Sunday, November 21, 2010

ഇങ്ങനെയും ഒരു ദിവസം

ഇന്ന് DMO Office- ല്‍ പോയിരുന്നു. പതിവില്‍ കവിഞ്ഞ സംഭവ വികാസങ്ങളൊന്നും ഇന്നും സംഭവിച്ചില്ല. എങ്ങനെ സംഭവിക്കും, കയറില്ലാതെ കെട്ടിയിട്ടപോലെ ഒരു ബെഞ്ചില്‍ ചടഞ്ഞിരിക്കുന്നവനു എന്ത് സംഭവ വികാസങ്ങളാണുണ്ടാകുക !

രാവിലെ മുതല്‍ വൈകുന്നേരം വരെ- അതാണവിടുത്തെ കണക്ക്. എന്ത് കാര്യത്തിനു ചെന്നാലും 5 മണിയുടെ മൂട്ടിലായിരിക്കും സാധിച്ചു കിട്ടുക, അതും മഹാഭാഗ്യമുള്ളവന് മാത്രം. അല്ലാത്തവര്‍ തിരിഞ്ഞു നടക്കുക, വേറൊരു ദിവസം വീണ്ടും വരുന്നതിനായി! അന്നെങ്കിലും ........ !?!?

അവിടെ വരാന്തയില്‍ ഒരു ബെഞ്ചുണ്ട് . വാർദ്ധക്യത്തിന്റെ കഷ്ടതകളില്‍ വീര്‍പ്പുമുട്ടുന്ന ഒരു പാവം ബെഞ്ച്‌.

അവിടെ ചെല്ലുമ്പോള്‍ ആദ്യം ചെയ്യേണ്ടത്, അതിലൊരു  സ്ഥലം ബുക്ക് ചെയ്യുകയാണ്. അല്ലെങ്ങില്‍ ഒരു പക്ഷെ നില്‍ക്കേണ്ടി വരും; വൈകുന്നേരം വരെ!

ഇരുന്നിരുന്നു ആസനം ചൂടാകുമ്പോള്‍ വല്ലവരും എഴുന്നേറ്റാല്‍, ഭാഗ്യമുണ്ടെങ്കിൽ നിങ്ങള്‍ക്കവിടെ ഇരിക്കാം. ഇങ്ങനെ ചൂടായി കരിഞ്ഞതാണോ എന്നറിയില്ല, ആ ബെഞ്ചിന്റെ ഒരു തല അല്പം കത്തിക്കരിഞ്ഞിട്ടുണ്ട്. ഇത് സത്യമെങ്കില്‍.......അവന്റെ ആസനത്തിന്റെ സ്ഥിതി എന്തായിരിക്കും !ആലോചിക്കുക ........

GIS അപ്ളിക്കേഷൻ ശരിയാക്കുന്നതിനു വേണ്ടിയാണ് ഞാനിന്നവിടെ പോയത്. കൂടെ ഡോ: ഗോപകുമാറും.

പതിവുകളൊന്നും തെറ്റാതെ സൂക്ഷിക്കാന്‍ ഓഫീസിലെ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഫയലുകള്‍ സെക്ഷനില്‍നിന്നും സെക്ഷനിലേക്ക് നീങ്ങുന്നത്‌ കാണുമ്പോള്‍, 'ഫയലുകള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍' എന്ന് ആരും ആത്മാര്‍ഥതയോടെ ആശിച്ചുപോകും!

അവിടെ ഫയലുകള്‍ റെസ്റ്റെടുക്കുന്നു ; ഇവിടെ മനസ്സുകള്‍ ബോറടിക്കുന്നു! ഇത്തരം ഇടവേളകള്‍ ആനന്ദകരമാക്കാന്‍ പുതിയ വല്ല കളികളും ഇമ്പ്ലിമെന്റ് ചെയ്യുന്നത് നന്നായിരിക്കും. അതുകൊണ്ട് ഞങ്ങള്‍ നാട്ടുവര്‍ത്തമാനം പറഞ്ഞു സമയം കൊല്ലാന്‍ തീരുമാനിച്ചു.

അല്‍പ്പനേരം കാതോർത്തിരുന്നാൽ , പലരും പലപ്പോഴായി ആ പേര് നീട്ടി വിളിക്കുന്നത്‌ കേള്‍ക്കാം - അനീഷ്‌. മലപ്പുറം ജില്ലയിലെ എല്ലാ ആയുര്‍വേദ മെടിക്കലോഫീസർമാരുടെയും കാര്യങ്ങള്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. എത്രയെത്ര കാര്യങ്ങളാണ് ആ കുഞ്ഞു തലയിലൂടെ മിന്നി മാഞ്ഞുകൊണ്ടിരിക്കുന്നത്! എല്ലാവർക്കും വേണം അനീഷിനെ; എല്ലാത്തിനും വേണം അനീഷിനെ! ഭയങ്കരന്‍ തന്നെ!!! അതോ .....സ്വന്തം ജോലി കൃത്യ നേരത്ത് ചയ്തു തീർക്കാത്തതാകുമോ -എല്ലാവരും അയാളെ വീണ്ടും വീണ്ടും വിളിക്കുന്നു. ആരോട് ചോദിക്കാന്‍ ......അനുഭവിക്കുകതന്നെ!

ഓരോരുത്തരും അവരവരുടെ OP വിശേഷങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്. ധാരാളം രോഗികള്‍ വരുന്നു എന്ന പരിഭവമാണ് ചിലര്‍ക്കെങ്കില്‍, അഡീഷണൽ ഡ്യുട്ടിയുടെ അധിക ഭാരമായിരുന്നു മറ്റു ചിലര്‍ക്ക്. രോഗികളെ; നിങ്ങളെങ്കിലും  മനസ്സിലാക്കുക, ഒരു ഡോക്ടറുടെ കഷ്ടപ്പാടുകള്‍.

9 മണിക്ക് ഡിസ്പെൻസറിയിലെത്താൻ, 5 മണിക്കുതന്നെ ചൂട്ടും കത്തിചിറങ്ങുന്ന ഡോക്ടറുടെ ആത്മാര്‍ഥത എത്ര പ്രശംസിച്ചാലും മതിവരില്ല. എന്നിട്ടും, ഡോക്ടറുടെ വിവരം പരീക്ഷിക്കുന്ന രീതിയില്‍ എന്തിനാണിങ്ങനെ കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത്? പുറകില്‍ നൂറു നൂറ്റന്പതു പേര്‍ വരിക്കു നില്‍ക്കുന്നത്, രോഗികളെ നിങ്ങള്‍ കാണുന്നില്ലേ? ഡിസ്പെൻസറിയിലുളള  മരുന്നുകള്‍ക്കനുസരിച്ച ഒരു രോഗം നിങ്ങളില്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കണോ, അതോ നിങ്ങള്‍ പറയുന്നതിനനുസരിച്ച് ഒരു രോഗ നിർണ്ണയത്തിലെത്താൻ ഞങ്ങള്‍ ശ്രമിക്കണോ? എന്തിനാണ് രോഗികളെ, നിങ്ങള്‍ അസുഖത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചു ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്? ഞങ്ങളെ കഷ്ടതിലാക്കുന്നത്?

നിങ്ങളുടെ കാറ് കേടാണോ; അതില്‍ നിങ്ങൾക്ക് മനപ്രയാസമുണ്ടോ; വിഷമിക്കണ്ട വേഗംതന്നെ ഒരു കാർഡിയോൾജിസ്റ്റിനെ ചെന്ന് കാണൂ.... ; മനപ്രയാസത്തിനു സൈക്കൊളജിസ്റ്റല്ലേ നല്ലത്? നോ .....നോ... നോ....സൈക്കിള് കേടാകുമ്പോളാ ണ് സൈക്കോളജിസ്റ്റിനെ കാണേണ്ടത്. ഇതിലും നല്ലൊരു ഉപദേശം നല്‍കാന്‍ ഏതൊരു വൈദ്യന് സാധിക്കും? ഇങ്ങനെ പുരോഗമിച്ചിരിക്കുന്നു നമ്മുടെ വിവരം; അതോ മനപൂര്‍വം പറയുന്നതാകുമോ?

ജനലിനിടയിലൂടെ ഇടക്കെപ്പോഴോ ഒന്ന് എത്തി നോക്കി. അത്ഭുതം, ഫയല്‍ കാണാനില്ല! യെസ്.......അടുത്ത സെക്ഷനിലേക്ക് നീങ്ങിയിരിക്കുന്നു. ഒരു നിമിഷം എല്ലാവരും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. "ഹാവൂ ......" ചില ആശ്വാസ നിശ്വാസങ്ങള്‍. കഴിഞ്ഞില്ല, ഫയലുകള്‍ക്ക് ഇനിയും ഒരുപാടു മേശപ്പുറത്തേക്ക് സോമർസാൾട്ടു ചെയ്യാനുണ്ട്.

കാത്തിരിക്കുകതന്നെ........ഓരോ ടാബിളില്‍നിന്നും ഫയലുകള്‍ നീങ്ങുമ്പോളും നിശ്വാസങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഒരുപാട് മണിക്കൂറുകള്‍ ഏറ്റു വാങ്ങാന്‍ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി!

6 comments:

  1. ellaa sarkkaar sthaapanangalum ethand ingane okke thanneyaanaliya..........

    ReplyDelete
  2. അവിടെ ഫയലുകള്‍ രെസ്റ്റെടുക്കുന്നു; ഇവിടെ മനസ്സുകള്‍ ബോറടിക്കുന്നു! ഇത്തരം ഇടവേളകള്‍ ആനന്ദകരമാക്കാന്‍ പുതിയ വല്ല കളികളും ഇമ്പ്ലിമെന്റ് ചെയ്യുന്നത് നന്നായിരിക്കും.


    ഓരോ ടാബിളില്‍നിന്നും ഫയലുകള്‍ നീങ്ങുമ്പോളും നിശ്വാസങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഒരുപാട് മണിക്കൂറുകള്‍ ഏറ്റു വാങ്ങാന്‍ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി!

    vishamikkanda.....inganeyokkethanneyaanu jeevitham !

    ReplyDelete
  3. ഡിസ്പെന്സരിയിലുള്ള മരുന്നുകള്‍ക്കനുസരിച്ച ഒരു രോഗം നിങ്ങളില്‍ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കണോ, അതോ നിങ്ങള്‍ പറയുന്നതിനനുസരിച്ച് ഒരു രോഗനിര്ന്നയതിലെതാന്‍ ഞങ്ങള്‍ ശ്രമിക്കണോ?


    ishtappettu.....write more

    ReplyDelete
  4. ഇരുന്നിരുന്നു ആസനം ചൂടാകുമ്പോള്‍ വല്ലവരും എഴുന്നേറ്റാല്‍, ഭാഗ്യമുന്ടെന്ഗില്‍ നിങ്ങള്‍ക്കവിടെ ഇരിക്കാം.




    hi.....hi.....heeeeeeeee

    ReplyDelete
  5. ഹാ....ഹാ....ഹാ gooddddddddddddddddddddd.let see

    ReplyDelete
  6. ( ഇതു 2010 ലെ കഥയാണ്‌ . DMO ഓഫീസ് ഒരുപാട് മാറിയിരിക്കുന്നു , ജീവനക്കാരും.

    ഇന്നു കാര്യങ്ങളെല്ലാം വളരെ ഫാസ്റ്റാണു. കഴിയുന്നത്ത്ര നേരത്തെതന്നെ കാര്യങ്ങൾ നടക്കുന്നു.

    സംശയങ്ങൾ എപ്പോൾ ചോദിച്ചാലും പെട്ടെന്നുതന്നെ പ്രതിവിധി ഉണ്ടാക്കി ത്തരുന്ന ഹംസ സാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.)

    ReplyDelete