ക്ലിയോപാട്ര ഫെറി സർവീസ്- ബേപ്പൂർ
വളരെ നാളുകളായി സോഷ്യൽമീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങളായിരുന്നു, ബേപ്പൂരിലെ ഫെറി സർവീസ്. അത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് 2019 ജനുവരി 26 ന് ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ ക്ലിയോപാട്ര എന്ന ആഢംബര നൗക ഉൽഘാടനം ചെയ്യുകയുണ്ടായി. ആ ഫെറിയിലൊന്നു യാത്രചെയ്യുന്നതിനായി വന്നിരിക്കുകയാണ് ഞാൻ.
ഞാനിപ്പോൾ നിൽക്കുന്നത് ബേപ്പൂരിലെ ഫെറി മറീനയുടെ മുന്നിലാണ്. വാംസൻ ഷിപ്പിംഗ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ, ക്ലിയോപാട്ര സീ ക്രൂയിസിംഗ് ഫെറിയിൽ അറബിക്കടലിലൂടെ നടത്തുന്ന യാത്രയുടെ വിശേഷങ്ങളാണ് ഞാനിവിടെ വിവരിക്കാൻ പോകുന്നത്.
ടിക്കറ്റെടുത്ത് അകത്ത് കയറിയിരിക്കുന്നു. വൃത്തിയുള്ളതും വിശാലവുമായ ഉൾഭാഗം. മൂന്നു നിരകളിലായി, ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ. ജനാലക്കടുത്തുള്ളവ ഡബിൾ സീറ്റുകളാണ്
യാത്ര തുടങ്ങുകയാണ്. ഫെറി സാവധാനം പുറകോട്ടെടുക്കുകയാണ്. മറീനയിൽ നിന്നും പുറത്ത് കടന്നതോടെ ഫെറിയുടെ പിന്നിലുള്ള എൻജിനുകൾ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. നല്ല ശക്തിയുള്ള യന്ത്രങ്ങൾതന്നെ. ജലോപരിതലത്തിൽ പാൽപ്പത സൃഷ്ടിച്ചുകൊണ്ട് അവൻ കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ഒരുവശത്ത് ബേപ്പൂരിന്റെയും, മറുവശത്ത് ചാലിയത്തിന്റെയും പുലിമുട്ടുകളാണ്. അവക്കിടയിലൂടെയുള്ള കപ്പൽപാതയിലൂടെ വളരെ പെട്ടെന്നുതന്നെ പുറം കടലിലെത്തിയിരിക്കുന്നു. ലക്ഷ്വറി ഫെറിയായതിനാലാകാം, കുത്തിക്കുലുക്കമൊന്നും അനുഭവപ്പെടുന്നില്ല.
ചായയും, സോഫ്റ്റ് ഡ്രിങ്കുകളും ഇതിനകത്തുള്ള കൗണ്ടറിൽനിന്നും പണം കൊടുത്ത് വാങ്ങാവുന്നതാണ്. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന കൗണ്ടർ. ജീവനക്കാരെ ല്ലാം സൗഹൃദഭാവമുള്ളവർ തന്നെ. അവരിൽ രണ്ടുപേർ എന്റെനാട്ടുകാരാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. വിശാഖും, അമനും. കോളജ് വിദ്യാർത്ഥികളാണ്. പാർട്ട് ടൈം ജോലിക്ക് വന്നിരിക്കുകയാണ്. വിദ്യാഭ്യാസം സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുന്ന പുതുതലമുറയിലെ ചുണക്കുട്ടികളെകുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു.
ബേപ്പൂരിൽനിന്നാരംഭിച്ച് കോഴിക്കോട് ബീച്ചിനടുത്തുള്ള പുറംകടലിലൂടെ ഒന്ന് കറങ്ങി ഇവിടെത്തന്നെ അവസാനിക്കുന്നു. ഒന്നരമണിക്കൂർ നീണ്ട യാത്രയാണ്.
ടിക്കറ്റ് നിരക്ക്:
നോൺ എ സി.
മുതിർന്നവർ-300 രൂപ
കുട്ടികൾ-200 രൂപ
എ.സി. ലോഞ്ച്-450 രൂപ
യാത്രയുടെ വീഡിയോ യൂട്യൂബിൽ കാണാനായി ഇവിടെ അമർത്തുക
No comments:
Post a Comment