Tuesday, December 1, 2015

എന്റെ, ആദ്യത്തെ പമ്പാസ്നാനം.....!

(ഭാഗം 2)

പമ്പാനദി!

ശബരിമലയിൽ ദർശനത്തിനെത്തുന്ന വിശ്വാസികൾ ഇവിടെയിറങ്ങി കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് അയ്യപ്പ സന്നിധിയിലേക്കു യാത്രയാകുന്നത്. ഇവിടെ കുളിക്കുന്നതിലൂടെ പാപങ്ങളെല്ലാം കഴുകിക്കളയപ്പെടുന്നുവെന്നാണ് വിശ്വാസം.


നല്ല തെളിഞ്ഞ വെളളം! ഇന്നുമുതൽ കുറച്ചു ദിവസം കുളി പമ്പയിൽത്തന്നെ; അത് തീരുമാനിച്ച് കഴിഞ്ഞതാണ്! കുറച്ച് സ്വാമിമാരേ എത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കടവിൽ തീരെ തെരക്കില്ല. സാവധാനം മുട്ടുകുത്തി വെള്ളത്തിലിരുന്നു. കൈകൾ മുന്നോട്ട് നീട്ടി മൂന്നു നാല് 'പുഷപ്പെടുത്തു'. കഴിഞ്ഞു.....ഇന്നത്തെ കുളി തൽക്കാലം ഇങ്ങനെ നിർത്തട്ടെ!

പണ്ട് പന്തളത്തെ കൊട്ടാരം വൈദ്യൻ ഇവിടെ കുളിക്കുകയും, ശേഷം അയ്യപ്പ ദർശനം നടത്തുകയും ചെയ്തുവെന്നും, അപ്രകാരം അദ്ദേഹത്തിന്റെ തൊലിപ്പുറമെയുണ്ടായിരുന്ന അസുഖം മാറുകയും ചെയ്തുവെന്നാണ് വിശ്വാസം.

കഥ ഇപ്രകാരമാണ്; അയ്യപ്പനെ ഏതുവിധേനയും ഒഴിവാക്കി തന്റെ പുത്രനെ പന്തളത്തെ അടുത്ത രാജാവാക്കുകയെന്നത് രാജ്ഞിയുടെ ആഗ്രഹമായിരുന്നു. ഈ കാര്യത്തിനു, അധർമ്മ മാർഗേണ രാജ്ഞിയെ സഹായിച്ച കൊട്ടാരം വൈദ്യന് ഒരിക്കൽ ദേഹമാസകലം വ്രണപ്പെട്ടൊരു കരപ്പനുണ്ടായി. തന്നാലാകുന്നത് പലതും ചെയ്തിട്ടും ശമനമുണ്ടായില്ല. ഒരു ദിവസം വൈദ്യൻ അയ്യപ്പനെ സ്വപ്നം കണ്ടുവെന്നും, 41 ദിവസത്തെ വ്രതത്തോടെ പമ്പയിൽ സ്നാനം ചെയ്ത് തന്റെ സന്നിധിയിലെത്തിയാൽ അസുഖം മാറുമെന്ന് അയ്യപ്പൻ അരുളിച്ചെയ്തുവെന്നും സ്വപ്ന ദർശനമുണ്ടായി. അപ്രകാരം വ്രത ശുദ്ധിയോടെ ചെയ്ത വൈദ്യന്റെ കരപ്പൻ മാറിയെന്നും വിശ്വാസം!


അന്യ സംസ്ഥാനങ്ങളിൽനിന്നും അയ്യപ്പ ഭക്തന്മാരെത്തുന്നതോടെ പമ്പ മലിനമാകുകയാണു പതിവ്. പുണ്യനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്ന ദുരാചാരം ഏതുകാലത്ത് തുടങ്ങിയതാണെന്നറിയില്ല.
തിരു ദർശനാനന്തരം പമ്പയിൽ കുളിച്ചതിനു ശേഷം അതുവരെ ഉപയോഗിച്ച വസ്‌ത്രങ്ങൾ അവർ പമ്പയിൽ ഒഴുക്കിക്കളയുന്നു. ഈ വസ്‌ത്രങ്ങൾ, വെള്ളത്തിലിറങ്ങി പിടിച്ചെടുക്കുന്നതിനായി ഒരു വിഭാഗം ജനങ്ങൾ തന്നെയുണ്ടിവിടെ. കരക്കടുപ്പിക്കുന്ന വസ്‌ത്രങ്ങൾ ഭാണ്ടക്കെട്ടുകളാക്കി അവർ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നത് ദുരൂഹത മാത്രം! ഇവയിൽ നിറം മുക്കി മാർക്കറ്റിൽ വരുന്നതായിരിക്കാം, ഒരു പക്ഷെ, അടുത്ത സീസണിൽ നാം വാങ്ങി ഉപയോഗിക്കുന്നത്!

എന്റെ സുഹൃത്ത് ഒരു കാര്യം പറയുകയുണ്ടായി. കഴിഞ്ഞ വർഷം അവനും കൂട്ടുകാരും ഇവിടെ കുളിക്കാനിറങ്ങിയെന്ന്. മുങ്ങിനിവർന്നപ്പോൾ തലയിലൊരു കിരീടവുമായാണ്‌ പൊങ്ങിയതെന്ന്. ഏതോ സ്വാമിയുടെ അടിവസ്ത്രമാണ്, 'ഒരൊന്നൊന്നര' സാധനം! അവനെ സംബന്ധിച്ചിടത്തോളം, ബനിയനായുപയോഗിക്കാമെന്ന കളിയാക്കലുകൾ. എന്തൊക്കെയായാലും, തമാശ നാട്ടിൽ ഹിറ്റായി. മാലയൂരി നാളുകൾ കഴിഞ്ഞിട്ടും, ഈ കിരീടത്തിന്റെ ഭാരമൊഴിയാൻ, പാവത്തിന് ഒരുപാട് കാത്തിരിക്കേണ്ടിവന്നുവെന്നതാണു സത്യം!!

ഒരു പക്ഷെ, ഇതിന്റെയൊക്കെ പങ്ക് പറ്റുന്നതുകൊണ്ടാകാം, ദേവസ്വത്തിന്റെ ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ ഒന്നുംതന്നെ ചെയ്യുന്നില്ല. അവസാനം കോടതിയുത്തരവുണ്ടാകുന്ന അവസ്ഥവരെയായി കാര്യങ്ങൾ. അവിടംകൊണ്ടും തീർന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, ഡ്യൂട്ടി മജിസ്റ്റ്രേറ്റിനോട് സ്ഥിതിഗതികൾ ആരാഞ്ഞുകൊണ്ട് വീണ്ടും കോടതിയിടപെടലുണ്ടായതിനു ശേഷമാണ്‌ എന്തെങ്കിലും രീതിയിലുള്ള ആക്ഷനുകൾ തുടങ്ങിയത്. ഇത്തരം കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ പ്രശംസനീയം തന്നെ!

ഇപ്പോൾ പമ്പ മലിനമായിട്ടില്ല. ഞങ്ങൾ കുളികഴിഞ്ഞു കയറി യിരിക്കുകയാണ്. യാത്രാ ക്ഷീണം "പമ്പകടന്നിരിക്കുന്നു". സമയം രാത്രി പത്തുമണിയായിരിക്കുന്നു. ഇളം തെന്നൽ വീശുന്നുണ്ട്. തികഞ്ഞ നിശബ്ദതയിൽ പമ്പയുടെ കളകളാരവം വ്യക്തമായി കേൾക്കുന്നുണ്ട്.

(15.11.15 ഞായർ)


ഭാഗം 1 ഇവിടെ അമർത്തുക 


ഭാഗം 3 ഇവിടെ അമർത്തുക 

No comments:

Post a Comment