Sunday, March 20, 2022

അട്ടപ്പാടിയിലെ ഫാം ഹൗസിൽ ഒരു രാത്രി

അട്ടപ്പാടി; ഒരു ഓർമ്മ: Part 2



നരസി മുക്കിലെ കാഴ്ചകളെല്ലാം ആസ്വദിച്ചതിന് ശേഷം ഞങ്ങൾ ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകുകയാണ്. 'പുലിയപ്പതി' എന്ന സ്ഥലത്തെ ഒരു ട്രൈബൽ കോളനിക്കടുത്താണ് താമസം ബുക്ക് ചെയ്തിരിക്കുന്നത്.

വിശാലമായ പ്രദേശത്തിന് നടുവിൽ ഒറ്റപ്പെട്ടൊരു ഫാം ഹൗസ്. റോഡരികിൽ തന്നെയാണ്. വരുന്ന വഴിയിൽ, കുറച്ചകലെയായി ഒരു ട്രൈബൽ കോളനിയുണ്ട്. അത് മാറ്റി നിർത്തിയാൽ തീർത്തും വിജനമായൊരു സ്ഥലത്ത് തന്നെയാണ് ഇന്നത്തെ താമസം. എത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാലും ആർക്കും ശല്യമാവില്ല.

രണ്ട് മുറികളും, ഹാളും, കിച്ചണും, ടോയ്ലറ്റുമെല്ലാം ഉണ്ട്. മുകൾ ഭാഗം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞിരിക്കുന്നു. അധികം ഉയരമില്ലാത്ത കെട്ടിടം. ടൈൽ പാകിയ തറ. മുറ്റത്ത് തണൽ മരച്ചോട്ടിൽ ഒരു ഔട്ട് ഡോർ ഡൈനിംഗ് സെറ്റപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. പ്രകൃതിയെ ആസ്വദിച്ചു കൊണ്ട് ഇവിടെയിരുന്ന ഭക്ഷണം കഴിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. അതിനടുത്തായി, ഗ്രില്ലിംഗിനുള്ള സെറ്റപ്പുണ്ട്. ചിക്കനും, ചാർക്കോളുമെല്ലാം നമ്മൾ കൊണ്ട് വരണം. പാചകം ചെയ്യുന്നതിനുള്ള ഗ്രില്ലും മറ്റ് സജീകരണങ്ങളും ഇവിടെയുണ്ട്.

മൂന്ന് മണിയോടെയാണ് ഞങ്ങൾ ഇവിടെയെത്തിയത്. ചുറ്റും മലകളായതിനാലാകാം, ആകെ നിഴൽ വീണിരിക്കുന്നു. നല്ല കാലാവസ്ഥ.

തക്കാളി, കൃഷി ചെയ്യുന്നൊരു തോട്ടം ഇതിനടുത്തുണ്ട്. അതിനടുത്തൊരു പുൽതകിടിയും. ഈ സായന്തനം വേറിട്ട രീതിയിൽ ആസ്വദിക്കുന്നതിനായി ഞങ്ങൾ അവിടേക്ക് നടന്നു.


വിളവെടുപ്പിന് പാകമായ തക്കാളിപ്പഴങ്ങൾ. പഴുത്ത കായ്കൾ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്നു. വളരെയധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കൃഷിത്തോട്ടമാണ്. നനക്കൽ ഇപ്പോൾ കഴിഞ്ഞതേയുള്ളു. ദൂരെ മലഞ്ചെരുവിൽ കാളക്കൂറ്റൻമാർ ദ്വന്ദ്വയുദ്ധം ചെയ്യുന്നു. ആനയിറങ്ങുന്ന സ്ഥലങ്ങളാണ്. ചുറ്റും ഇലക്ട്രിക് ഫെൻസിംഗ് ചെയ്തിതിട്ടുണ്ട്.

കൊണ്ടു വന്നിട്ടുള്ള ചിക്കൻ, മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. ഗ്രിൽ ചെയ്യാൻ ഇനി കുറച്ച് നേരം  കഴിയണം. ഈ സമയം വെറുതെ കളയണ്ടല്ലൊ എന്ന് കരുതി, വണ്ടിയെടുത്ത് ഒന്ന് ചുറ്റാനിറങ്ങി. വിജനമായ റോഡ്. റോഡിനിരുവശവും വിശാലമായ നെല്ലിമരത്തോട്ടങ്ങളാണ്. അതിൻ്റെ ശിഖരങ്ങൾ നിറയെ, വലിയ വലിയ ഉണ്ടനെല്ലിക്കകൾ കായ്ച് നിൽക്കുന്നു. അവിടവിടെയായി കൂവളമരങ്ങളും കാഞ്ഞിരമരങ്ങളും കാണാം. കുറച്ച് കൂടെ പോയതോടെ, ദേശവാസികളുടെ ഊര് ക്ഷേത്രങ്ങൾ കാണാറായി. വലിയ ആൽമരവും അതിന് താഴെയായ് ദൈവ സങ്കൽപ്പങ്ങളെ പ്രതിനിധീകരിക്കുന്ന കൽ പ്രദിഷ്ഠകളും കാണാം. അതിനടുത്തായി കുത്തി നാട്ടിയ ശൂലങ്ങൾ.

സന്ധ്യയാകാറായെന്നും, വീടണയാറായെന്നും ഓർമ്മിപ്പിക്കുന്ന മട്ടിൽ, ആടുകളെയും തെളിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന ഇടയന്മാർ. അവരെ സഹായിക്കാനെന്നോണം അനുഗമിക്കുന്ന ശ്വാന കിങ്കരന്മാർ. ആടുകളെ അനുസരണയോടെ നടത്തുന്നത് ഈ ശ്വാനന്മാരാണെന്ന് തോന്നിപ്പോകും. അന്നന്നത്തെ അന്നമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന നിസ്വാർത്ഥ സേവനം. അസ്തമനത്തിന് തയ്യാറായ് നിൽക്കുന്ന സൂര്യനാണ് പശ്ചാത്തലത്തിൽ. കാൽപ്പനിക ഭാവത്തോടെ ആസ്വദിക്കാവുന്ന കാഴ്ചകൾ തന്നെ.


-----------

24.12.2020

പിറ്റേന്ന് രാവിലെ. നല്ല തണുപ്പുണ്ട്. ചെറിയൊരു മൂടൽമഞ്ഞും. ഫാം ഹൗസിനടുത്തുള്ള ചെറിയ ഷെഡിൽ, ഫാം കീപ്പറും ഭാര്യയും താമസിക്കുന്നുണ്ട്. അയാൾ പശുവിനെ കറക്കുകയാണ്. ഞാൻ അങ്ങോട്ട് ചെന്നു. നല്ല പശുക്കൾ. പച്ചപ്പുല്ലുകൾ യഥേഷ്ടം തിന്ന് നടക്കുന്നതു കൊണ്ടാകാം, പാലിന് നല്ല കട്ടിയുണ്ട്. കുറച്ച് പാൽ ഇന്നലെ അയാൾ ഞങ്ങൾക്ക് തന്നിരുന്നു.


താമസസ്ഥലത്തു നിന്നും കുറച്ച് നടന്നാൽ അവിടെ ഒരു ട്രൈബൽ കോളനിയുണ്ട്. ഈ കൊച്ചു തണുപ്പത്ത് ഇതിലൂടെയിങ്ങനെ നടക്കുകയെന്നത് ബഹുരസം തന്നെയാണ്. വൈദ്യുത വേലിയിൽ നിന്ന് ചെറിയ പൊട്ടിപ്പെരിയൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. മഞ്ഞ് തുള്ളികൾ ഇറ്റുമ്പോളുണ്ടാകുന്ന ഇലക്ട്രിക് സ്പാർക്കിംഗിൻ്റെ ശബ്ദമാണ്.


വലതു വശത്തായി, ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയൊരു ഷെഡുണ്ട്. വീട് തന്നെയാണ്. ശിവ എന്ന സ്ത്രീയും പേരക്കുട്ടിയുമാണ് അവിടെ താമസിക്കുന്നത്. വെൻ്റിലേഷൻ വളരെ കുറവാണെന്ന് തോന്നിക്കുന്ന ജനലുകളും വാതിലും. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ. വയറിംഗ് ചെയ്തിട്ടുണ്ടെങ്കിലും കറൻ്റ് കണക്ഷൻ കിട്ടിയിട്ടില്ല. ഇതിനടുത്തൊരു വെള്ളക്കെട്ടുണ്ട്. അവിടേക്ക് വെള്ളം കുടിക്കാനായി ആനകൾ വരാറുണ്ടെന്നാണറിഞ്ഞത്. അതു കൊണ്ട് തന്നെ, ശിവയും പേരക്കുട്ടിയും രാത്രി ഇവിടെ താമസിക്കാറില്ല. അകലെയുള്ള കോളനിയിൽ ഇവരുടെ ബന്ധുവിൻ്റെ വീടുണ്ട്. രാത്രി അവിടെയാണ് താമസം.


നടന്ന് നടന്ന് കോളനിക്ക് മുന്നിലെത്തി. അടുത്തടുത്തായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ചെറു വീടുകൾ. നായ്ക്കളും അങ്കക്കോഴികളും ആടുകളുമെല്ലാം കുടുംബത്തിൻ്റെ ഭാഗങ്ങൾ തന്നെയാണെന്ന് തോന്നും. അവിടൊരാൾ, കന്നുകാലികളെ പൂട്ടി നിലം ഉഴുതു കൊണ്ടിരിക്കുകയാണ്.  ചില പ്രത്യേക ശബ്ദങ്ങൾ കൊണ്ട് അയാൾ അവയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നല്ല അനുസരണയുള്ള കന്നുകൾ. അൽപ്പം മുമ്പ് ഞങ്ങളെ കടന്ന് പോയ വ്യക്തിയും അയാളുടെ കാലികളുമാണ്.

ഒന്നോ രണ്ടോ ദിവസങ്ങൾ ഇവിടെ ചെലവഴിക്കാൻ, ടൂറിസ്റ്റുകളായി വരുന്ന നമുക്ക് ഇവിടത്തെ താമസം, മനം കുളിർപ്പിക്കുന്ന അനുഭവങ്ങൾ തന്നെയായിരിക്കും. എന്നാൽ ഇവിടെ സ്ഥിരതാമസക്കാരായ ശിവയെപ്പോലുള്ളവർക്ക്, ഇവിടത്തെ ജീവിതം വലിയ ദുരിതങ്ങൾ നിറഞ്ഞത് തന്നെയാണ്. ആനകളോടും, പന്നികളോടും മറ്റ് കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഓരോ ദിവസങ്ങൾ തള്ളി നീക്കുകയാണെന്ന് വേണം കരുതാൻ.

പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ ഈ ഫാം ഹൗസിനോട് വിട പറയുകയാണ്. ഇന്നിനി അട്ടപ്പാടിയുടെ കുറേ സ്ഥലങ്ങൾ കാണണം. അധികം യാത്രികർ സഞ്ചരിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ തേടിയുള്ള യാത്രയാണ്. നല്ലശിങ്കയിലെ കാറ്റാടി യന്ത്രങ്ങളും പൊലീസ് സ്റ്റേഷനു വേണ്ടി നിർമ്മിച്ച സെറ്റും കാണണം. വെച്ചപ്പതിയുടെ വശ്യതയും മാരണട്ടി വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യവും കാണാനുണ്ട്. അതിൻ്റെയെല്ലാം വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്.


(തുടരും....)

Attapadi part 3 press here

No comments:

Post a Comment