Showing posts with label തമാശ. Show all posts
Showing posts with label തമാശ. Show all posts

Wednesday, November 11, 2015

ഇലക്ഷനും, ചില തമാശകളും !!


തെരഞ്ഞെടുപ്പിനെ ഒരു ആഘോഷമാക്കിയിരിക്കുകയാണിവിടെ. എങ്ങും ചൂടുള്ള ഇലക്ഷൻ ചർച്ചകൾ മാത്രം. ഒരോ സ്ഥാനാർത്ഥിയെയും കുറിച്ചുള്ള വിശദമായ അവലോകനങ്ങൾ. ജയ പരാജയ സാധ്യതകളെക്കുറിച്ചുള്ള മുൻവിധികൾ. തട്ടുകടയിലെ ഉപ്പുമാങ്ങയിൽപ്പോലും രാഷ്ട്രീയത്തിന്റെ അതിപ്രസരം കടന്നുകൂടിയിരിക്കുന്നു. മാങ്ങ, എതിർ സ്ഥാനാർത്ഥിയുടെ ഛിന്നമാണെന്ന്, അതുകൊണ്ടത് കഴിക്കരുതെന്ന്!

ഈയൊരു മാസമത്രയും മൂസാക്കാന്റെ കടയിലെ ചായക്ക് കച്ചവടം കൂട്ടിയത് ഈ ചൂടുള്ള ചർച്ചകളത്രെ. പാർട്ടിയേതു ജയിച്ചാലും ഇലക്ഷൻ ഇടക്കിടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നുണ്ടാകും പാവം!

പ്രചാരണം ഇപ്പൊ പണ്ടത്തെപ്പോലെയൊന്നുമല്ല, വാട്സപ്പും ഫെയ്സ്ബുക്കുമെല്ലാം അരങ്ങു തകർക്കുകയാണ്! പകൽ, വീടു വീടാന്തരം കയറിയിറങ്ങുന്ന പാർട്ടിക്കാർ, പക്ഷെ, രാത്രിയായാൽ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരിക്കുകയാണ്, ഉറക്കമില്ലാത്ത ജന്മങ്ങൾ!!

ഫ്ലെക്സ് ബോഡുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ, ഇലക്ഷൻ കമ്മീഷന്റെ വണ്ടി വരുമ്പോഴേക്കും, ബോഡുകളെടുത്തുമാറ്റാനായി, പ്രത്യേക സ്ക്വാഡുകളെത്തന്നെ നിയമിക്കേണ്ട സ്ഥിതിയായി.

ഫ്ലെക്സ് ബോഡിൽ, ചിരിച്ചുകൊണ്ട് നിൽക്കുന്നയാളുടെ ചിത്രത്തിനു താഴെ, പെണ്ണിന്റെ പേരുകണ്ടാലും അന്താളിക്കണ്ട, അതും ചില മറി മായങ്ങളാ....!

ഇതിനിടയിൽ ഒരുമാസം കടന്നുപോയതറിഞ്ഞില്ല. അടുക്കളയിൽ മല്ലിയും മുളകും തീർന്നിരിക്കുന്നു. ഇറച്ചിയും മീനും തീർന്നിട്ട് ഒരുപാടായി. അവൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നെന്ന്. ആരു കേൾക്കാൻ, ഞാനാണെങ്കിൽ വീടിനു പുറത്തേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുകയായിരുന്നല്ലൊ!!

അങ്ങനെ ആ ദിവസം വന്നെത്തിയിരിക്കുന്നു. രാവിലെ നല്ല മഴയുണ്ട്. ഒന്നുകൂടെ പുതച്ചു കിടക്കാൻ തോന്നുന്ന തണുപ്പ്.

കിളിക്കൊഞ്ചലോടെ കാളിങ്ങ് ബെൽ മുഴങ്ങിയത്തിനു പിന്നിൽ കുഞ്ഞിപ്പാന്റെ കൈകളാണ്. വോട്ടു ചെയ്യാൻ പോകാൻ വണ്ടിയുമായി വന്നതാണ്.

മഴയൽപ്പം കുറഞ്ഞിട്ടുണ്ട്. വരിക്ക് നല്ല നീട്ടമുണ്ട്. ബൂത്തിനു മുന്നിൽ ചെറിയൊരു താർപ്പായ വലിച്ചു കെട്ടിയതൊഴിച്ചാൽ, നിന്നു മഴ കൊള്ളാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെയുണ്ട്.

മത്സരം വളരെ ട്ടൈറ്റാണ്. അതുകൊണ്ട് തന്നെ ജീവനുള്ളവരെയും ഇല്ലാത്തവരെയും, നാട്ടിലുള്ളവരെയും ഇല്ലാത്തവരെയും ബൂത്തിലെത്തിക്കാൻ പെടാപാടുപെടുകയാണവർ.


ഓണത്തിനിടയിലും പുട്ടുകച്ചവടമോ? വരിയിൽ, തൊട്ടു പിന്നിൽ നിൽക്കുന്നയാൾ അയാളുടെ നടുവേദനയെക്കുറിച്ച് വിവരിക്കുകയാണ്. എന്തു മരുന്നാ കഴിക്കേണ്ടതെന്ന്.

മമ്മൈശാജി ഒരു രസികൻ തന്നെയാണ്. വരിയിൽ, കുറച്ചു മുന്നിൽ നിൽക്കുന്നയാളോട്, അയാളുടെ പൊസിഷനുവേണ്ടി നാരങ്ങ മുട്ടായി ഓഫർ ചെയ്യുന്ന ഹ്യൂമറിസ്റ്റ്. സാവധാനത്തിലാണ് വരി നീങ്ങുന്നത്. ചെറിയൊരു മഴച്ചാറലുണ്ട്. അയാൾ ആകാശത്തേക്കൊന്നു നോക്കി.

"ഏയ്‌ പേട്ച്ചണ്ട, അത് പെജ്ജൂല..."

ആധികാരികമായി പ്രവചിക്കുന്ന കാലാവസ്ഥാ വിദഗ്ധൻ! അയാൾ താർപ്പായയുടെ അടിയിലെത്തിയിരിക്കുന്നു.

"ഇഞ്ഞെത്തു മാണങ്കിലും ആയ്ക്കോട്ടെ.....കാറ്റും അട്ച്ചോട്ടെ....മാണങ്കി രണ്ടിടീം ബെട്ടിക്കോട്ടെ...."

അയാളുടെ ഉച്ചത്തിലുള്ള പ്രസ്ഥാവന. പിന്നിലുള്ളവർ അതിനനുസരിച്ച് കൗണ്ടറുകളും അടിക്കുന്നുണ്ട്. ഇതൊരു രസം തന്നെയായിരുന്നു. വളരെ നേരം വരിയിൽ നിന്നെങ്കിലും, മുഷിപ്പ് തീരെ അനുഭവപ്പെട്ടതേ ഇല്ല. അങ്ങനെയും ചില ജന്മങ്ങൾ !


കൈവിരലിൽ കറുത്ത മഷിയും പുരട്ടി, ബൂത്തിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വാട്സ് അപ്പിൽ, സലിം കുമാറിന്റെ ഫോട്ടോയുടെ കൂടെ ഇങ്ങനൊരു മെസേജ് വന്നത്‌

"ചെറുപ്പത്തിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയുമ്പോൾ, കൈവിരലിൽ ഉജാല തേച്ചുതന്ന് തൃപ്ത്തിപ്പെടുത്തുമായിരുന്നു എന്റെ അമ്മ" എന്ന്. അറിയാതെ ചിരിച്ചുപോയി !!!


(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽനിന്നും കിട്ടിയതാ....!)

Tuesday, January 25, 2011

മദ്യ വിമോചന സമരം




അപ്പ്വേട്ടന്റെ ചായക്കടയില്‍നിന്നും അന്ന് ഉയര്‍ന്നു കേട്ടത് കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന തെറി വിളികളായിരുന്നു. കാട്ടു പോത്തിന് വിറളി പിടിച്ചപോലെയാണ് സലാമിക്ക. ഒരു സ്റ്റെബിലിട്ടി കിട്ടുന്നില്ല. 




ഞരമ്പുകൾക്കുള്ളിലൂടെ എന്തൊക്കെയോ കേറി പെരുക്കുന്ന പോലെ. ഒരു ഇത് കിട്ടുന്നില്ല. കാരണമുണ്ട്. രണ്ടു ദിവസമായി 'പച്ചയാണ്' .ഓര്‍മ്മ വച്ച കാലം മുതലിങ്ങോട്ടുള്ള ചരിത്രം ചികഞ്ഞു നോക്കിയാല്‍ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയൊരനുഭവം.അതും തന്റെതല്ലാത്ത കാരണം കൊണ്ട് - ചില സാംസ്കാരിക പരിഷ്കര്‍താക്കളുടെ പാരവെപ്പ്. സലാമിക്കയുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ "ചില മൈഗുണാപ്പന്മാരുടെ പണ്ടാരടങ്ങള്‍...." - മദ്യ വിമോചന സമരം - "പ്ഫൂ ......."




സലാമിക്ക ആട്ടിയൊരു തുപ്പ്‌. ചായക്കടയുടെ റിസപ്ഷനിലെ പഴയ നുരുമ്പിച്ച പെട്ടിക്കൂടിനു മുകളില്‍ ഒരു ചാവാലിപ്പട്ടിയെപ്പോലെ ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ചുരുണ്ട് കിടന്നിരുന്ന പ്രൊപ്രൈടര്‍ അപ്വേട്ടന്റെ തലയില്‍തന്നെയാണ് ആ തുപ്പല്‍ ചെന്ന് വീണത്‌. 


ഉരലിന്റെ സങ്കടം മദ്ധളത്തോട്! അതിനേക്കാള്‍ വിഷമത്തിലിരിക്കുകയാണ് അപ്പ്വേട്ടന്‍. ദേഷ്യം വരുമ്പോള്‍ ആരെയെങ്കിലുമൊക്കെ ചീത്തവിളിച്ചു സങ്കടമകറ്റാന്‍ പണ്ടേ കഴിവുകെട്ടവന്‍. വെള്ളമടി തലയ്ക്കു പിടിച്ചാല്‍ പോലും ഒരക്ഷരം മിണ്ടാത്ത സല്‍സ്വഭാവി !


എന്നാല്‍ എട്ടാമത്തെ അത്ഭുതം അന്ന് നടന്നു. കൂടിനിന്ന ജന സമൂഹത്തിനു ഒരു ദിവ്യാനുഭവം പകര്‍ന്നു നല്‍കിക്കൊണ്ട്, ഏറു കൊണ്ട ചൊക്കിലിപ്പട്ടിയെപ്പോലെ അപ്പ്വേട്ടന്‍ സലാമിക്കയെ നാലഞ്ചു തെറി - അതും ഹൈ വോള്‍ടജില്‍ !




നാട്ടിലെ എല്ലാ കള്ള് ഷാപ്പ്‌കളുടെയും മുന്നില്‍ വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ അനുഭാവികള്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ട് നാളുകളേറെയായി - മദ്യ വിമോചന സമരം !


ഒരു നല്ല കുടിയനാകാന്‍ ഏറ്റവും വേണ്ട ഗുണമാണ് വിനയം. ആരെക്കണ്ടാലും ഒന്ന് നമസ്കരിച്ചേക്കണം. അതിനായി കൈ കൂപ്പുമ്പോള്‍ ചെറിയൊരു ഏമ്പക്കവും വലിയൊരു ആട്ടവും വേണം. ഒരിത്തിരികൂടെ മൂടായിട്ടുണ്ടെങ്കില്‍ മടിക്കുത്തഴിച്ചു ഒരു നമസ്കാരമാകാം. ഒരിത്തിരികൂടെയായാലോ........,മുണ്ടുതന്നെ അഴിചിട്ടാകാം പരിപാടി. പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരാറില്ലെന്നതാണ് സത്യം ; മുണ്ട് താനേ അഴിഞ്ഞു പൊയ്ക്കോളും - മുണ്ടിനുമുണ്ടാവില്ലേ ഒരു നാണം! 


അങ്ങനെ ഒരു രംഗമാണ് മുന്നില്‍. കരിയും ചെളിയും പറ്റി വര്‍ണാഭമായ വള്ളിനിക്കറിനുള്ളില്‍ എല്ലിനോടള്ളിപ്പിടിച്ചു വളരുന്ന മാംസ ശുഷ്ക ചര്മങ്ങളുമായി രണ്ടു കാലുകള്‍ - കുഞാവുട്ടി. ഞങ്ങളുടെ നാട്ടിലെ  പ്രധാന കുടിയന്മാരിലൊരാള്‍. നാഷണല്‍ ഹൈവയ്ക്കുപോലും വീതി പോര നടക്കാനെന്ന ഭാവത്തില്‍ അയാളങ്ങനെ ഗമിക്കുകയാണ്‌ -ആടിയാടി. ജയന്റെ ബെല്ബോട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ആ നിക്കര്‍ കാറ്റിനൊത്ത് നൃത്തമാടുകയാണ്. ഒന്നുകൂടെ തെളിച്ചു പറഞ്ഞാല്‍ - സില്‍ക്ക് സ്മിതയുടെ പാവാട പോലെ!


ഉടുമുണ്ടാണെങ്കില്‍ ഉത്തരീയമായിരിക്കുന്നു, അതിനൊരറ്റം തോളിലൂടെ - ചക്രവര്‍ത്തി, അതാണ്‌ ഭാവം!


സലാമിക്ക എന്താ കണ്ണ്പൊട്ടനാണോ ? അയാള്‍ക്കുമില്ലേ വിചാരവും വികാരവുമെല്ലാം. ഒന്ന് രണ്ടു ദിവസമായി മനുഷ്യനിവിടെ പച്ചയായി നില്‍ക്കുമ്പോള്‍ കണ്മുന്നിലൂടോരുത്തന്‍ പാമ്പായി നടക്കുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റ്വോ? സലാമിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു 'അണ്‍ സഹിക്കബിള്‍ മെന്റല്‍ ഇണ്ടോളെരൻസായിരുന്നു !


"പ്ഫ.......നായിന്റെ മോനെ; എവിടന്നൊപ്പിച്ചെട ഹമുക്കെ..... " കള്ളുകുടിയന്മാര്‍ തമ്മിലുള്ള മാന്യമായ അഭിസംബോധനകള്‍ !


ചിലരങ്ങനെയാണ്; നാട്ടില്‍ എന്തൊക്കെ ഭൂകമ്പം നടന്നാലും അവനവന്റെ കോട്ട തെകക്കും- അതിനി ഏതു ഒന്നാം തീയതിയായാലും ശരി. അധ്വാനമേ സംതൃപ്തി , ആ സംത്രിപ്തിയങ്ങു ശരിയാകണമെങ്കില്‍ അല്പം അകത്തു ചെല്ലണം, അതൊരു ശീലാ.......!


ചിരിക്കുടുക്ക വായിച്ച പ്രീ പ്രൈമറി കുട്ടിയെപ്പോലെ നില്‍ക്കുന്ന സലാമിക്ക. ഭൂതകാലത്തിന്റെ പ്രവുടിയെ വിളിച്ചോതുന്ന പോലെ മേലെ വരിയിലെ ആ രണ്ടു പല്ലുകള്‍ ഇപ്പോഴും ശൂന്യതയായിതന്നെ അവശേഷിക്കുന്നു. പണ്ടെന്നോ വെള്ളമടിച്ചു വീണതിന്റെ തിരു ശേഷിപ്പുകളാണ്. വെള്ളമടിച്ചു തെറി വിളിച്ചതിന് അസഹിഷ്ണുക്കളായ ചില കരാള ഹസ്തരുടെ താടനത്തിന്റെ ആകെത്തുകയാണെന്നും പറയപ്പെടുന്നു. "ആസനത്തിലൊരു ആലുമുളച്ചാല്‍ അതുമൊരു തണല്‍ !"സലാമിക്കക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല ; മാത്രമല്ല ഗുണങ്ങളേറെ ഉണ്ടുതാനും. വെള്ളമടി സമയത്ത് അറിയാതെയാണെങ്കിലും, കണ്ണോ മോണയോ ഇറുകിയോന്നടഞ്ഞാലും സാരമില്ല, ഈ വിടവിലൂടെ സുഖമായി ഒഴിച്ച് കൊടുക്കാം!


പണക്കാരനെ സംബന്ധിച്ചിടത്തോളം മദ്യം എന്നും അവന്റെ കയ്യെത്തും ദൂരതുതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വൈകുന്നേരം അല്പം മൂടാകുന്നതിനുള്ള ലോക്കല്‍ കള്ളുഷാപ്പുകള്‍ക്ക് നേരെയുള്ള ഇത്തരം സമരങ്ങള്‍, അവന്റെ വയറ്റതാണ്‌ അടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്നത്. അങ്ങനെ എത്രയെത്ര അപ്പ്വേട്ടന്മാര്‍, എത്രയെത്ര സലാമിക്കമാര്‍!




ആരോഗ്യകരമായ മദ്യപാന ശീലതെക്കുരിച്ചുള്ള ബോധവൽക്കരണമായിരിക്കും ഇത്തരക്കാര്‍ക്ക് വേണ്ടതെന്നു തോന്നിപ്പോകുന്നു. ക്രമേണയുള്ള മദ്യ വര്‍ജനവും!


മദ്യം മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന ആപ്ത വചനത്തിനു, ആയിക്കോട്ടെ ചാകാന്‍ ആര്‍ക്കാണിത്ര ധൃതി എന്ന് തമാശ രൂപത്തില്‍ വിമര്‍ശിച്ചിരുന്ന യുവ സമൂഹത്തില്‍ മാറ്റത്തിന്റെ പുതിയ ട്രെന്റായാണ് മദ്യ വിമോചന സമരങ്ങള്‍ ഉടലെടുത്തത്. വിവിധ സാംസ്കാരിക നേതാക്കന്മാരുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടുള്ള പിന്താങ്ങലുകളും കൂടെയായപ്പോള്‍ ആവേശം പതിന്മടങ്ങ്‌ വര്‍ധിച്ചു.


മദ്യാസക്തിയില്‍ മുങ്ങിത്താഴ്ന്നു അതിനടിമയായ് മാറുന്നവർ അധികവും യുവാക്കള്‍ തന്നെ. ഇവിടെ മദ്യത്തിനെതിരെ സമരത്തിനിറങ്ങുന്നവരും  യുവാക്കളാണെന്നത് മാറ്റത്തിന്റെ പുതിയ ചുവടുവെപ്പായി കാണാവുന്ന നല്ല കാര്യം തന്നെ. 


ഇത്തരം സമരങ്ങള്‍ക്ക് സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും എന്നതിന്റെ കാണപ്പെടുന്ന ചോദ്യ ചിഹ്നങ്ങളായ കുഞ്ഞാവുട്ടിമാരുള്ളിടത്തോളം കാലം, മദ്യവിമുക്ത കേരളമെന്ന മുദ്രാവാക്യം വെറും അക്ഷരങ്ങളും ഒച്ചപ്പാടുകളും മാത്രമായി അവശേഷിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതാണ് സത്യം. 


വ്യാജ മദ്യത്തിന്റെ വ്യാപകമായ അടിയൊഴുക്കുകള്‍ ശ്രദ്ധിക്കാതെ, നിശ്ചലമാക്കപ്പെട്ട കള്ളുഷാപ്പുകളും വിദേശ മദ്യഷാപ്പുകളും കണ്ടു സായൂജ്യമടയുന്നതോടെ മദ്യവിമോചന സമരങ്ങളുടെ ലക്‌ഷ്യം പൂര്‍ണ്ണമാകുന്നില്ല. മദ്യത്തിന്റെ എല്ലാ ഉറവിടങ്ങളും സ്തംഭിപ്പിക്കപ്പെട്ടെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. 


ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഉത്തരവാദിത്വമാണ് മദ്യ വിമോചനസമരം എന്ന കാഴ്കാപ്പാട് മാറി, ഓരോരുത്തര്‍ക്കും സമൂഹത്തോടുള്ള കടപ്പടാണിതെന്ന ബോധം ഉടലെടുതെങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.


മദ്യ വിമുക്തമായ ഒരു പുതിയ സമൂഹത്തെ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ! 


(ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽ നിന്നും ലഭിച്ചതാണ്.)

Thursday, January 13, 2011

ക്യാമ്പും രോഗികളും പിന്നെ ഞാനും

സൗജന്യ മെഡിക്കല്‍ ക്യാമ്പെന്ന് പറഞ്ഞാല്‍ നയന്‍താര വരുന്നുണ്ടെന്നു പറഞ്ഞ പോലെയാണ്, നല്ല തിരക്കായിരിക്കും. അതൊരു ആയുര്‍വേദ ക്യാമ്പാനെങ്കിലോ, ഗ്ലാമറിന് തെല്ലുമുണ്ടാകില്ല പഞ്ഞം. ജനസാഗരമായിരിക്കും പിന്നെ. 'ഓസിനു കിട്ടിയാല്‍ ആസിഡും ......'അതാണല്ലോ ശീലം.

ഇന്നലെ തിരൂരങ്ങാടിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു. ക്യാമ്പ് ഡോക്ടറാകാന്‍ എനിക്കും കിട്ടി ഭാഗ്യം.

നല്ല തിരക്കുണ്ട്. വളരെ പെട്ടെന്ന് പണി തീര്‍ത്തു രക്ഷപ്പെടാനുള്ള ബദ്ധപ്പാടിലാണ് പരിശോധകര്‍. അവരേക്കാള്‍ തിരക്കുള്ള രോഗികളും. അങ്ങനെ "ശടെ .......ശടെ...."ന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നീണ്ട ക്യുവാണ്. അക്ഷമരായ രോഗികളും. ഒരാള്‍ എണീക്കുമ്പോഴേക്കും ഇരിക്കാന്‍ തിടുക്കപ്പെടുന്ന ജനസാഗരം. ഒരു കസേരക്കളിയുടെ ലൈവ് ഷോ.

ഇതിനിടയിലാണ് അവര്‍ക്കിടയിലൂടെ അയാള്‍ നുഴഞ്ഞു കയറി വന്നത്. വരിയില്‍ നില്‍ക്കുന്നത് ഒരു മോശം ഏർപ്പാടാണെന്ന തോന്നലാണോ എന്നറിയില്ല, ഒരു വിധത്തില്‍ അയാള്‍ മുന്നിലെത്തി. അവിടെ രോഗികളെ പരിശോധിക്കുന്ന കസേരയിലിരുന്നു. ഒരു കൈ ടാബിളില്‍ കുത്തി ചരിഞ്ഞുള്ള ഒരു ഇരിപ്പ്. കണ്ണുകളെ മറച്ചുവച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ സാവധാനം എടുത്തു മാറ്റി. എന്നിട്ട്, 'ഓര്‍ബിറ്റ്' ചവച്ച കാളക്കുട്ടനെപ്പോലെ ഒരു ചിരി. ശരിക്കും പറഞ്ഞാല്‍ ഗഫൂര്‍ ക ദോസ്ത്- മാമുക്കോയയുടെ അതേ ചിരി. എന്നിട്ട് പറഞ്ഞു, "ഞാന്‍ സന്ഘാടകനാണ്... ". ആരാണെന്ന് ഞാന്‍ ചോദിച്ചിട്ട് പോലുമില്ല. പക്ഷെ ചിലര്‍ അങ്ങനെയാണ്. ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഇന്ട്രടക്ഷന്‍ നിർബന്ധമാണവർക്ക്. അത്, തന്നെ കുറിച്ച് തന്നെയാകുമ്പോള്‍ പാരഗ്രാഫിനു നീളം അല്പം കൂടും. അയാള്‍ അങ്ങനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

"സര്‍.....അസുഖമെന്തെന്നു പറയു.......";ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു. 

അയാള്‍ തുടരുകയാണ്; കഴിഞ്ഞ ദിവസത്തെ വീര കൃത്യങ്ങള്‍. പരിശോധനാ സമയത്ത് ഞാന്‍ ഇരുന്നിരുന്ന കസേര വളരെ പണിപ്പെട്ടാനത്രേ അയാള്‍ കൊണ്ട് വന്നത്, തൊട്ടടുത്ത വീടില്‍നിന്നു. ഒരു 'ഫൈബര്‍ ചെയര്‍' കൊണ്ടുവരാന്‍ എത്രമാത്രം പണിപ്പെടേണ്ടി വരുമെന്നതിനെക്കുറിച്ചു ദയവായി ചിന്തിക്കാതിരിക്കുക. ഒരു പക്ഷെ പിടിച്ചു പറിച്ചു കൊണ്ടുവന്നതാനെങ്കിലോ? പ്രശംസിക്കുക കഠിനാദ്ധ്വാനിയെ!

സമയം വൈകുകയാണ്. വരിയില്‍ നില്‍ക്കുന്നവര്‍ മുറുമുറുക്കുന്നുണ്ട്. അസുഖത്തിനെക്കുരിച്ചു ഞാന്‍ വീണ്ടും ചോദിച്ചു. അവസാനം ഒരുവിധത്തില്‍ അയാളെക്കൊണ്ട് പറയിച്ചു. 

"വയരിനൊരു.......ഇതില്ല"; അയാള്‍ തുടര്‍ന്നു "നല്ല വിശപ്പില്ല, അരിഷ്ടങ്ങള്‍ വല്ലതും.... "ഒരു വളിഞ്ഞ ചിരിയോടെ നിര്‍ത്തി.

ഒരു ക്യാമ്പിലാകുമ്പോള്‍ ഈ രോഗ നിര്‍ണയം തന്നെ ധാരാളം- 'അഗ്നിമാന്ദ്യം'.  ഞാന്‍ മരുന്നെഴുതാന്‍ തുടങ്ങി. അതിനിടയിലാണ് അയാളുടെ പുതിയ നിര്‍ദേശം. "കഷായം വേണ്ട.......അരിഷ്ടം മതി".ഞാന്‍ അയാളുടെ മുഖത്തേക്കൊന്നു നോക്കി. യഥാര്‍ത്ഥത്തില്‍ ഇയാള്‍ എന്തിനാണ് വന്നത്. മനുഷ്യനെ മെനക്കെടുത്താന്‍..... ചോദിക്കനമെന്നുണ്ടായിരുന്നു.

നോക്കുന്നു മരുന്നെഴുതുന്നു എന്നത് റിപീറ്റ് മോടിലിട്ടുകൊണ്ട് ചികിത്സ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ച ഭക്ഷണത്തിനുള്ള സമയമായി. സംഘാടകരെ ആരെയും കാണുന്നില്ല. രണ്ടുമണി കഴിഞ്ഞിരിക്കുന്നു.വയറു കത്തിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ്. വിശപ്പ്‌ തലയ്ക്കു പിടിക്കുന്ന പോലെ. മുന്നില്‍ കാണുന്നവരോടൊക്കെ ദേഷ്യം തോന്നുന്ന പോലെ.

അതിനിടയിലാണ് അങ്ങനെയും ഒരു അവതാരം. അങ്കിള്‍ബന്നിലെ മോഹന്‍ ലാല് പോലും മൂക്കത്ത് കൈ വക്കും, അത്രയ്ക്കുണ്ട് തടി. ഗ്യാസുമുട്ടായി തിന്ന ഹിപ്പോ പൊട്ടാമസിനെപ്പോലെ നീട്ടി ഒരു ഏമ്പക്കവും വിട്ടു കൊണ്ട് അയാള്‍ മുന്നിലെ കസേരയില്‍ വന്നിരുന്നു. 'ഗ്യാസ് ട്രബിള്‍' - അതാണ്‌ പ്രശ്നം. ഒന്നും കഴിചിട്ടങ്ങു ഏല്‍ക്കുന്നില്ല; ദഹനം കിട്ടുന്നില്ല. നല്ല കാര്യം......! ഇനി ഇയാള്‍ക്ക് ദഹനം കൂടെയുണ്ടായിരുന്നെങ്കില്‍ എവിടെ ചെന്ന് നില്‍ക്കും, തടി?! അതങ്ങനെ തന്നെ നില്‍ക്കട്ടെ!

അവസാനം 'ഹന്ഗര്‍ ദേവന്‍' കനിഞ്ഞു. ഒരു പാത്രത്തില്‍ ചോറും മറ്റൊരു പാത്രത്തില്‍ ഒരുതരം കലക്ക വെള്ളവും. അവരതിനെ സാമ്പാര്‍ എന്നായിരുന്നു പേരിട്ടിരുന്നതെന്നു പിന്നീടാണ് മനസ്സിലായത്‌. അടിയിലൂടെ ഒന്ന് കോരിനോക്കി. മമ്പറം പാടത്തു ചൂണ്ടയിട്ടപോലെ - ഒന്നും തടയുന്നില്ല. ചോറില്‍ ഒഴിച്ചിട്ടും അങ്ങനെ തന്നെ. സാമ്പാര്‍ ഒഴിച്ച സ്ഥലം ഏതെന്നു അറിയണമെങ്കില്‍, ഒഴിക്കുമ്പോള്‍ തന്നെ ഒരു കൊടി കുത്തിവക്കണമെന്നു തോന്നിപ്പോയി. ഒന്നും മിണ്ടണ്ട, കഴിക്കുക തന്നെ. അത്രക്കുണ്ടായിരുന്നു വിശപ്പ്‌.

ഭക്ഷണാനന്തരം വീണ്ടും ഡോക്ടര്‍ സീറ്റില്‍. വളരെ നേരത്തെ തന്നെ സീറ്റ് പിടിച്ച പര്ധ ധാരിയായ ഒരു യുവതിയാണ് മുന്നില്‍. നിസ്സഹായമായ മുഖഭാവം. മടിത്തട്ടില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി സുഖ സുന്ദരമായി ഉറങ്ങുകയാണ്. കുട്ടിക്കാണ് സുഖക്കേട്‌. "ട്രൈകസ്പിഡ് അട്രീഷിയ" അവര്‍ റിപ്പോര്‍ട്ട് കാണിച്ചു. VSD,PAH.....തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വേറെയും. വിശധമായ പരിശോധന വേണമെന്ന് തോന്നി.

പൊതുവേ ക്ഷമാശീലം കുറവാണ് ജനങ്ങള്‍ക്കെന്നു പറഞ്ഞല്ലോ. അടുത്ത രോഗി വരിയില്‍ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. കൂടെ ഒരു കുട്ടിയുമുണ്ട് - ഏതാണ്ട് നാല് നാലര വയസ്സ് തോന്നിക്കും. അലസമായി അണിഞ്ഞ ഷര്‍ട്ട്. ബട്ടണുകള്‍ പലതും മിസ്സാനു. അതൊക്കെ സഹിക്കാം, പയ്യന്റെ മൂക്കില്‍നിന്നും സീറോ ബള്‍ബ് പോലെ ഇടയ്ക്കിടെ ഉയര്‍ന്നു വരുന്ന കുമിളകള്‍ അല്പം അറപ്പ് ഉളവാക്കുന്നതായിരുന്നു.

ചുമയാണ് അസുഖം. ചുമക്കുമ്പോള്‍ വായ മറച്ചു പിടിക്കണമെന്ന സാമാന്യ നിയമം, കുട്ടിയല്ലേ പാവത്തിന് അറിയില്ലെന്ന് തോന്നുന്നു. അവന്റെ ഓരോ ചുമയും ബാക്കിയുള്ളവന്റെ ചങ്കിനിട്ടാണ് കൊള്ളുന്നത്‌. കാരണം മറ്റൊന്നുമല്ല, അവന്റെ സീറോ ബള്‍ബുതന്നെ.

"അതൊന്നു തൊടച്ച് കൊടുക്കുമ്മ........"അവസാനം എനിക്ക് തുറന്നു പറയേണ്ടി വന്നു.

"അതെന്നേണോന്റെ കൊയപ്പം.........അയ്‌ കാണാമ്മാണ്ട്യാ........ തൊടക്കാണ്ടന്നത് " അവരുടെ നിഷ്കളങ്കമായ മറുപടി.

"കണ്ടല്ലോ........ഇനി തുടച്ചോളൂ........."ഞാന്‍ തിരിച്ചു പറഞ്ഞു.

സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. മരുന്നുകള്‍ ഓരോന്നായി തീര്‍ന്നു തുടങ്ങിയതിന്റെ അടയാള സൂചകങ്ങളായ കടലാസ് കഷണങ്ങള്‍ ഇടയ്ക്കിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. തീര്‍ന്ന മരുന്നുകളുടെ ലിസ്റ്റ് മൊത്തം മരുന്നുകളുടെ ലിസ്റ്റിനോളം വളര്‍ന്നിരിക്കുന്നു.  ഭാഗ്യം ; അവസാന രോഗിയും കഴിഞ്ഞു!

പരിമിതമായ സമയത്തില്‍ പരിധിയിലധികം വന്ന രോഗികളെ പരമാവധി ചികില്‍സിചെങ്കിലും പറയാവുന്നത്ര ശ്രദ്ധിക്കാന്‍ പറ്റാതിരുന്നതിന്റെ ദു:ഖം ബാക്കിയാക്കികൊണ്ട് ഒരു മെഡിക്കല്‍ ക്യാമ്പുകൂടി കഴിഞ്ഞു. രോഗികളേ.........ക്ഷമിക്കുക, വേണ്ടത്ര പേഷ്യന്റ് കെയര്‍ തരാന്‍ കഴിയാതെ പോയതില്‍! 

Sunday, November 28, 2010

ഒരു വടക്കന്‍ ചാനല്‍ ഘാഥ

വാര്‍ത്തകള്‍ക്ക് ക്ഷാമമില്ലാത്ത നാട്ടില്‍ എന്തും വാർത്തയാക്കുക എന്നത് തികച്ചുംസ്വാഭാവികം തന്നെയാണ്. വീണു കിട്ടിയ സൗഭാഗ്യം പോലെ, ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കൽ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്ഇവിടെ ഒരു ജനപ്രിയ ചാനല്‍.






"നമസ്കാരം,.....

ആയിഷ നൈറ്റ് ചാനലിലേക്ക് സ്വാഗതം, ഞാന്‍ ടിന്റു മോന്‍......പ്രധാന വാര്‍ത്തകള്‍."


(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒരു ക്രിക്കറ്റ്‌ ബോള്‍ കറങ്ങുന്ന ദൃശ്യം സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)


"....വാര്‍ത്തകള്‍ വിശദമായി....സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ ദാരുണമായി കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ഇന്ന് വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍.പുത്തൂരം വീട്ടിലെ മച്ചുനന്മാരായ ആരോമലും ,ചന്ടുവും തമ്മിലാണ് ഇന്ന് ഉച്ചയോടെ കത്തിക്കുതുണ്ടായത്.മച്ചുനനന്മാര്‍ തമ്മിലുണ്ടായ വാകുതര്‍ക്കം പിന്നെ കത്തിക്കുതിലേക്ക് നീങ്ങുകയായിരുന്നു.അടിവയറില്‍ അതി ഗുരുതരമായി പരിക്കേറ്റ ആരോമല്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.....

കൂടുതല്‍ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി നിഷാന്ത്  ഗുരുവംശം  ഇപ്പോള്‍ സംഭവ സ്ഥലത്തുണ്ട്......നിഷാന്ത് .....കേള്‍ക്കാമോ?....."


(5 മിനിട്ട് നേരത്തെ തുറിച്ചു നോട്ടത്തിനു ശേഷം നിഷാന്ത്)


"ടിൻറു....ഞാനിപ്പോള്‍ സംഭവം നടന്ന വീടിന്റെ അടുത്ത് തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ തന്നെയാണ് ആരോമലിനു കുത്തുകൊണ്ടതെന്നു പറയപ്പെടുന്നു . വയറിന്റെ അടിഭാഗത്ത്, ഏതാണ്ട് ഇവിടെയായാണ് അദ്ദേഹത്തിന് കുത്തുകൊണ്ടത്. മച്ചുനന്മാര്‍ തമ്മിലുണ്ടായ ചില വാക്ക് തര്‍ക്കം അവസാനം അടിപിടിയിലെക്കും പിന്നെ കത്തിക്കുതിലെക്കും മാറുകയായിരുന്നു എന്നാണു ദ്രിക്സാക്ഷികള്‍ പറയുന്നത്."


Tintu;"അദ്ധേഹത്തിന്റെ മൃദ ദേഹം ഇപ്പോള്‍ എവിടെയാണ്?"


Nishant; "മൃതദേഹം പോസ്ടുമോര്‍ട്ടത്തിനായി കുട്ടന്‍ വൈദ്യരുടെ വൈദ്യസാലയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ഉദേശ്യം 3 മണിയോടെതന്നെ പോസ്റ്റുമോർട്ടം കഴിഞ്ഞു ബോഡി വീട്ടില്‍ തിരിച്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.....ടിന്റു.."


Tintu; "പ്രതിയായി കണക്കാക്കപ്പെടുന്ന, അല്ലെങ്ങില്‍ കൃത്യം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ എവിടെയാണ്?..."


Nishant; "ഈ കൊലപാതകം ചെയ്തു എന്ന് പറയപ്പെടുന്ന ചന്ദു ഇപ്പോള്‍ പോലീസ് കസ്റ്റടിയിലാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അയാളെ ഇന്ന് 'നാര്‍കോ അനാലിസിസ് ' ചെയ്യുന്നതിനായി ഒരു പക്ഷെ  ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ സദ്യതയുണ്ട്...."


Tintu;"നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് വരാം, പ്രശസ്ത പണ്ഡിതനും ചരിത്രാന്വേഷിയുമായ വാസു ഏട്ടന്‍ ഇപ്പോള്‍ നമ്മോടൊപ്പം തിരുവനന്തപുരം സ്റ്റുഡിയോയില്‍ ഉണ്ട്,....വാസ്വേട്ടാ....ഈ സംഭവ വികാസങ്ങലെപ്പ്റ്റി തങ്ങള്‍ക്കു എന്താണ് പറയാനുള്ളത്....?"


(അല്‍പ നേരത്തെ നിശബ്ധതക്ക് ശേഷം ....)


"......വാസ്വേട്ട കേള്‍ക്കാമോ .......വാസ്വേട്ട കേള്‍ക്കാമോ .............വാസ്വേട്ടാ...ഓഓഓഓഓഒയ് ....."

(വീണ്ടും നിശബ്ദത....!)


".......ക്ഷമിക്കണം ,ചില സാന്ഗേതിക കാരണങ്ങളാല്‍ തിരുവനന്തപുരം സ്ടുടിയോയുമായി ബന്ധം കിട്ടുന്നില്ല.....നമ്മുടെ പ്രദിനിധി പിഷാരടി ഇപ്പോള്‍ പോസ്റ്മോര്ടും നടക്കുന്ന സ്ഥലത്തുണ്ട്.....പിഷാരടി......എന്തോക്കെയാന്‍ അവിടത്തെ സംഭവ വികാസങ്ങള്‍?"


Pishaaradi;"ബന്ദു മിത്രടികളും നാട്ടുകാരുമായി ഒരു വന്‍ ജനാവലി തന്നെ ഇവിടെ ഇപ്പോള്‍ കാത്തു നില്‍ക്കുന്നുണ്ട്. പോസ്റ്മോര്ടും കഴിഞ്ഞു ബോഡി കിട്ടാന്‍ ഇനിയും വൈകും എന്ന് തന്നെയാണ് ഞങ്ങള്‍ക്കിപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കുട്ടന്‍ വൈദ്യര്‍ ഉച്ചമയക്കത്തിലാണ്. ഇന്നലെ കുടിച്ച 'അരിഷ്ടത്തിന്റെ' ഹങ്ങോവേര്‍ ആണെന്നും പറയപ്പെടുന്നുണ്ട്....."


Tintu ;"വൈദ്യരെ ഉണര്തുന്നതിനായി എന്തൊക്കെ സന്നാഹങ്ങളാണ്ഒരുക്കിയിരിക്കുന്നത്?........ഗവേന്മേന്റിന്റെ ഭാഗതുനിന്ന്നും എന്തൊക്കെ സഹായങ്ങലാന്നു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്...?"


Pishaaradi; "ഗവേന്മേന്റിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല.......വൈദ്യരെ ഉണര്തുന്നതിനായി ജനങ്ങളെല്ലാം വളരെ മെനക്കെടുന്നുണ്ട്......മുഖത്ത് തളിക്കുന്നതിനുള്ള വെള്ളത്തിനായി പലരും പാത്രങ്ങളുമായി പല വഴിക്കും ഓടുന്നുണ്ട്........മറ്റു ചിലര്‍ 'മോര്' സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടമോടുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.....ടിന്റു..."


Tintu; "നന്ദി പിഷാരടി.... നമുക്ക് തിരുവനന്തപുരം സ്ടുടിയോയിലേക്ക് മടങ്ങി വരാം.....വാസ്വേട്ട...എന്താണ് ഇതിനെക്കുറിച്ച്‌ താങ്ങള്‍ക്ക്‌ പറയാനുള്ളത്?"


Vasu;"എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ചന്ദു അത്തരത്തില്‍ പെട്ട ഒരാളല്ല, അയാള്‍ക്ക്‌ അങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല ...... എനിക്ക് വളരെ നാളുകളായി വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് ചന്ദു എന്ന നിലക്ക് എനിക്ക് തറപ്പിച്ചു പറയാന്‍ സാദിക്കും...., ഈ കൊലപാതകത്തിന് പിന്നില്‍ എന്തൊക്കെയോ നിഗൂധതകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്..... ചോര കണ്ടാല്‍ തല കറങ്ങുന്ന ആളാണ് ചന്ദു..... അയാളെക്കൊണ്ട് ഇങ്ങനെ ഒരു കൊലപാതകം ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം."


Tintu;"നന്ദി വാസ്വേട്ട....നമുക്ക് വീണ്ടും നിഷാന്ത് ഗുരുവംസതിലേക്ക് തിരിച്ചു പോകാം....നിഷാന്ത് ,പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാന്നു....?"


Nishant ;"ഞാനിപ്പോള്‍ വീടിന്റെ അകത്തു കയറി നിന്നാണ് സംസാരിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ദുഖിതരയിതന്നെയാണ് കാണപ്പെടുന്നത്. അവിടെ ആ ആളൊഴിഞ്ഞ മൂലയില്‍ നെഞ്ഞതടിച്ചു കരയുന്നതാണ് ഉണ്ണിയാര്‍ച്ച, 10 വര്ഷം മുന്‍പ് കണ്ട ആര്ച്ചയല്ല ഇപ്പോള്‍ ഇവിടെയിരുന്നു കരയുന്നത്, വളര്‍ന്നു ഒരു വലിയ പെണ്ണായി മാറിയിരിക്കുന്നു....(ക്യാമറ സാവധാനം അങ്ങോട്ട്‌ തിരിയുകയാണ്, ഉണ്ണിയാര്‍ച്ചയുടെ നെഞ്ഞതടിയും നെഞ്ഞും ഒപ്പി എടുക്കാന്‍ ആയാസപ്പെടുകയാണ്, ക്യാമറമാന്‍. ദ്രിശ്യങ്ങള്‍ക്ക് ഒരു A  പടത്തിന്റെ സൌന്ദര്യം വരുത്താന്‍ ആവുന്നത്ര ശ്രമിക്കുകയാനയാല്‍. ഇതിനിടയില്‍ എപ്പോഴോ ആ മുലക്കച്ചയുടെ കെട്ടു അല്പം അയഞ്ഞു കിടക്കുന്നത് പ്രത്യേകം ഫോക്കസ് ചെയ്യുന്നുണ്ട്.)....സംഭവം നടന്ന സമയത്ത് ഉണ്ണിയാര്‍ച്ച ഇവിടെ ഉണ്ടായിരുന്നില്ല എന്നാണു പറയപ്പെടുന്നത്....,ഷോപ്പിങ്ങിനായി ടൌണില്‍ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് ഈ കൃത്യം അവര്‍ അറിയുന്നതുതന്നെ... താനിവിടെ ഉണ്ടായിരുന്നെങ്ങില്‍ ഇങ്ങനെ ഒന്ന് സംഭവിക്കുമായിരുന്നില്ല എന്ന് ആവര്‍ത്തിച്ചു കരഞ്ഞുകൊണ്ടാണ്‌ അവര്‍ നെഞ്ഞതടിക്കുന്നത്.... നേരം വൈകി എതിയതിന്റ്റ് ആവലാതിയാണോ അതോ വളരെ നേരം കുതിരപ്പുറത് ഇരുന്നതിന്റെ മൂലവ്യാധിയാണോ എന്നറിയില്ല, അവര്‍ ഇരുന്നു ഞെരിപിരി കൊള്ളുകയാണ്. ഇവിടെ ....."


Tintu ;" നന്ദി നിഷാന്ത്.... ഈ കേസന്വേഷണ ചുമതല ഏറ്റെടുത്ത ശ്രീ ടോമൌറ്റ് കരിന്തച്ചന്‍ ഇപ്പോള്‍ നമ്മുടെ കൂടെ കൊച്ചി സ്ടുടിയോയിലുണ്ട്.....ശ്രീ ടോം.... എന്താണ് തങ്ങള്‍ക്കു പറയാനുള്ളത്?....അന്വേഷണം എന്തൊക്കെ രീതിയിലാണ് പുരോഗമിക്കുന്നത്...?"


Tom ;".....ഞാന്‍ ഇന്ന് ഉച്ചക്കുതന്നെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു, വളരെ വ്യക്തമായ പല സൂചനകളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്....അന്വേഷണത്തിന്റെ ഭാഗമെന്നോണം പലതും എനിക്കിവിടെ തുറന്നു പറയാന്‍ സാദിക്കില്ല......എന്തായാലും ഇതൊരു ആത്മഹത്യ അല്ല എന്ന് തന്നെയാണ് പ്രാഥമിക നിഗമനം." 


Tintu;" അതിനുതക്ക എന്തൊക്കെ തെളിവുകളാണ് നിങ്ങള്ക്ക് കിട്ടിയിട്ടുള്ളത്....കൊലപാതകമാണ്, ആത്മഹായ അല്ല എന്നതിന്റെ..?"


Tom ;"... ആത്മഹത്യ ചെയ്യുമ്പോള്‍ ,പ്രത്യേകിച്ചും തൂങ്ങി മരണത്തില്‍ കഴുത്തിന്‌ ചുറ്റും കാണപ്പെടുന്ന ചില മാര്‍ക്കിങ്ങ്സ് ഒന്നും തന്നെ ഇവിടെ കാണപ്പെട്ടിട്ടില്ല. മറ്റു ചില സംഭാവങ്ങളിലം വായില്‍നിന്നും മറ്റും നിര്‍ഗമിക്കാറുള്ള ചില നുരയും പതയും മറ്റും ഈ കേസില്‍ കാണുന്നില്ല. ഇങ്ങനെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു ആത്മഹത്യയല്ല, ഒരു കൊലപാതക തന്നെ ആകാനാണ് സാദ്യത എന്ന പ്രാഥമിക സംശയത്തില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്."


Tintu; "നന്ദി സര്‍....മുഖ്യ മന്ത്രി ഇപ്പോള്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നമ്മോടൊപ്പമുണ്ട്.......സര്‍ എന്താണ് താങ്ങള്‍ക്ക്‌ പറയാനുള്ളത്....?


CM;"ഇത് പ്രതിപക്ഷം അറിഞ്ഞുകൊണ്ട് തന്നെ ഉള്ള ഒരു അട്ജെസ്റ്മെന്റുകലാണ്.....ഞങ്ങളെ മനപൂര്‍വം കരിവാരിതെക്കാനുള്ള അവരുടെ ശ്രമമാണിത്..."


Tintu ;" ...നന്ദി സര്‍..... ഞാന്‍ തിരിച്ചു വരാം....നിഷാന്ത് പുതിയ വിശേഷങ്ങള്‍ വല്ലതും ആയിട്ടുണ്ടോ...?"


Nish ;"ഇവിടെ എല്ലാവരും വളരെ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്....(സ്ക്രീനില്‍ എല്ലും തോലുമായ ഒരു നായയെ കാണിക്കുന്നു)...ഇവിടെ മനുഷ്യര്‍ മാത്രമല്ല ,മൃഗങ്ങള്‍ പോലും അതീവ ദുഖിതരായി തന്നെയാണ് കാണപ്പെടുന്നത്.....എന്റെ അടുത്ത ഈ മൂലയില്‍ കിടക്കുന്ന നായ പോലും വളരെ ദുഖിതനാണ്. ചെവികള്‍ രണ്ടും തളര്തിയിട്ടു, കൂമ്പിയടഞ്ഞ കണ്ണുകളുമായി ,മുന്നോട്ടു നീട്ടി വച്ച കാലുകള്‍ക്കിടയില്‍ മുഖം അമര്‍ത്തി കിടക്കുന്ന ഈ നായ ഡോബര്‍മാന്‍ ഇനത്തില്‍ പെട്ടതാണെന്ന് തോന്നുന്നു...."


Tintu;"നമുക്ക് ശ്രീ ടോമൌറ്റ് -ഇലേക്ക് തിരിച്ചു വരാം...സര്‍ ....ഇത് ചന്ദു ഒറ്റയ്ക്ക് ചെയ്തിരിക്കനാണോ സാദ്യത , അതോ മറ്റു വല്ലവരുടെയും സഹായം ഉണ്ടായിട്ടുണ്ടോ ?"


Tom ;"സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ ഒരു കൂടു പ്രതിയുടെ സാദ്യത കാണുന്നില്ല, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്."


Tintu ;"നന്ദി ശ്രീ ടോമൌറ്റ് ഞങ്ങളോട് സഹകരിച്ചതിന് ....നമ്മുടെ പ്രതിനിധി ശ്രീ ജന്തു ഇപ്പോള്‍ സിട്ടിയിലുണ്ട്,....ജന്തു എന്ടോക്കെയുണ്ട് അവിടെ സംഭവ വികാസങ്ങള്‍?"


Jandu ;"ടിന്റു....ഞാനിപ്പോള്‍ സിറ്റി ബുസ്സ്ടാണ്ടിനടുതുനിന്നാണ് സംസാരിക്കുന്നത്.....ഇവിടെ ഹര്‍ത്താല്‍ ഏതാണ്ട് പൂര്നമാനെന്നു വേണം പറയാന്‍....കട കമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്,.....KSRTC ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല,.....ചില കുതിരവണ്ടികളും, കുതിരകലുമാല്ലാതെ മറ്റു വാഹനങ്ങള്‍ ഒന്നുമതന്നെ കാണാനില്ല.....നിരത്തുകള്‍ എല്ലാം ഏതാണ്ട് വിജനമായിതന്നെയാണ് കാണപ്പെടുന്നത്....ടിന്റു."


Tintu ;"അവിടെ ജനജീവിതത്തെ എങ്ങനെയെല്ലമാണ് ഹര്‍ത്താല്‍ ബാടിചിരിക്കുന്നത്...?"


Jndu ;"ജനജീവിതം സ്തംബിച്ച്രിക്കുകയാനെന്നു പറയാനാവില്ല...കൂലിപ്പനിക്കാരെല്ലാം തന്നെ രാവിലെതന്നെ പണിക്കു പോയിട്ടുണ്ട്.....നാട്ടു കാരിയായ മറുത എന്ന ഒരു സ്ത്രീ നമ്മുടെ കൂടെയുണ്ട്, നമുക്ക് കൂടുതല്‍ വിവരങ്ങള്‍ അവരോടു തന്നെ ചോദിക്കാം.......


[Jandu; "താങ്ങള്‍ക്ക്‌ എന്താണ് പറയാനുള്ളത്...?" 


Marutha ;"എയ്ങ്ങള് രാബിലെ പണിക്കു പോയി, ....തമ്പ്രാന്റെ ബീടില്‍ കഞ്ഞിക്കു പോയി,... പണിക്ക് പോണം .....ഇരിട്ടിം  ബരെക്കും പനീക്ക് പോണം...." 


Jan;" ക്ഷമിക്കണം,....ആരോമല്‍ സാറിന്റെ നിര്യാനതെകുരിച്ചു നിങ്ങക്കെന്താണ് പറയാനുള്ളത്? 


Marutha;"എയ്ങ്ങലുക്ക് കഞ്ഞി ബേണം ,കോയി ബേണം, കള്ള് ബേണം ..."]

(ജന്തു ക്യാമറയെ നോക്കി ഒരു വലിഞ്ഞ ചിരിയോടെ തുടരുന്നു) ഇവിടെ ജനജീവിതം പതിവുപോലെതന്നെയാണ് നടക്കുന്നത്....രാവിലെ പണിക്കു പോകുന്നു ,പണി എടുക്കുന്നു ...."


Tintu ;"...നന്ദി ജന്തു......നമുക്ക് നിശന്റിലേക്ക് തിരിച്ചു  വരാം ......നിഷാന്ത്..." 


Nishant ;"...ടിന്റു ....ഇവിടെ ഇപ്പോള്‍ പോലീസിന്റെ ഡോഗ്സ്കോട്‌ എത്തിയിട്ടുണ്ട്....അല്‍പ്പം മുന്‍പാണ് ഡോഗ്സ്കോട്‌ എത്തിയത് ....പട്ടികള്‍ക്ക്  വല്ലാത്ത കണ്ഫ്യുഷന്‍ ആണെന്നന്നു തോന്നുന്നത്....കത്തിച്ചുവച്ച ചന്ദനത്തിരിയുടെ മനമാല്ലാതെ പെട്ടെന്ന് മനസ്സിലാകുന്ന മറ്റു സ്മെല്ലുകലോന്നും തന്നെ കിട്ടുന്നില്ലെന്ന് തോന്നുന്നു..."


Tintu ;"നമുക്ക് കോഴിക്കോടെ സ്ടുടിയോയിലേക്ക് പോകാം....നാട്ടുകൂട്ടം ചെയര്‍മാനും പ്രസസ്ഥ അട്വാകട്ടും ആയ ശ്രീ അടിയോടി നമ്മുടെ കൂടെയുണ്ട്......ശ്രീ അടിയോടി....ഇതിന്റെ നിയമ വാസങ്ങള്‍ എന്തൊക്കെയാണ്... ചന്ദുവിന് ജാമ്യം കിട്ടാന്‍ സാദ്യതയുണ്ടോ?....എത്ര നാള്‍ വരെ ശിക്ഷ കിട്ടിയേക്കാം?.....എയ്തു വകുപ്പനുസരിചായിരിക്കും കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ....?


Adiyodi;"സാധാരണ ഗതിയില്‍ ഒരു കുറ്റം ചെയ്ത ആള്‍, അത് മൂടി വെക്കാനോ, അല്ലെങ്ങില്‍ ഓടി രക്ഷപ്പെടാനോ ആവും ആദ്യം ശ്രമിക്കുക ........ എന്നാല്‍ ഇവിടെ ചന്ദുവിന്റെ കാര്യത്തില്‍ ഇത് രണ്ടും നദന്നീട്ടില്ല എന്നതുകൊണ്ടുതന്നെ........ ഇതൊരു പുതിയ തരാം കേസ് ആയിതന്നെയായിരിക്കും പരിഗണിക്കുക.


Tintu; "നന്ദി ശ്രീ അടിയോടി..... പിശാരടിയിലേക്ക് തിരിച്ചു വരാം.......എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങള്‍.....പോസ്റ്മോര്ടും തുടങ്ങിയോ...തുടങ്ങിയെങ്ങില്‍ എപ്പോ  തീരും?"


Pishaaradi; "ടിന്റു .....പോസ്റ്മോര്റെം തുടങ്ങിയിട്ട് 5 മിനിട്ട് കഴിഞ്ഞിരിക്കുന്നു. 4 മണിയോടെ തന്നെ ബോഡി വീട്ടില്‍ എത്തിക്കാമെന്നു തന്നെയാണ് കണക്കാക്കപ്പെടുന്നത്." 


Tintu; "നിഷാന്ത്....എന്തൊക്കെ ഒരുക്കങ്ങളാണ് അവിടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്....?"


Nishant; "ബോഡി വീടിലെതിയാല്‍ വേണ്ട ഏര്‍പ്പടുകലെല്ലാം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു .......ബോഡി വന്ന ഉടനെ തന്നെ വാവിട്ടു കരയുന്നതിനായി പന്തളത് നിന്നും വാവരും കൂട്ടരും എത്തിയിട്ടുണ്ട്,.........മ്രിടദേഹം തെക്കോട്റെടുക്കണമെന്നു ആരൊക്കെയോ പറഞ്ഞതിന്റെ പേരില്‍ ചെറിയ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി ......വടക്കന്‍ കേരളമായതിനാല്‍ ബോഡി വടക്കോട്ട്‌ വേണം എടുക്കാന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടതാണ് വഴക്കിനു കാരണമായത്‌ ......പടിഞ്ഞാറ് അറബിക്കടലായതിനാല്‍ കിഴ്ഹക്കൊട്ടെദുക്കാമെന്ന മദ്യസ്തടയില്‍ പ്രശ്നം ഒതുക്കിതീര്‍ക്കുകയായിരുന്നു ......ടിന്റു .."


Tintu; "നന്ദി നിഷാന്ത്........പിഷാരടി .....പോസ്റ്മോര്ടും റിപ്പോര്‍ട്ട്‌ എന്താണ് .....എങ്ങനെയാണ് ആരോമല്‍ മരിച്ചത് എന്നാണ് പറയപ്പെടുന്നത് ..?




Pisharadi; " ടിന്റു ....പോസ്റ്മോര്ടും കഴിഞ്ഞു....ബോഡി പുത്തൂരം തര്വാട്ട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനം തയ്യാറായി നില്‍ക്കുകയാണ്.......അല്‍പ സമയത്തിനകം തന്നെ റിപ്പോര്‍ട്ട്‌ പബ്ലിഷ് ചെയ്യുമെന്നാണ് ശ്രീ കുടന്‍ വൈദ്യര്‍ ഞങ്ങളോട് പറഞ്ഞത്."




Tintu; "കേരള നടുക്കിയ ഒരു കൊലപാതകത്തിന്റെ വിസകലനതിന്റെ അന്ത്യം ഏതാണ്ട് അടുതിരിക്കുകയാണ്.....




പോസ്റ്മോര്ടും റിപ്പോര്‍ട്ട്‌ ഏതാനും നിമിഷങ്ങള്‍ക്കകം പുറത്തുവരും.....




ചന്ദു ഒരു നിഷ്കലങ്ങനാണ് എന്നാണ് ശ്രീ വാസുവേട്ടന്‍ നമ്മോടു  പറഞ്ഞത്.....എന്തായാലും യഥാര്‍ത്ഥ റിപ്പോര്‍ട്ട്‌ അദികം വൈകാതെതന്നെ പുറത്തു വരുന്നതാണ്....അതിനിടക്ക് ഒരു ചെറിയ ഇടവേള .........വാര്‍ത്തകള്‍ അവസാനിക്കുന്നില്ല .....മടങ്ങിവരാം ......"




(പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആ ഒരു ക്രിക്കറ്റ്‌ ബോള്‍ കറങ്ങുന്ന ദ്രിസ്യം പിന്നെയും സ്ക്രീനില്‍ തെളിഞ്ഞു മറയുന്നു)




Tintu;" അങ്ങനെ കേരളം ഇന്നുവരെ കണ്ടിട്ടുള്ള ഒരു കോലപാതകത്തിന്റെ ചുരുലഴിയാന്‍ ഇനി വെറും നിമിഷങ്ങള്‍ മാത്രം ബാക്ക്യാക്കിക്കൊണ്ട് നമുക്ക് ശ്രീ പിഷാരടിയിലേക്ക് തിരിച്ചു ചെല്ലാം.....പിഷാരടി ...."




പിഷാരടി; " അല്‍പ നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ പുറത്തു വരുന്നതാണ് .....വൈദ്യര്‍ ക്യാമറക്ക് മുന്നില്‍ ഉപവിഷ്ടനായിട്ടുണ്ട് ...."




കുട്ടന്‍ വൈദ്യര്‍: "ഇതൊരു കൊലപാതകമോ,ഒരു ആത്മഹത്യയോ ആയിരുന്നില്ല .........അക്യുട്ട് ഇസ്കീമിക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണ് മരണത്തിനു കാരണമായിരിക്കുന്നത് .ചന്തുവുമായുണ്ടായ വാക്ക് തര്‍ക്കത്തില്‍ അദേഹത്തിന്റെ മനസ് ഒരു പക്ഷെ വളരെ സ്ട്രെസ്സെട് ആയിട്ടുണ്ടായിരിക്കാം ,......ഈ മനപ്രയാസമായിരിക്കാം ഹാര്‍ട്ട്‌ അറ്റക്കിലെക്ക് നയിച്ചത് ....അല്ലെങ്ങില്‍ ചന്ദുവിന്റെ കത്തി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി എന്ന് വേണം കരുതാന്‍. എന്തൊക്കെ ആയാലും ഹാര്‍ട്ട്‌-ന്റെ അറ്റാക്ക്‌-നു ശേഷമാണ് കത്തി കൊണ്ടുള്ള അറ്റാക്ക്‌ ഉണ്ടായത്."

Saturday, November 27, 2010

MO കോണ്‍ഫറന്‍സ്

23.11.2010 -ചൊവ്വ



ഇന്ന്  MO മീറ്റിംഗ് ഉണ്ടായിരുന്നു. പണ്ടൊക്കെ ഈ പരിപാടിക്ക് ഇറങ്ങിതിരിക്കുക എന്നുവച്ചാല്‍, കാശിനല്‍പ്പം ചെലവുള്ള കാര്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അങ്ങനെയല്ല. ഭക്ഷണം മരുന്നുകമ്പനികള്‍ വഴി സ്പോണ്‍സർഷിപ്പാണു. ആശ്വാസം! വെളിമ്പുറത്തു രണ്ടിനിരുന്നപ്പോള്‍ ഒരു പാളകൂടെ കിട്ടിയാലോ?! ഡിയര്‍ അടിചെന്റെ ഡിയറെ എന്ന ജഗതീടെ മുഖമായി പിന്നെ. ഗിഫ്റ്റുകള്‍ വാരിക്കോരി കൊണ്ടുപോകാംഎന്നായി. സാമ്പിള്‍ മെടിസിനുകളുടെ വര്‍ണ്ണാഭമായ പ്രലോഭനങ്ങള്‍.


കാലം തെറ്റി പെയ്യുന്ന മഴപോലെ അരോചകമായിരുന്നു പലരുടെയും പ്രസംഗങ്ങള്‍. പക്ഷെ, ആശയങ്ങളും വിമര്‍ശനങ്ങളും കുറിക്കു കൊള്ളുന്നുണ്ട്. പലരുടെയും മുഖത്ത് മിന്നി മറയുന്ന നവരസ ഭാവങ്ങളില്‍നിന്നും ഏതൊരു സാരോജ്കുമാരുമാര്‍ക്കും വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കാവുന്ന ഭാവങ്ങള്‍ !


പരിപാടികള്‍ പുരോഗമിക്കുകയാണ്. വടക്കോട്ടുള്ളത് തെക്കോട്ടെടുതിരിക്കുന്നു! ഇത് തന്നെയാണ് പ്രധാന പരാധി. ഒന്നും മനസ്സിലായില്ല, അല്ലെ? പറയാം.


അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം; പക്ഷെ അതൊരു ശീലമാക്കിയാലോ?! ഏതൊക്കെയോ ഡിസ്പെന്‍സറികളിലേക്കുള്ള ഏതൊക്കെയോ മരുന്നുകള്‍ ആരൊക്കെയോ ചേര്‍ന്ന് എവിടെയൊക്കെയോ ഇറക്കിയിരിക്കുന്നു!


നീണ്ട വരിയില്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന നിരാലംബരായ രോഗികളെ പ്രതീക്ഷിച്ച് ഡിസ്പെന്‍സറിയിലെത്തിയ ഡോക്ടര്‍ അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ടാകണം. ഒരു കുത്തിയിരിപ്പ് സമരത്തിന്റെ ആരും പ്രതീക്ഷിക്കാത്ത അന്തരീക്ഷം! അടുത്ത വീട്ടിലെ താമസക്കാരനാണ്. ദിവസങ്ങളായി അവരുടെ വരാന്തയില്‍ കെട്ടിക്കിടക്കുന്ന മരുന്ന് പെട്ടികള്‍ക്കു ഒരു തീരുമാനമുണ്ടാക്കണം. അതാണയാളുടെ ആവശ്യം. ഏതു മരുന്ന് ?, ആര് ഇന്റെന്റ് ചെയ്ത മരുന്ന്? കാര്യമെന്തെന്നറിയാതെ അന്താളിച്ചു നില്‍ക്കുന്ന  മെഡിക്കലോഫീസർ .


കേവലമൊരു റോങ്ങ് നമ്പറിനെ ആധാരമാകി പ്രിയദര്‍ശന് ഒരു സിനിമ ഇറക്കാമെങ്കിൽ ,മരുന്ന് പെട്ടികളുടെ റോങ്ങ് ഡെലിവെറിയെക്കുറിച്ചുനമ്മള്‍ എന്തൊക്കെ ഇറക്കേണ്ടി വരും! ആരാന്റെ മരുന്ന് അവനവന്റെ ഡിസ്പെന്‍സറിയിലെത്തിയിട്ടു എന്ത് കാര്യം?! ബന്ധപ്പെട്ട അധികാരികളെ നിങ്ങള്‍ കുറച്ചുകൂടെ സീരിയസാകുക! പിടിപ്പതു ജോലികള്‍ വേറെത്തന്നെയുണ്ട് ഞങ്ങള്‍ക്ക്.


പരാതികളുടെയും പരിഹാരങ്ങളുടെയും നൂലാമാലകള്‍ കോർത്തിണക്കികൊണ്ട് ഒരു MO കോണ്‍ഫറന്‍സ് കൂടെ പര്യവസാനിക്കുകയായി.


കഥകളിയുടെ അവസാനം ആ എണ്ണത്തിരി കെടുത്തുമ്പോള്‍ ഒരു വല്ലാത്ത സുഗന്ധമാണ്; മൂക്കിലൂടെ തുളച്ചു കയറി, മസ്തിഷ്കത്തിന്റെ അടിവേരുകളിലൊരു വല്ലാത്ത ഇക്കിളിയുണ്ടാക്കുന്ന സുഗന്ധം! അത് ആസ്വതിക്കുമ്പോൾ പോലും ഉണ്ടാകാത്ത അനുഭൂതിയാണ് MO കോണ്‍ഫറന്‍സ് തീരുമ്പോള്‍ ഉണ്ടാകുന്നത്. എല്ലാവരും ആഞ്ഞു വലിച്ചു കയറ്റുകയാണ്; ഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു.