Saturday, February 19, 2022

മരുതമലെ മുരുകനെ കാണാൻ

"മരുതമലെ മാമനിയേ മുരുകയ്യാ....."

ഈ പാട്ട് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവരായി അധികമാരുമുണ്ടാകില്ല. അത്രക്ക് ഫീലാണ് ഗാനം മനസിലുണ്ടാക്കുന്നത്. അപ്പൊ, ആ സ്ഥലം നേരിൽ കാണാൻ സാധിച്ചാലോ....? "മിണ്ടാവതല്ല മമ". അല്ലെ?


13/02/2021

വളരെ നാളത്തെ ആഗ്രഹത്തിനൊടുവിൽ, ഇന്ന് മരുതമലെ മുരുകൻ കോവിലിലേക്ക് പോകുകയാണ്.

കോയമ്പത്തൂരിൽ നിന്നും കേവലം 15 കിലോമീറ്റർ ദൂരത്തായി മരുതമല എന്നൊരു കുന്നുണ്ട്. മരുത് മരങ്ങൾ ധാരാളമായി കാണപ്പെടുന്നതിനാലാണ് ഈ മലനിരക്ക് മരുതമല എന്ന പേര് വന്നതെന്ന് പറയുന്നു. മരുത് എന്നാൽ നീർമരുത് അഥവ അർജുനം എന്നാണർത്ഥം. ആ കുന്നിൻ്റെ പാർശ്വത്തിലാണ് മരുതമലെ മുരുകൻ ക്ഷേത്രം നിലകൊള്ളുന്നത്.


നടന്നു കയറുകയാണെങ്കിൽ, മലയടിവാരത്തു നിന്നും ഏകദേശം 900 പടികൾ കയറി വേണം അമ്പലത്തിനടുത്തെത്താൻ. പോകുന്ന വഴികളിൽ ധാരാളം ഉപക്ഷേത്രങ്ങൾ വേറെയുമുണ്ട്.

സ്വകാര്യ വാഹനത്തിലാണെങ്കിൽ, ക്ഷേത്രത്തിൻ്റെ മുന്നിലുള്ള പാർക്കിംഗ് ഗ്രൗണ്ട് വരെ അതിൽ തന്നെ പോകാം. അടിവാരത്തു നിന്നും, മിനി ബസ് ഷട്ടിൽ സർവീസും ലഭ്യമാണ്.

പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് തന്നെയാണ് ക്ലോക് റൂം. ചെരുപ്പും ഭാണ്ഡങ്ങളും അവിടെ സൂക്ഷിക്കാം. ഇടത് വശത്ത് കാണുന്നത് തലമുണ്ഡനം ചെയ്യുന്നതിനുള്ള സ്ഥലമാണ്. തല മുണ്ഡനം ചെയ്യുന്നതിന് 10 രൂപയുടെ ടോക്കണെടുക്കണം. ദക്ഷിണ വേറെയും.


ഇനിയും കുറച്ച് പടികൾ കൂടെ കയറാനുണ്ട്. ചുവപ്പും വെള്ളയും നിറങ്ങൾ കൊണ്ട് സുന്ദരമാക്കിയ പടികൾ. പടികളുടെ അരികുകളിലായി ചില കച്ചവട സ്ഥാപനങ്ങൾ കാണാം. ഭസ്മവും പ്രസാദവും മറ്റും ഇവിടെ നിന്ന് വാങ്ങാം. പ്രസിദ്ധമായ ഏതൊരു ദേവാലയത്തിലും കാണുന്ന കാഴ്ചകൾ തന്നെ.


അമ്പലനടയിലെത്തിയിരിക്കുന്നു. അതിന് മുന്നിൽ വലിയൊരു മണ്ഡപമുണ്ട്. ചിത്രപ്പണികളാൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന സിലിംഗ്. താഴെ ഗ്രാനൈറ്റാണെന്ന് തോന്നുന്നു, പാകിസുന്ദരമാക്കിയിരിക്കുന്നു. അനേകം ഭക്തർ അവിടിരുന്ന് നാമം ജപിക്കുന്നുണ്ട്.


അവിടെ തൊഴുതതിന് ശേഷം, അടുത്ത സ്ഥലത്തേക്ക് കയറി. കല്ല് പാക്കി ഒരുക്കിയ വലിയൊരു മുറ്റം. അവിടെ ഒരാൽമരമുണ്ട്. അതിന് ചുറ്റിലുമായ് കുറേ പ്രതിഷ്ഠകളുമുണ്ട്. ഭക്തർ അവിടെയെല്ലാം തൊഴു കയ്യോടെ പ്രദക്ഷിണം ചെയ്യുന്നുമുണ്ട്.

വലിയൊരു കുന്നിൻ്റെ പാർശ്വത്തിലാണ് ക്ഷേത്രം.അധികം ഉയരത്തിലല്ലാതെ വളരുന്ന മരങ്ങൾ നിറഞ്ഞ കാടാണ്. ഇടക്കിടെ വലിയ പാറക്കല്ലുകൾ കാണുന്നുണ്ട്. ആനകൾ വിഹരിക്കാറുള്ള കാടാണെന്നാണറിഞ്ഞത്.


ഇവിടെയുംകൂടെയൊന്ന് തൊഴുതിറങ്ങുകയാണ്.സ്പെഷൽ ക്യൂ ഉണ്ട്. ആളൊന്നിന് 20 രൂപയാണ് നിരക്ക്. ഈ ക്ഷേത്രത്തിന് മുന്നിലായ് വലിയൊരു ഗോപുരമുണ്ട്. തമിഴ്നാടിൻ്റെ തനതായ ശൈലിയിൽ നിർമ്മിതമായ ഗോപുരം.


ഇനി അൽപം ചരിത്രമാകാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിതമായ ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. സംഘ കാലത്ത് നിർമ്മിതമായത്. തൈപ്പൂയ മഹോൽസവദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഇവിടെ വളരെ തെരക്കായിരിക്കും.


ക്ഷേത്രത്തിൻ്റെ തെക്ക് വശത്തായി പാമ്പാട്ടി സിദ്ധർ കോവിൽ സ്ഥിതി ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും, 18 സിദ്ധരിൽ ഒരാളുമായ മഹർഷിയായിരുന്നു പാമ്പാട്ടി സിദ്ധർ. അക്കാലത്ത് അദ്ദേഹം ഈ കൊടും വനത്തിൽ തപസിരുന്നെന്നും, മുരുകൻ ഒരു സർപ്പത്തിൻ്റെ രൂപത്തിൽ അവിടെ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നുമാണ് വിശ്വാസം.

നല്ല ഭംഗിയുള്ള ക്ഷേത്രമാണ്. നല്ല തണുത്ത കാറ്റ്. വളരെ പീസ്ഫുളായ അന്തരീക്ഷം.

Location:

Nearest Town: Coimbatore 15kms

1 comment: