Saturday, July 14, 2018

ശ്രീ പൊടിയാട്ടുപാറ മഹാദേവക്ഷേത്രം

വലിയൊരു പാറക്കെട്ട്.  അതിന്റെ നെറുകിലായി ഒരു ക്ഷേത്രം.   ക്ഷേത്രത്തെ വലയം ചെയ്തു കൊണ്ട്, അഗാധമായ കരിങ്കൽ ക്വാറി.  ക്വാറിയിലേക്കൊഴുകി വീഴുന്ന ചെറിയ  നീർച്ചാലുകൾ. വശ്യമായൊരു പച്ചപ്പ്.  ശ്രീ പൊടിയാട്ടു പാറ മഹാദേവക്ഷേത്രത്തെക്കുറിച്ചാണ് ഞാൻ വിവരിച്ചു വരുന്നത്.
ആ മലമുകളിലാണ് ക്ഷേത്രം.
മലപ്പുറം ജില്ലയിൽ, മേൽമുറിക്കടുത്ത് സ്ഥിതി ചെയ്യുന്ന വലിയൊരു പാറക്കെട്ട്. അതാണ് പൊടിയാട്ടുപാറ.  അതിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

15/07/2018
ഇന്ന് ഞാൻ  അവിടേക്കൊരു യാത്ര പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

മലപ്പുറം കോഴിക്കോട് ദേശീയപാതയിൽ മേൽമുറി - 27 ൽ നിന്നും രണ്ട് കിലോമീറ്ററോളം തെക്കോട്ട് സഞ്ചരിച്ചാൽ പൊടിയാട്ടുപാറ ക്ഷേത്രത്തിലെത്താം.
അവിടെ ഒരു ക്വാറിക്കരികിൽ വണ്ടി നിർത്തി. ഇനി കയറ്റമാണ്.

ക്വാറികൾക്കിടയിലെ  ഇടുങ്ങിയ വഴികളിലൂടെ ഒരു സാഹസിക കയറ്റമാണ്. മഴക്കാലമായതിനാൽ, ക്വാറികളിലേക്കൊഴുകുന്ന ചെറിയ നീർച്ചാലുകൾ തീർക്കുന്ന വെള്ളച്ചാട്ടങ്ങൾ പശ്ചാത്തലത്തിന് മികവേകുന്നു. ക്വാറികളിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

നടന്നു പോകുന്ന വഴികളിലൂടെയെല്ലാം നല്ല കനത്തിൽത്തന്നെ നീരൊഴുക്കുണ്ട്. പാറകളിൽ നിന്നും ജലകണികകൾ ഇറ്റുവീഴുന്നത് കാണാൻ തന്നെ നല്ല രസമാണ്. ബാഹുബലി സിനിമയെ സ്മരിപ്പിക്കുന്ന കാഴ്ചകൾ.
പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയുള്ള കയറ്റത്തിനായി ഇരുമ്പു ഗോവണികളുണ്ട്.

ഒരു കാലഘട്ടത്തിൽ വളരെ സജീവമായിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. മലബാറിലെ മാറിവന്ന സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി ദശാബ്ദങ്ങളായി ഇവിടം വിസ്മൃതിയിലാകുകയായിരുന്നു.
ശ്രീകോവിലിന്റെ പണി നടന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ
അങ്ങനെ അവസാനം ഞാൻ മലമുകളിലെത്തി.
രാജൻ, കരിയാത്തൻ, ഞാൻ
ഇന്ന് അമ്പലത്തിന്റെ കാര്യങ്ങൾ ഭംഗിയായി നടത്തികൊണ്ട് പോകുന്നതിന് നേതൃത്വം വഹിക്കുന്ന രണ്ട് പേരെ ഞാനവിടെ പരിചയപ്പെട്ടു - രാജൻ, കരിയാത്തൻ.  രണ്ടു പേരും ദേശവാസികളാണ്. ക്ഷേത്രത്തിന്റെ ഭൂതകാലസ്മൃതികൾ അവർ എന്നോട് പങ്കുവെക്കുകയുണ്ടായി.
മുൻപ്, ഈ പ്രദേശം മുഴുവൻ വ്യാപിച്ചുകിടന്നിരുന്ന വലിയൊരു ഒറ്റപ്പാറയായിരുന്നു ഇതെന്നാണ് അറിഞ്ഞത്. ചെറുപ്പക്കാലത്ത്, അവർ പലവിധ കളികളിലേർപ്പെട്ടിരുന്ന പാറ.
ഗവൺമെന്റിൽ നിന്നും, പാറപൊട്ടിക്കൽ ആവശ്യത്തിന് വാടകക്കെടുത്ത സ്വകാര്യ ക്വാറി മുതലാളിമാർ ഈ പ്രദേശത്തെ ഈ പരുവത്തിലാക്കി എന്ന് വേണം പറയാൻ.



അപകട സാധ്യത തോന്നിക്കുന്ന സ്ഥലമാണെന്നിരിക്കിലും, ഈ യാത്ര എന്റെമനസിന് ഒരു പ്രത്യേക ഉൻമേഷം നൽകുന്നതായി തോന്നി. വീണ്ടും പോകുന്നതിനുള്ള ഉൾവിളികളുണ്ടാകുന്നതായി തോന്നുന്നുണ്ട്.



Nb:
ജില്ല: മലപ്പുറം
ബസ് സ്റ്റോപ്പ്: മേൽമുറി 27

എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെയും; വെള്ളിയാഴ്ചകളിലും, പ്രദേഷ ദിനങ്ങളിലും മാത്രം വൈകുന്നേരം 5.30 മുതൽ 8 മണി വരെയും നട തുറക്കാറുണ്ട്.
വെള്ളിയാഴ്ചകളിൽ വൈകുന്നേരം അന്നദാനം  ഉണ്ടാകാറുണ്ട്.

പറ്റുമെങ്കിൽ രാവിലെ പോകുന്നതായിരിക്കും നല്ലത്. ഉച്ചകഴിഞ്ഞാൽ ശക്തമായ കാറ്റടിക്കാറുള്ള സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്നും 250 അടി ഉയരമാണിവിടം.