Thursday, October 29, 2015

ഹിമവദ് ഗോപാലസ്വാമി ബെട്ടയിലേക്കൊരു തണുത്ത യാത്ര!!

ഗോപാലസ്വാമിബെട്ട - ഊട്ടി യാത്ര
(ഭാഗം 1)



വിശാലമായ സൂര്യകാന്തിപ്പാടം. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മൊട്ടക്കുന്നുകൾ. പൊരിവെയിൽ വകവെക്കാതെ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടം. പശുക്കളെ തെളിക്കുന്ന ഇടയന്മാർ. ഭാവനാ സമ്പന്നമായ ചലച്ചിത്ത്രങ്ങൾക്ക് ദൃശ്യ വിരുന്നൊരുക്കാവുന്ന പശ്ച്ചാത്തലം. ഇക്കാണുന്ന വിസ്മയങ്ങളെല്ലാം സ്വന്തം മടിത്തട്ടിലൊതുക്കിക്കൊണ്ട് തലയുയർത്തിനിൽക്കുന്നൊരു കുന്ന്. അതാണ്‌ " ഹിമവദ് ഗോപാലസ്വാമി ബെട്ട".


"ചന്ദ്രനുദിക്കുന്ന ദിക്കിൽ" എന്ന സിനിമയുടെ പാട്ടുകളുൾപ്പെടെ സുന്ദരമായ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അവിടെയും, ചുറ്റുവട്ടത്തുമാണെന്നു കേട്ടിട്ടുണ്ട്. മനോഹരമായ ധാരാളം ഫ്രെയിമുകളുൾക്കൊള്ളുന്ന ആ സ്ഥലം കാണണമെന്നത് അന്നുമുതൽക്കേ മനസ്സിലുദിച്ച ഒരു മോഹമായിരുന്നു.

അവിടേക്ക്, ഞങ്ങൾ സകുടുംബം ഒരു യാത്ര പോകുകയാണ്.

നാടുകാണിച്ചുരത്തിന്റെ സുന്ദരമായ പാതകൾ പിന്നിട്ട് ഞങ്ങളുടെ വണ്ടി കുതിക്കുമ്പോഴും, സിനിമയിലെ സുന്ദരമായ ഫ്രെയിമുകളായിരുന്നു മനസിൽ!


9 മണിയോടെ "തെപ്പകാട്" എന്ന സ്ഥലത്തെത്തി. മുതുമല വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ഫോറെസ്റ്റ് ട്രെക്കിംഗ് പോയിന്റാണിത്. ടിക്കറ്റെടുത്താൽ, വനം വകുപ്പിന്റെ വണ്ടിയിൽ കാട്ടിനുള്ളിലൂടൊരു യാത്ര ഇവിടെ നമുക്കാസ്വതിക്കാം. ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ട്. ഞങ്ങളുടെ പ്രധാന ലക്ഷ്യം അതല്ലാത്തതിനാലും, ഇങ്ങനൊരു യാത്ര, കഴിഞ്ഞ തവണ ആസ്വതിച്ചിട്ടുള്ളതിനാലും ഞങ്ങൾ കൗണ്ടറിൽനിന്നും പുറത്തിറങ്ങി.

സുദീർഘമായൊരു യാത്രയുടെ ക്ഷീണമകറ്റാനായി, ഞങ്ങൾ, അല്പനേരം അവിടമാകെയൊന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു.

വലതുവശത്തേക്കു കാണുന്ന റോഡ്‌, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ളതാണ്. തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വഴിയാണിത്.

പാശ്ചാത്യ ഭരണ കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉരുക്കു പാലത്തിലൂടെ മോയാർ നദി മുറിച്ചു കടന്നാൽ, അക്കരെയുള്ള ആനപ്പന്തിയിലെത്താം. ഇവിടത്തെ ആനയൂട്ട് വളരെ രസമുള്ളൊരു കാഴ്ച്ചതന്നെയാണ്. മുതിർന്ന ആനകൾ മുതൽ കുട്ടിയാനകൾ വരെ അനുസരണയോടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത് തീർത്തും നയനാനന്ദകരമായൊരു കാഴ്ച്ചതന്നെയാണ്. അതുകൊണ്ട്തന്നെ, വിദേശീയരടക്കം മുതുമലയിലെത്തുന്ന സഞ്ചാരികളാരും ഇവിടം സന്ദർശിക്കാൻ മറക്കാറില്ല.


നിർഭാഗ്യമെന്നു പറയട്ടെ, ഇന്നത്തെ ആനയൂട്ട് അല്പം മുൻപ് കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചു നടന്നു.

ഉരുക്കുകൊണ്ട് നിർമ്മിക്കപ്പെട്ട പാലം. ഇതിനടിയിലൂടെ മോയാർ നദി ശാന്തമായൊഴുകുന്നു, ചെറിയ പാറക്കല്ലുകൾക്കിടയിലൂടെ. അടിത്തട്ടിലെ ഉരുളൻ കല്ലുകൾ വ്യക്തമായി കാണത്തക്ക രീതിയിൽ തെളിഞ്ഞ ജലം. വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന അരുവിക്ക്, വന്യമായൊരു സൗന്ദര്യം തന്നെയാണിവിടെയും.

ഞങ്ങൾ വണ്ടിക്കടുത്തേക്കു നടന്നു. ടിക്കെറ്റ് കൗണ്ടറിൽ അപ്പോഴും നല്ല തിരക്കുതന്നെ!


മൈസൂർ റോഡിലൂടെ കുറച്ചൊന്നു സഞ്ചരിച്ചാൽ കർണ്ണാടകത്തിന്റെ ബോർഡറായി. ബോർഡർ കടന്നാൽ ഈ കാട് ബന്ദിപൂർ നാഷണൽ പാർക്കെന്നാണ് അറിയപ്പെടുക.


ബന്ദിപൂർ കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും വന്യമൃഗങ്ങളായ മാനുകളും, കുരങ്ങുകളും, ആനകളും തന്നെയാണ് ദർശന മനോഹാരിതയേകുന്നത്.


ഞങ്ങൾ കാടിന്റെ സംരക്ഷിത മേഘല കടന്നിരിക്കുന്നു. ഇനി ജനവാസ കേന്ദ്രമാണ്. ഇരുവശവും സൂര്യകാന്തിച്ചെടികൾ കൃഷിചെയ്യുന്ന വിശാലമായ പാടം. അതിനിടയിലൂടെ സാമാന്യം നല്ലൊരു റോഡ്. പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരച്ചുവട്ടിലൂടെ ഞങ്ങളുടെ വണ്ടി വേഗത്തിലോടുകയാണ്. ഒട്ടുമിക്ക തണൽ മരച്ചുവട്ടിലും വഴി വാണിഭക്കാർ ഉപവിഷ്ടരാണ്.  തണ്ണിമത്തനാണ് പ്രധാന ഇനം!

വളരെ നേരത്തെ യാത്രയായിരുന്നതിനാൽ അതിലൊന്നിന്റെ മുന്നിൽ വണ്ടി നിർത്തി. വാങ്ങാൻ ചെന്നിരിക്കുന്നത് സഞ്ചാരികളാണെങ്കിൽ, തോന്നുന്ന വിലയായിരിക്കും ഇവർ ചോദിക്കുക. അതുകൊണ്ട് തന്നെ കച്ചവടക്കാരനോട് നല്ലവണ്ണം വിലപേശിയതിനു ശേഷം ഞങ്ങൾ ഒരു ചാക്ക് തണ്ണിമത്തൻ വാങ്ങി. (മുന്നൂറു രൂപക്ക് പറഞ്ഞത് എഴുപതിനുറപ്പിച്ചു)


ജനവാസ മേഘലയാണെന്നിരിക്കിലും, അംഗ സംഖ്യ കുറവുള്ള മാൻ കൂട്ടങ്ങളെ അവിടവിടെ കാണുന്നുണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻ പറ്റത്തെപ്പോലെ അവ മേഞ്ഞു നടക്കുന്നു. ഇവിടുത്തുകാർക്ക് ഇതൊരു പുതുമയല്ലാതിരിക്കാം, പക്ഷെ, ഇത്തരം കാഴ്ച്ചകൾ അസുലഭമായ നമ്മെപ്പോലുള്ളവർക്ക്, ഇതൊരു പ്രത്യേക അനുഭവം തന്നെയാണ്.

ഞങ്ങൾ ഗോപാലസ്വാമി ബെട്ടയിലേക്കുള്ള റോഡിന്റെ കവാടത്തിലെത്തിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞ് കവാടത്തിനുള്ളിലൂടെയാണിനി യാത്ര. എകദേശം എട്ട് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

കവാടം കടന്ന് അല്പമാത്ര യാത്രയിൽത്തന്നെ, കർണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാക്കുന്ന കാഴ്ച്ചകൾ ഞങ്ങൾക്ക് കാണാനായി. "ഹംഗാല" ഗ്രാമം. ചിലയിടങ്ങളിൽ കോളനിപോലെ കാണപ്പെടുന്ന അനേകം വീടുകൾ. അടുത്ത കൃഷിയിറക്കുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന വിശാലമായ സൂര്യകാന്തിപ്പാടം. കൃഷിയിടങ്ങളിലിറങ്ങുന്ന വന്യ ജീവികളെ തുരത്താനായി, പാടത്തെ ചില മരങ്ങളിൽ കാവൽ ഏറുമാടങ്ങൾ.


കാഴ്ച്ചകൾ മനസ്സിൽ പകർത്തിക്കൊണ്ട് മുന്നോട്ട് ഗമിക്കുകയാണ്. വണ്ടിയുടെ ബ്രേക്കിൽ കാലമർന്നത് പെട്ടെന്നാണ്. കണ്ണുകൾക്ക്‌ പുതിയൊരു ദൃശ്യ വിരുന്നൊരുക്കിക്കൊണ്ട്, റോഡിനു കുറുകെ കടന്നുപോകുന്ന കന്നുകാലിക്കൂട്ടം . നൂറോളം കാലികളുണ്ട്. നിത്യ യാത്രയായതിനാലാകാം, മുൻപേ ഗമിക്കുന്ന ഗോവിന്റെ പിന്നിൽ അകലെയുള്ള മൊട്ടക്കുന്നുകളിലേക്ക് അവ നടന്നകലുന്നു. അവക്ക് പുറകെ നടക്കുന്ന ഗോപാലന്മാരും. ഇടതു ചുമലിൽ ചേർത്തു പിടിച്ചിരിക്കുന്ന നീണ്ട വടിയിൽ തൂങ്ങിനിന്നാടുന്ന തൂക്കുപാത്രം. ഉച്ചക്കു കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവുമാകാം. ഗ്രാമീണമായ വസ്ത്രധാരണം.

ദൂരെ കുന്നിൻ ചരിവിൽ, വേറെയും കന്നുകാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നുണ്ട്.

മലയടിവാരത്തിലെത്തി. ഇവിടെ കർണ്ണാടക വനം വകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെനിന്നും ടിക്കറ്റെടുക്കണം. അനുവദനീയമായ സമയം ഒന്നര മണിക്കൂറാണ്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൊണ്ടുപോകാനനുവദിക്കില്ല.

പൊട്ടിപ്പൊളിഞ്ഞ ചുരം പാതയിലൂടെ അല്പനേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ക്ഷേത്രത്തിനു മുന്നിലെത്തി.


ക്ഷേത്രത്തിനു മുന്നിൽ സാമാന്യം വലിയൊരു പാർക്കിംഗ് ഏരിയയുണ്ട്. ഒരു ഭാഗം കരിങ്കല്ലുകൊണ്ട് കൈവരി കെട്ടിയിരിക്കുന്നു. അപ്പുറം താഴ് വരയാണ്.




പൗരാണികത തോന്നിക്കുന്ന ക്ഷേത്രം. ചുറ്റുമതിൽ, പളനി ക്ഷേത്രം പോലെ ചുവപ്പും വെള്ളയും ഛായമടിച്ചിരിക്കുന്നു. സ്വർണാഭമായ പ്രവേശന കവാടം. കവാടം കടന്ന് കുറച്ച് പടികൾ കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം. ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കു കടന്നു. വളരെ തണുപ്പുള്ള അന്തരീക്ഷം. തറ, ഗ്രാനൈറ്റ് പാളികൾ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. പുറത്തെ ചൂട് തെല്ലും അനുഭവപ്പെടാത്തതിനാലാകാം, കയറിയവരാരും ഇറങ്ങുന്നത് കാണുന്നില്ല.

ചാമരാജനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചത്, ഹൊൊയ്സാല രാജവംശത്തിൽപ്പെട്ട ബല്ലാല എന്ന രാജാവാണ്. കൃസ്തുവർഷം 1315 ലാണ് പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ വേണുവൂതിക്കൊണ്ട് നിൽക്കുന്നൊരു പ്രതിഷ്ഠയാണിവിടെയുള്ളത്.

അഗസ്ത്യ മഹർഷി ഇവിടെ തപസ്സിരുന്നെന്നും, ഭഗവാൻ വിഷ്ണുവിനെ പ്രീതിപ്പെടുത്തിയെന്നും, അദ്ധേഹത്തിന്റെ ഒരംശം ഇവിടെ കുടികൊള്ളാമെന്നു വാക്കു നൽകിയെന്നും വിശ്വാസം.


വിശാലമായ പ്രദക്ഷിണ വഴി. ഞങ്ങൾ അതിലൂടെ അമ്പലത്തിനെ ചുറ്റാൻ തീരുമാനിച്ചു. ചുട്ടു പൊള്ളുന്ന വെയിൽ. നടപ്പാതയിൽ വിരിച്ചിരിക്കുന്ന കല്ലുകളും ചൂടായിക്കൊണ്ടിരിക്കുന്നു. ഇടക്കിടക്ക് തണുത്ത കാറ്റടിക്കുന്നുണ്ട്. മതിൽക്കെട്ടിന് ഉയരം കുറവാണ്. അതിനപ്പുറം മൊട്ടക്കുന്നുകളാണ്. ഈ പുൽത്തകിടിയിലെല്ലാം പലപ്പോഴും ആനക്കൂട്ടങ്ങളെ കാണാറുണ്ടെന്നു പറയപ്പെടുന്നു. വൈകുന്നേരങ്ങളിൽ ഇവിടം വളരെ സുന്ദരമായിരിക്കും. ബന്ദിപൂർ നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇവിടെനിന്നു കാണുന്ന ഉദയവും അസ്തമയവും വളരെ സുന്ദരമാണ്‌.

ഒന്നര മണിക്കൂർ തീരാറായിരിക്കുന്നു . ഞങ്ങൾ തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണ്.


അടുത്ത ലക്ഷ്യം ഊട്ടിയാണ് . ഞങ്ങൾക്കവിടെ വൈകുന്നേരത്തോടെ എത്തിയാൽ മതി. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്ര വളരെ സാവധാനത്തിലാക്കാൻ തീരുമാനിച്ചു.

റോഡിന്റെ പാർശ്വങ്ങളിൽ ഉരുളൻ കല്ലുകൾ അടുക്കിവച്ച് നിർമ്മിച്ച ചെറിയ അതിരുകളും, പുഷ്പിച്ചു നിൽക്കുന്ന കള്ളിമുൾച്ചെടികൾ തീർക്കുന്ന വേലികളും കണ്ടുകൊണ്ട് യാത്ര തുടരുമ്പോഴും, കുന്നിന്മുകളിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ ഇടക്കിടെ ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു.


അല്പം മുന്നിലായി ഒരു കാളവണ്ടി പോകുന്നത് കാണുന്നുണ്ട്. നമ്മുടെ നാട്ടിലിന്നു കാണാൻ സാധിക്കാത്തൊരു ഗ്രാമീണ കാഴ്ച്ച. വളരെ സാവധാനത്തിലാണത് മുന്നോട്ട് ഗമിക്കുന്നത്. ഞങ്ങൾ അതിനടുത്തെത്തി. തടിമാടന്മാരായ രണ്ട് വണ്ടിക്കാളകൾ. അവക്ക് പിന്നിൽ സാരഥിയായി ഒരു വൃദ്ധൻ. പാഠപുസ്ഥകത്തിലെ താളുകളിലല്ലാതെ ഒരു കാളവണ്ടി നേരിൽക്കണ്ടതിന്റെ അത്ഭുതത്തിലാണെന്റെ മകൾ. അവളുടെ ആകാംക്ഷ, കണ്ണുകളിൽനിന്നും വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. വണ്ടി ഒരു ഇടവഴിയിലേക്കു തിരിയുന്നതുവരെ, വളരെ നേരം ഞങ്ങളതിനെ അനുഗമിച്ചു. കൃഷിയിടങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന വണ്ടിയാകാം!


ഇപ്പോൾ ഞങ്ങളുടെ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്, ഹൈവേയിലൂടെയാണ്. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. സമയം വല്ലാതെ വൈകിയിരിക്കുന്നു. ഞങ്ങൾ അവിടൊരു മരച്ചുവട്ടിൽ വണ്ടി നിർത്തി. കരുതിയിരുന്ന പായ നിലത്തു വിരിച്ചു. ഭക്ഷണപ്പൊതി പുറത്തെടുത്തതും, എവിടുന്നൊക്കെയോ കുറേ കുരങ്ങന്മാർ അവിടെയെത്തി. തലക്ക് മീതെ, മരത്തിൽ അവർ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട് വാനര വിക്രിയകൾ നടത്തുന്നു.


ഞങ്ങൾ വണ്ടി വിട്ടു. അല്പം ദൂരെയായി വിജനമായ നല്ലൊരു സ്ഥലത്ത് നിർത്തി.

ഇത്തവണ ഞങ്ങളെ എതിരേറ്റത് മനുഷ്യർ തന്നെ. കാഴ്ച്ചയിൽ ഭ്രാന്തനെപ്പോലെ തോന്നിക്കുന്നൊരാൾ. ഞങ്ങളുടെ അല്പം ദൂരെയായി അയാളിരുന്നു. ഭാണ്ടക്കെട്ടിൽനിന്നും വൃത്തിഹീനമായൊരു പ്ലാസ്റ്റിക് കവറെടുത്ത് നിലത്തു വിരിച്ച്, കൈ കൊണ്ട് താളം കാട്ടിക്കൊണ്ട് കണ്ണിലേക്കു നോക്കി. പാവം തോന്നിക്കുന്ന രൂപം. ഒഴിഞ്ഞ വയറിൽ തടവിക്കൊണ്ടിരിക്കുകയാണയാൾ. ഒരു പ്ലെയ്റ്റിൽ ആദ്യം അയാൾക്ക് ഭക്ഷണം നൽകിക്കൊണ്ട് ഞങ്ങളും കഴിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേർകൂടെ എത്തി. സംഗതി ഗുലുമാലാകുമോയെന്നു തോന്നിപ്പോയി. പെട്ടെന്നുതന്നെ തിന്നു തീർത്ത്, ബാക്കി അവർക്കും, അപ്പോഴേക്കും അവിടെയെത്തിയ വാനര സംഘത്തിനും നൽകിയിട്ട്, വേഗംതന്നെ യാത്രതുടർന്നു.

സംഭവ ബഹുലമായൊരു യാത്രയുടെ അന്ത്യത്തിലെ തമാശയെ ഒന്നുകൂടെ അയവിറക്കിക്കൊണ്ട് യാത്ര തുടരുകയാണ്, അടുത്ത ലക്ഷ്യം ഊട്ടിയാണെന്ന സന്തോഷത്തോടെ !!


ഗോപാലസ്വാമിബെട്ട-ഊട്ടി യാത്ര (ഭാഗം 2) ഇവിടെ അമർത്തുക