സഞ്ചരിച്ചാൽ കർണ്ണാടകത്തിന്റെ ബോർഡറായി. ബോർഡർ കടന്നാൽ ഈ കാട് ബന്ദിപൂർ നാഷണൽ പാർക്കെന്നാണ് അറിയപ്പെടുക.


ബന്ദിപൂർ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വന്യമൃഗങ്ങളായ മാനുകളും, കുരങ്ങുകളും, ആനകളും തന്നെയാണ് ദർശന മനോഹാരിതയേകുന്നത്.


ഞങ്ങൾ കാടിന്റെ സംരക്ഷിത മേഘല കടന്നിരിക്കുന്നു. ഇനി ജനവാസ കേന്ദ്രമാണ്. ഇരുവശവും സൂര്യകാന്തിച്ചെടികൾ കൃഷിചെയ്യുന്ന വിശാലമായ പാടം. അതിനിടയിലൂടെ സാമാന്യം നല്ലൊരു റോഡ്. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരച്ചുവട്ടിലൂടെ ഞങ്ങളുടെ വണ്ടി വേഗത്തിലോടുകയാണ്. ഒട്ടുമിക്ക തണൽ മരച്ചുവട്ടിലും വഴി വാണിഭക്കാർ ഉപവിഷ്ടരാണ്.  തണ്ണിമത്തനാണ് പ്രധാന ഇനം!

വളരെ നേരത്തെ യാത്രയായിരുന്നതിനാൽ അതിലൊന്നിന്റെ മുന്നിൽ വണ്ടി നിർത്തി. വാങ്ങാൻ ചെന്നിരിക്കുന്നത് സഞ്ചാരികളാണെങ്കിൽ, തോന്നുന്ന വിലയായിരിക്കും ഇവർ ചോദിക്കുക. അതുകൊണ്ട് തന്നെ കച്ചവടക്കാരനോട് നല്ലവണ്ണം വിലപേശിയതിനു ശേഷം ഞങ്ങൾ ഒരു ചാക്ക് തണ്ണിമത്തൻ വാങ്ങി. (മുന്നൂറു രൂപക്ക് പറഞ്ഞത് എഴുപതിനുറപ്പിച്ചു)


ജനവാസ മേഘലയാണെന്നിരിക്കിലും, അംഗ സംഖ്യ കുറവുള്ള മാൻ കൂട്ടങ്ങളെ അവിടവിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻ പറ്റത്തെപ്പോലെ അവ മേഞ്ഞു നടക്കുന്നു. ഇവിടുത്തുകാർക്ക് ഇതൊരു പുതുമയല്ലാതിരിക്കാം, പക്ഷെ, ഇത്തരം കാഴ്ച്ചകൾ അസുലഭമായ നമ്മെപ്പോലുള്ളവർക്ക്, ഇതൊരു പ്രത്യേക അനുഭവം തന്നെയാണ്.

ഞങ്ങൾ ഗോപാലസ്വാമി ബെട്ടയിലേക്കുള്ള റോഡിന്റെ കവാടത്തിലെത്തിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞ് കവാടത്തിനുള്ളിലൂടെയാണിനി യാത്ര. എകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

കവാടം കടന്ന് അല്പമാത്ര യാത്രയിൽത്തന്നെ, കർണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാക്കുന്ന കാഴ്ച്ചകൾ ഞങ്ങൾക്ക് കാണാനായി. "ഹംഗാല" ഗ്രാമം. ചിലയിടങ്ങളിൽ കോളനിപോലെ കാണപ്പെടുന്ന അനേകം വീടുകൾ. അടുത്ത കൃഷിയിറക്കുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യ ജീവികളെ തുരത്താനായി, പാടത്തെ ചില മരങ്ങളിൽ കാവൽ ഏറുമാടങ്ങൾ.


കാഴ്ച്ചകൾ മനസ്സിൽ പകർത്തിക്കൊണ്ട് മുന്നോട്ട് ഗമിക്കുകയാണ്. വണ്ടിയുടെ ബ്രേക്കിൽ കാലമർന്നത് പെട്ടെന്നാണ്. കണ്ണുകൾക്ക്‌ പുതിയൊരു ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട്, റോഡിനു കുറുകെ കടന്നുപോകുന്ന കന്നുകാലിക്കൂട്ടം . നൂറോളം കാലികളുണ്ട്. നിത്യ യാത്രയായതിനാലാകാം, മുൻപേ ഗമിക്കുന്ന ഗോവിന്റെ പിന്നിൽ അകലെയുള്ള മൊട്ടക്കുന്നുകളിലേക്ക് അവ നടന്നകലുന്നു. അവക്ക് പുറകെ നടക്കുന്ന ഗോപാലന്മാരും. ഇടതു ചുമലിൽ ചേർത്തു പിടിച്ചിരിക്കുന്ന നീണ്ട വടിയിൽ തൂങ്ങിനിന്നാടുന്ന തൂക്കുപാത്രം. ഉച്ചക്കു കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവുമാകാം. ഗ്രാമീണമായ വസ്ത്രധാരണം.

ദൂരെ കുന്നിൻ ചരിവിൽ, വേറെയും കന്നുകാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നുണ്ട്.

മലയടിവാരത്തിലെത്തി. ഇവിടെ കർണ്ണാടക വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും ടിക്കറ്റെടുക്കണം. അനുവദനീയമായ സമയം ഒന്നര മണിക്കൂറാണ്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൊണ്ടുപോകാനനുവദിക്കില്ല.

പൊട്ടിപ്പൊളിഞ്ഞ ചുരം പാതയിലൂടെ അല്പനേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ക്ഷേത്രത്തിനു മുന്നിലെത്തി.


ക്ഷേത്രത്തിനു മുന്നിൽ സാമാന്യം വലിയൊരു പാർക്കിംഗ് ഏരിയയുണ്ട്. ഒരു ഭാഗം കരിങ്കല്ലുകൊണ്ട് കൈവരി കെട്ടിയിരിക്കുന്നു. അപ്പുറം താഴ് വരയാണ്.




പൗരാണികത തോന്നിക്കുന്ന ക്ഷേത്രം. ചുറ്റുമതിൽ, പളനി ക്ഷേത്രം പോലെ ചുവപ്പും വെള്ളയും ഛായമടിച്ചിരിക്കുന്നു. സ്വർണാഭമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. വളരെ തണുപ്പുള്ള അന്തരീക്ഷം. തറ, ഗ്രാനൈറ്റ് പാളികൾ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. പുറത്തെ ചൂട് തെല്ലും അനുഭവപ്പെടാത്തതിനാലാകാം, കയറിയവരാരും ഇറങ്ങുന്നത് കാണുന്നില്ല.

ചാമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചത്, ഹൊൊയ്സാല രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ്. കൃസ്തുവർഷം 1315 ലാണ് പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വേണുവൂതിക്കൊണ്ട് നിൽക്കുന്നൊരു പ്രതിഷ്ഠയാണിവിടെയുള്ളത്.

അഗസ്ത്യ മഹർഷി ഇവിടെ തപസ്സിരുന്നെന്നും, ഭഗവാൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തിയെന്നും, അദ്ധേഹത്തിന്റെ ഒരംശം ഇവിടെ കുടികൊള്ളാമെന്നു വാക്കു നൽകിയെന്നും വിശ്വാസം.


വിശാലമായ പ്രദക്ഷിണ വഴി. ഞങ്ങൾ അതിലൂടെ അമ്പലത്തിനെ ചുറ്റാൻ തീരുമാനിച്ചു. ചുട്ടു പൊള്ളുന്ന വെയിൽ. നടപ്പാതയിൽ വിരിച്ചിരിക്കുന്ന കല്ലുകളും ചൂടായിക്കൊണ്ടിരിക്കുന്നു. ഇടക്കിടക്ക് തണുത്ത കാറ്റടിക്കുന്നുണ്ട്. മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോഴും ആനക്കൂട്ടങ്ങളെ കാണാറുണ്ടെന്നു പറയപ്പെടുന്നു. വൈകുന്നേരങ്ങളിൽ ഇവിടം വളരെ സുന്ദരമായിരിക്കും. ബന്ദിപൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെനിന്നു കാണുന്ന ഉദയവും അസ്തമയവും വളരെ സുന്ദരമാണ്‌.

ഒന്നര മണിക്കൂർ തീരാറായിരിക്കുന്നു . ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണ്.


അടുത്ത ലക്ഷ്യം ഊട്ടിയാണ് . ഞങ്ങൾക്കവിടെ വൈകുന്നേരത്തോടെ എത്തിയാൽ മതി. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്ര വളരെ സാവധാനത്തിലാക്കാൻ തീരുമാനിച്ചു.

റോഡിന്റെ പാർശ്വങ്ങളിൽ ഉരുളൻ കല്ലുകൾ അടുക്കിവച്ച് നിർമ്മിച്ച ചെറിയ അതിരുകളും, പുഷ്പിച്ചു നിൽക്കുന്ന കള്ളിമുൾച്ചെടികൾ തീർക്കുന്ന വേലികളും കണ്ടുകൊണ്ട് യാത്ര തുടരുമ്പോഴും, കുന്നിന്മുകളിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ ഇടക്കിടെ ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു.


അല്പം മുന്നിലായി ഒരു കാളവണ്ടി പോകുന്നത് കാണുന്നുണ്ട്. നമ്മുടെ നാട്ടിലിന്നു കാണാൻ സാധിക്കാത്തൊരു ഗ്രാമീണ കാഴ്ച്ച. വളരെ സാവധാനത്തിലാണത് മുന്നോട്ട് ഗമിക്കുന്നത്. ഞങ്ങൾ അതിനടുത്തെത്തി. തടിമാടന്മാരായ രണ്ട് വണ്ടിക്കാളകൾ. അവക്ക് പിന്നിൽ സാരഥിയായി ഒരു വൃദ്ധൻ. പാഠപുസ്ഥകത്തിലെ താളുകളിലല്ലാതെ ഒരു കാളവണ്ടി നേരിൽക്കണ്ടതിന്റെ അത്ഭുതത്തിലാണെന്റെ മകൾ. അവളുടെ ആകാംക്ഷ, കണ്ണുകളിൽനിന്നും വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. വണ്ടി ഒരു ഇടവഴിയിലേക്കു തിരിയുന്നതുവരെ, വളരെ നേരം ഞങ്ങളതിനെ അനുഗമിച്ചു. കൃഷിയിടങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന വണ്ടിയാകാം!


ഇപ്പോൾ ഞങ്ങളുടെ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്, ഹൈവേയിലൂടെയാണ്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. സമയം വല്ലാതെ വൈകിയിരിക്കുന്നു. ഞങ്ങൾ അവിടൊരു മരച്ചുവട്ടിൽ വണ്ടി നിർത്തി. കരുതിയിരുന്ന പായ നിലത്തു വിരിച്ചു. ഭക്ഷണപ്പൊതി പുറത്തെടുത്തതും, എവിടുന്നൊക്കെയോ കുറേ കുരങ്ങന്മാർ അവിടെയെത്തി. തലക്ക് മീതെ, മരത്തിൽ അവർ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട് വാനര വിക്രിയകൾ നടത്തുന്നു.


ഞങ്ങൾ വണ്ടി വിട്ടു. അല്പം ദൂരെയായി വിജനമായ നല്ലൊരു സ്ഥലത്ത് നിർത്തി.

ഇത്തവണ ഞങ്ങളെ എതിരേറ്റത് മനുഷ്യർ തന്നെ. കാഴ്ച്ചയിൽ ഭ്രാന്തനെപ്പോലെ തോന്നിക്കുന്നൊരാൾ. ഞങ്ങളുടെ അല്പം ദൂരെയായി അയാളിരുന്നു. ഭാണ്ടക്കെട്ടിൽനിന്നും വൃത്തിഹീനമായൊരു പ്ലാസ്റ്റിക് കവറെടുത്ത് നിലത്തു വിരിച്ച്, കൈ കൊണ്ട് താളം കാട്ടിക്കൊണ്ട് കണ്ണിലേക്കു നോക്കി. പാവം തോന്നിക്കുന്ന രൂപം. ഒഴിഞ്ഞ വയറിൽ തടവിക്കൊണ്ടിരിക്കുകയാണയാൾ. ഒരു പ്ലെയ്റ്റിൽ ആദ്യം അയാൾക്ക് ഭക്ഷണം നൽകിക്കൊണ്ട് ഞങ്ങളും കഴിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേർകൂടെ എത്തി. സംഗതി ഗുലുമാലാകുമോയെന്നു തോന്നിപ്പോയി. പെട്ടെന്നുതന്നെ തിന്നു തീർത്ത്, ബാക്കി അവർക്കും, അപ്പോഴേക്കും അവിടെയെത്തിയ വാനര സംഘത്തിനും നൽകിയിട്ട്, വേഗംതന്നെ യാത്രതുടർന്നു.

സംഭവ ബഹുലമായൊരു യാത്രയുടെ അന്ത്യത്തിലെ തമാശയെ ഒന്നുകൂടെ അയവിറക്കിക്കൊണ്ട് യാത്ര തുടരുകയാണ്, അടുത്ത ലക്ഷ്യം ഊട്ടിയാണെന്ന സന്തോഷത്തോടെ !!


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 2) ഇവിടെ അമർത്തുക