Monday, February 21, 2022

ധനുഷ്കോടിയിലൂടെ

(രാമേശ്വര യാത്ര: ഭാഗം 2)


20.09.2018 വ്യാഴം

രാമേശ്വരത്തെത്തുന്ന ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ധനുഷ് കോടി കാണണമെന്നത്. ഒറ്റൊരു രാത്രി കൊണ്ട് ഒരു പ്രേത നഗരമായി മാറിയ സ്ഥലം. വീശിയടിച്ച ചുഴലിക്കാറ്റിനും, അതിനോടനുബന്ധിച്ചുണ്ടായ ഭീമൻ തിരമാലകൾക്കും ഒരു ജനതയെത്തന്നെ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റാൻ സാധിച്ചു എന്ന തിരിച്ചറിവ് കൂടെയാണത്.

ഞങ്ങൾ ധനുഷ്കോടിയിലേക്ക് യാത്ര തുടങ്ങുകയാണ്. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്താണ് റൂമെടുത്തിരിക്കുന്നത്.

രാമേശ്വരത്തു നിന്നും 22 കിലോമീറ്ററുണ്ട് ധനുഷ്കോടിയിലേക്ക്. അധികം വളവും തിരിവൊന്നുമില്ലാത്ത നല്ല റോഡ്.

1964 ഡിസംബർ വരെ വളരെ പ്രതാപത്തോടെ നിലനിന്നിരുന്ന ഒരു പട്ടണമായിരുന്നു ധനുഷ്കോടി. ഡിസംബർ 22 രാത്രിയോടെ വീശിയടിച്ച കാറ്റിൽ അതൊരു പ്രേതനഗരമായ് മാറുകയായിരുന്നു.

സിലോണിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ഭരണകാലത്താണ് ധനുഷ് കോടി വരെയുള്ള റയിൽവേ നിർമ്മിക്കപ്പെട്ടത്.അപ്രകാരം അവിടെ ഒരു ഹാർബർ രൂപപ്പെട്ടതുകൊണ്ടാകാം, അവിടം വളരെ വേഗം ഒരു പട്ടണമായ് മാറിയത്.


ഇന്ത്യയുടെ കിഴക്ക് ഭാഗത്ത്, ശ്രിലങ്കക്ക് നേരെ ഒരു ചൂണ്ടുവിരൽ പോലെ നിൽക്കുന്ന ഒരു തിട്ടയിലൂടെയാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ധനുഷ് കോടിയും കഴിഞ്ഞ്, അരിച്ചാൽ മുനൈവരെ നീണ്ടു കിടക്കുന്ന റോഡാണ്.

മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ കഴിഞ്ഞിരുന്ന ഒരു ജനസമൂഹം തന്നെയായിരുന്നു അന്നവിടെയുണ്ടായിരുന്നത്. അന്നത്തെ കാലത്ത്, രാമേശ്വരത്തേക്കാൾ പുരോഗതി ധനുഷ്കോടിക്കായിരുന്നുവെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്.


അരിച്ചാൽ മുനൈ:

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെയും ബംഗാൾ ഉൾക്കടലിൻ്റെയും സംഗമസ്ഥാനമാണിത്. വലത് വശത്ത് ഇന്ത്യൻ മഹാസമുദ്രം തിരമാലകളാൽ ഭീകരമാണ്.


എന്നാൽ,ഇടതു വശത്ത് ബംഗാൾ ഉൾക്കടൽ വളരെ ശാന്ത രൂപിയായാണ് കാണപ്പെടുന്നത്.

അതു കൊണ്ട് തന്നെ, ഇന്ത്യൻ മഹാസമുദ്രത്തെ ഉഗ്രരൂപിയായ പരമശിവനായും, ബംഗാൾ ഉൾക്കടലിനെ ശാന്ത സ്വരൂപിയിയ പാർവ്വതി ദേവിയായും ഇവിടെ കണക്കാക്കപ്പെടുന്നു.

എന്നാൽ, അന്ന് വീശിയടിച്ച കാറ്റ്, ബംഗാൾ ഉൾക്കടലിൻ്റെ ഭാഗത്തു നിന്നായിരുന്നുവെന്ന കാര്യവും ഇവിടെ ഓർമ്മിപ്പിക്കട്ടെ.


രണ്ടിനെയും വേർതിരിച്ചു കൊണ്ട് ഒരു മണൽതിട്ട കാണുന്നുണ്ട്. ലങ്കയിലേക്ക് പണ്ട് ശ്രീരാമൻ്റെ സേന നിർമ്മിച്ച പാലത്തിൻ്റെ അവശേഷിക്കുന്ന ഭാഗങ്ങളാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് 22 കിലോമീറ്റർ മാത്രമേ ദൂരമുള്ളു.

ബംഗാൾ ഉൾക്കടലിൻ്റെ ഭാഗമാണ് മുന്നിൽ. നല്ല തെളിഞ്ഞ ജലമാണ്. ഞങ്ങളുടെ കൂടെയുള്ള കുട്ടികൾക്ക് ഇത് ആഘോഷത്തിൻ്റെ നിമിഷങ്ങളാണ്. അവരവിടെ ജല ക്രീഢകൾ നടത്തിക്കൊണ്ടുല്ലസിക്കുന്നത് കാണുന്നതു തന്നെ വളരെ രസമാണ്.



ഭൗമ പ്രതിഭാസങ്ങൾക്ക് വളരെ സാധ്യതയുള്ള പ്രദേശമായാണിവിടം കണക്കാക്കപ്പെടുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പഠനങ്ങൾ പ്രകാരം, മാന്നാർ തീരത്തേക്ക് നീണ്ട് കിടക്കുന്ന ഭാഗം, 1948-49 കാലഘട്ടത്തിൽ ഭൂമിയുടെ വെർട്ടിക്കൽ ടെക്ടോണിക് മൂവ്മെൻ്റിൻ്റെ കാരണത്താൽ 5 മീറ്ററോളം കടലിൽ താഴ്ന്ന് പോയിരിക്കുന്നു. തെക്ക് ഭാഗത്തെ ഏകദേശം 7 കിലോമീറ്ററോളം കടൽ തീരം അര കിലോമീറ്ററോളം ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിപ്പോയിരിക്കുന്നു.

വൈകുന്നേരം 6 മണിക്ക് ശേഷം സഞ്ചാരികളെ ഇവിടെ നിൽക്കാൻ അനുവദിക്കുകയില്ല. സന്ധ്യയോടെ കാലാവസ്ഥ മാറുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരുതരം നെഗറ്റീവ് എനർജി വ്യാപിക്കുന്ന പോലെ തോന്നുമത്രെ. കൂരിരുട്ട് നിറഞ്ഞ വിജന ഭൂമിയിൽ, തിരമാലകളുടെ ശബ്ദം പോലും മനസ്സിൽ ഭീതി നിറക്കുമത്രെ.

ധനുഷ്കോടി:

അരിച്ചാൽ മുനൈയിൽ കുറേ നേരം ചെലവഴിച്ചതിന് ശേഷം, ഞങ്ങൾ ധനുഷ്കോടിയിലെത്തിയിരിക്കുന്നു.


ഒരു കാലത്ത് വിശ്വാസികൾ മുട്ടിപ്പായ് പ്രാർത്ഥിച്ചിരുന്നൊരു ദേവാലയത്തിൻ്റെ ശേഷിപ്പുകളാണ് മുന്നിൽ. ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പലയിടത്തും കാണുന്നുണ്ട്.

ഇവിടെ ഒരു റെയിൽവേ സ്റ്റേഷനുണ്ടായിരുന്നു, ഒരു പോസ്റ്റോഫിസുണ്ടായിരുന്നു, ഒരു ഹാർബറുണ്ടായിരുന്നു. അവിടെയെല്ലാം ജോലി ചെയ്തിരുന്ന ജനങ്ങളും, അതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന മറ്റ് ജോലിക്കാരുമുണ്ടായിരുന്നു. അവരങ്ങനെ സന്തോഷത്തോടെ ജീവിക്കുന്ന തെരക്കുള്ള നഗരത്തിൻ്റെ കാഴ്ചകൾ എനിക്കെൻ്റെ മനക്കണ്ണിൽ കാണാൻ സാധിക്കുന്നുണ്ട്.


കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നല്ലൊ. 1964 ഡിസംബർ 17ന് ദക്ഷിണ ആൻഡമാൻ കടലിലുണ്ടായ ന്യൂനമർദ്ദം, ഒരു ചുഴലിക്കാറ്റായ് രൂപാന്തരപ്പെടുകയും 22 ന് രാത്രിയോടെ ധനുഷ് കോടിയുടെ തീരത്തെത്തുകയുമായിരുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് 7 മീറ്ററോളം ഉയരത്തിലുള്ള ഭീമൻ തിരമാലകളാണ് സൃഷ്ടിച്ചത്.


ആ വർഷത്തെ ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്ന ഒരു ജനസമൂഹത്തിനു മുകളിലേക്ക്, കടലമ്മ, തൻ്റെ രാക്ഷസ തിരമാലകളാകുന്ന കരങ്ങളുയർത്തി പുണർന്നത്, 1800 ലധികം പേരുടെ മരണത്തിലാണ് ചെന്ന് നിന്നതെന്ന ദു:ഖസത്യം ഒരിക്കൽ കൂടെ ഓർമ്മിച്ചു കൊണ്ട്..... നിർത്തട്ടെ....!!



No comments:

Post a Comment