Friday, November 12, 2010

മനം മയക്കും മോയാർ ഫാൾസ്



മുതുമല ഊട്ടി റോഡിലെ "മസിനഗുഡി" എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞുള്ള റോഡിലൂടെ കുറച്ചു ദൂരം ചെന്നാൽ മോയാർ വെള്ളച്ചാട്ടത്തിനടുത്തെത്താം. സഞ്ചാരികൾ അധികമൊന്നും എത്തിപ്പെടാനിടയില്ലാത്തൊരു സ്ഥലം. പക്ഷെ സുന്ദരമായൊരു കാഴ്ച്ചതന്നെയാണത്.



അവിടടുത്തൊരു ചെക്ക് ഡാമുണ്ട്. ഭവാനിപ്പുഴയുടെ കൈവരിയായ മോയാർ നദിയെ ഇവിടെ തടഞ്ഞുവച്ചിരിക്കുന്നു. കേവലമൊരു തോടുപോലെ ഒഴുകിയെത്തുന്ന നദി, ഒരു ബണ്ടിനാൽ തടഞ്ഞുനിർത്തിയത്, നിറഞ്ഞൊഴുകി ഡാമിന്റെ റിസെർവോയറിൽ ചെന്നു ചേരുന്നു.



കുറച്ചുകൂടെ മുന്നോട്ട് നടന്നാൽ, അവിടെയുമുണ്ട് വിജനമായ മേച്ചിൽപ്പുറങ്ങൾ. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ. മരുഭൂമി സമാനമായ വെയിൽ. മൊട്ടക്കുന്നുകളിൽ അവിടവിടെ ഒറ്റപ്പെട്ടു കാണുന്ന തണൽ മരങ്ങൾ. നിറയെ കായ്ച്ചു നിൽക്കുന്ന പുളിമരങ്ങൾ. അവക്ക് കീഴിൽ വിശ്രമിക്കുന്ന ഇടയന്മാർ. കുറേ കൂടെ നടന്നാൽ ഒരു വ്യൂ പൂയിന്റിലെത്താം.

നടന്നുചെന്ന സമതലമായ വഴി, പെട്ടെന്ന് അഘാതമായൊരു ഗർത്തമായി മാറിയിരിക്കുന്നു. താഴെ, വൻ മരങ്ങൾപോലും കുറ്റിച്ചെടികൾപോലെയാണു കാണുന്നത്. സിനിമകളുടെ ഗാന ചിത്രീകരണത്തിനെന്നോണം, നിർമ്മിച്ചു വച്ചിരിക്കുന്ന കൽ ബെഞ്ചുകൾ. അങ്ങകലെ രണ്ടു കുന്നുകൾകൂടെ കാണാം. അവക്കിടയിലൂടെ മോയാർ നദി പാൽപ്പുഴപോലെ താഴേക്കു പതിക്കുന്നു.



അഘാതമായ കൊക്കയുടെ വക്കിലൂടെയുള്ള ഒറ്റയടിപ്പാത. അതിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. തദ്ദേശ വാസികൾ സ്ഥിരമായി നടക്കുന്ന വഴിയാണതെന്ന്, കണ്ടാലറിയാം. യുവത്വത്തിന്റെ ആവേശമൊന്നു മാത്രമാണു ഞങ്ങൾക്ക്‌ അന്നതിലൂടെ നടക്കാൻ പ്രേരണ നൽകിയത്‌.

മോയാർ പുഴയുടെ കരയിലെത്തിയിരിക്കുന്നു. അടുത്തെത്തുമ്പോഴാണു പുഴയുടെ യധാർത്ഥരൂപം മനസ്സിലാകുന്നത്. നല്ല ഒഴുക്കുണ്ട്. അവിടെയുള്ള വലിയൊരു പാറക്കല്ലിന്റെ മുനമ്പിൽ നിന്ന് താഴേക്കു നോക്കുമ്പോഴാണ്, ഭയാനകമായൊരു വെള്ളച്ചാട്ടം തന്നെയാണതെന്ന് മനസിലാകുന്നത്. കല്ലുകളെല്ലാം പായൽ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല വഴുക്കലുണ്ട്.



ഒരുകാലത്ത് വീരപ്പൻ വിഹരിച്ചിരുന്ന പ്രദേശങ്ങളാണിതെല്ലാം. അദ്ദേഹം ഇടക്കെല്ലാം പ്രാർഥിക്കുന്നതിനായി വന്നിരുന്നുവെന്നു പറയപ്പെടുന്ന ഒരു കോവിലുണ്ടിവിടെ. "ചിക്കമ്മൻ കോവിൽ". വീരപ്പൻ തന്നെയാണ്‌ ഈ കോവിൽ പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു. വീരപ്പന്റെ പ്രധാന ഒളിസങ്കേതമായിരുന്ന സത്യമംഗലം കാടുകളിലേക്ക് ഇവിടെനിന്ന് അധികം ദൂരമില്ല.





(ചിത്രങ്ങളെല്ലാം ഇന്റെർനെറ്റിൽനിന്നും ഒപ്പിച്ചതാണു )

No comments:

Post a Comment