Tuesday, December 15, 2015

ദിവ്യ ദർശനം

(ശബരിമല ഭാഗം 6)

ശരണ വഴികളിലൂടെ:
അയ്യപ്പ ദർശനമെന്ന സുന്ദര സ്വപ്നം മനസിൽ പേറിക്കൊണ്ട് ഒരിക്കൽ കൂടെ മല കയറുകയാണ്. നേരം പുലർച്ചെ മൂന്നര കഴിഞ്ഞിരിക്കുന്നു. നെയ്യഭിഷേകത്തിന്റെ സമയമാകുമ്പോഴേക്കും സന്നിധാനത്തെത്തണമെന്ന ചിന്ത മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ.


ചെറിയൊരു മഴച്ചാറലുണ്ട്. സന്നിധാനം ലക്ഷ്യമാക്കി സ്വാമിമാരുടെ ഒഴുക്കുതന്നെയാണ്. ഇടതടവില്ലാത്ത ശരണ മന്ത്രങ്ങളോടെ മല കയറുന്ന ഭക്തരുടെ കൂടെ, യാന്ത്രികമായൊരു ഭാവത്തോടെ എന്റെ കാലുകളും പ്രവർത്തിക്കുകയാണെന്നു തോന്നി. അധികം വൈകാതെത്തന്നെ ഞാൻ സന്നിധാനത്തെത്തി.

സന്നിധാനം: 
അയ്യപ്പ സന്നിധിക്ക് മുന്നിലായി വളരെ നീളത്തിൽ വിശാലമായൊരു പന്തലുണ്ട്. ദർശനത്തിനെത്തുന്ന സ്വാമിമാർ ക്ഷമയോടെ കാത്തുനിൽക്കുന്ന വരികളാണവിടെ. വരികൾ കൈവരികെട്ടി വേർതിരിച്ചിരിക്കുന്നു.

അവിടം പിന്നിട്ട് കുറച്ചു പടികൾ കയറി ഞാനിപ്പോൾ സമതലമായൊരു സ്ഥലത്തെത്തിയിരിക്കുന്നു. നേരെ മുന്നിൽ കാണുന്നതാണ് സ്വർണ്ണ കവചിതമായ പുണ്യ "പതിനെട്ടാം പടി". തോക്കുകളുമായി, ജാഗരൂകരായ് നോക്കിനിൽക്കുന്ന പട്ടാളക്കാരെയും, കർമ്മ നിരതരായ പൊലീസുകാരെയും അവിടെക്കാണുന്നുണ്ട്. ഈ ഭാഗമെല്ലാം ഇപ്പോൾ അവരുടെ നിയന്ത്രണത്തിലാണ്.

പതിനെട്ടാം പടി വരെയുള്ള വഴി ലോഹ നിർമ്മിത കൈവരികളാൽ വേർതിരിച്ചിരിക്കുന്നു. അതിന്റെ ഇടതു വശത്ത് കാണുന്നത് പ്രസാദ കൗണ്ടറാണ്. അരവണയും, അപ്പവും, നെയ്യുമെല്ലാം ഇവിടെനിന്നും വിതരണം ചെയ്യുന്നു.

അവിടെ പ്രസാദ കൗണ്ടറിനു മുന്നിലായി ആളിക്കത്തുന്നൊരു തീക്കുണ്ഡം കാണുന്നുണ്ട്; ഹോമകുണ്ഡം അഥവാ കർപ്പൂരാഴി. അയ്യപ്പ ഭകതന്മാർ, ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിൽനിന്നും നെയ്യെടുത്ത ശേഷം, ഒരു കഷ്ണമെങ്കിലും ഇവിടെ അർപ്പിക്കുന്നു. അപ്രകാരം വളരെ ഉയരത്തിൽ ആളിക്കത്തുന്ന തീജ്വാല, സന്നിധാനത്തിന് ഒരു പ്രത്യേക ശോഭ തന്നെ പ്രധാനം ചെയ്യുന്നു. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷ നേടാൻ വേണ്ടിയോ, കൊടും തണുപ്പിൽനിന്നും മുക്തി നേടാനായൊ പുരാതന സ്വാമിമാർ തുടങ്ങിവച്ച യുക്തി പിന്നീടൊരു ആചാരമായതുമാകാം.

മുന്നിൽക്കാണുന്ന പതിനെട്ടാം പടി കയറിയാൽ ദേവ സന്നിധിയെത്തി. കോട്ട തീർത്ത പോലെ ചുറ്റപ്പെട്ട ഉയരമുള്ള കുന്നുകൾക്ക് നടുവിൽ സുന്ദരമായൊരു ക്ഷേത്രം !

തലയിൽ ഇരുമുടിക്കെട്ടില്ലാത്തതിനാൽ പതിനെട്ടാം പടി വഴി കയറാൻ സാധിക്കില്ല. ദേവ സന്നിധിയിൽ ഇപ്പോൾത്തന്നെ നല്ല തിരക്കുണ്ട്. എങ്കിലും, ദേവസ്വത്തിന്റെ തിരിച്ചറിയൽ കാർഡുള്ളതിനാൽ, പെട്ടെന്നുതന്നെ അയ്യപ്പ ദർശനത്തിനുള്ള വഴിയൊത്തു.

പശ്ചിമ ഘട്ടത്തിന്റെ പച്ചപ്പും, കോടമഞ്ഞിന്റെ പുകമറയും, വൃശ്ചികത്തിന്റെ കൊടും തണുപ്പും ചേർന്നതാണ്‌ ശബരിമലയുടെ സൗന്ദര്യം. കറുപ്പുടുത്ത അയ്യപ്പന്മാരും, ശരണമന്ത്ര പൂരിതമായ അന്തരീക്ഷവും ഈ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

മഞ്ഞ ലോഹത്തിൻ പുതപ്പണിഞ്ഞു നിൽക്കുന്ന ക്ഷേത്രം! നേരം വെളുക്കുന്നതോടെ, പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ്, സ്വയം ശോഭിക്കുന്ന ശ്രീകോവിൽ കാണുമ്പോൾ, ആരും അറിയാതെ പറഞ്ഞുപോകും; 'വല്ലാത്തൊരു ആകർഷണംതന്നെ അതിനെന്ന്'!!


നെയ്യഭിഷേകം നടക്കുകയാണ്. അതുകൊണ്ട് തന്നെ, ഈ സമയത്ത് ക്ഷേത്രത്തിനുള്ളിൽ നല്ല തിരക്കുണ്ട്. അയ്യന് ചെയ്യുന്ന അഭിഷേകം കാണുന്നതുതന്നെ പുണ്യമായ് കണക്കാക്കുന്നു. ആ പുണ്യം ഇന്നെനിക്കും സിദ്ധിച്ചിരിക്കുന്നു!

തിരു നടയിലെത്തുമ്പോൾ, ഭക്തിയുടെ പാരമ്യതയിൽ, കരയുകയാണെന്നു തോന്നുമാറുച്ചത്തിലാണു ചിലർ സ്വാമിയെ വിളിക്കുന്നത്. അയ്യനുവേണ്ടി മാറ്റിവച്ച സമ്പാദ്യമത്രയും അവർ ഉന്മാദ ഭാവത്തോടെ അവിടെ സമർപ്പിച്ച് നടന്നു നീങ്ങുന്നു.

ശരണ മന്ത്രങ്ങളല്ലാതെ മറ്റൊന്നും തന്നെ കേൾക്കാനില്ല. അയ്യപ്പ ദർശനമല്ലാതെ മറ്റൊന്നും ചിന്തിക്കാനുമില്ല. ഭക്തിയുടെ നിറവിൽ, ഭ്രാന്തമായൊരു ഗമനം! അങ്ങനെ, മോക്ഷ പ്രാപ്തിയിലേക്കുള്ള കവാടത്തിനു മുന്നിലൂടെയുള്ള യാത്രയിൽ, മറ്റ് അയ്യപ്പ ഭക്തരുടെ കൂടെ, നിസ്വനായ് ഞാനും നീങ്ങുകയാണ് !!


20/11/15
(all photos in this article from internet)


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

No comments:

Post a Comment