Saturday, April 29, 2017

GOLDEN TEMPLE OF BYLAKUPPE

(കൊടക് യാത്ര -ഭാഗം 2)

16/04/2017(Sunday)
ഞങ്ങൾ മഡികേരിയോട് തൽക്കാലം യാത്ര പറയുകയാണ്. അടുത്ത ലക്ഷ്യം കുശാൽനഗറാണ്. ഇന്ന് രാത്രി താമസിക്കുന്നതിനുള്ള മുറി മുൻകൂട്ടി ബുക്കു ചെയ്തിരിക്കുന്നത് അവിടെയുള്ള 'കൊടക് പ്ലാസ' എന്ന ഹോട്ടലിലാണ്. ഗോൾഡൻ ടെമ്പിളും നൈസർഗദ്ധാമ യുമെല്ലാം അവിടെ നിന്നും അധികം ദൂരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് താമസത്തിനായി കുശാൽനഗർ തെരഞ്ഞെടുത്തിരിക്കുന്നത്.
മഡികേരി -മൈസൂർ ദേശീയപാതയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം മുപ്പത് കിലോമീറ്റർ യാത്രയുണ്ട്.

ഓറഞ്ച് തോട്ടങ്ങളുടെ നാടാണ് കൊടകെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ യാത്രയിലെവിടെയെങ്കിലും നല്ല ഓഞ്ച് ഷോപ്പുകൾ കാണുകയാണെങ്കിൽ, വണ്ടി നിർത്തി വാങ്ങണമെന്ന് നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നതാണ്. അങ്ങനെ അവിടൊരു ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി.

പച്ച കലർന്ന  ഓറഞ്ച് നിറത്തോട് കൂടിയ നാരങ്ങകൾ. കട്ടിയുള്ള തൊലിയും കൂടുതൽ കാലം കേട് കൂടാതെ നിൽക്കാനുള്ള കഴിവും കൂർഗിലെ ഓറഞ്ചിന്റെ പ്രത്യേകതയാണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. നാട്ടിലെ  അതേ വില തന്നെയാണ്. രുചിച്ചു നോക്കുന്നതിനായി അതിലൊന്ന് ഞങ്ങൾക്ക് കിട്ടി. അധികം വലിപ്പമില്ലെങ്കിലും നല്ല മധുരമുള്ള ഓറഞ്ചുകൾ തന്നെയാണ്. അതിൽ കുറച്ച് തൂക്കിയെടുക്കാനായി പറഞ്ഞു.
വരുന്ന വഴികളിലൊന്നും ഒറ്റ ഓറഞ്ച് തോട്ടം പോലും കണ്ടിട്ടില്ല. തോൽപ്പെട്ടിയിലൂടെ സഞ്ചരിച്ചപ്പോൾ കാട്ടിനുള്ളിൽ മൃഗങ്ങളെ തെരഞ്ഞിരുന്ന അതേ സൂക്ഷ്മതയോടെ അവിടം മുതൽ തന്നെ ഓറഞ്ച് തോട്ടങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.

പിന്നീടാണറിഞ്ഞത്, കൊടകിലിപ്പോൾ ഓറഞ്ച് തോട്ടങ്ങൾ കുറവാണെന്ന്.1960 കളിൽ ഏകദേശം 24000 ഹെക്ടർ സ്ഥലത്ത് ഓറഞ്ച് തോട്ടങ്ങളുണ്ടായിരുന്നു. ഇന്നത് 2000 ഹെക്ടറിൽ താഴെ മാത്രമേ ഉള്ളൂ എന്നാണറിയാൻ കഴിഞ്ഞത്. ഇവിടത്തെ തോട്ടങ്ങൾക്ക് വ്യാപകമായി അസുഖം പിടിപെടുകയും, കൃഷി ആദായകരമല്ലാതാകുകയും ചെയ്തതോടൊ കാപ്പിത്തോട്ടത്തിനിടയിലെ രണ്ടാം വിളമാത്രമായി അത് മാറുകയാണുണ്ടായത്.
നാലര മണിയോടെത്തന്നെ ഞങ്ങൾ കുശാൽനഗറിലെത്തി. ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ, ഹൈവേയുടെ  ഓരത്തു തന്നെയാണ്.അതുകൊണ്ട് തന്നെ റൂം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കയ്യിലുള്ള പ്രിൻറൗട്ട് കാണിച്ച് വേഗം തന്നെ ചെക്കിൻ ചെയ്തു.

നല്ല  വൃത്തിയുള്ള മുറികൾ തന്നെയാണ്. ചെറുതായൊരു വിശ്രമത്തിനു ശേഷം ഞങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.

നാംഡ്രോളിംഗ് മൊണാസ്റ്ററി:
കുശാൽനഗറിൽ നിന്നും കേവലം ആറ് കിലോമീറ്റർ യാത്രയിൽ തന്നെ ബൈലകൂപ്പിലെത്താം. അവിടെ നാംഡ്രോളിംഗ് മൊണാസ്റ്ററിയിലാണ് ഗോൾഡൻ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.
അഞ്ചു മണിയോടെത്തന്നെ ഞങ്ങൾ അവിടെയെത്തി. ആദ്യം കാണുന്ന പ്രവേശന കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ചാൽ വിശാലമായൊരു മുറ്റമാണ്. മുറ്റത്ത് അവിടവിടെയായി സഞ്ചാരികളായെത്തിയവരെ കാണുന്നുണ്ട്. നല്ലൊരു ശതമാനവും മലയാളികൾ തന്നെ.

മുറ്റത്തിന്റെ അവസാനത്ത് മറ്റൊരു കവാടമുണ്ട്. ആ കവാടം കടന്നാൽ, ഇനിയങ്ങോട്ട് ക്ഷേത്ര സമുച്ചയങ്ങളുടെ ലോകമാണ്.
ഞങ്ങൾ, കവാടം കടക്കുകയാണ്. ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടം. അതിന് നടുവിലൂടെ വൃത്തിയുള്ളൊരു നടവഴി. ആ വഴി അവസാനിക്കുന്നത് ഒരു ക്ഷേത്ര കെട്ടിടത്തിന്റെ പടികളിലാണ് - സാങ്ഡോഗ് പാൽരി ടെമ്പിൾ. ടിബറ്റൻ ശൈലിയിലുള്ള വലിയൊരു കെട്ടിടം. ചുമരുകളിലും തൂണുകളിലുമെല്ലാം അത്തരത്തിലുള്ള ചിത്രപ്പണികൾ തന്നെ. ചുറ്റിലും കാണുന്ന കെട്ടിടങ്ങളും അതേ വാസ്തു ശൈലിയെ അനുഗമിക്കുന്നവ തന്നെ. ചൈനയിലോ നേപ്പാളിലോ മറ്റൊ എത്തിയപോലെ!
Zangdog Palri Temple-Namdroling monastery
ഇങ്ങനെയൊരു ലോകം ഇവിടെ ഉണ്ടായതെങ്ങനെയെന്ന് എന്റെ മകൾ ഇടക്കിടെ അതിശയപൂർവ്വം ചോദിക്കുന്നുണ്ട്. എനിക്കറിയാവുന്ന ചരിത്രം ഞാനവൾക്ക്  പറഞ്ഞു കൊടുത്തു.
Zangdog Palri Temple-Namdroling monastery
1913 ൽ ചൈനയിൽ നിന്നും വേർപെട്ട ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയായിരുന്നു ടിബറ്റ്. അവിടത്തെ ആത്മീയ നേതാവുകൂടെയായിരുന്ന ദലൈലാമയായിരുന്നു അതിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. എന്നാൽ 1950കളോടെ സ്ഥിതിഗതികൾ മാറി. ചൈനയുടെ 'പീപ്പിൾസ് ലിബറേഷൻ ആർമി' ടിബറ്റിനെ ആക്രമിച്ചു.  ഇത്രയും പറഞ്ഞത് ടിബറ്റിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ.
Zangdog Palri Temple-Namdroling monastery
അന്നത്തെ മൈസൂർ ജില്ലയുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. ചൈനയുടെ ആക്രമണത്തെ തുടർന്ന്, ദലൈലാമയുടെ അഭ്യർത്ഥന പ്രകാരം ഇവിടെ ഏകദേശം മൂവായിരത്തോളം ഏക്കർ സ്ഥലം, ടിബറ്റൻ അഭയാർത്ഥികൾക്കായി അനുവദിക്കപ്പെട്ടു. അങ്ങനെ 1961 ൽ ലഗ്സും സാൻഡ്യൂപ്ലിങ്ങിനാൽ ഇവിടൊരു അഭയാർത്ഥി ക്യാമ്പ് രൂപീകരിക്കപ്പെട്ടു. മുളകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമായിരുന്നു ആദ്യ കാലങ്ങളിൽ ഇവിടെയുണ്ടായിരുന്നത്.  ഇന്നിവിടെ എഴുപതിനായിരത്തിലധികം അഭയാർത്ഥികളുണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഏകദേശ കണക്ക്. പതിനായിരത്തോളം ബുദ്ധസന്യാസിമാരും.
Tara temple-Namdroling monastery
സാങ്ഡോഗ് പാൽരി ടെമ്പിളിന്റെ വലതു വശത്തായി കാണുന്നത് താരടെമ്പിളാണ്. ക്ഷേത്രാങ്കണങ്ങളെല്ലാം ടൈലുകൾ പാകിസുന്ദരമാക്കിയിരിക്കുന്നു.

Padmasambhava Buddhist vihara-Namdroling
ഇനി ഇടത്തോട്ട് തിരിയാം. ഉരുക്കു തൂണിൽ തൂങ്ങി നിൽക്കുന്ന വലിയൊരു കുടമണിയുണ്ടവിടെ. അതിനു പിന്നിലായി വലിയൊരു ക്ഷേത്രവും. അതാണ് പത്മസംഭവ ബുദ്ധിസ്റ്റ് വിഹാര അഥവ ഗോൾഡൻ ടെമ്പിൾ. ഞാൻ കുടമണിയുടെ അടുത്തേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ ക്ഷേത്രത്തിന്റെ വ്യക്തമായൊരു വീക്ഷണം സാധ്യമാകുന്നുണ്ട്. ശ്രീ ബുദ്ധന്റെ സ്വർണ്ണ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിനകത്താണ്. വളരെ വലിയൊരു കെട്ടിടം തന്നെ. മുന്നിൽ, സുന്ദരമായൊരു ഉദ്യാനവും!
Inside the Golden temple
ക്ഷേത്രത്തിനകത്തേക്ക് കയറുകയാണ്. വിശാലമായൊരു ഹാൾ. വളരെ ഉയരമുള്ള മേൽക്കൂരയാണ്. തറ ഗ്രാനൈറ്റ് പാളികൾ കൊണ്ട് സുന്ദരമാക്കിയിരിക്കുന്നു. നല്ല തണുപ്പുള്ള അന്തരീക്ഷം. നേരെ മുന്നിലായി മൂന്ന് സ്വർണ്ണ പ്രതിഷ്ഠകൾ കാണുന്നുണ്ട്. ശാന്ത രൂപിയായ ശ്രീബുദ്ധൻ, മധ്യഭാഗത്തായി ധ്യാന നിമഗ്നനായി പത്മാസനത്തിലിരിക്കുന്നു. ചെമ്പു കൊണ്ട് നിർമ്മിതമാണെങ്കിലും, പൂർണ്ണമായും സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ബുദ്ധ പ്രതിഷ്ഠക്ക് മാത്രം അതിന്റെ ബെയ്സ്മെന്റിൽ നിന്നും 60 അടി ഉയരമുണ്ട്. മറ്റ് രണ്ട് സ്വർണ്ണ പ്രതിഷ്ഠകൾക്കും 58 അടി വീതവും ഉയരമുണ്ട്. അവയെ ഒന്നുകൂടെ മാറ്റ് കൂട്ടാൻ പോന്ന പശ്ചാത്തലവും.

നിശബ്ദമായ ആ അകത്തളത്തിൽ എത്ര നേരം ഇരുന്നുവെന്ന് ഓർമ്മയില്ല. നോക്കുമ്പോൾ, ചുറ്റിലുമുള്ളവരെല്ലാം യോഗാസനത്തിന്റെ മൂഡിൽ തന്നെയാണ്.

ഞങ്ങൾ പുറത്തിറങ്ങി. വൃത്തിയും ഭംഗിയുമായി സംരക്ഷിക്കുന്ന പരിസരം. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. അപ്പോളും ജോലിയിൽ വ്യാപൃതരായിത്തന്നെയിരിക്കുന്ന തനതു വേഷധാരികളായ സ്ഥലവാസികളെ അവിടവിടെ കാണുന്നുണ്ട്. ഇത്രയധികം സഞ്ചാരികൾ വന്നു പോകുന്നുണ്ടെങ്കിലും, ഇവിടമെല്ലാം വൃത്തിയായി നിൽക്കുന്നതിന്റെ കാരണം ഇപ്പോളാണെനിക്ക് മനസ്സിലായത്.
നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. ഇനി റൂമിലേക്ക് തിരിക്കുകയാണ്.ഇന്നത്തെയാത്ര വളരെ വിജ്ഞാനപ്രദമായൊരു യാത്രയായിരുന്നു എന്നതിൽ തെല്ലും സംശയമില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, പരിത്യജിച്ചു കൊണ്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനസമൂഹത്തിന്റെ ഭൂതകാല ചരിത്രമാണ് ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നത്. സ്വന്തം വിശ്വസങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മുറുക്കെപ്പിടിച്ച ആ ജനസമൂഹത്തെ തന്നിലേക്ക് ആവാഹിച്ച, ഭാരതമെന്ന മഹാരാജ്യത്തിന്റെ സാഹോദര്യ ഭാവമാണിവിടെ പ്രകീർത്തിക്കപ്പെടുന്നത്. ഈ ചരിത്ര ഭൂമിയിലൂടെ അൽപ്പനേരം നടക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിങ്ങളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം; കുടുംബസമേതംതന്നെ !!





കൊടക് യാത്ര ഭാഗം 1 ഇവിടെ അമർത്തുക

Wednesday, April 26, 2017

MADIKERI

(കൊടക് യാത്ര- ഭാഗം  1)

കൊടക് എന്ന് കേൾക്കുമ്പോൾ തന്നെ സുഖമുള്ളൊരു കുളിരാണ് മനസ്സിൽ. മരം കോച്ചുന്ന തണുപ്പും, നേർത്തു പെയ്യുന്ന മഞ്ഞും, കോടയിലൂടെ പ്രയാസപ്പെട്ട് ഊർന്നിറങ്ങുന്ന സൂര്യകിരണങ്ങളും! പ്രകൃതിയുടെ മാസ്മരികതയിൽ ഉല്ലസിച്ച് നിൽക്കുന്ന പച്ചപ്പും! അങ്ങനെയങ്ങനെ.......!!
Kodagu(Coorg)
ദക്ഷിണ കർണാടകത്തിലെ തണുപ്പുള്ളൊരു സുഖവാസ കേന്ദ്രമാണ്  കൊടക്. കൊടക് ജില്ലയുടെ ഭരണ സിരാ കേന്ദ്രമായ മഡികേ രിയുടെ വശ്യമനോഹാരിതയിലേക്ക് ഞാൻ കുടുംബ സമേതം ഒരു യാത്ര പോകുകയാണ്.

16/4/17 ( ഞായർ )
ഇന്നലത്തെ  ദീർഘമായ യാത്രയുടെ ക്ഷീണമെല്ലാം, മഡികേരിയിലെ ഹിൽ ടൗൺ ഹോട്ടലിൽ ഇറക്കി വെച്ച്, രാവിലെ നേരത്തെ തന്നെ ഉണർന്നെണീറ്റിരിക്കുകയാണ്. ഇന്ന് ഇവിടമാകെയൊന്ന് കറങ്ങണം. നടക്കാവുന്ന ദൂരത്തായി  കുറച്ച് ടൂറിസ്റ്റ് പോയിൻറുകളുണ്ട്. അതുകൊണ്ട് തന്നെയാണ് താമസത്തിനായി ഈ ഹോട്ടൽ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ റൂം റെന്റ് കുറവാണെന്നതും, കുടുംബത്തോടൊപ്പമുള്ള താമസം സെയ്ഫാണെന്നതും മററു കാരണങ്ങൾ തന്നെ.
ഓംകാരേശ്വര ക്ഷേത്രം:
പുരാതനമായൊരു ശിവക്ഷേത്രമാണ്. ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം 700 മീറ്റർ മാത്രം സഞ്ചരിച്ചാൽ അവിടെയെത്താം. ഇന്നത്തെ യാത്രയിൽ ആദ്യം അവിടം സന്ദർശിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
സാമാന്യം വലിപ്പമുള്ള ക്ഷേത്രം തന്നെ. ക്ഷേത്രത്തിനകത്തെത്താൻ കുറച്ചധികം പടവുകൾ കയറേണ്ടതുണ്ട്. വളരെ ശാന്തമായ അന്തരീക്ഷം. പശ്ചാത്തലത്തിന് മികവേകാനെന്നോണം തണുത്ത ഇളം കാറ്റടിക്കുന്നുണ്ട്.
ക്ഷേത്രത്തിന് മുന്നിലായി, ധാരാളം മൽസ്യങ്ങളുള്ള വലിയൊരു കുളമുണ്ട്. കുളത്തിന് നടുവിലായി ചെറിയൊരു മണ്ഡപവും, അതിലേക്ക് നയിക്കുന്നൊരു പാതയുമുണ്ട്. പാതയുടെ കവാടം താഴിട്ട് പൂട്ടിയിരിക്കുകയാണ്. ഞങ്ങൾ കുളത്തിന് ചുറ്റുമുള്ള വഴിയിലൂടെ കുളത്തിനെ ഒന്ന് വലം വച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ കൊടക് ഭരിച്ചിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമനാണ്, ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു സംഭവ കഥയുണ്ട്. സ്വന്തം രാഷട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, അന്നത്തെ രാജാവായിരുന്ന ലിംഗ രാജേന്ദ്ര രണ്ടാമൻ ഒരു ബ്രാഹ്മണ വധം നടത്തുകയുണ്ടായി. അതിനു ശേഷം അദ്ദേഹം ചില ദുസ്വപ്നങ്ങൾ കാണാൻ തുടങ്ങി. ബ്രഹ്മരക്ഷസിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഉപായമായി ഇവിടെയൊരു ശിവാരാധനാലയം  പണി കഴിപ്പിക്കണമെന്ന ഉപദേശമുണ്ടായി. അതിനാവശ്യമായ ശിവലിംഗം, പുണ്യസ്ഥലമായ കാശിയിൽ നിന്നാണ് കൊണ്ടുവന്നത്.
ശാന്തവും സുന്ദരവുമായ അന്തരീക്ഷം തന്നെ. വിശ്വാസികളും സഞ്ചാരികളുമായി ധാരാളം ജനങ്ങൾ ദിനംപ്രതി ഇവിടം സന്ദർശിക്കുന്നുണ്ട്.

രാജാസ് സീറ്റ് മണ്ഡപം:
മഡികേരി ഫോർട്ടിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. 1814 ൽ ലിംഗ രാജേന്ദ്ര രണ്ടാമൻ രാജാവാണിത് പണി കഴിപ്പിച്ചത്. പൂർണ്ണ വലിപ്പമുള്ളതും ജീവൻ തുടിക്കുന്നതുമായ ആനകളുടെ രണ്ട് പ്രതിമകൾ അവിടെയുണ്ട്. പല കാലഘട്ടങ്ങളിലായി പുതുക്കിപ്പണിയലുകൾ നടന്നിട്ടുള്ള കോട്ടയും, അതിനുള്ളിലെ കൊട്ടാരവും കാണേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, കോട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബോർഡ് കണ്ടപ്പോൾ തീർത്തും നിരശരായിപ്പോയി.

ഓംകാരേശ്വര ക്ഷേത്രത്തിൽ നിന്നും രാജാസ്  സീറ്റിലേക്ക് ഏകദേശം എഴുനൂറ് മീറ്റർ ദൂരം മാത്രമേയുള്ളു.  ഇനി ഞങ്ങൾ അങ്ങോട്ടാണ് പോകുന്നത്.
സുന്ദരമായൊരു  ഉദ്യാനമാണ് രാജാസ് സീറ്റ്. വളരെ നല്ല രീതിയിൽത്തന്നെ പരിപാലിക്കപ്പെടുന്ന നല്ലൊരു ഉദ്യാനം.  പല കാലഘട്ടങ്ങളിലായി കൊടക് ഭരിച്ചിരുന്ന രാജാക്കന്മാരെല്ലാം, അവരുടെ ഒഴിവ് സമയങ്ങളിൽ ഉല്ലസിക്കുന്നതിനായി എത്തിയിരുന്ന സ്ഥലമാണിത്.  ഇന്നിവിടം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വെട്ടിയൊതുക്കി സുന്ദരമായി നിർത്തിയിരിക്കുന്ന പുൽത്തകിടിയും, ചെടികളും. രാത്രിയിൽ ഇവിടെ മ്യൂസിക് ഫൗണ്ടനു ചുറ്റും സഞ്ചാരികളുടെ തെരക്കു തന്നെയായിരിക്കും.
അവിടെ ഒരറ്റത്ത് ഒരു വ്യൂ പോയിൻറുണ്ട്. അത് സുന്ദരമായൊരു കാഴ്ച തന്നെയാണ്. ഞങ്ങൾ അങ്ങോട്ട് നടക്കുകയാണ്. ഒരു കാലത്ത്, രാജാവിനും പരിവാരങ്ങൾക്കും മാത്രം പ്രാപ്യമായിരുന്ന ഭൂമിയിലൂടെയാണ് ഞാനിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നോർത്തപ്പോൾ, അഭിമാനവും അതിലേറെ സന്തോഷവുമാണ് എനിക്കിപ്പോൾ തോന്നുന്നത്.

ഗദ്ധിഗെ അഥവ രാജാസ് ടോംബ്:
മഡികേരിയുടെ നഗരമധ്യത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തായി മഹാദേവ് പേട്ട് എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് രാജാസ് ടോംബ് സ്ഥിതി ചെയ്യുന്നത്.
അടുത്ത യാത്ര അങ്ങോട്ടാണ്.  ഇടുങ്ങിയ പാതയാണ്. ഊട്ടിയിലെ ഇടറോഡുകളെ അനുസ്മരിപ്പിക്കുന്ന പാത. പാതയോരത്തെ വീടുകളുടെ മുറ്റത്തെല്ലാം കടും നിറത്തിലുള്ള പൂക്കളോട് കൂടിയ ചെടികൾ കാണുന്നുണ്ട്.
ഞങ്ങൾ  ലക്ഷ്യത്തിലെത്തിയിരിക്കുന്നു. മധ്യഭാഗത്ത് വലിയ ഡോം ആകൃതിയും, നാല് മൂലകളിൽ മിനാരങ്ങളുമായി മുഹമ്മദീയ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ശവകുടീരങ്ങൾ. അതുകൊണ്ട് തന്നെ ഇവിടം ചരിത്രന്വേഷികളായ വിദ്യാർത്ഥികളുടെ ഇഷ്ട സ്ഥലം തന്നെയാണ്. കാരണം ഈ ശൈലിയിലുള്ള ടോംബുകളെല്ലാം, മുസ്ലിം രാജാക്കന്മാരുടേതായാണ് സാധാരണ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെ സങ്കൽപ്പങ്ങൾ മാറ്റി എഴുതപ്പെട്ടിരിക്കുകയാണ്.
മിനാരങ്ങളുടെ ചുവട്ടിലായ്  നന്ദി പ്രതിമകൾ കാണുന്നുണ്ട്. ഭാരതീയ ക്ഷേത്ര നിർമ്മാണ രീതിയിലെ പല കൊത്തുപണികളും ഇവിടെ കാണാം. ക്ഷേത്ര പാലകരെ അനുസ്മരിപ്പിക്കുന്നു ശിൽപങ്ങൾ.  ശവകുടീരത്തിനുള്ളിൽ ശിവലിംഗവും തൂക്കുവിളക്കും കാണുന്നുണ്ട്.
പ്രധാനമായും മൂന്ന് ശവകുടീരങ്ങളാണ് ഇവിടെയുള്ളത്.  അതിൽ നടുവിലായി സ്ഥിതി ചെയ്യുന്നതും, വലുതുമായ കുടീരം വീര രാജേന്ദ്ര രാജാവിന്റെയും, അദ്ദേഹത്തിന്റെ പത്നി മഹാദേവിയമ്മയുടേതുമാണ്.

അതിന്റെ വലതു വശത്ത് കാണുന്നത് അദ്ദേഹത്തിന്റെ സഹോദരൻ ലിംഗ രാജേന്ദ്ര രാജാവിന്റെ ശവകുടീരമാണ്. ഇടത് വശത്ത് കാണുന്നത് വീര രാജേന്ദ്ര രാജാവിന്റെ ഗുരുവായിരുന്ന രുദ്രപ്പയുടേതുമാണ്.
ഭംഗിയായി ഒരുക്കി നിർത്തിയിരിക്കുന്ന ഉദ്യാനമാണ് ചുറ്റും.
ഉദ്യാനത്തിന്റെ ഒരു ഭാഗത്തായി രണ്ട് കുടീരങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താനുമായുണ്ടായ യുദ്ധത്തിൽ വീരമൃത്യു വരിച്ച ബിദ്ധന ബൊപ്പുവിന്റെയും, അദ്ദേഹത്തിന്റെ മകൻ ബിദ്ധന സോമയ്യയുടെയും ശവകുടീരങ്ങളാണത്.
കുറേ നേരം അവിടെ ചെലവഴിച്ചതിന് ശേഷം ഞങ്ങൾ തിരിച്ച് നടക്കുകയാണ്. ടോംബ് കാണുന്നതിനുള്ള യാത്രാ സംഘങ്ങൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്.

അബ്ബി  ഫാൾസ്:
രാജാസ് ടോംബിൽ നിന്നും വടക്കുപടിഞ്ഞാറ് ദിശയിലേക്കായി ഏകദേശം ആറ് കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദരമായൊരു വെള്ളച്ചാട്ടത്തിനടുത്തെത്താം - അബ്ബി ഫാൾസ്
വേനൽക്കാലമായതിനാൽ നദിയിലിപ്പോൾ വെള്ളം കുറവാണെന്നറിഞ്ഞു. അങ്ങനെയെങ്കിൽ വെള്ളച്ചാട്ടത്തിന് ശക്തിയും കുറവായിരിക്കും. എങ്കിലും, ഇതുവരെ വന്നതല്ലെ; അവിടം കൂടെ കണ്ടിട്ടാകാം മടക്കമെന്ന് തീരുമാനിച്ചു.

അൽപ്പനേരത്തെ യാത്രയിൽത്തന്നെ ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തുള്ള കാർ പാർക്കിംഗ് പോയിന്റിലെത്തി. പാർക്കിംഗ് ഗ്രൗണ്ടിൽ നല്ല തെരക്കുണ്ട്. കൂടുതലും മലയാളികൾ തന്നെ.

ഹോട്ടലിൽ നിന്നും പുറപ്പെട്ടിട്ട് കുറച്ചധികം നേരമായിരിക്കുന്നു. കുട്ടികൾ, വിശപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്തെങ്കിലും കഴിച്ചിട്ടാകാം ഇനി ബാക്കി. കാറിന്റെ ഡിക്കിയിൽ നിന്നും സ്റ്റൗവും സാധനങ്ങളും പുറത്തെടുത്തു. കുട്ടികൾക്ക് പൊടിയരിക്കഞ്ഞിയും, മുതിർന്നവർക്ക് നൂഡിൽസും. അതൊരു വേറിട്ട അനുഭവം തന്നെയായിരുന്നു.

മാധ്യമങ്ങളിലൂടെ നമുക്കെല്ലാം സുപരിചിതമായൊരു പേര് തന്നെയാണ് കാവേരി.  പശ്ചിമഘട്ടത്തിലെ ഗിരിശൃംഗങ്ങളിൽ നിന്നും സ്വരൂപിച്ചെടുക്കുന്ന  സ്ഫടികാഭമായ ശുദ്ധജലവുമായി കിഴക്കോട്ടൊഴുകുന്ന കാവേരി (കാവേരിയുടെ പോഷകനദി) അതിന്റെ ആദ്യ പാദയാത്രയിൽ തീർക്കുന്ന ചില വിസ്മയങ്ങളിൽ ഒന്നു മാത്രമാണ് അബ്ബിഫാൾസ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ജെസിഫാൾസ് എന്നാണറിയപ്പെട്ടിരുന്നത്. അന്നിവിടമെല്ലാം വനമായിരുന്നു. കാലാന്തരത്തിൽ ഒരു സ്വകാര്യ വ്യക്തി ഈ പ്രദേശം കണ്ടെത്തുകയും, അത് ഗവൺമെന്റിൽ നിന്നും വിലക്ക് വാങ്ങുകയും അവിടമെല്ലാം കാപ്പിയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തു. വിശാലമായ ആ പ്ലാന്റേഷന്റെ നടുവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തോട്ടത്തിലൂടെയുള്ള നടവഴിയുടെ ഇരുവശവും ഉരുക്കു കൊണ്ടുള്ള വേലി നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കുത്തനെയുള്ള ഇറക്കമാണ്. സഞ്ചാരികളുടെ ഒഴുക്കു തന്നെയാണ്. സ്ഥൂല രൂപരായ സ്ത്രീകളുമുണ്ട് കൂടെ. ചിലരെല്ലാം വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് ഗമിക്കുന്നത്.  ഉറച്ചിട്ടില്ലാത്ത മണ്ണിലൂടെ ഇരുന്നും ഞരങ്ങിയും അവരങ്ങനെ യാത്രയെ ആഘോഷമാക്കുകയാണെന്ന് തോന്നിപ്പോയി.
വെള്ളച്ചാട്ടത്തിനടുത്തെത്തിയിരിക്കുന്നു. വിശാലമായതും ഉയരമുള്ളതുമായൊരു പാറക്കെട്ട് കാണുന്നുണ്ട് മുന്നിൽ. അതിലൂടെ പരന്നൊഴുകാൻ ശ്രമിക്കുന്നൊരു കാട്ടരുവിയും. വേനൽച്ചൂടു കൊണ്ട് പുഴ മെലിഞ്ഞതിനാലാകാം, വെള്ളച്ചാട്ടത്തിന് ശക്തി പോര. ഇതിന്റെ  പൂർണ്ണമായ സൗന്ദര്യം ആസ്വതിക്കണമെന്നുണ്ടെങ്കിൽ മൺസൂൺ കാലമാണ് നല്ലത്. അക്കാലത്ത് ഇവിടമെല്ലാം കോടമഞ്ഞു നിറഞ്ഞ പോലെ ബാഷ്പ പൂരിതമായിരിക്കും.

സമയം ഒരുപാട് വൈകിയിരിക്കുന്നു. ഇന്ന് രാത്രി കുശാൽനഗറിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്. അവിടത്തെ ടിബറ്റൻ സെറ്റിൽമെൻറും ഗോൾഡൻ ടെമ്പിളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണെന്ന് കേട്ടിട്ടുണ്ട്. അവിടമൊന്ന് സന്ദർശിക്കണം. അതുകൊണ്ടിനി കുശാൽനഗറിലേക്ക്......!!


കൊടക് യാത്രഭാഗം 2 ഇവിടെ അമർത്തുക




Some added points:
Madikeri is a hill station town in Karnataka state. It is the headquarters of the district of Kodagu (Coorg). It is a popular tourist destination.

When you plan a Coorg trip; shal I recoment you a tour chart.

Day-1
1) Bhagamandala- on the way to Thalakauveri. Bhagamandala is situated on the river Kaveri, in its upstream stretches. At this place, the Kaveri is joined by two tributaries, the Kannike and the mythical Sujyoti river.

A short distance from the triveni sangama, there is a famous temple known as Sri Bhagandeshwara temple

Mt.Thavoor is a towering peak overlooking Bhagamandala,and Mt.Koppatti, which may be considered its twin peak is nearby and both these serve as fantastic trekking routes for anyone wishing to savour the mesmerising beauty of the Shola forest range.

2) Talacavery- The origin of river Kaveri. Now it is a popular tourist destination.

Talakaveri is about 8 km away from Bhagamandala and 48 km from Madikeri.

3) Raja's seat- After visiting the above places, reach here by evening. It is a garden used by Kings of Kodagu. In night music fountains will be there. The rest of the time in this day, you can spend here till night.

Day-2
1) Omkareshwara temple (walkable distance from Madikeri town)
2) Madikeri fort and palace.( Very near to Omkareshwara temple)
3) Raja's Tomb.(about 1.5 kms from the fort.
4) Abbey falls.( about 6 kms from the Tomb)

Then go to Kushal nagar.



So many other tourist places are there near to Madikeri. I sujjested the major points to cover within a short period.