Wednesday, December 26, 2018

Accommodation in Mudumalai Tiger Reserve/ Sylvan dormitory


ചുരുങ്ങിയ ചെലവിൽ കാട്ടിലൊരു താമസമായാലോ??

വളരെ ചുരുങ്ങിയ ചെലവിൽ കാട്ടിനുള്ളിലൊരു താമസം, അതും ഗവൺമെന്റ് റസ്റ്റ് ഹൗസിൽ. അതാണ് മുതുമലയിലെ തെപ്പക്കാട് റസ്റ്റ് ഹൗസുകളുടെ പ്രത്യേകത.

പലപ്രാവശ്യം മുതുമല സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഒരു ദിവസം ഇവിടെ താമസിക്കുന്നത് ഇതാദ്യമായാണ്.

ടൈഗർ റിസർവിന്റെ വെബ്സൈറ്റിലൂടെwww.mudumalaitigerreserve.com ) റൂം ബുക്ക് ചെയ്യാം. അപ്പോൾ കിട്ടുന്ന റസീപ്റ്റ് പ്രിന്റൗട്ടെടുത്ത് ഇവിടത്തെ ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ കാണിച്ച് വെരിഫൈ ചെയ്യണം. ബുക്കിംഗ് സമയത്ത് സമർപ്പിച്ച തിരിച്ചറിയൽ രേഖ കാണിച്ച് ചെക്കിൽ ചെയ്യാം.

ഗൂഡല്ലൂർ മൈസൂർ ദേശീയ പാതയിൽനിന്നും ഏകദേശം മുന്നൂറ് മീറ്റർ അകലെ കാട്ടിനുള്ളിലായ്, ശാന്തമായൊഴുകുന്ന മോയാർ നദിയുടെ ഓരത്താണ് ഞങ്ങൾ ബുക്ക് ചെയ്ത സിൽവാൻ ഡോർമിറ്ററി. സ്വകാര്യതക്ക് തെല്ലും ഭംഗം സംഭവിക്കാത്ത, നല്ലൊരു സ്ഥലം. വൈകുന്നേരം, ഇളംകാറ്റേറ്റുകൊണ്ട് സല്ലപിച്ചിരിക്കാൻ പറ്റിയ നല്ലൊരു മുറ്റം. മുറ്റത്തെ അതിരിട്ടെന്നോണം, തലയുയർത്തി നിൽക്കുന്ന വൻ മരങ്ങൾ. പുഴയുടെ അങ്ങേക്കരയിൽ സ്വൈര്യവിഹാരം നടത്തുന്ന വന്യമൃഗങ്ങൾ. പുറമെനിന്നുളള ശബ്ദങ്ങളാൽ മലീമസമല്ലാത്ത നിശബ്ദത. ഇന്നത്തെ സായാഹ്നം ഇങ്ങനെയുളള കാഴ്ചകളാൽ സുന്ദരമാണ്.


സൂര്യൻ അസ്തമിക്കുകയാണ്. വളരെ വേഗം ഇരുട്ട് വ്യാപിക്കുന്നപോലെ. തണുപ്പിനും കാഠിന്യം കൂടിവരുന്നുണ്ട്.

സമയം എട്ടുമണിയായിരിക്കുന്നു. ദേശീയ പാതയിൽ വാഹനങ്ങൾക്ക് നിരോധനമുളളതുകൊണ്ട്കൂടിയാകാം, വല്ലാത്തൊരു നിശബ്ദത. മോയാർ നദിയിലെ നീരൊഴുക്കിന്റെ മർമ്മരങ്ങൾ, കാതോർത്താൽ കേൾക്കാം. അർദ്ധ രാത്രിയായതോടെ, അവിടിവിടെനിന്നായി ഇടക്കൊക്കെ ആനകളുടെ ചിന്നം വിളികൾ കേൾക്കുന്നുണ്ട്. പേടി തോന്നുന്ന കാര്യങ്ങൾ തന്നെ. വല്ലാത്തൊരുഭവം....!!!

നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. കതക് തുറന്ന് പുറത്തിറങ്ങി. നല്ല മഞ്ഞുണ്ട്. നല്ല തണുപ്പും. ഉദയസൂര്യന്റെ രശ്മികളും, കോഡമഞ്ചും ചേർന്ന് കാടിന് വല്ലാത്തൊരു വശ്യത സമ്മാനിക്കുന്നപോലെ....!!

ഞങ്ങൾക്ക് മുൻപേ ഉണർന്നെണീറ്റ മാൻകൂട്ടങ്ങൾ, നദിക്കക്കരെ സ്വന്തം ആവാസവ്യവസ്ഥയിൽ സ്വൈര്യവിഹാരം നടത്തുന്ന കാഴ്ചകൾ തന്നെയാണ് മുന്നിൽ. പശ്ചാത്തലത്തിലും മികവേകാനെന്നോണം പീലിവിടർത്തിനിന്നാടുന്ന മയിലുകൾ. റൂമിനടുത്തുളള മരത്തിലുമുണ്ട് മൂന്നാല് മയിലുകൾ.

ഞങ്ങൾക്ക് ഇതെല്ലാം വേറിട്ട അനുഭവങ്ങൾ തന്നെയാണ്....!!!

You can see this travelogue in YouTube
By clicking here.

ഭാഗം 1-മുതുമലയിലേക്ക്
ഭാഗം 2-മുതുമലയിലെ താമസം