Monday, January 18, 2016

അഗോറ അഥവ മൂന്നു ചങ്ങാതിമാർ ...!

(അഗോറ ഡയറിക്കുറിപ്പിൽനിന്ന് )


അഗോറയെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസിക പിരിമുറുക്കങ്ങളുടെ ദിനങ്ങളായിരുന്നു. അതിനുള്ള കാരണം ഒരു പക്ഷെ നിങ്ങൾക്കു തന്നെ അറിയുമായിരിക്കും; മറ്റൊന്നുമല്ല; അഗോറയിലെ ഒരു ദളത്തിനു ഈയിടെയായി ശാരീരികമായി ചില പ്രയാസങ്ങൾ സംഭവിച്ചിരിക്കുന്നു. ഒന്നെണീറ്റുനിൽക്കാൻ പോലുമാകാത്ത അവസ്ഥ!

അസുഖം കുറച്ചു നാളുകളായി ഉള്ളതുതന്നെയാണ്. പക്ഷെ ഈ അവസ്ഥയിലായത് ഈയിടെയാണെന്നു മാത്രം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന തിരിച്ചറിവുണ്ടെങ്കിലും, മാറ്റിയെഴുതാൻ മറ്റൊരു മരുന്നില്ലെന്ന നിസ്സഹായ ഭാവമാണ് ആധുനിക വൈദ്യം കൈകാര്യം ചെയ്യുന്ന ഭിഷഗ്വാരന്മാർക്കെല്ലാം.

x  x  x  x  x


സദാ പ്രസന്നവദനനായ ചെറുപ്പക്കാരൻ. വിമർശനങ്ങളെ തമാശകൾകൊണ്ട് ചെറുത്തു തോൽപ്പിക്കുന്ന വ്യക്തിത്വം. ആരെയും വശീകരിക്കാൻ പോന്ന പുഞ്ചിരി.

യുവത്വത്തിന്റെ പ്രസരിപ്പിൽ യാത്രകൾക്ക് സമയം കണ്ടെത്തിയിരുന്ന വ്യക്തി. ആ നായക പാടവത്തിന്റെ കീഴിൽ യാത്രകൾ അഗോറക്കെന്നും ഒരു ഹരം തന്നെയായിരുന്നു. ആ യാത്രകൾ പലപ്പോഴായി ഇവിടെത്തന്നെ വിവരിച്ചിട്ടുമുണ്ട്. ഓർത്തിരിക്കാൻ, അങ്ങനെ എത്ത്രയെത്ര യാത്രകൾ! സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നടന്നിരുന്ന കൂട്ടുകാരൻ.

ആ സുഹൃത്തിന് വന്ന വ്യാപത്ത്, ഞങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാനാകുന്ന ഒന്നല്ല. പക്ഷെ, തളർന്നിരിക്കാൻ സമയമില്ലെന്ന തിരിച്ചറിവാണു ഞങ്ങൾക്കിപ്പോൾ; തണലായ് മാറുകയാണു വേണ്ടതെന്ന കർത്തവ്യ ബോധമായ് പിന്നെ മനസു നിറയെ.

x  x  x  x  x

ഡിസ്പെൻസറിയെയും, പഞ്ചായത്തോഫീസിനെയും, വീടിനെയും ചുറ്റിപ്പറ്റിയുള്ള ദിനചര്യകളെല്ലാം പതിവുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലം. അന്നൊരു ശനിയാഴ്ച്ച; രാത്രി ടി.വിയുടെ മുന്നിൽ ചടഞ്ഞിരിക്കുമ്പോൾ, യാദൃശ്ചികമായാണ് ഗോപുവിന്റെ ഫോൺ കോൾ വന്നത്;
"റഷീദിനു തീരെ സുഖമില്ല; സ്നോ വിളിച്ചിരുന്നു"
"എന്തുപറ്റി ?" ;ഞാൻ ചോദിച്ചു.
"കൂടുതലൊന്നും അറിയില്ല; നാളെ അവിടെവരെയൊന്നു പോയാലോ?"
പിറ്റേന്നു രാവിലെ നേരത്തെതന്നെ ഞങ്ങൾ പുറപ്പെട്ടു.

x  x  x  x  x

വീട്ടിലെത്തിയപ്പോഴാണറിയുന്നത് അവൻ അടുത്തുള്ള പള്ളിയിൽ പോയിരിക്കുകയാണ്. ഉപ്പയുടെ ഖബറിനു മുന്നിൽ പ്രാർത്ഥിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് വരുന്നതുവരെ ഞങ്ങളവിടെ കാത്തിരുന്നു. കുറേ മാസങ്ങളിലെ സാലറി യുണ്ട് വാങ്ങാണെന്ന് അവൻ പറഞ്ഞിരുന്നു. ആ സമയമത്രയും വെറുതെ കളയണ്ടല്ലോ എന്നു കരുതി, കമ്പ്യൂട്ടറിൽ ഞങ്ങളാ പണിയിലേർപ്പെട്ടു.

അല്പനേരത്തിനുള്ളിൽത്തന്നെ അവനെത്തി. നടത്തത്തിനു ചെറിയൊരു പന്തിക്കേടുണ്ടോ എന്ന സംശയം അപ്പോഴേ തോന്നിയിരുന്നു.

"കൊറേ നേരായോ വന്നിട്ട്" ; അവൻ ചോദിച്ചു; "നമ്മളെയൊക്കെ കാണാൻ കൊറച്ച് കാത്തിരിക്കേണ്ടിവരും" ;അവൻ തുടർന്നു, എന്നിട്ടൊരു ചിരിയും. അങ്ങനെ സ്വതസിദ്ധമായ ശൈലിയിൽത്തന്നെ തുടങ്ങി.

പതിവ് ശൈലിയിൽത്തന്നെ കുറേ നേരം സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി തന്റെ കൈവിരലിന്റെ സ്വാധീനം കുറയുന്നപോലെ തോന്നുന്നതായി ഇടക്കെപ്പോഴൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. അതൊക്കെയൊരു തോന്നലായിരിക്കുമെന്ന് ഞങ്ങൾ സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

x  x  x  x  x

രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിനു തീരെ സുഖമില്ലെന്ന്, വീണ്ടും ഫോൺ കോൾ വന്നിരിക്കുന്നു. കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളുടെയും ശക്തി കുറഞ്ഞിരിക്കുന്നു. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥ. പ്രാഥമിക കർമ്മങ്ങൾക്ക് പോലും പരസഹായം വേണമെന്ന അവസ്ഥയെത്തിയിരിക്കുന്നു.

കോഴിക്കോട് പി.വി.എസ് ഹോസ്പിറ്റലിൽ നല്ലൊരു ന്യൂറോളജിസ്റ്റുണ്ട്. അവന്റെ ഉമ്മയോടും, ജ്യേഷ്ഠന്മാരോടും ചോദിച്ചതിനു ശേഷം, അദ്ദേഹത്തെ ഒന്നു കാണിച്ച് അഭിപ്രായമറിയാമെന്ന നിഗമനത്തിലെത്തി.

അടുത്ത ദിവസം തന്നെ റഷീദിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്കാനിംഗ്, ലാബ് ടെസ്റ്റ്‌ മുതലായ പതിവ് കടമ്പകൾ ഒരുപാട് കടന്നു. അവനാകെ തളർന്ന പോലെയായിരിക്കുന്നു. പക്ഷെ വീൽചെയറിൽനിന്നും വലതുവശത്തേക്ക് ഊർന്നു വീഴുമ്പോഴും "ഞാനിപ്പോഴും യു.ഡി.എഫാ ഡാ....."എന്ന തമാശ, പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പറയുന്നുണ്ടായിരുന്നു.

x  x  x  x  x

അവന്റെ ലീവുകൾ ശരിയാക്കുന്നതിനുള്ള നടപടികൾക്കായി, ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞങ്ങൾ രണ്ടുപേരും ഡി.എം.ഒ ഓഫീസിൽ ചെന്നു. എച്.പി.എൽ കമ്മ്യൂട്ടു ചെയ്യാതെ എടുക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നി. അങ്ങനെയെങ്കിൽ മാത്രമെ 'വേണമെങ്കിൽ' കൂടുതൽ ദിവസം എടുക്കുന്നതിനുള്ള ലീവുകൾ എക്കൗണ്ടിൽ ഉണ്ടാകുകയുള്ളൂ.

x  x  x  x  x

ആധുനിക വൈദ്യം അനുശാസിക്കുന്ന മരുന്നുകൾ തന്നെയായിരുന്നു, ഇത്രയും കാലം ഉപയോഗിച്ചിരുന്നത്. എന്നിട്ടും, ഇനിയുമൊരു സർജറിയല്ലാതെ മറ്റൊരു മാർഗമില്ലെന്നു കേട്ടപ്പോൾ തളർന്നുപോയി. ഇതിനിടയിലാണ് ആയുർവേദത്തിലേക്ക് ഒന്നു മാറിച്ചിന്തിക്കാനായി അഭിപ്രായമുയർന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ കഴിവ് തെളിയിച്ച ഒരു ഭിഷഗ്വരൻ അടുത്തുതന്നെയുള്ളപ്പോൾ 'എവിടെക്കിട്ടും നല്ല ചികിത്സ' എന്ന് ചിന്തിക്കേണ്ട ആവശ്യകതയുമില്ല. പക്ഷെ ആധികാരികമായൊരു തീരുമാനമെടുക്കാൻ മാത്രം ഞങ്ങൾ ശക്തരല്ലല്ലൊ !

മനോജ് ഡോക്റ്ററുടെ പ്രാവീണ്യം, ഞങ്ങൾ വിവരിക്കാതെത്തന്നെ എല്ലാവർക്കും അറിയാവുന്നതുതന്നെയാണ്. ട്യൂമർ കേസുകൾ അനേകം കൈകാര്യം ചെയ്ത് വിജയിച്ച പ്രഗൽഭൻ. സർക്കാർ സർവീസിലും സ്വന്തമായൊരു വ്യക്തിത്വം കൊണ്ട് തിളങ്ങുന്ന പ്രതിഭാധനൻ. വിദേശ രാജ്യങ്ങളിൽ പോയി പേപ്പറുകൾ പ്രസന്റുചെയ്ത അപൂർവ വൈദ്യൻ. ഇന്റർനാഷണൽ ജേർണലുകളിൽ ലേഖനം പ്രസിധീകരിച്ച പ്രഗൽഭൻ.

അദ്ദേഹത്തെ അറിയാവുന്ന ബന്ധുക്കൾ, ഈ അഭിപ്രായത്തെ രണ്ടുകയ്യും നീട്ടിത്തന്നെയാണ്‌ സ്വീകരിച്ചത്.

x  x  x  x  x

ഒന്നു ചലിക്കണമെങ്കിൽ പോലും പരസഹായം ആവശ്യമുള്ള സ്ഥിതിയാണിപ്പോൾ. ഈ അവസ്ഥയിൽ അവനെ എങ്ങനെ കൊണ്ടുപോകും?; OP യുടെമുന്നിൽ അധികനേരം കാത്തിരിക്കാൻ അവനെക്കൊണ്ട് സാധിക്കുമോ?; ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോഴാണ് ദൈവദൂതുപോലെ അദ്ദേഹത്തിന്റെ മറുപടി വന്നത്; "ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം". ഡോക്റ്ററുടെ വലിയ മനസ്സിന്‌ എങ്ങനെ നന്ദി പറഞ്ഞാലും മതിവരില്ലെന്നു തോന്നിയ നിമിഷങ്ങൾ!

മനോജ് ഡോക്റ്ററുടെ സാധാരണ പരിശോധനാ സമയത്തിനു ശേഷം, അന്നുതന്നെ രാത്രി ഞങ്ങൾ അദ്ദേഹത്തെ റഷീദിന്റെ വീട്ടിലെത്തിച്ചു. വളരെനേരത്തെ വിശദമായ പരിശോധനക്കു ശേഷം തിരിച്ചും.

മനോജ് ഡോക്റ്ററെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്,  സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്രയടുത്ത് മനസ്സിലാക്കാനുള്ളൊരു അവസരം മുൻപുണ്ടായിട്ടില്ല. അനേകം ഗുണഗണങ്ങളുണ്ടെങ്കിലും അതിനൊത്ത ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ! ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നതിൽ അൽഭുതപ്പെടാനില്ലെന്നു തോന്നിയ സന്ദർഭങ്ങൾ!

അന്ന് തിരിച്ച് വീട്ടിലെത്തുമ്പോൾ രാത്രി പന്ത്രണ്ടു മണിയായിട്ടുണ്ടെങ്കിലും, എന്റെ വാമഭാഗം കതകിനടുത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾക്കറിയേണ്ടിയിരുന്നതും റഷീദിന്റെ കാര്യങ്ങൾ തന്നെ.

x  x  x  x  x

ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. റഷീദിന്റെ കാര്യത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഒറ്റക്കെണീറ്റു നടക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. സംസാരവും കുറേ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നോട്ട് തൂങ്ങിയിരുന്ന ശിരസ്, നിവർത്തിപ്പിടിക്കാവുന്ന അവസ്ഥയെത്തിയിരിക്കുന്നു. സന്തോഷം തോന്നിക്കുന്ന കാഴ്ചച്ചകൾ തന്നെ!

x  x  x  x  x

ഇതിനിടയിൽ പരാമർശിക്കാൻ വിട്ടുപോയൊരു ഡോക്റ്റർ കൂടെയുണ്ട്; ഷാനവാസ് ഡോക്റ്റർ. റഷീദ് ലീവെടുത്തപ്പോൾ, ആ ചാർജ്‌ അദ്ദേഹത്തിനായിരുന്നു കിട്ടിയത്. വളരെ ഉൽസാഹത്തോടെത്തന്നെ അതേറ്റെടുക്കുകയും, അവന്റെ, ബാക്കിയുളള സാലറി വാങ്ങുന്നതിനുള്ള കാര്യങ്ങൾ യഥാ സമയം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ, ഏതുരീതിയിൽ പ്രശംസിക്കണമെന്നറിയില്ല. എന്നിരിക്കിലും ആ നല്ല മനസ്സിനുമുന്നിൽ ഞങ്ങൾ ശിരസാ നമിക്കുന്നു.

x  x  x  x  x

റഷീദിനുവേണ്ടി പ്രയത്നിച്ച മനോജ് ഡോക്റ്ററോടും, ഷാനവാസ് ഡോക്റ്ററോടും, അവനുവേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ലവരായ ജനങ്ങളോടും, ഇപ്പോൾ തൽക്കാലം ഞങ്ങൾ നന്ദി പറയട്ടെ; അധികം വൈകാതെ അവൻ തന്നെ നേരിട്ടു പറയുമെന്ന വിശ്വാസത്തോടെ; അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ !!!!!!

സ്വന്തം
അഗോ (റ)

Wednesday, January 6, 2016

വയനാടിന്റെ പച്ചപ്പിലൂടെ ....!

(മോയാർ-വയനാട് യാത്ര - ഭാഗം 2)


സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ഞാൻ മോയാറിനോട് തൽക്കാലം വിടപറയുകയാണ്. അടുത്ത ലക്ഷ്യം, വയനാടിലേക്കുള്ള യാത്രാ വഴികളിലെ സുന്ദരമായ ദൃശ്യങ്ങളാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര രസാവഹമായൊരു അനുഭവം തന്നെയായിരിക്കും. ഞാൻ യാത്ര തുടങ്ങുകയാണ്‌!


മോയാർ നദിക്കു കുറുകെയുള്ള പാലവുംകടന്ന് എന്റെ വണ്ടി കുതിക്കുകയാണ്. വിശാലമായ മൈദാനക്കാടുകളിലൂടെയുളള സുന്ദരമായ പാത. തദ്ദേശ വാസികളുടെ ആരാധനാ മൂർത്തികൾക്കായുള്ള ക്ഷേത്രങ്ങൾ, പാതയോരങ്ങളിൽ പലയിടങ്ങളിലും കാണുന്നുണ്ട്. കേരളീയ വാസ്തു വിദ്യയിൽനിന്നും വ്യത്യസ്ഥമായ നിർമ്മാണ വൈഭവം അടുത്തു കണ്ടറിയാനായി അവിടൊരു ക്ഷേത്രത്തിനരികിൽ വണ്ടി നിർത്തി.


സുന്ദരമായ ക്ഷേത്രം. ശാന്തമായ ചുറ്റുപാട്. ഒരു കുടപോലെ, ക്ഷേത്രത്തിനു മുകളിലേക്കു പന്തലിച്ചു നിൽക്കുന്നൊരു ആൽമര മുണ്ടവിടെ. അതുകൊണ്ട് തന്നെ നല്ല തണുപ്പുള്ള ക്ഷേത്രാന്തരീക്ഷം. അങ്കണവും പരിസരവും വളരെ വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നുണ്ട്. ക്ഷേത്രച്ചുമരുകൾ കടും നിറത്തിലുള്ള ഛായം പൂശിയിരിക്കുന്നു. മേൽക്കൂരയിൽ, കൊത്തിവച്ചനിലയിൽ അനേകം ശിൽപ്പങ്ങൾ.


യാത്ര തുടരുകയാണ്. മേൽക്കൂരകളില്ലാത്ത പ്രതിഷ്ഠകൾ പലയിടങ്ങളിലും കാണുന്നുണ്ട്. അടുത്തു ചെല്ലുമ്പോളറിയാം, അവയെല്ലാം ആരാധനകൾ നടക്കുന്ന ദൈവത്തറകൾ തന്നെയാണെന്ന്.

കാട്ടു മൃഗങ്ങളെ പലയിടങ്ങളിലും കണ്ടുകൊണ്ടുള്ള യാത്ര!


ഈ പോകുന്ന വഴിയരികിലാണ്, തമിഴ്നാട് സർക്കാറിന്റെ അധീനതയിലുള്ള ടാൻ ടീയുടെ പാണ്ടിയാർ ടീ ഫാക്റ്ററി. അവിടെ ഞാൻ വണ്ടി നിർത്തി . പെർമിഷനെടുത്ത ശേഷം അകത്തുകടന്നു. അവിടമെല്ലാം വിശദമായി കണ്ടു മനസിലാക്കാൻ തന്നെ തീരുമാനിച്ചു. ചായപ്പൊടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂപ്പർവൈസർ ശ്രീനിവാസൻ മുന്നിൽ നടക്കുന്നുണ്ട്.

കുറച്ചധികംതന്നെ നേരം അവിടെ ചെലവഴിച്ചതിനു ശേഷം, വീണ്ടും യാത്ര തുടരുകയാണ്. ഗൂഡല്ലൂരിലേക്കും അവിടെനിന്നും വൈത്തിരിയിലേക്കും നയിക്കുന്ന യാത്ര!


തേയിലത്തലപ്പുകളിൽത്തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾക്ക്, മനം മയക്കാൻപോന്ന സൗന്ദര്യമാണിവിടെയെല്ലാം. 


സുഖമമായ പാതയാണ്. ഡ്രൈവിംഗിന് പുതിയൊരു ആവേശം നൽകുന്ന വളവുകൾ. ഇനിയുളള കാഴ്ച്ചകൾ വർണ്ണനാതീതമാണ്. വാക്കുകൾക്കതീതമായി ദൃശ്യങ്ങൾകൊണ്ടു മാത്രം മനസിലാക്കാവുന്ന കാഴ്ച്ചകൾ!!


എവിടെനോക്കിയാലും, സുന്ദരമായ തേയിലച്ചെടികളുടെ വശ്യമായ പച്ചപ്പുമാത്രം! അവധി ദിവസങ്ങൾ ആഘോഷമാക്കാനിറങ്ങിയ യുവ മിഥുനങ്ങളെ, സല്ലാപ ഭാവത്തോടെ പളയിടങ്ങളിലും കാണുന്നുണ്ട്. അവരെയൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ യാത്ര തുടരുകയാണ്.

അനേകം കുടിയേറ്റങ്ങൾക്ക് ആധിത്യമരുളുകയും, അവരെ സംരക്ഷിക്കുകയും ചെയ്തൊരു ചരിത്ര ഭൂമിയുടെ, വർത്തമാനകാല പാതകളിലൂടെയാണ് ഞാനിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നോർക്കുമ്പോൾ, ഓർമ്മയിലെ ചരിത്രത്താളുകൾ പിന്നോട്ട് മറിയുന്നൊരു പ്രതീതിയായിരുന്നു മനസ്സിൽ!!


മോയാർ-വയനാട് യാത്ര - ഭാഗം 1 ഇവിടെ അമർത്തുക



Tuesday, January 5, 2016

മോയാറിന്റെ ഗ്രാമീണ കാഴ്ച്ചകളിലൂടെ ...!

(മോയാർ-വയനാട് യാത്ര - ഭാഗം 1)


പുലർച്ചെ അഞ്ചുമണിയായിട്ടേയുള്ളൂ, നേരം വെളുത്തിട്ടില്ല. നല്ല തണുപ്പുണ്ട്; മഞ്ഞും! ദേശീയ പാതയിൽ വാഹന ബാഹുല്യം തുടങ്ങിയിട്ടില്ല. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് എന്റെ കാർ ചീറിപ്പായുകയാണ്.

ഗൂഡല്ലൂരിൽനിന്നും വയനാടിലെ വൈത്തിരിയിലേക്കുപോകുന്ന പാത, തേയിലത്തോട്ടങ്ങളാൽ അതീവ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. നയനാനന്ദകരമായ അനേകം ദൃശ്യ വിസ്മയങ്ങളാൽ അനുഗ്രഹീതമായ ആ പാതയിലൂടെ ഞാനിന്നൊരു ഏകദിനയാത്ര പോകുകയാണ്.

നാടുകാണി ചുരം പാതയിലെ, തമിഴ്നാട് ചെക്പോസ്റ്റ് കഴിഞ്ഞാൽ, ഇടതുവശത്തേക്ക് കാണുന്നതാണ് വൈത്തിരിയിലേക്കുള്ള പാത. ഞാനിപ്പോൾ അവിടെയെത്തിയിരിക്കുന്നു. നേരം ഏഴുമണിയായതേയുള്ളൂ. അതുകൊണ്ടുതന്നെ, മോയാർ സന്ദർശിച്ചതിനു ശേഷമാകാം ഇതിലൂടെയുള്ള യാത്രയെന്ന് മനസിലുറപ്പിച്ചു.

യാത്ര തുടരുകയാണ്. തെപ്പക്കാട് ട്രെക്കിംഗ് പോയിന്റിലെത്തിയിരിക്കുന്നു. ഗൂഡല്ലൂരിൽനിന്നും മുതുമല വരെയുളള പാത വളരെയധികം കുണ്ടും കുഴിയും നിറഞ്ഞ നിലയിലായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക്‌ തന്നെ കഷ്ട്ടപ്പെട്ടു പോകാവുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് വളരെ ആയാസകരമായാണനുഭവപ്പെട്ടത്. കേവലം 17 കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം സമയമാണ് ചെലവായത്.


ക്രിസ്തുമസ് അവധിയുടെ അവസാനമായതിനാലും, പുതുവൽസരപ്പിറവി ആസന്നമായതിനാലുമാകണം, ഇപ്പോൾ സഞ്ചാരികളുടെ ആധിക്യം തന്നെയുണ്ടിവിടെ.

വനം വകുപ്പിന്റെ വണ്ടിയിൽ, കാട്ടിനകത്തുകൂടെയുള്ള ട്രെക്കിംഗിന് ഒരാൾക്ക് 135 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അല്ലെങ്കിൽ, പോകേണ്ട സ്ഥലങ്ങളുടെ ദൂരവും സമയവും കണക്കാക്കി, ഒരു ട്രിപ്പിന് 500 മുതൽ 1000 രൂപ വരെ ഈടാക്കുന്ന തുറന്ന ജീപ്പുകളും ഇവിടെ ലഭ്യമാണ്.


ഉരുക്കു പാലവും കടന്ന്, ആനയൂട്ടു നടക്കാറുള്ള സ്ഥലത്തെത്തി. സഫാരിയുടെ ടിക്കറ്റുണ്ടെങ്കിൽ മാത്രമെ അവിടേക്കുള്ള പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതൊരുതരം ബിസിനസ് തന്ത്രമാണെന്ന് മനസിലാക്കാൻ, ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയൊന്നുമില്ലെന്ന് കരുതുന്ന ഞാൻ, തൽക്കാലം തിരിച്ചു നടക്കുകയാണ്.

അൽപനേരത്തെ ചിന്തക്കൊടുവിൽ, സ്വന്തം വണ്ടിയിൽത്തന്നെ മസിനഗുഡിയിലേക്ക് പോകാമെന്നു തീരുമാനിച്ചു. മസിനഗുഡിയിൽനിന്നും ഇടത്തോട്ടുള്ള പാത മോയാറിലേക്കുള്ളതാണ്.

വിനോദ സഞ്ചാരികളായ യാത്രക്കാരെ എല്ലായിടത്തും കാണുന്നുണ്ട്. പാതയോരത്തെ വിശ്രമ കേന്ദ്രങ്ങളിലും, ഭോജന ശാലകളിലും നല്ല ജനത്തിരക്കുണ്ട്. രാത്രി താമസത്തിനുള്ള ഹോട്ടലുകളും റിസോർട്ടുകളും ദിവസങ്ങൾക്കു മുൻപേ നിറഞ്ഞിരിക്കുന്നു.

മസിനഗുഡിയിലെത്തിയിരിക്കുന്നു. ചെറിയൊരു അങ്ങാടിപോലെ തോന്നിക്കുന്ന സ്ഥലം. അധികം ഉയരമില്ലാത്ത കെട്ടിടങ്ങൾ. പഴമ തോന്നിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.

ഡിസംബർ മാസമായതിനാലാകാം നല്ല മഞ്ഞുണ്ട്. തണുപ്പിന്റെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ജനങ്ങൾ, പ്രഭാത സൂര്യന്റെ ഇളം വെയിൽ കാഞ്ഞുകൊണ്ട്, കമ്പിളിപ്പുതപ്പിനുള്ളിൽ പൊതിഞ്ഞ രൂപത്തിൽ അവിടവിടെ ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. സ്വർണ്ണാഭമായ രശ്മികൾ ചുറ്റുപാടുകൾക്ക് കൂടുതൽ ദൃശ്യ മികവേകുന്നുണ്ട്.

ഇവിടെനിന്നും ഇടതു വശത്തേക്കായി കാണുന്നതാണ് മോയാറിലേക്കുള്ള പാത. സാമാന്യം നല്ല റോഡുതന്നെ. ഇതിലൂടെയുള്ള യാത്രയിലും കാനന യാത്രയുടെ പ്രതീതി വിട്ടുമാറുന്നില്ല. തുറന്ന ജീപ്പിലുള്ള ട്രെക്കിംഗ് സംഗങ്ങൾ പലയിടങ്ങളിലും എന്നെക്കടന്നു പോകുന്നുണ്ട്.


അൽപ ദൂര യാത്രക്കൊടുവിൽ ഞാൻ മോയാർ ഡാമിനടുത്തെത്തി. സുന്ദരമായ ജലാശയം. സ്ഫടികാഭമായ ജലം. വശ്യ മനോഹരമായ പശ്ചാത്തലം. ജലസമ്പരണിയുടെ നടുവിലായി തുരുത്തുപോലെ ഒരു ഭാഗം കാണുന്നുണ്ട്; അതിനു നടുവിലായി പന്തലിച്ചു നിൽക്കുന്നൊരു മരവും. ചിലയിടങ്ങളിൽ കാണുന്ന, ഉണങ്ങിയ മരങ്ങളോടു കൂടിയ തുരുത്തുകളും പശ്ചാത്തലത്തിനു ദൃശ്യ മികവേകുന്നുണ്ട്.




ഡാമിന്റെ ജലസമ്പരണിയുടെ തീരത്തുള്ള തണൽ മരത്തിന്റെ ചുവട്ടിലായ് ഞാൻ നിൽക്കുകയാണ് . ജനസാന്ദ്രമല്ലാത്ത ഗ്രാമീണമായ ചുറ്റുപാട് . ഒടപ്പെട്ടു കാണുന്ന ദരിദ്രമായ വീടുകൾ. വിശാലമായ വെളിമ്പ്രദേശത്തിനു നടുവിലും, ഷീറ്റുകളും ഓടുകളും കൊണ്ട് നിർമ്മിതമായ 'കൂരകൾ'. അവയിൽ പലതും നിലം പൊത്താറായ അവസ്ഥയിലാണു കാണപ്പെടുന്നത്.




ഒരു വീടിനു മുന്നിലായി, പ്രായമായൊരു സ്ത്രീയെ കാണുന്നുണ്ട്. പ്രായത്തിന്റെ അവശതയും ദാരിദ്ര്യത്തിന്റെ പരാധീനതയും നിറഞ്ഞൊരു രൂപം. തമിഴ്നാടൻ ഉൾഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ഇങ്ങനെയൊക്കെയാണ്. അതെല്ലാം നേരിൽക്കണ്ടുകൊണ്ടുള്ള യാത്ര, തീർത്തും സുന്ദരമായ അനുഭവങ്ങളാണ് എനിക്ക്‌ സമ്മാനിക്കുന്നത്‌.

നോക്കെത്താ ദൂരമത്രയും പരന്നുകിടക്കുന്ന കുറ്റിക്കാടുകളും പുൽത്തകിടികളും നിറഞ്ഞൊരു ഭൂപ്രദേശം. അവിടവിടെ ഒറ്റപ്പെട്ടു കാണപ്പെടുന്ന വലിയ തണൽമരങ്ങൾ. മഞ്ഞ പുഷ്പങ്ങളാൽ പുഞ്ചിരിക്കുന്ന കാട്ടുചെടികൾക്കും മനം മയക്കുന്നൊരു സൗന്ദര്യമാണിവിടെ.



തദ്ദേശീയരായ ഗ്രാമ വാസികളിൽ നല്ലൊരു ശതമാനവും കാലിവളർത്തലിൽ ഉപജീവന മാർഗം കാണുന്നവരാണ്.

പച്ചപ്പുല്ലുകളാൽ സമ്പന്നമായ വിശാലമായ പുൽത്തകിടികൾ നിറഞ്ഞ ഈ പ്രദേശം, കാലിവളർത്തലിന് വളരെ അനുയോജ്യമായൊരു ഭൂ പ്രദേശമാണെന്ന് എനിക്കും തോന്നി. അലഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളെ പലയിടങ്ങളിലും കാണുന്നുണ്ട്. മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങളും കുറവല്ല. അഞ്ചു സെന്റിലൊരു വീടെന്ന സംസ്കാരത്തിൽ ജീവിക്കുന്ന എനിക്ക്‌, ഈ കാഴ്ച്ചകൾ വളരെ വിസ്മയാവഹമായൊരു അനുഭവമാണ് പകർന്നു നൽകുന്നത്‌.

പ്രാകൃതമെങ്കിലും സുന്ദരമായൊരു ബസ് കാത്തിരിപ്പു കേന്ദ്രം, അല്പം ദൂരെയായി കാണുന്നുണ്ട്. ഞാൻ അതിനടുത്തേക്ക് നടക്കുകയാണ്. പഴയകാല സിനിമകളിൽ കാണാറുള്ള ഗ്രാമീണ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ച!


പുതിയ കാഴ്ച്ചകൾ തേടിയുള്ള ട്രെക്കിംഗ് സംഗങ്ങൾ, ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. സമയം ഒരുപാട് വൈകിയിരിക്കുന്നു. ഞാൻ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.


മോയാർ-വയനാട് യാത്ര - ഭാഗം 2 ഇവിടെ അമർത്തുക



Wednesday, December 30, 2015

ഫാറൂക് കോളേജിലെ ചില ഓർമ്മകളിലൂടെ...!

(വീക്കെന്റ് ചെലവഴിക്കാൻ ഒരു ട്രിപ്പ് പോകുകയെന്നത് പതിവുള്ളതല്ല. പക്ഷെ, ഞാനെന്റെ മകൾ ഗൗരിക്കു കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണെങ്കിലും ഇത്തവണ പോകേണ്ടി വന്നു; അധികം ദൂരേക്കൊന്നുമല്ല, നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ചിലേക്ക്!)


ഫാറൂക് ഹയർ സെകന്ററി സ്കൂളിൽവെച്ച് കെൽട്രോണ്‍ നടത്തുന്ന ചില പരീക്ഷണങ്ങളിൽ റീജക്കും പങ്കെടുക്കേണ്ടതുണ്ട്. അവിടെനിന്നും കോഴിക്കോട് ബീച്ചിലേക്ക് അധികം ദൂരമില്ല. അതുകൊണ്ട് തന്നെ പരീക്ഷക്കു ശേഷം ഒരു ചെറിയ കറക്കം തീരുമാനിക്കപ്പെട്ടു!

കലാലയ സമൃതി :
മലബാറിലെ പ്രശസ്തമായ കോളേജുകളിലൊന്നാണ് ഫാറൂക് കോളേജ്. ഇവിടെ പടിച്ചിറങ്ങി പ്രശസ്തരായവർ ഒരുപാടുണ്ട്. ഈ കലാലയ ക്യാമ്പസിലൂടെ സഞ്ചരിച്ചിരുന്ന ഒരു വിജ്ഞാന കാംക്ഷിയായിരുന്നു, വർഷങ്ങൾക്ക് മുൻപ് ഞാനും!

സ്കൂൾ ജീവിതത്തിന്റെ കുട്ടിത്വത്തിൽനിന്നും കോളേജ് ജീവിതത്തിന്റെ യുവത്വത്തിലേക്ക് പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷവുമായി തലയുയർത്തി നടന്നിരുന്ന കാലം! ആ ക്യാമ്പസിലൂടെ ഒന്നുകൂടെ കറങ്ങാനുള്ള ഒരവസരം കൂടെയാണെനിക്കിന്നു കിട്ടിയിരിക്കുന്നത്. കാരണം ഈ ക്യാമ്പസിന്റെ ഒരു കോണിൽത്തന്നെയാണ് പരീക്ഷ നടക്കുന്ന സ്കൂൾ. ഇന്നത്തെ കറക്കത്തിൽ ഞാനൊറ്റക്കല്ല, കൂടെ എന്റെ മകളുമുണ്ട്.


ഞായറാഴ്ച്ചയായതിനാൽ ക്യാമ്പസ് വിജനമാണ്. എങ്കിലും പരീക്ഷാർത്ഥികളുടെ കൂടെ വന്നവരെ അവിടവിടെ കാണുന്നുണ്ട്. ഞങ്ങൾ നടത്തം തുടരുകയാണ്. ക്യാമ്പസിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഞാനെന്റെ പ്രീ ഡിഗ്രി കാലം ചെലവഴിച്ച ക്ലാസ്, ലാബ്, ലൈബ്രറി മുതലായവയെല്ലാം കാണിച്ചും, വിവരിച്ചും മുന്നോട്ട് ഗമിക്കുകയാണ്.

ഒരിക്കൽകൂടെ ആ പഴയ കാലഘട്ടത്തിലൂടെ സഞ്ചരിക്കാനാഗ്രഹിച്ച നിമിഷങ്ങൾ! അന്നത്തെ കൂട്ടുകാരൊക്കെ ഇന്ന് എവിടെയൊക്കെയാണെന്നറിയില്ല. എങ്കിലും എല്ലാവരും അവിടെവിടൊക്കെയോ ഉണ്ടെന്ന തോന്നൽ. ചിരിയും കളിയും തമാശകളും നിറഞ്ഞ കലാലയ ജീവിതത്തിന്റെ സുഖമുള്ള നൊമ്പരം!

ക്യാമ്പസിന്റെ ഒരു ഭാഗത്തായി നിലകൊള്ളുന്ന ഇൻഡോർ സ്റ്റേഡിയം. ഞാൻ അതിനടുത്തെത്തിയിരിക്കുന്നു. അതിനു മുന്നിലായ് കുറച്ചു പടികളുണ്ട്. ഇടക്കൊക്കെ ക്ലാസ് കട്ടുചെയ്ത് കൂട്ടുകാരോടൊത്ത് വന്നിരിക്കാറുണ്ടായിരുന്ന പടികൾ! അവിടെ കളി തമാശകൾ പറഞ്ഞിരിക്കുമ്പോൾ, അതിരുകളില്ലാത്ത ക്യാമ്പസ്‌ ജീവിതത്തിന്റെ തുറന്ന വാതായനികളിലൂടെ പാറി നടക്കുകയായിരുന്നു ഞങ്ങളെന്ന് അറിഞ്ഞതേയില്ല. എല്ലാം സുഖമുള്ള ഓർമ്മകൾ മാത്രം!!

ഗ്രൗണ്ടിന്റെ ഒരു മൂലയിലുള്ള ക്ലാസിനടുത്തെത്തിയിരിക്കുന്നു. ആ ക്ലാസിലേക്ക് നോക്കുമ്പോൾ എനിക്കിന്നും വല്ലാത്തൊരു ചമ്മലാണ്.


കൂടെ നടന്നിരുന്ന പലർക്കും, ഒരു ചാപല്യമെന്നോണം, ഒരു ലൈനെങ്കിലും ഉണ്ടായിരുന്ന കാലം. ആയിടെ എപ്പോഴോ തുടങ്ങിയ ഒരു മോഹം, അല്ലെങ്കിൽ, എനിക്ക് മാത്രം ഇല്ലല്ലോ എന്ന നഷ്ട ബോധം എന്നേ കരുതേണ്ടൂ, കൂടെ ആത്മാർത്ഥ സുഹൃത്തിന്റെ പിൻതാങ്ങലും കൂടെയായപ്പോൾ, എവിടെനിന്നോ സംഭരിച്ച ധൈര്യവും പേറി, അന്നു ഞാനവളുടെ അടുത്തെത്തി, തലേന്നു രാത്രി ഉറക്കമിളച്ചിരുന്നെഴുതിയ സ്നേഹ സന്ദേശം അവൾക്കു കൈമാറി.

ഒരുപാട് പ്രാവശ്യം കറക്ഷനുകൾ വരുത്തിയ ഫൈനൽ പ്രിപ്രിന്റാണ്. ഗ്രാമർ മിസ്റ്റേക്കില്ലാതിരിക്കാൻ എത്ര പ്രാവശ്യം ആവർത്തിച്ചു വായിച്ചിരുന്നുവെന്ന് എനിക്കുതന്നെ ഓർമ്മയില്ല. അതിനുള്ള മറുപടിക്കായി പിറ്റേന്ന് കാത്തു നിൽക്കുമ്പോൾ, ഏതൊരു തുടക്കക്കാരന്റെയും പോലെ ആളിക്കത്തുന്ന തീയായിരുന്നെന്റെ മനസിലും.

വളരെ നേരത്തെ പ്രതീക്ഷയോടെയുളള കാത്തിരിപ്പിനൊടുവിൽ  അടുത്തു ചെന്ന് ചോദിച്ചു. 'മറുപടി, അച്ഛൻ എഴുതിക്കൊണ്ടിരിക്കുകയാണെന്ന്' കേട്ടതും, വല്ലാത്തൊരു തളർച്ചയാണെനിക്ക് തോന്നിയത്. കാരണം അവളുടെ അച്ഛൻ ജോലിചെയ്യുന്ന എയർപോർട്ടിലെ പോസ്റ്റ്മാനായിരുന്നു എന്റെ അച്ഛന്റെ അനിയൻ.

"പെട്ടൂലൊ കൂട്ടുകാരാ ...." എന്ന ഭാവത്തിൽ തരിച്ചിരിക്കുമ്പോഴും, അവളേക്കാളും ഒരോണമെങ്കിലും അധികമുണ്ടിട്ടുള്ള പരപുരുഷനായ എന്റെ മുഖത്തുനോക്കി ആ കിളുന്തു പെണ്ണു തുടരുകയാണ്; 'കോളേജിലിതെല്ലാം സാധാരണമാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന്'. നല്ല അനുഭവ സമ്പത്തുള്ള അച്ഛന്റെ, മോളുതന്നെ! അന്നെനിക്കൊരു കാര്യം മനസ്സിലായി; കൂടുതൽ ഓണമുണ്ടിട്ടൊന്നും ഒരു കാര്യവുമില്ലാന്ന്.


എന്തൊക്കെയായാലും, കൂട്ടുകാർക്കിടയിൽ 'ആകെ നാറീന്നു പറഞ്ഞാൽ മതീലൊ'. ആ കുട്ടി കാരണം, പെണ്‍കുട്ടികളെ വളക്കാനറിയാത്തൊരു കൊള്ളരുതാത്തവനായി ഞാൻ മാറി. അവളിപ്പോ എവിടെയാണെന്നെനിക്കറിയില്ല. അടുത്ത എന്ട്രൻസിൽ എനിക്ക്, കോട്ടക്കലിൽ ബി. എ. എം. എസിന് കിട്ടിയതിനാൽ, ആ നാറ്റം അധികകാലം അവിടെ ചുമക്കേണ്ടി വന്നില്ല.

ഞാൻ ചെയ്ത വിക്രിയകളും, എനിക്കു പറ്റിയ അമളികളും, മാത്രം ഒളിച്ചുവച്ചുകൊണ്ട് ക്യാംപസ് ജീവിതത്തെ സുന്ദരമായ്‌ വിവരിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ, ഗൗരിയുടെ മനസിലും പഠിക്കണമെന്നൊരു ഇൻസ്പിറേഷൻ ഉണ്ടാകുന്നുണ്ടെന്നു മനസ്സിലാക്കാൻ എനിക്കധികം പ്രയാസപ്പെടേണ്ടി വന്നില്ല.

ബീച്ചിലേക്ക് :
സമയം വളരെ കഴിഞ്ഞിരിക്കുന്നു. എക്സാം തീർന്നതിന്റെ പ്രത്യക്ഷ ലക്ഷണമായ മണിയടി ശബ്ദം കേൾക്കുന്നുണ്ട്. ഇനി ബീച്ചിലേക്ക്.


വൈകുന്നേരമായിരിക്കുന്നു. ഞായറാഴ്ച്ചയായതിനാലാകാം ബീച്ചിൽ നല്ല ജനബാഹുല്യമുണ്ട്. തിരമാലകളിൽ ചാടിക്കളിച്ചും, മണൽപ്പരപ്പിൽ ഓടിക്കളിച്ചും അവർ ആസ്വതിക്കുകയാണ്. ചിലർ പട്ടം പറത്തലിന്റെ രസച്ചരട് വലിച്ചുകൊണ്ടിരിക്കുകയാണ്.?


മണൽപ്പരപ്പിലൂടെ ഐസ്ക്രീം വണ്ടികൾ തള്ളി നടക്കുന്നവർ. നിലക്കടലയും, പോപ്കോണും കൊണ്ടുനടന്ന് വിൽക്കുന്നവർ, ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും മറ്റും വിൽക്കുന്നിടത്തും നല്ല തെരക്കുണ്ട്. ആകെയൊരു ഉത്സവമയം.

വെള്ളത്തിലുള്ള കളി, ഗൗരിക്ക് വളരെ ഇഷ്ട്ടമാണ്. സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. കടലിനു പുതിയൊരു പശ്ചാത്തല ഭംഗി നൽകിക്കൊണ്ട് സൂര്യൻ അസ്തമിക്കാൻ തയ്യാറായി നിൽക്കുകയാണ്‌. ധവള വർണ്ണമായിരുന്ന പ്രകാശം, പിന്നീട് ചുവപ്പിലേക്കും, ഇപ്പോൾ ഇരുട്ടിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഇനിയുമിവിടെ അധികനേരം ചെലവഴിക്കാനില്ല. ഞങ്ങൾ വീട്ടിലേക്കു തിരിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ്‌.

Tuesday, December 15, 2015

ദിവ്യ ദർശനം

(ശബരിമല ഭാഗം 6)

ശരണ വഴികളിലൂടെ:
അയ്യപ്പ ദർശനമെന്ന സുന്ദര സ്വപ്നം മനസിൽ പേറിക്കൊണ്ട് ഒരിക്കൽ കൂടെ മല കയറുകയാണ്. നേരം പുലർച്ചെ മൂന്നര കഴിഞ്ഞിരിക്കുന്നു. നെയ്യഭിഷേകത്തിന്റെ സമയമാകുമ്പോഴേക്കും സന്നിധാനത്തെത്തണമെന്ന ചിന്ത മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ.


ചെറിയൊരു മഴച്ചാറലുണ്ട്. സന്നിധാനം ലക്ഷ്യമാക്കി സ്വാമിമാരുടെ ഒഴുക്കുതന്നെയാണ്. ഇടതടവില്ലാത്ത ശരണ മന്ത്രങ്ങളോടെ മല കയറുന്ന ഭക്തരുടെ കൂടെ, യാന്ത്രികമായൊരു ഭാവത്തോടെ എന്റെ കാലുകളും പ്രവർത്തിക്കുകയാണെന്നു തോന്നി. അധികം വൈകാതെത്തന്നെ ഞാൻ സന്നിധാനത്തെത്തി.

സന്നിധാനം: 
അയ്യപ്പ സന്നിധിക്ക് മുന്നിലായി വളരെ നീളത്തിൽ വിശാലമായൊരു പന്തലുണ്ട്. ദർശനത്തിനെത്തുന്ന സ്വാമിമാർ ക്ഷമയോടെ കാത്തുനിൽക്കുന്ന വരികളാണവിടെ. വരികൾ കൈവരികെട്ടി വേർതിരിച്ചിരിക്കുന്നു.

അവിടം പിന്നിട്ട് കുറച്ചു പടികൾ കയറി ഞാനിപ്പോൾ സമതലമായൊരു സ്ഥലത്തെത്തിയിരിക്കുന്നു. നേരെ മുന്നിൽ കാണുന്നതാണ് സ്വർണ്ണ കവചിതമായ പുണ്യ "പതിനെട്ടാം പടി". തോക്കുകളുമായി, ജാഗരൂകരായ് നോക്കിനിൽക്കുന്ന പട്ടാളക്കാരെയും, കർമ്മ നിരതരായ പൊലീസുകാരെയും അവിടെക്കാണുന്നുണ്ട്. ഈ ഭാഗമെല്ലാം ഇപ്പോൾ അവരുടെ നിയന്ത്രണത്തിലാണ്.

പതിനെട്ടാം പടി വരെയുള്ള വഴി ലോഹ നിർമ്മിത കൈവരികളാൽ വേർതിരിച്ചിരിക്കുന്നു. അതിന്റെ ഇടതു വശത്ത് കാണുന്നത് പ്രസാദ കൗണ്ടറാണ്. അരവണയും, അപ്പവും, നെയ്യുമെല്ലാം ഇവിടെനിന്നും വിതരണം ചെയ്യുന്നു.

അവിടെ പ്രസാദ കൗണ്ടറിനു മുന്നിലായി ആളിക്കത്തുന്നൊരു തീക്കുണ്ഡം കാണുന്നുണ്ട്; ഹോമകുണ്ഡം അഥവാ കർപ്പൂരാഴി. അയ്യപ്പ ഭകതന്മാർ, ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിൽനിന്നും നെയ്യെടുത്ത ശേഷം, ഒരു കഷ്ണമെങ്കിലും ഇവിടെ അർപ്പിക്കുന്നു. അപ്രകാരം വളരെ ഉയരത്തിൽ ആളിക്കത്തുന്ന തീജ്വാല, സന്നിധാനത്തിന് ഒരു പ്രത്യേക ശോഭ തന്നെ പ്രധാനം ചെയ്യുന്നു. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷ നേടാൻ വേണ്ടിയോ, കൊടും തണുപ്പിൽനിന്നും മുക്തി നേടാനായൊ പുരാതന സ്വാമിമാർ തുടങ്ങിവച്ച യുക്തി പിന്നീടൊരു ആചാരമായതുമാകാം.

മുന്നിൽക്കാണുന്ന പതിനെട്ടാം പടി കയറിയാൽ ദേവ സന്നിധിയെത്തി. കോട്ട തീർത്ത പോലെ ചുറ്റപ്പെട്ട ഉയരമുള്ള കുന്നുകൾക്ക് നടുവിൽ സുന്ദരമായൊരു ക്ഷേത്രം !

തലയിൽ ഇരുമുടിക്കെട്ടില്ലാത്തതിനാൽ പതിനെട്ടാം പടി വഴി കയറാൻ സാധിക്കില്ല. ദേവ സന്നിധിയിൽ ഇപ്പോൾത്തന്നെ നല്ല തിരക്കുണ്ട്. എങ്കിലും, ദേവസ്വത്തിന്റെ തിരിച്ചറിയൽ കാർഡുള്ളതിനാൽ, പെട്ടെന്നുതന്നെ അയ്യപ്പ ദർശനത്തിനുള്ള വഴിയൊത്തു.

പശ്ചിമ ഘട്ടത്തിന്റെ പച്ചപ്പും, കോടമഞ്ഞിന്റെ പുകമറയും, വൃശ്ചികത്തിന്റെ കൊടും തണുപ്പും ചേർന്നതാണ്‌ ശബരിമലയുടെ സൗന്ദര്യം. കറുപ്പുടുത്ത അയ്യപ്പന്മാരും, ശരണമന്ത്ര പൂരിതമായ അന്തരീക്ഷവും ഈ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

മഞ്ഞ ലോഹത്തിൻ പുതപ്പണിഞ്ഞു നിൽക്കുന്ന ക്ഷേത്രം! നേരം വെളുക്കുന്നതോടെ, പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ്, സ്വയം ശോഭിക്കുന്ന ശ്രീകോവിൽ കാണുമ്പോൾ, ആരും അറിയാതെ പറഞ്ഞുപോകും; 'വല്ലാത്തൊരു ആകർഷണംതന്നെ അതിനെന്ന്'!!


നെയ്യഭിഷേകം നടക്കുകയാണ്. അതുകൊണ്ട് തന്നെ, ഈ സമയത്ത് ക്ഷേത്രത്തിനുള്ളിൽ നല്ല തിരക്കുണ്ട്. അയ്യന് ചെയ്യുന്ന അഭിഷേകം കാണുന്നതുതന്നെ പുണ്യമായ് കണക്കാക്കുന്നു. ആ പുണ്യം ഇന്നെനിക്കും സിദ്ധിച്ചിരിക്കുന്നു!

തിരു നടയിലെത്തുമ്പോൾ, ഭക്തിയുടെ പാരമ്യതയിൽ, കരയുകയാണെന്നു തോന്നുമാറുച്ചത്തിലാണു ചിലർ സ്വാമിയെ വിളിക്കുന്നത്. അയ്യനുവേണ്ടി മാറ്റിവച്ച സമ്പാദ്യമത്രയും അവർ ഉന്മാദ ഭാവത്തോടെ അവിടെ സമർപ്പിച്ച് നടന്നു നീങ്ങുന്നു.

ശരണ മന്ത്രങ്ങളല്ലാതെ മറ്റൊന്നും തന്നെ കേൾക്കാനില്ല. അയ്യപ്പ ദർശനമല്ലാതെ മറ്റൊന്നും ചിന്തിക്കാനുമില്ല. ഭക്തിയുടെ നിറവിൽ, ഭ്രാന്തമായൊരു ഗമനം! അങ്ങനെ, മോക്ഷ പ്രാപ്തിയിലേക്കുള്ള കവാടത്തിനു മുന്നിലൂടെയുള്ള യാത്രയിൽ, മറ്റ് അയ്യപ്പ ഭക്തരുടെ കൂടെ, നിസ്വനായ് ഞാനും നീങ്ങുകയാണ് !!


20/11/15
(all photos in this article from internet)


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

Thursday, December 10, 2015

സ്വയം ശുദ്ധമാകും പമ്പ!!!

(ശബരിമല ഭാഗം 5)

ഇന്നലെ രാത്രി പമ്പ നിറഞ്ഞൊഴുകുകയായിരുന്നു. വെളളം നടപ്പന്തൽ വരെ കയറിയത് ഇന്നലെ ചർച്ചാ വിഷയം തന്നെയായിരുന്നു. മലകളിൽ മഴ കനത്തു പെയ്തതാകാം കാരണം. ത്രിവേണിയിൽ കാറുകൾ ഒഴുകിയത് മാധ്യമ വാർത്തകളിൽ പോലും സജീവമായതാണ്. ഞാൻ അവിടേക്ക് നടക്കുകയാണ്.


കഴിഞ്ഞ ദിവസം ഞാൻ നടന്ന വഴികൾ തന്നെയോ ഇതെന്നു സംശയിക്കാവുന്ന കാഴ്ച്ചകൾ; ഇന്നലത്തെ മഴയുടെ തോന്യാസങ്ങൾ! കൂടുതൽ ഭക്തരെത്തുന്നതിനു മുൻപേ, ചുറ്റുപാടിലെ മാലിന്യങ്ങളെ കഴുകിക്കളഞ്ഞ്, ഒരു പക്ഷെ പമ്പ സ്വയം ശുദ്ധമായതാകാം!!

കേടുപാടുകൾ സംഭവിച്ച നിലയിൽ കാറുകൾ പലതും അവിടെത്തന്നെ കിടക്കുന്നുണ്ട്. ചിലതിന്റെ നമ്പർ പ്ലെയ്റ്റും, ബമ്പറുമെല്ലാം പൊളിഞ്ഞിരിക്കുന്നു. എഞ്ചിനിൽ വെളളം കയറി കേടായവ വേറെ. എല്ലാം പുതിയതെന്നു തോന്നിപ്പിക്കുന്ന വാഹനങ്ങൾ.

മഴയിൽ കുതിർന്ന രാത്രിയിൽ ബാക്കിയുള്ളവരെല്ലാം മൂടിപ്പുതച്ച് കിടക്കുമ്പോഴും, ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. രാത്രി രണ്ടുമണിവരെയുള്ള നിതാന്ത പരിശ്രമം തീർത്തും പ്രശംസനീയം തന്നെ! ഒരുപാട് വണ്ടികൾ അവർ തള്ളിക്കയറ്റി, ചിലത് ട്രാക്റ്ററിൽ കെട്ടി വലിച്ചു, ഒന്നിനും സാധിക്കാതിരുന്ന വാഹനങ്ങളെ തൽ സ്ഥാനത്ത് വടത്തിൽ ബന്ധിച്ചു നിർത്തി.


അപ്രതീക്ഷിതമായുണ്ടായൊരു ദുരന്തത്തിന്റെ ശേഷിപ്പുകളെ അൽപ്പനേരം അവിടെക്കണ്ടതിനു ശേഷം ഞാൻ തിരിച്ചു നടന്നു.

കുളിക്കടവിനടുത്തുള്ള പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടന്നറിഞ്ഞു. ഞാൻ അങ്ങോട്ടു നടക്കുകയാണ്.


അവിടെക്കണ്ട കാഴ്ച്ചകൾ എന്നെ ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. ഇന്നലെ കുളികഴിഞ്ഞ് ഞാൻ നടന്ന പാലം തന്നെയോ ഇതെന്നു സംശയിച്ചുപോയി. കൈവരികളെല്ലാം തകർന്നിരിക്കുന്നു. ചപ്പു ചവറുകൾ അടിഞ്ഞു കൂടിയിരിക്കുന്നു. വലിയൊരു മരം അതുപോലെത്തന്നെ ഒഴുകിവന്ന് പാലത്തിന്റെ കാലുകളിൽ തങ്ങി നിൽക്കുന്നത്‌ കാണുമ്പോൾ മനസിലാക്കാം ഇന്നലത്തെ ഒഴുക്കിന്റെ ശക്തി. എടുത്തെറിഞ്ഞ നിലയിൽ വലിയൊരു തടിക്കഷ്ണം പാലത്തിനു മുകളിൽ തടഞ്ഞു നിൽക്കുന്നുണ്ട്.

ഒരു താണ്ഡവം കഴിഞ്ഞതിന്റെ യാതൊരു ഭാവവുമില്ലാതെ പമ്പയിപ്പോൾ ശാന്തമായൊഴികുകയാണ്.


19/11/15


ശബരിമല ഭാഗം 4 ഇവിടെ അമർത്തുക

Wednesday, December 9, 2015

പമ്പയും ജഡായുവും പിതൃതർപ്പണ ക്രിയകളും

(ശബരിമല ഭാഗം 4)

ഇന്ന് പമ്പയിൽ അത്യാവശ്യത്തിനു ജനത്തിരക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കുളി മറുകരയിൽനിന്നാക്കാമെന്നു കരുതി. അവിടെയും മുട്ടോളം മാത്രമെ വെള്ളമുള്ളൂ. അവിടെ അല്പം ആഴമുള്ളൊരു സ്ഥലത്തിരുന്ന് ആസ്വതിച്ചൊന്നു കുളിച്ചു, വളരെ വിസ്തരിച്ചൊരു നീരാട്ട്!

കോടതിയുത്തരവുണ്ടെങ്കിലും, ചില സ്വാമിമാരെങ്കിലും ഉടുമുണ്ടഴിച്ച് പമ്പയിലൊഴുക്കിയിട്ടുണ്ട്. എങ്കിലും എണ്ണത്തിൽ കുറവുണ്ടെന്നതിൽ ആശ്വസിക്കാം.

താഴെ ഒരു പാലമുണ്ട്. ഇരുമ്പു പൈപ്പുകൾകൊണ്ട് കൈവരികെട്ടിയ പാലം. കുളികഴിഞ്ഞ ഞങ്ങൾ അതുവഴി റൂമിലേക്ക് നടക്കുകയാണ്.

മലകയറാൻ അശക്തരായ ഭക്തന്മാരെ കൊണ്ടുപോകാനുള്ള 'ഡോളികൾ' നിരത്തിവച്ചിരിക്കുന്നു. സുന്ദരമായൊരു കാഴ്ച്ചതന്നെയാണിത്. ഞാൻ വെറുതെ അന്വേഷിച്ചു. മൂവായിരത്തി നാന്നൂറു രൂപയാണു ദേവസ്വം അംഗീകരിച്ച തുക. അതിൽ ഇരുനൂറുരൂപ ദേവസ്വത്തിൽ അടക്കണം. എന്നാൽ ആളുടെ വണ്ണവും തൂക്കവും നോക്കി നാലായിരംവരെ അവർ വിലപേശിയുറപ്പിക്കുന്നു. ഇത്തരത്തിലുള്ള അഞ്ഞൂരിറിലധികം ഡോളികളുണ്ടിവിടെ; അതായത് രണ്ടായിരത്തിലധികം തൊഴിലാളികൾ!


ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം അവരിങ്ങനെ മലകയറിയിറങ്ങുന്നുവെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇതെങ്ങനെ സാധ്യമാകുന്നുവെന്നു ചോദിച്ചപ്പോൾ ഒറ്റ ഉത്തരമേ ഏതൊരാൾക്കും പറയാനുള്ളൂ; അയ്യന്റെ മായകൾ!!

വളരെ ദൂരം നീണ്ടു കിടക്കുന്ന നടപ്പന്തൽ. പമ്പാനദിക്ക് പാരലലായി അതങ്ങനെ നിലകൊളളുന്നു. പമ്പയിൽ വെള്ളമെന്നപോലെ നടപ്പന്തലിൽ സ്വാമിമാരുടെയും ഒഴുക്കുതന്നെയാണ്.

നടപ്പന്തലിൽനിന്നും ഗണപതി കോവിലിലേക്കുള്ള പടികൾ തുടങ്ങുന്നിടത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. സ്വാമിമാരിടുന്ന കർപ്പൂരം, നിലക്കാതെ കത്തുന്നൊരു കർപ്പൂര ദീപമായ് അവിടെയുണ്ട്. ദീപത്തെ തൊഴുത് അവർ കയറ്റം തുടങ്ങുന്നു. പടികൾ തുടങ്ങുന്നിടത്ത് ചിലർ തേങ്ങയടിക്കുന്നുണ്ട്. ഇതൊരു ആചാരമല്ല, മുൻപേ പോയവന്റെ ചെയ്തികളുടെ ഒരു അനുകരണം മാത്രം.

ഇന്നിനി അധികം കറക്കമില്ല. ഡ്യൂട്ടി തുടങ്ങാൻ സമയമായിരിക്കുന്നു. ഞാൻ റൂമിലേക്കു നടക്കുകയാണ്.

***********************************


വൈകുന്നേരം:
ഇപ്പോൾ ഓ.പി. യിൽ തിരക്കൽപ്പം കുറവുണ്ട്. ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു.

ബസിറങ്ങി വരുന്ന വഴിയിൽ, പമ്പക്കു കുറുകെയുള്ള പാലത്തിനടുത്തേക്കാണു ഞാനിപ്പോൾ പോകുന്നത്. ശബരിമലയിലേക്കെത്തുന്ന അയ്യപ്പ ഭകതന്മാർ പിതൃതർപ്പണം ചെയ്യുന്നൊരു സ്ഥലമുണ്ടവിടെ, അതൊന്നു കാണണം.

പണ്ട് സീതാന്വേഷണ സമയത്ത്, രാമ ലക്ഷ്മണന്മാർ ജഡായു എന്ന പക്ഷിശ്രേഷ്ടനെ കാണാനിടവന്നുവെന്നും, സീതയെ അപഹരിച്ചുകൊണ്ടുപോകുന്നേരം പുഷ്പകവിമാനം തടഞ്ഞ ജഡായുവിന്റെ ചിറകുകൾ രാവണൻ അരിഞ്ഞു വീഴ്ത്തിയെന്നും, അപ്രകാരം വീണുകിടക്കുന്ന മൃതപ്രായനായ ജഡായുവിനെ രാമ ലക്ഷ്മണന്മാർ കാണാനിടവന്നുവെന്നും, രാവണൻ പോയ വഴി ശ്രീരാമന് പറഞ്ഞു കൊടുത്ത ജഡായു മൃത്യുവിനു കീഴടങ്ങിയെന്നുമാണു പുരാണം. അപ്രകാരം തനിക്കു വേണ്ടി ഒരു മഹാ ത്യാഗത്തിനു തയ്യാറായ ജഡായുവിനായുള്ള തർപ്പണ ക്രിയകൾ, രാമ നിർദ്ദേശപ്രകാരം ലക്ഷ്മണൻ ഇവിടെയാണു ചെയ്തതെന്നും വിശ്വസിക്കപ്പെടുന്നു.


അതുകൊണ്ട് തന്നെ ഇവിടെ തർപ്പണം ചെയ്യുന്നത് പിതൃക്കൾക്ക് വിശേഷമാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു. പരികർമ്മിയെന്ന നിലയിലുള്ള സ്വന്തം മേൽ വിലാസത്തെ വലിയ ഫ്ലെക്സ് ബോഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കാർമ്മികത്വത്തിൽ ധാരാളം അയ്യപ്പ ഭക്തന്മാർ ഇവിടെ തർപ്പണം ചെയ്യുന്നു.

ത്രിവേണി കാർപാർക്കിംഗ് ഇവിടെയാണ്. പമ്പാ ജലനിരപ്പിൽനിന്നും അധികം ഉയരത്തിലല്ലാതെ സമതലമായ് നിൽക്കുന്ന ഇവിടെ ഇപ്പോൾത്തന്നെ ധാരാളം കാറുകൾ നിർത്തിയിട്ടിട്ടുണ്ട്. മലയിലെവിടെയെങ്കിലും കുറച്ചുനേരം നിർത്താതെ മഴപെയ്താൽ, പെട്ടെന്നു വെള്ളം കയറുന്ന സ്ഥലം തന്നെയാണിത്.

അൽപ്പനേരം അവിടമെല്ലാം നോക്കിക്കണ്ട ശേഷം ഞാൻ തിരിച്ചു നടക്കുകയാണ്.


(17.11.15 ചൊവ്വ )


ശബരിമല ഭാഗം 5 ഇവിടെ അമർത്തുക

ശബരിമല ഭാഗം 3 ഇവിടെ അമർത്തുക

Saturday, December 5, 2015

സന്നിധാനത്തേക്ക്

(ഭാഗം 3)

നവംബർ 16 രാവിലെ:
ഞാൻ മല കയറുകയാണ്. ശരണ മന്ത്രങ്ങളോടെ അയ്യപ്പ ഭക്തന്മാർ കയറുന്ന പടികൾ തന്നെ. വൃശ്ചികം തുടങ്ങുന്നത് നാളെയാണ്. അതുകൊണ്ട് തന്നെ വഴികളെല്ലാം വിജനമായിത്തന്നെ കിടക്കുകയാണ്. സ്വാമിമാരെത്തിത്തുടങ്ങുന്നതേയുള്ളൂ.

പമ്പമുതൽ ഗണപതികോവിൽ വരെ നീളുന്ന പടികൾ! ഞാനിപ്പോൾ കോവിലിനു മുന്നിലാണ് നിൽക്കുന്നത്.


ഇന്നുമുതൽ ഡ്യൂട്ടി തുടങ്ങുകയാണ്‌. സ്റ്റോക്കു നോക്കലും ഇൻഡെന്റെടുക്കലും തകൃതിയായി നടക്കുകയാണ്‌. തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. അതിനായി ഞാൻ സന്നിധാനത്തേക്കു പോകുകയാണ്.

പമ്പാ ഗണപതി:
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. വിഘ്നേശ്വര സങ്കല്പം തന്നെയാകാം ഇതിനു കാരണം. പണ്ടു കാലത്ത് ഇവിടമെല്ലാം നിബിഡമായ വനം തന്നെയായിരുന്നു. കുറ്റിക്കാടുകളെ വെട്ടിത്തെളിച്ച് പാതയൊരുക്കി വേണമായിരുന്നു അയ്യപ്പ ഭക്തന്മാർക്ക് മുന്നോട്ട് ഗമിക്കാൻ. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി നിർബന്ധമാണെന്ന് അവർക്ക്‌ തോന്നിക്കാണണം.

ഇവിടെനിന്നും ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്നവും ഉണ്ട്. ഗണപതിയെ കൂടാതെ ശ്രീരാമനും ഹനുമാനും ഇവിടെ ദൈവരൂപേണ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഗണപതി കോവിലിനിരുവശവും ദേവസ്വത്തിന്റെ ഓഫീസാണ്. ദേവസ്വത്തിന്റെ പണമിടപാടുകൾ നിർവഹിക്കുന്ന ബാങ്കിന്റെ ശാഖയും അതിൽ പ്രവർത്തിക്കുന്നുണ്ട്.

അതിനടുത്തായി സ്വാമിമാർക്ക് വിരിവച്ച് കിടക്കുന്നതിനുള്ള ഒരു മണ്ഡപവുമുണ്ട്. ഞാൻ അതിനടുത്തേക്ക് നടന്നു. സ്വാമിമാർ നല്ല ഉറക്കത്തിലാണ്. അതിനടുത്ത് ഒരു ഇരുമ്പു കൂടിനുള്ളിൽ വലിയൊരു തേക്കുമരം ഞാൻ ശ്രദ്ധിച്ചിരുന്നു. കൊടിമരത്തിനുള്ള തേക്കാണതെന്നറിഞ്ഞു. നിലം തൊടാതെ മുറിച്ചു കൊണ്ടുവന്നതാണത്രെ. വിലങ്ങനെ വച്ച തടിക്കഷ്ണങ്ങൾക്കു മുകളിൽ അവനങ്ങനെ വിശ്രമിക്കുകയാണ്. ഒരു കൊടിമരമായി രൂപാന്തരപ്പെടുന്നതിനു മുൻപ്, ഇനിയും ഒരുപാട് പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതായിട്ടുണ്ടതിന്.

സന്നിധാനത്തേക്ക്:
ഞാൻ യാത്ര തുടരുകയാണ്. അധികം വൈകാതെ വഴി രണ്ടായി തിരിയുന്നു. ഇടതു ഭാഗത്തുകൂടെയുള്ള വഴിയിലൂടെയാണു ഞാൻ മല കയറുന്നത്. അപ്പാച്ചിമേടും ശരംകുത്തിയുമെല്ലാം ഈ വഴിയിലാണ്. അതുകൊണ്ട് തന്നെ ആധികാരികമായി കരുതപ്പെടുന്ന വഴിയും ഇതുതന്നെ.


ട്രാക്റ്റർ പോകാനായി നിർമ്മിച്ച റോഡാണ് മറ്റേത്. മലമുകളിലേക്കുള്ള സാധനങ്ങൾ, പണ്ട് കഴുതപ്പുറത്താണ് കൊണ്ടുപോയിരുന്നതെങ്കിൽ, ഇന്നത് ട്രാക്റ്ററിലാണെന്നു മാത്രം.


വഴികളെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് സുന്ദരമാക്കിയിരിക്കുന്നു. എങ്കിലും സാവധാനത്തിലാണു ഞാൻ മല കയറുന്നത്. പക്ഷെ, അല്പമാത്ര യാത്രയിൽത്തന്നെ കിതച്ചുപോയി. സുഗമമായ ഈ പാതയിലൂടെ കയറുമ്പോൾ ഇങ്ങനെയെങ്കിൽ, കല്ലും മുളളും നിറഞ്ഞൊരു പ്രാകൃത വഴിയിലൂടെ സ്വാമിമാർ പണ്ട് മല ചവിട്ടിയിരുന്നത് എങ്ങനെയെന്ന് അത്ഭുതത്തോടെ സ്മരിക്കാനേ എനിക്കായുള്ളൂ.

പക്ഷെ, ഈശ്വരൻ തന്നെയാണ് വലിയവൻ!! ഭൂമിയുടെ ഘടന സൂക്ഷ്മമായി നോക്കിക്കണ്ടാൽ, നാമറിയാതെത്തന്നെ പ്രകൃതീദേവിയെ തൊഴുതുപോകും. കുത്തനെയുള്ളൊരു കയറ്റം താണ്ടിയാൽ അൽപ്പദൂരമെങ്കിലും ചെറിയൊരു സമതലപാത തീർത്തതിനു ശേഷമാണ് അടുത്ത കുത്തനെയുള്ള കയറ്റം. അപ്രകാരം വിശ്രമിച്ചും കയറിയും ഉത്തുംഗ ശ്രുംഗത്തിലെത്തുന്നത് ദൈവീകമായൊരു ആവേശത്തിന്റെ ആകെത്തുകയാണെന്നുവേണം കരുതാൻ.

വിശ്രമിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ബെഞ്ചുകൾ വഴിയരികിൽ അവിടവിടെയായി നിർമ്മിച്ചു വെച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് പലതും പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്. ഭീമാകാരമായ കാട്ടുമരങ്ങൾക്കു താഴെ, ഇന്നലെകളുടെ സ്മാരകങ്ങളായി അവയിൽ പലതും ഇന്നും നിലകൊള്ളുന്നു, ചുറ്റും കാടുമൂടിയ നിലയിൽ!

കുത്തനെയുള്ള വഴികളെല്ലാം കല്ലുപാകി സുന്ദരമാക്കിയിരിക്കുന്നു. പാതയുടെ വശങ്ങളിലും മധ്യത്തിലുമായി ലോഹനിർമ്മിത കൈവരികൾ സ്ഥാപിച്ചിരിക്കുന്നത് ഒരനുഗ്രഹമായി തോന്നി.

അപ്പാച്ചിമേട്:
വലിയ പടികളും, കല്ലുപാകിയ വഴികളും, കോണ്‍ക്രീറ്റ് ചെയ്ത പാതകളും പിന്നിട്ട് ഞാനിപ്പോൾ അപ്പാച്ചിമേടിലെത്തിയിരിക്കുന്നു. യാത്രയിൽ സ്വാമിമാർ വിശ്രമിക്കാറുള്ള സ്ഥലംതന്നെയാണിത്. ഇവിടെ കുറച്ചുനേരമെങ്കിലും വിശ്രമിക്കാതെ എനിക്കിനി വയ്യ.


മരങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെ മഞ്ഞുമൂടിയ മലകൾ കാണുന്നുണ്ട്. അപ്പുറം കോടമൂടിയ താഴ് വരയാണ്. കോടമഞ്ഞിൻ ശകലങ്ങൾ ചിലപ്പോഴെങ്കിലും എന്നെത്തഴുകി കടന്നു പോകുന്നുണ്ട്. മനസ്സിനെ പുളകിതനാക്കുന്ന പശ്ചാത്തലം!

ഇവിടടുത്ത് താഴ്‌വരയിൽ രണ്ട് ഗർത്തങ്ങളുണ്ട്; അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും. ഈ ഗർത്തങ്ങളിൽ ഭൂതങ്ങൾ നിവസിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കന്നിസ്വാമികൾ ഇവിടെനിന്നും അരിയുണ്ടകൾ എറിയുന്നത്‌ ഒരു വഴിപാടാണ്. അയ്യപ്പന് ഇഷ്ടപ്പെട്ടൊരു വഴിപാടാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഈ ഗർത്തത്തിൽ അയ്യപ്പന്റെ അനുചരനായ "കടുവരൻ" താമസിക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഈ കുഴികളിൽ കാട്ടുമൃഗങ്ങൾ ഒളിച്ചിരിക്കാറുണ്ടായിരുന്നെന്നും, അവയുടെ ആക്രമണത്തിൽനിന്നും രക്ഷനേടാനായി തുടങ്ങിയ ആചാരമാണിതെന്നും, യുക്തിവാദം.

അവിടടുത്തൊരു കടയുണ്ട്. സ്വാമിമാർ ഭക്ഷണം കഴിക്കുന്ന സ്ഥലം തന്നെ. മിനറൽ വാട്ടർ മുതൽ പെപ്സിയും കൊക്ക കോളയും വരെ അവിടെയുണ്ട്. പണ്ടൊക്കെ സ്വാമിമാരുടെ ഭക്ഷണത്തിനു വരെ ചിട്ടകളുണ്ടായിരുന്നു; സാത്വികമായ ആഹാരരീതി! ഇന്നതെല്ലാം മാറിയിരിക്കുന്നു. പലരും ഒരു വിനോദ യാത്രയുടെ ലാഘവത്തോടെയാണിന്നിവിടെയെത്തുന്നത്. കലികാല വൈഭവം....അല്ലാതെന്ത്!?

ശബരീ പീഠം: 
ഇനിയൊരു കയറ്റം കഴിഞ്ഞാൽ ശബരീപീഠമായി. വിശ്രമം മതിയാക്കി ഞാൻ നടത്തം തുടരുകയാണ്. ഭഗവാൻ ശ്രീരാമന്റെ കാലഘട്ടത്തിൽ "ശബരി" എന്ന തപസ്വിനി തപസ്സിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണു ണ് ശബരീപീഠം. സീതയെത്തേടിയുള്ള അലച്ചിലിനിടയിൽ രാമ ലക്ഷ്മണന്മാർ ഇതുവഴി വന്നുവെന്നും, വിശന്നുവലഞ്ഞ അവർ ശബരിയിൽനിന്നും പഴങ്ങൾ സ്വീകരിച്ച് വിശപ്പകറ്റിയെന്നും വിശ്വസിക്കപ്പെടുന്നു.

ഭക്തജനങ്ങൾ ആചാരത്തിന്റെ ഭാഗമായി ഇവിടെ തേങ്ങയുടക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യുന്നു.

ശരം കുത്തി:
മലയുടെ ഉന്നതിയിലെത്തിയിരിക്കുന്നു. ഇനി ചെറിയ ഇറക്കമാണ്. അൽപ്പംകൂടെ നടന്നാൽ ശരംകുത്തിയിലെത്താം. കന്നിസ്വാമിമാർ അവിടെ ആൽമരത്തിൽ പ്രതീകാത്മകമായ അമ്പ് കുത്തിവച്ചതിനു ശേഷമാണ് സന്നിധാനത്തേക്ക് ഗമിച്ചിരുന്നത്. ഞാൻ അവിടെയെത്തി. ഇന്നിവിടെ മരമില്ല. പകരം ചുറ്റുമതിൽ പോലൊരു നിർമ്മിതി മാത്രം. അതിന്റെ ചുമരിൽ പ്രത്യേകം തീർത്ത ഭാഗത്ത് ശരങ്ങൾ കുത്തിവെക്കുന്നു. അയ്യപ്പ പ്രീതിക്കായുള്ള വെടിവഴിപാട് ഇതിനടുത്തുനിന്നാണ് കഴിപ്പിക്കുന്നത്.

ഞാൻ മുന്നോട്ട് ഗമിക്കുകയാണ്. സ്വാമി അയ്യപ്പൻറോഡെത്തിയിരിക്കുന്നു. ട്രാക്റ്റർ വരുന്ന വഴിയാണ്. സമതലമായ വഴിയിലൂടെ അൽപ്പദൂരം കൂടെ നടന്നാൽ സന്നിധാനത്തെത്താം. എന്റെ നടത്തത്തിന് ആവേശം കൂടിയിരിക്കുന്നു.


ഒരുകാലത്ത് ഇവിടമെല്ലാം കൊടും കാടായിരുന്നുവെന്നതിന്റെ നേരിൽ കാണുന്ന തെളിവുകളെന്നോണം തലയുയർത്തിനിൽക്കുന്ന ഭീമാകാരമായ വൃക്ഷങ്ങൾ, വരുന്ന വഴിയിലെല്ലാം കാണുന്നുണ്ട്.

സന്നിധാനം: 
അങ്ങനെ ദീർഘമായൊരു സാഹസിക യാത്രക്കൊടുവിൽ ഞാൻ സന്നിധാനത്തിനടുത്തെത്തിയിരിക്കുന്നു! അധികം ദൂരെയല്ലാതെ അയ്യപ്പ സന്നിധി കാണുന്നുണ്ട്. മനസിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്ന പോലെ. ഒരു നിമിഷമെങ്കിലും നിസ്വനായ് നോക്കി നിന്നുപോയ് ഞാനും!!


("തത്വമസി")

Tuesday, December 1, 2015

എന്റെ, ആദ്യത്തെ പമ്പാസ്നാനം.....!

(ഭാഗം 2)

പമ്പാനദി!

ശബരിമലയിൽ ദർശനത്തിനെത്തുന്ന വിശ്വാസികൾ ഇവിടെയിറങ്ങി കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് അയ്യപ്പ സന്നിധിയിലേക്കു യാത്രയാകുന്നത്. ഇവിടെ കുളിക്കുന്നതിലൂടെ പാപങ്ങളെല്ലാം കഴുകിക്കളയപ്പെടുന്നുവെന്നാണ് വിശ്വാസം.


നല്ല തെളിഞ്ഞ വെളളം! ഇന്നുമുതൽ കുറച്ചു ദിവസം കുളി പമ്പയിൽത്തന്നെ; അത് തീരുമാനിച്ച് കഴിഞ്ഞതാണ്! കുറച്ച് സ്വാമിമാരേ എത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കടവിൽ തീരെ തെരക്കില്ല. സാവധാനം മുട്ടുകുത്തി വെള്ളത്തിലിരുന്നു. കൈകൾ മുന്നോട്ട് നീട്ടി മൂന്നു നാല് 'പുഷപ്പെടുത്തു'. കഴിഞ്ഞു.....ഇന്നത്തെ കുളി തൽക്കാലം ഇങ്ങനെ നിർത്തട്ടെ!

പണ്ട് പന്തളത്തെ കൊട്ടാരം വൈദ്യൻ ഇവിടെ കുളിക്കുകയും, ശേഷം അയ്യപ്പ ദർശനം നടത്തുകയും ചെയ്തുവെന്നും, അപ്രകാരം അദ്ദേഹത്തിന്റെ തൊലിപ്പുറമെയുണ്ടായിരുന്ന അസുഖം മാറുകയും ചെയ്തുവെന്നാണ് വിശ്വാസം.

കഥ ഇപ്രകാരമാണ്; അയ്യപ്പനെ ഏതുവിധേനയും ഒഴിവാക്കി തന്റെ പുത്രനെ പന്തളത്തെ അടുത്ത രാജാവാക്കുകയെന്നത് രാജ്ഞിയുടെ ആഗ്രഹമായിരുന്നു. ഈ കാര്യത്തിനു, അധർമ്മ മാർഗേണ രാജ്ഞിയെ സഹായിച്ച കൊട്ടാരം വൈദ്യന് ഒരിക്കൽ ദേഹമാസകലം വ്രണപ്പെട്ടൊരു കരപ്പനുണ്ടായി. തന്നാലാകുന്നത് പലതും ചെയ്തിട്ടും ശമനമുണ്ടായില്ല. ഒരു ദിവസം വൈദ്യൻ അയ്യപ്പനെ സ്വപ്നം കണ്ടുവെന്നും, 41 ദിവസത്തെ വ്രതത്തോടെ പമ്പയിൽ സ്നാനം ചെയ്ത് തന്റെ സന്നിധിയിലെത്തിയാൽ അസുഖം മാറുമെന്ന് അയ്യപ്പൻ അരുളിച്ചെയ്തുവെന്നും സ്വപ്ന ദർശനമുണ്ടായി. അപ്രകാരം വ്രത ശുദ്ധിയോടെ ചെയ്ത വൈദ്യന്റെ കരപ്പൻ മാറിയെന്നും വിശ്വാസം!


അന്യ സംസ്ഥാനങ്ങളിൽനിന്നും അയ്യപ്പ ഭക്തന്മാരെത്തുന്നതോടെ പമ്പ മലിനമാകുകയാണു പതിവ്. പുണ്യനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്ന ദുരാചാരം ഏതുകാലത്ത് തുടങ്ങിയതാണെന്നറിയില്ല.
തിരു ദർശനാനന്തരം പമ്പയിൽ കുളിച്ചതിനു ശേഷം അതുവരെ ഉപയോഗിച്ച വസ്‌ത്രങ്ങൾ അവർ പമ്പയിൽ ഒഴുക്കിക്കളയുന്നു. ഈ വസ്‌ത്രങ്ങൾ, വെള്ളത്തിലിറങ്ങി പിടിച്ചെടുക്കുന്നതിനായി ഒരു വിഭാഗം ജനങ്ങൾ തന്നെയുണ്ടിവിടെ. കരക്കടുപ്പിക്കുന്ന വസ്‌ത്രങ്ങൾ ഭാണ്ടക്കെട്ടുകളാക്കി അവർ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നത് ദുരൂഹത മാത്രം! ഇവയിൽ നിറം മുക്കി മാർക്കറ്റിൽ വരുന്നതായിരിക്കാം, ഒരു പക്ഷെ, അടുത്ത സീസണിൽ നാം വാങ്ങി ഉപയോഗിക്കുന്നത്!

എന്റെ സുഹൃത്ത് ഒരു കാര്യം പറയുകയുണ്ടായി. കഴിഞ്ഞ വർഷം അവനും കൂട്ടുകാരും ഇവിടെ കുളിക്കാനിറങ്ങിയെന്ന്. മുങ്ങിനിവർന്നപ്പോൾ തലയിലൊരു കിരീടവുമായാണ്‌ പൊങ്ങിയതെന്ന്. ഏതോ സ്വാമിയുടെ അടിവസ്ത്രമാണ്, 'ഒരൊന്നൊന്നര' സാധനം! അവനെ സംബന്ധിച്ചിടത്തോളം, ബനിയനായുപയോഗിക്കാമെന്ന കളിയാക്കലുകൾ. എന്തൊക്കെയായാലും, തമാശ നാട്ടിൽ ഹിറ്റായി. മാലയൂരി നാളുകൾ കഴിഞ്ഞിട്ടും, ഈ കിരീടത്തിന്റെ ഭാരമൊഴിയാൻ, പാവത്തിന് ഒരുപാട് കാത്തിരിക്കേണ്ടിവന്നുവെന്നതാണു സത്യം!!

ഒരു പക്ഷെ, ഇതിന്റെയൊക്കെ പങ്ക് പറ്റുന്നതുകൊണ്ടാകാം, ദേവസ്വത്തിന്റെ ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ ഒന്നുംതന്നെ ചെയ്യുന്നില്ല. അവസാനം കോടതിയുത്തരവുണ്ടാകുന്ന അവസ്ഥവരെയായി കാര്യങ്ങൾ. അവിടംകൊണ്ടും തീർന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, ഡ്യൂട്ടി മജിസ്റ്റ്രേറ്റിനോട് സ്ഥിതിഗതികൾ ആരാഞ്ഞുകൊണ്ട് വീണ്ടും കോടതിയിടപെടലുണ്ടായതിനു ശേഷമാണ്‌ എന്തെങ്കിലും രീതിയിലുള്ള ആക്ഷനുകൾ തുടങ്ങിയത്. ഇത്തരം കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ പ്രശംസനീയം തന്നെ!

ഇപ്പോൾ പമ്പ മലിനമായിട്ടില്ല. ഞങ്ങൾ കുളികഴിഞ്ഞു കയറി യിരിക്കുകയാണ്. യാത്രാ ക്ഷീണം "പമ്പകടന്നിരിക്കുന്നു". സമയം രാത്രി പത്തുമണിയായിരിക്കുന്നു. ഇളം തെന്നൽ വീശുന്നുണ്ട്. തികഞ്ഞ നിശബ്ദതയിൽ പമ്പയുടെ കളകളാരവം വ്യക്തമായി കേൾക്കുന്നുണ്ട്.

(15.11.15 ഞായർ)


ഭാഗം 1 ഇവിടെ അമർത്തുക 


ഭാഗം 3 ഇവിടെ അമർത്തുക