Friday, April 27, 2018

ടേക് ഡൈവേർഷൻ ടു മുതുമല....

മുതുമലയുടെ കാനനഭംഗിയും,  മായാറിന്റെ മോഹനഭംഗിയും കൺകുളിർക്കെ കാണാൻ അവസരമുണ്ടാക്കിത്തന്ന ടൂർ കോഡിനേറ്റർ ഡോ: ഫയാസ് റഹ്മാന് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.

22.04.2018 (ഞായർ)
ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർമാർ, ഇന്ന് ഊട്ടിയിലേക്കൊരു ഏകദിന യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

നാടുകാണി ചെക്ക് പോസ്റ്റിനടുത്തെത്തിയിരിക്കുന്നു. സമ്മർ വെക്കേഷനിലെ ഞായറാഴ്ചയായതിനാലാകാം, ഇവിടെയിപ്പോൾ ചുരത്തിൽ നല്ല വാഹനത്തെരക്കുണ്ട്. അൽപദൂരയാത്രക്കു തന്നെ വളരെ സമയമെടുക്കുന്നു. ഈ  രീതിയിൽ പോകുകയാണെങ്കിൽ ഉച്ചയായാലും ഊട്ടിയിലെത്തുകയില്ലെന്ന് തോന്നിപ്പോകുന്നു. എന്തു ചെയ്യണമെന്ന ചിന്തയായി പിന്നെ.....!

" എവിടെ ചിന്തിക്കുന്നുവോ, അവിടെ ശൗചാലയം" എന്നാണല്ലൊ...... അതു കൊണ്ട് തന്നെ "പ്ലാൻ ബി" പാസാക്കാൻ അധികം ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ യാത്ര മുതുമല വഴി മോയാറിലേക്കാക്കി.

മുതുമല (തെപ്പക്കാട്):
കേരളവും തമിഴ്നാടും കർണ്ണാടകവും പങ്കിടുന്ന വനമേഘലയുടെ തമിഴ്നാടിന്റെ അധീനതയിലുള്ള വനമാണിത്. കേരളത്തിന്റെ മുത്തങ്ങയിലെ കാട്ടിലൂടെ ട്രക്കിംഗ് നടത്തുമ്പോൾ ആ അതിർത്തി സംഗമിക്കുന്ന ഭാഗം കാണാൻ സാധിക്കും.

ഇല്ലിക്കാടുകൾക്കിടയിൽ ആനകളെ കാണാറുണ്ട്. മോയാർ നദിയെ പാനപാത്രമാക്കിക്കൊണ്ട് അവരിതിലെ സ്വൈര്യ വിഹാരം നടത്താറുണ്ട്. കാഴ്ചകളെ മേയാൻ വിട്ടു കൊണ്ട് ഞങ്ങൾ യാത്ര തുടരുകയാണ്.

കൂട്ടം കൂടി നടക്കുന്ന മാനുകളും, അലഞ്ഞ് നടക്കുന്ന മയിലുകളും, മദിച്ച് നടക്കുന്ന കാട്ടുപോത്തുമെല്ലാം ഇടക്കിടെ ദർശനഭാഗ്യം നൽകുന്നുണ്ട്. സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുന്ന വന്യജീവികളെ കണ്ടു കൊണ്ടുള്ള യാത്ര തീർത്തും ആനന്ദദായകം തന്നെ.

ഈ കാട്ടിൽ കരടികളും, കടുവകളും ഉണ്ടെങ്കിലും, ഇതിലൂടെ നടത്തിയ യാത്രകളിലൊന്നും അവയെ കാണാനുള്ള ഭാഗ്യം (? നിർഭാഗ്യം) എനിക്കിതുവരെ കിട്ടിയിട്ടില്ല.

സുഖകരമായ കാലാവസ്ഥ തന്നെ. ഇളം വെയിലടിക്കുന്നുണ്ട്. ഏതൊരു ഫോറസ്റ്റ് സഫാരിയിലും ഉണ്ടാകാറുള്ള പോലെ, വിശേഷപ്പെട്ട കാഴ്ചകളുള്ള ദിശയിലേക്ക് ചാടി വീഴുന്നവരായി മാറുകയാണ് ഞങ്ങൾ.

മായാർ (മോയാർ റിസെർവോയർ):
ശാന്തമായൊരു ജലാശയം. മനം മയക്കുന്ന പശ്ചാത്തലം. മോയാർ നദിയിലൂടെ ഒഴുകിയെത്തുന്ന ജലം, ഇവിടെ ചെറിയൊരു ചെക്ക്ഡാമിനാൽ തടഞ്ഞ് നിർത്തിയിരിക്കുന്നു.  ഇതിനോടനുബന്ധിച്ച്, ഇവിടൊരു ഹൈഡ്രോ ഇലക്ട്രിക് സംവിധാനമുണ്ട്. അധികം ജനവാസമില്ലാത്ത സ്ഥലമാണ്.
വീരപ്പന്റെ സങ്കേതമായിരുന്ന സത്യമംഗലം കാട്, ഈ വനമേഘലയുടെ തുടർച്ച തന്നെയാണ്. അദ്ദേഹം നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന ഒരു കോവിൽ (ചിക്കമ്മൽ കോവിൽ) അവിടെയുണ്ട്. തന്റെ അവസാന കാലങ്ങളിൽ, വീരപ്പൻ, യാത്രക്കാരായി വന്നിരുന്ന സഞ്ചാരികളെ പിടിച്ച് കെട്ടി, മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആ കാരണത്താൽത്തന്നെ ഇതിലൂടെയുള്ള സഫാരി ഒരു കാലത്ത് നിർത്തിവെക്കേണ്ട സ്ഥിതി വരെ ഉണ്ടായി.

ഫോട്ടോഗ്രാഫി:
ഞങ്ങളുടെ കൂടെയുള്ള ഛായാഗ്രാഹകൻ ഡോ: സിന്ധുലിന് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. അനുസരണയുള്ള സ്കൂൾ കുട്ടികളെപ്പോലെ എല്ലാവരും അദ്ദേഹത്തിന് മുന്നിൽ  പോസ് ചെയ്യുകയാണ്.
ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം, ഇവിടെക്കാണുന്നതെല്ലാം നല്ല ഫ്രെയിമുകൾ തന്നെ. നിശ്ചലമായ ജലപ്പരപ്പിന് നടുവിലെ ചെറിയ തുരുത്തുകൾ, നിറയെ മാങ്ങകളുമായി കൊതിപ്പിച്ച് നിൽക്കുന്ന മാവുകൾ, സന്ദർശകരെ അഭിവാദ്യം ചെയ്യാനെന്നോണം പൂത്തുലഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്ന ചെമ്മരിയാട്ടിൻ  പറ്റം......! അങ്ങനെയങ്ങനെ.....!!!
ഗൂഡല്ലൂരിൽ നിന്നും ഇടത്തോ ട്ടൊരു ഡൈവേർഷനെടുക്കാൻ തീരുമാനിച്ചത് വളരെ നന്നായെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ......!